*🟨മണിപ്പുരിൽ കുക്കി-നാഗാ സംഘർഷം; നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടർ*
ഇംഫാൽ: മണിപ്പുരിലെ ഉക്രുൽ ജില്ലയിൽ കുക്കി-നാഗാ സംഘർഷം വ്യാപിച്ചതോടെ പ്രദേശത്ത് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു, ജില്ലയിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധിച്ചു. ഉക്രുൽ ജില്ലയിലെ ലിറ്റാൻ സാരയ്ഖോങ് ഗ്രാമത്തിൽ ഇരുപതിലധികം നാഗാ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും തീയിട്ടു.
ഉക്രുൽ, കാംജോംഗ് ജില്ലകളിൽ കുക്കികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന താങ്കുൽ നാഗാ ഗോത്രത്തിന്റെ തീരുമാനമാണ് പുതിയ സംഘർഷത്തിന് തുടക്കമിട്ടത്. സമാധാന ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കലാപം വ്യാപിക്കുകയാണ്.
നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉക്രുൽ. ഇവിടത്തെ സായുധ നാഗാ ഗ്രൂപ്പുകളും സംഘർഷത്തിൽ പങ്കാളിയായതോടെ കുക്കി ഗോത്രവിഭാഗക്കാർ ഇവിടെനിന്ന് പലായനം ചെയ്യുകയാണ്. ശനിയാഴ്ച ലിറ്റാൻ ഗ്രാമത്തിൽ നാഗാ യുവാവിനെ കുക്കി ഗോത്രത്തിൽപ്പെട്ട ചിലർ ആക്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. കലാപം വ്യാപിക്കുമെന്ന ഭയത്തിൽ കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചു.
*🟨മൂന്ന് വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊലപ്പെടുത്തി; അമ്മയും ആൺസുഹൃത്തും പിടിയിൽ*
അജ്മിർ: രാജസ്ഥാനിലെ അജ്മിറിൽ മൂന്ന് വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയും ആൺസുഹൃത്തും പിടിയിൽ. ഉത്തർപ്രദേശ് വാരാണസി സ്വദേശി അഞ്ജലി സിംഗും ഇവരുടെ ലിവ് ഇൻ പങ്കാളി അക്ലേഷ് ഗുപ്തയുമാണ് പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അന സാഗർ തടാകത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഞ്ജലി സിംഗിനെയും സുഹൃത്തിനെയും അതുവഴി വന്ന പട്രോളിംഗ് സംഘം ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
രാത്രി 10 മണിയോടെ മകളുമായി പുറത്തുപോയെന്നും കുട്ടിയെ വഴിയിൽ എവിടെയോ നഷ്ടപ്പെട്ടെന്നുമായിരുന്നു യുവതി ആദ്യം പോലീസിനോട് പറഞ്ഞത്. ഇതേ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
*🟨ഡിജിറ്റൽ അറസ്റ്റ് തടയാൻ വാട്ട്സ്ആപ്പിന് സിം ബൈൻഡിംഗ്; സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ*
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പുകൾ തടയുന്നതിനായി വാട്ട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ 'സിം ബൈൻഡിംഗ്' നടപ്പിലാക്കാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഈ സുപ്രധാന വിവരം ഉള്ളത്.
വാട്ട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കുന്ന ഫോണിൽ തന്നെ ആ നമ്പറിലുള്ള സിം കാർഡും ഉണ്ടായിരിക്കണം എന്ന് നിർബന്ധമാക്കുന്ന സാങ്കേതിക വിദ്യയാണിത്. നിലവിൽ ബാങ്കിംഗ് ആപ്പുകൾ സുരക്ഷയ്ക്കായി ഈ രീതിയാണ് ഉപയോഗിക്കുന്നത്. ഇത് നടപ്പിലാക്കുന്നതോടെ, മറ്റൊരാളുടെ നമ്പറോ ഒടിപിയോ ഉപയോഗിച്ച് ദൂരസ്ഥലത്തിരുന്ന് വാട്ട്സ്ആപ്പ് വഴി തട്ടിപ്പ് നടത്തുന്നത് തടയാനാകും.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കായി പ്രധാനമായും വാട്ട്സ്ആപ്പ് ആണ് ഉപയോഗിക്കപ്പെടുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന കോളുകൾ ഇന്ത്യൻ നമ്പറുകളായി കാണിക്കുന്ന സ്പൂഫിംഗ് രീതി തടയാൻ അന്താരാഷ്ട്ര ഗേറ്റ്വേകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇതുവഴി കോടിക്കണക്കിന് വ്യാജ കോളുകൾ ഇതിനോടകം തടയാൻ സാധിച്ചതായി സർക്കാർ അറിയിച്ചു.
