*🟨‘അമേരിക്ക പിടിച്ച പുലിവാല്’; യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസിൽ ഇന്ധന വിലയിൽ 30 ശതമാനം വർദ്ധനവ്*
'അമേരിക്ക പിടിച്ച പുലിവാല്'; യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസിൽ പെട്രോൾ വിലയിൽ 30 ശതമാനം വർദ്ധനവ്.ഇറാനുമായി യുദ്ധം ആരംഭിച്ച ശേഷം അമേരിക്കയിൽ ഇന്ധന വില കുത്തനെ കൂടിയതായി റിപ്പോർട്ട്. ഇസ്രായിലും അമേരിക്കയും സംയുക്തമായി ഇറാനെ ആക്രമിക്കുന്നത് തുടർന്ന് നാലാഴ്ച പിന്നിടുമ്പോൾ യുഎസിൽ ഇന്ധന വിലയിൽ 30 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹോർമുസ് കടലിടുക്കിൽ ശത്രുക്കൾക്കും സഖ്യകക്ഷികൾക്കും ഇറാൻ ഏർപ്പെടുത്തിയ വിലക്ക് കാരണം ക്രൂഡോയിൽ ലഭ്യത കുറഞ്ഞതാണ് പ്രതിസന്ധിയിലാക്കിയത്.
ഡീസൽ വില ഗണ്യമായി ഉയർന്നത് ചരക്കു നീക്കത്തെ ബാധിക്കുകകയും പണപ്പെരുത്തിന് കാരണമായെന്നുമാണ് വിലയിരുത്തൽ. ഇറാനിയൻ വാർത്താ ഏജൻസിയായ മെഹർ ന്യൂസാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഹോർമുസ് തുറക്കാനും എണ്ണ വിതരണം പുനസ്ഥാപിക്കാനും അമേരിക്ക ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകളെ അംഗീകരിക്കാത്തതിനാൽ യുദ്ധം നീണ്ടുപോവുകയാണ്. അതിനു പുറമെ ഇറാനിലെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിച്ച് ഭരണത്തിൽ അസ്ഥിരതയുണ്ടാക്കാമെന്ന ധാരണയിൽ ഇസ്രയേലും യുഎസും ആക്രമണം തുടരുകയാണ്.
4 ദിവസം കൊണ്ടും ഒരാഴ്ച കൊണ്ടും അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്ന യുദ്ധം 22 ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇറാനുമേൽ അന്താരാഷ്ട്ര ഉപരോധങ്ങൾ ഏർപ്പെടുത്തിയ അമേരിക്ക തീരുമാനം മാറ്റിയെങ്കിലും ഗുണകരമായില്ല. ഫെബ്രുവരി മാസം വരെ അമേരിക്കയിൽ ഒരു ഗാലൻ പെട്രോളിന് ശരാശരി 2.98 ഡോളറായിരുന്നു വില.
എന്നാൽ 2026 ഫെബ്രുവരി 28-ഓടെ ഇറാനു നേരെ അമേരിക്കയും ഇസ്രായിലും സംയുക്തമായി ആക്രമണം നടത്തിയതോടെ മേഖലയിൽ തുറന്ന യുദ്ധം ആരംഭിച്ചു. ഹോർമുസ് കടലിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതോടെ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിക്കുകയും ചെയ്തു. കാലിഫോർണിയയിൽ ഒരു ഗാലൻ ഇന്ധന വില 5.70 ഡോളറിലെത്തിയതായണ് വിവരം. ഹോർമുസ് പിടിച്ചടക്കാൻ അമേരിക്ക സൈനിക ഒരുക്കങ്ങൾ നടത്തുകയാണെന്ന സൂചനയും വൈറ്റ്ഹൗസ് പുറത്തുവിട്ടിട്ടുണ്ട്.
