Trending

പന്നികോട്ടൂർ ഗവൺമെൻ്റ് ആയുർവേദ ആശുപത്രി പുതിയ ബ്ലോക്ക്‌ ഉദ്ഘാടനം ചെയ്തു.

പന്നിക്കോട്ടൂർ: നരിക്കുനി ഗ്രാമപഞ്ചായത്തിലെ പന്നികോട്ടൂർ ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിലെ പുതിയ ഒ.പി. ബ്ലോക്ക് എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി വീണ ജോർജ് ഓൺലൈനായി ചടങ്ങിൽ സംബന്ധിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കണ്ണൂരിൽ ഉണ്ടായ സംഭവത്തെ തുടർന്ന് മന്ത്രിക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി ലൈല അധ്യക്ഷത വഹിച്ചു. 

1.5 കോടി രൂപയിൽ പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗമാണ് കെട്ടിടം പണി പൂർത്തിക്കരിച്ചത്. 3500 സ്ക്വയർ ഫീറ്റിലാണ് നിർമാണം. ആധുനിക രീതിയിലുള്ള ഫാർമസി സംവിധാനം, റിസപ്ഷൻ ഏരിയാ, ജനറൽ ഒ പി, മാനസിക രോഗികൾക്കുള്ള സ്പെഷ്യാലിറ്റി ഒ പി, നേത്ര രോഗ പ്രത്യേക ഒ പി, തേയ്മാന രോഗങ്ങൾക്കുള്ള ഓസ്റ്റിയോ ഒ പി, പാലിയേറ്റീവ് കെയർ വിഭാഗം എന്നിവ പ്രവർത്തിക്കാനുള്ള സൗകര്യങ്ങളുണ്ട്.

വിശാലമായ ഔഷധ സ്റ്റോർ, രോഗികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള, ടോയ്‌ലറ്റ് സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. തികച്ചും ആധുനിക സംവിധാനത്തിൽ പണി പൂർത്തീകരിച്ച ആശുപത്രിക്ക് നരിക്കുനി ഗ്രാമപഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയ്ക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഫർണീച്ചറുകളും ലഭ്യമാക്കി പൂർണമായും ഇ ഹോസ്പിറ്റൽ സംവിധാനത്തോടുകൂടിയാണ് പ്രവർത്തനം.

ചടങ്ങിൽ പിഡബ്ല്യുഡി ബിൽഡിംഗ്‌സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൗഹർ പൂമംഗലം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ബാലാമണി ടീച്ചർ, നരിക്കുനി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സഫീന ബഷീർ, ഷെർളി പടിഞ്ഞാറെ പയ്യടി, സി കെ സലീം, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി എം സിനി, നാഷണൽ ആയുഷ് മിഷൻ  ജില്ലാ പ്രോഗ്രാം മാനേജർ ഡോ അനീന പി ത്യാഗരാജ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം സുഗുണ, സെക്രട്ടറി ഇൻ ചാർജ് കെ ദേവദാസൻ, പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ വി ബിജു എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right