*🟨‘ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ബാബ് അൽമന്ദബ് അസ്ഥിരതപ്പെടുത്തും’; ഇസ്രായിലിന്റെ യുദ്ധവിമാനത്തെ ആക്രമിച്ചെന്നും ഇറാൻ*
'ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ബാബ് അൽമന്ദബ് അസ്ഥിരതപ്പെടുത്തും'; ഇസ്രായിലിന്റെ യുദ്ധവിമാനത്തെ ആക്രമിച്ചെന്നും ഇറാൻ
തെഹ്‌റാൻ– അമേരിക്ക ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ചെങ്കടലിലെയും ബാബ് അൽമന്ദബ് കടലിടുക്കിലെയും സുരക്ഷ ഇല്ലാതാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഖാർഗ് ദ്വീപിന് നേരെയുണ്ടാകുന്ന ഏതൊരു സൈനിക നീക്കത്തിനും അപ്രതീക്ഷിത തിരിച്ചടി നൽകുമെന്ന് ഇറാനിലെ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് തസ്‌നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് ഈ ദ്വീപ് വഴിയായതിനാൽ, അമേരിക്കൻ നീക്കം ആഗോള എണ്ണ വിപണിയെ സങ്കീർണ്ണമാക്കുമെന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു. ഒരു വശത്ത് ഇറാനുമേലുള്ള എണ്ണ ഉപരോധം പിൻവലിക്കാൻ തീരുമാനിക്കുകയും മറുഭാഗത്ത് ഖാർഗ് ദ്വീപിനെ ആക്രമിക്കാൻ പദ്ധതിയിടുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് വലിയ പ്രതിസന്ധിക്ക് കാരണമാകും.
ദ്വീപിന് നേരെ ആക്രമണമുണ്ടായാൽ മേഖലയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾ തകർക്കുമെന്നും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്ക നേരിട്ടിട്ടില്ലാത്ത വലിയ നഷ്ടങ്ങൾ സംഭവിക്കുമെന്നും സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് തുറക്കാൻ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി അമേരിക്ക ഖാർഗ് ദ്വീപിനെതിരെ നീങ്ങുന്നതായി വൈറ്റ് ഹൗസും നേരത്തെ സൂചന നൽകിയിരുന്നു. ഇതിനിടെ, മധ്യ ഇറാന് മുകളിൽ വെച്ച് ഇസ്രായേലിന്റെ എഫ്-16 യുദ്ധവിമാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. പുലർച്ചെ 3:45 ന് നടന്ന ആക്രമണത്തിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി ഇറാൻ പറയുമ്പോൾ, മിസൈൽ പ്രയോഗം ഉണ്ടായെങ്കിലും വിമാനത്തിന് തകരാറുകൾ ഒന്നുമില്ലെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം.
*🟨യുദ്ധഭീതിയുടെ മറവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പകൽക്കൊള്ള; ജിദ്ദയിൽ നൂറുകണക്കിന് യാത്രക്കാർ ഇപ്പോഴും പെരുവഴിയിൽ*
ജിദ്ദ: ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം മുന്നറിപ്പില്ലാതെ റദ്ദാക്കിയതോടെ നിരവധി യാത്രക്കാർ ജിദ്ദയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. മാർച്ച് 19-ന് ഉച്ചയ്ക്ക് 12 മണിക്ക് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന IX 398 വിമാനം, വ്യോമപാത അടച്ചു എന്ന കാരണം പറഞ്ഞ് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഈ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരും ജിദ്ദയിൽ കുടുങ്ങിക്കിടക്കുകയാണ്.
വ്യോമപാത അടച്ചു എന്ന കാരണം പറഞ്ഞ് ഒരു വിമാനം റദ്ദാക്കിയ അതേ സമയത്ത് തന്നെ എയർ ഇന്ത്യ എക്സ്പ്രസിന്റെ മറ്റ് വിമാനങ്ങൾ ഇതേ സെക്ടറിൽ സർവീസ് നടത്തിയിരുന്നു. കുറഞ്ഞ നിരക്കിൽ മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവരെ മനഃപൂർവ്വം ഒഴിവാക്കി, അവസാന നിമിഷം അമിത തുക നൽകി ടിക്കറ്റെടുത്തവരെ യാത്രയാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നാണ് യാത്രക്കാർ പറയുന്നത്. റദ്ദാക്കിയ IX 398 വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന 50 ഓളം പേരെ കൂടുതൽ തുക ഈടാക്കി IX 396 എന്ന വിമാനത്തിലേക്ക് മാറ്റി നൽകിയത് ഈ ആരോപണം കൂടുതൽ ശരിവെക്കുന്നുണ്ട്.
ദമ്മാമിൽ നിന്നുൾപ്പെടെ എത്തിയ കുട്ടികളും പ്രായമായവരും അടങ്ങുന്ന യാത്രക്കാർ കഴിഞ്ഞ മൂന്ന് ദിവസമായി ജിദ്ദയിൽ കുടുങ്ങിക്കിടക്കുകയാണ്. സംഭവം വിവാദമായതോടെ അധികൃതർ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും എന്നാണ് നാട്ടിലേക്ക് തിരിക്കാനാവുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. പെരുന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ച പ്രവാസികൾക്ക് വിമാനക്കമ്പനിയുടെ ചതി കാരണം ഹോട്ടൽ മുറിയിൽ കഴിയേണ്ടി വന്നു. ഹോട്ടലിൽ എത്ര പേർ കഴിയുന്നുണ്ടെന്ന് അന്വേഷിച്ച് ഇന്നാണ് വിമാനകമ്പനി യാത്രക്കാരെ ബന്ധപ്പെട്ടത്.
കുടുങ്ങിക്കിടക്കുന്ന നൂറോളം യാത്രക്കാരെ അടുത്ത വിമാനത്തിൽ കയറ്റി വിടുകയോ അല്ലെങ്കിൽ പ്രത്യേക വിമാനം ചാർട്ട് ചെയ്ത് നാട്ടിലെത്തിക്കുകയോ വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെട്ടു.
*🟨പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ*
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് 'അക്വേറബിയ' തുറന്നു
റിയാദ് – സൗദി അറേബ്യയിലെ ഖിദ്ദിയ വിനോദ സമുച്ചയത്തിൽ ഒരുങ്ങുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്കായ ‘അക്വേറബിയ’ സന്ദർശകരെ സ്വീകരിച്ചു തുടങ്ങി. മാർച്ച് 20-ന് ആരംഭിച്ച ട്രയൽ റണ്ണിന്റെ ഭാഗമായി തിരഞ്ഞെടുത്ത അതിഥികൾക്കാണ് ഇപ്പോൾ പ്രവേശനം നൽകുന്നത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി പാർക്കിന്റെ പ്രവർത്തനക്ഷമതയും സേവനങ്ങളും വിലയിരുത്തുന്നതിനാണ് ഈ ഘട്ടം. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനമാണെങ്കിലും പാർക്കിലെ എല്ലാ റൈഡുകളും ഭക്ഷണശാലകളും സന്ദർശകർക്കായി തുറന്നു നൽകിയിട്ടുണ്ട്.
ചെറിയ പെരുന്നാൾ അവധിക്കാലത്ത് സമീപത്തെ സിക്‌സ് ഫ്‌ലാഗ്‌സ് ഖിദ്ദിയ അമ്യൂസ്മെന്റ് പാർക്ക് സന്ദർശിക്കുന്നവർക്ക് അക്വേറബിയയിലേക്കുള്ള പ്രിവ്യൂ ടിക്കറ്റുകൾ നേടാൻ നറുക്കെടുപ്പിലൂടെ അവസരമുണ്ടാകും. മാർച്ച് 20 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ സിക്‌സ് ഫ്‌ലാഗ്‌സ് സന്ദർശിക്കുന്നവർക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക. അക്വേറബിയയുടെ ഔദ്യോഗിക ഉദ്ഘാടന തീയതിയും ടിക്കറ്റ് നിരക്കുകളും ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിവേഗ വാട്ടർ സ്ലൈഡുകൾ, കൂറ്റൻ വേവ് പൂളുകൾ, ഫാമിലി ഏരിയകൾ എന്നിവയ്ക്ക് പുറമെ 24 ഭക്ഷണശാലകളും പാർക്കിലുണ്ട്. 2025 ഡിസംബറിൽ പ്രവർത്തനം തുടങ്ങിയ സിക്‌സ് ഫ്‌ലാഗ്‌സ് പാർക്കിന് അനുബന്ധമായാണ് അക്വേറബിയ കൂടി സജ്ജമാകുന്നത്
*🟨ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും*
ഇറാന്റെ യുദ്ധം 'കർക്കശ നിലപാടുകാരൻ' മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
തെഹ്‌റാൻ – ഇറാന്റെ യുദ്ധതന്ത്രങ്ങൾക്ക് ഇനി നേതൃത്വം നൽകുന്നത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫാണെന്ന് റിപ്പോർട്ട്. ഫെബ്രുവരി 28-ന് നടന്ന ഇസ്രായേൽ-യുഎസ് വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തല്ല അലി ഖാംനഇ കൊല്ലപ്പെട്ടതും, തുടർന്ന് ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വധിക്കപ്പെട്ടതും ഇറാൻ ഭരണകൂടത്തിൽ വലിയ വിടവ് സൃഷ്ടിച്ചിരുന്നു. പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഇ ചുമതലയേറ്റെങ്കിലും അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ മുൻ സീനിയർ കമാൻഡർ കൂടിയായ ഖാലിബാഫ് ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും മുൻനിരയിലേക്ക് ഉയർന്നു വന്നത്.
മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ രാഷ്ട്രീയ-സൈനിക മേഖലകളിൽ സജീവമായ ഖാലിബാഫിന് സിവിലിയൻ ഭരണത്തിലും സൈനിക നീക്കങ്ങളിലും ഒരുപോലെ അനുഭവസമ്പത്തുണ്ട്. മുൻപ് റെവല്യൂഷണറി ഗാർഡിന്റെ വ്യോമസേനാ തലവനായും തെഹ്റാൻ പോലീസ് മേധാവിയായും നഗരസഭാ മേയറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു പ്രായോഗികവാദിയായ നേതാവായി അറിയപ്പെടുമ്പോഴും, ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിൽ അദ്ദേഹം സ്വീകരിച്ച കർക്കശ നിലപാടുകൾ പലപ്പോഴും വിവാദമായിരുന്നു.
നിലവിലെ സാഹചര്യത്തിൽ ഭരണകൂടത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാനും സൈനിക തന്ത്രങ്ങൾ മെനയാനും ഖാലിബാഫിനുള്ള കഴിവ് ഫർസാൻ സാബിതിനെപ്പോലെയുള്ള രാഷ്ട്രീയ നിരീക്ഷകർ എടുത്തുപറയുന്നുണ്ട്. തസ്‌നീം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ, നിലവിലെ യുദ്ധം മിഡിൽ ഈസ്റ്റിനെ പുനർനിർമ്മിക്കുമെന്നും അത് അമേരിക്കയുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാവില്ലെന്നും ഖാലിബാഫ് പ്രസ്താവിച്ചു. 2026-ൽ ഇറാനിലുണ്ടായ ശക്തമായ പ്രക്ഷോഭങ്ങളെ നേരിടുന്നതിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിരുന്നു.
*🟨ഇസ്രയേൽ ആണവകേന്ദ്രത്തിനു നേരെ ഇറാൻ ആക്രമണം; 39 പേർക്ക് പരിക്ക്*
ടെഹ്റാൻ: ഇസ്രയേലിന്റെ ആണവകേന്ദ്രം ഇറാൻ ആക്രമിച്ചതായി റിപ്പോർട്ട്. ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിലുണ്ടായ മിസൈൽ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റതായും ആണവ വികിരണമില്ലെന്നും അധികൃതർ വ്യക്തമാക്കി. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയിൽ മിസൈൽ ആക്രമണമുണ്ടായത്.
ഷിമൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്നത് ഡിമോണയിലാണ്. മിസൈൽ ആക്രമണത്തിൽ ന്യൂക്ലിയർ റിസർച്ച് സെന്ററിൽ തീപിടുത്തമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്. ആണവവികിരണം സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) അറിയിച്ചു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് രാജ്യാന്തര ആണവോർജ ഏജൻസി തലവൻ റഫാൽ ഗ്രോസി പറഞ്ഞു. ആണവ നിലയങ്ങൾക്ക് സമീപം പരമാവധി സൈനിക നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നതാൻസ് ആണവനിലയത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മറുപടിയാണിതെന്നും ഇറാൻ പ്രതികരിച്ചു.
ഗൾഫ് മേഖലയിലെ ചരക്ക് കപ്പലുകളെയും യാത്രാക്കപ്പലുകളെയും യുഎസ്, ഇസ്രയേൽ സൈന്യങ്ങൾ മനഃപൂർവം ലക്ഷ്യം വെക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. ഇത്തരം ആക്രമണങ്ങൾ തുടരുകയാണെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
*🟨ഇന്ത്യ വലിയ വിലക്കയറ്റ ഭീഷണിയിലെന്ന് രാഹുൽ ഗാന്ധി*
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ വിലക്കയറ്റ ഭീഷണി നേരിടുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർധിക്കുയാണെന്നും രൂപയുടെ മൂല്യം ഇടിയുകയാണെന്നും രാഹുൽ പറഞ്ഞു.
ഈ സാഹചര്യത്തിൽ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിന് മോദി സർക്കാരിന് കൃത്യമായ ദിശാബോധമോ തന്ത്രമോ ഇല്ലെന്നും രാഹുൽ എക്സിൽ കുറിച്ചു.
അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർധിപ്പിക്കുകയും ഇത് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയായ 93.53-ലേക്ക് കൂപ്പുകുത്തിക്കുകയും ചെയ്തു.
അത് ഉടൻതന്നെ 100-ലേക്ക് എത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത് വരാനിരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ സൂചനയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
*🟨സമൂഹമാധ്യമ അക്കൗണ്ടുകളിലെ പോലീസ് ഇടപെടൽ; സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി*
ന്യൂഡൽഹി: കൈകൾ ബന്ധിച്ച് പ്രതികളെക്കൊണ്ട് പരേഡ് ചെയ്യിച്ച ചിത്രം സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. പ്രതികളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നതിനു മാർഗനിർദേശം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി നടപടി.
ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, അസം, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ പോലീസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കൈകൾ ബന്ധിച്ചും കയറുകൊണ്ട് വരിഞ്ഞും പ്രതികളെ പരേഡ് ചെയ്യിച്ചും മുട്ടുകുത്തിച്ചുമുള്ള ദൃശ്യങ്ങൾ പോലീസ് തന്നെ പോസ്റ്റ് ചെയ്യുന്ന രീതിയെക്കുറിച്ചു ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പ്രതികളുടെ അന്തസ് കെടുത്തുമെന്നതിനു പുറമേ അതു സമൂഹമാധ്യമ വിചാരണയ്ക്ക് വഴിയൊരുക്കുമെന്നും അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പറഞ്ഞു. മാധ്യമങ്ങൾക്കു വിവരം കൈമാറുന്നതുമായി ബന്ധപ്പെട്ടു പോലീസിനുള്ള മാർഗരേഖ തയാറാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.
*🟨ഈദ് പ്രാർഥനയ്ക്ക് സുരക്ഷ!; ഡൽഹി പോലീസിന് പുഷ്പവൃഷ്‌ടി*
ന്യൂഡൽഹി: സമാധാനപരമായ ഈദ് പ്രാർഥനകൾക്ക് സുരക്ഷയൊരുക്കിയതിന് ഡൽഹി പോലീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കുമേൽ പുഷ്പവൃഷ്‌ടി നടത്തി ഡൽഹി ഉത്തം നഗറിലെ മുസ്ലിംകൾ.
ഹോളി ആഘോഷത്തോടനുബന്ധിച്ചു വർഗീയ സംഘർഷം ഉടലെടുത്ത ഇവിടെ ഈദ് ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയായിരുന്നു ഏർപ്പെടുത്തിയത്.
കഴിഞ്ഞ നാലിന് ഹോളി ആഘോഷങ്ങൾക്കിടെ വാട്ടർ ബലൂണ് ഒരു മുസ്ലിം സ്ത്രീയുടെ മേൽ വീണതാണ് വർഗീയ സംഘർഷത്തിനു കാരണമായത്.
ഇതിനെത്തുടർന്നുണ്ടായ ആക്രമണങ്ങളിൽ തരുണ് കുമാർ എന്ന 26കാരൻ കൊല്ലപ്പെടുകയും കേസുമായി ബന്ധപ്പെട്ട് പോലീസ് 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തരുണിന്റെ മരണത്തിന് ഈദ് ദിനത്തിൽ പ്രതികാരം ചെയ്യുമെന്ന് ചില തീവ്ര സംഘടനകൾ ഭീഷണി മുഴക്കിയതോടെ മേഖലയിലെ മുസ്ലിംകളാകെ ഭയത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നു ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് നൂറിലധികം പിക്കറ്റ് പോസ്റ്റുകളാണ് ഈദ് ദിനത്തോടനുബന്ധിച്ചു പോലീസ് ഇവിടെ സ്ഥാപിച്ചത്.
വിദ്വേഷകരമായ പ്രസ്താവനകൾ പ്രചരിക്കപ്പെടാതിരിക്കാൻ സമൂഹമാധ്യമ നിരീക്ഷണവും കർശനമാക്കി. ഒടുവിൽ ഈദ് പ്രാർഥനകൾ സമാധാനപരമായി കഴിഞ്ഞതോടെയാണ് മുസ്ലിം മതവിശ്വാസികൾ പോലീസുകാർക്ക് നന്ദി അർപ്പിച്ചത്.
*🟨തെരഞ്ഞെടുപ്പ്: ഏപ്രിൽ ഒന്പതിന് പൊതു അവധി*
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ ഒന്പതിന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ച് പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി.
സംസ്ഥാനത്തെ വാണിജ്യ-സ്വകാര്യ സ്ഥാപനങ്ങൾ അടക്കമുള്ളിടങ്ങളിലെ എല്ലാ ജീവനക്കാർക്കും ശന്പളത്തോടു കൂടിയഅവധിയായിരിക്കും.
കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം എല്ലാ സ്വകാര്യ സംരംഭങ്ങൾ, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവക്കും അവധി ബാധകമായിരിക്കും.
എല്ലാ ജീവനക്കാർക്കും ശന്പളത്തോടുകൂടിയ അവധി നൽകണം. നിയോജക മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്ന ദിവസവേതന തൊഴിലാളികൾ, താത്കാലിക തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശന്പളത്തോടു കൂടിയ അവധി അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ശുഭദിനം.
Tags:
KERALA