2023-ലെ ടെലികമ്മ്യൂണിക്കേഷൻ നിയമം അനുസരിച്ച് സിം കാർഡ് എടുക്കുന്നതിന് ബയോമെട്രിക് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നതിനുള്ള ചട്ടങ്ങൾ അവസാന ഘട്ടത്തിലാണ്. ഒരാൾക്ക് ഒരു ദിവസം ഒരു ടെലികോം സേവനദാതാവിൽ നിന്ന് പരമാവധി മൂന്ന് സിം കാർഡുകൾ മാത്രമേ എടുക്കാൻ സാധിക്കൂ എന്നും സർക്കാർ കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയാൻ ബാങ്കുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായം തേടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബറിൽ മുതിർന്ന ദമ്പതികളിൽ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്ത സംഭവത്തെത്തുടർന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രത്തിന്റെ ഈ മറുപടി.
*🟨ഡൽഹിയിലെ കൂട്ട തിരോധാനം: ഹൈക്കോടതിയിൽ ഹർജി*
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 15 ദിവസത്തിനുള്ളിൽ 800-ലധികം ആളുകളെ കാണാതായെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. 2026 ജനുവരിയിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 807 പേരെ കാണാതായ സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
ജനുവരി ഒന്ന് മുതൽ 15 വരെയുള്ള കാലയളവിൽ 807 പേരെയാണ് കാണാതായത്. ഇതിൽ 509 പേർ സ്ത്രീകളും പെൺകുട്ടികളുമാണ്. കാണാതായവരിൽ 191 പേർ പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിഷയം അടിയന്തരമായി കേൾക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും, കേസ് സാധാരണ ക്രമത്തിൽ വാദം കേൾക്കുന്നതിനായി മാറ്റി.
വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഡൽഹി ചീഫ് സെക്രട്ടറിക്കും പോലീസ് കമ്മീഷണർക്കും കമ്മീഷൻ നോട്ടീസ് അയച്ചു.
*🟨ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇന്ത്യയുടെ വളർച്ചാ നിരക്ക് ഉയർത്തി ഗോൾഡ്മാൻ സാക്സ്*
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ, ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് വർധിപ്പിച്ച് പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. 2026 കലണ്ടർ വർഷത്തിലെ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ചാ പ്രവചനം 20 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.9 ശതമാനമായാണ് ഉയർത്തിയത്.
നേരത്തെ 6.7 ശതമാനമായിരുന്ന വളർച്ചാ പ്രവചനമാണ് 6.9 ശതമാനമായി ഗോൾഡ്മാൻ സാക്സ് പരിഷ്കരിച്ചത്. അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നികുതി കുറച്ചത് കയറ്റുമതി വർധിപ്പിക്കാൻ സഹായിക്കുമെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കയറ്റുമതി മെച്ചപ്പെടുന്നതോടെ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജിഡിപിയുടെ 0.8 ശതമാനമായി കമ്മി കുറയുമെന്നാണ് പുതിയ കണക്കുകൂട്ടൽ നേരത്തെ ഇത് 1.05 ശതമാനമായിരുന്നു.
വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ സമ്മർദ്ദവും കുറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ വികസ്വര രാജ്യങ്ങളിലെ കറൻസികളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് രൂപയാണ്.
റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ ഉടൻ കുറവ് വരുത്താൻ സാധ്യതയില്ലെന്നും, 2026-ൽ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ തുടരുമെന്നുമാണ് ഗോൾഡ്മാൻ സാക്സിന്റെ നിരീക്ഷണം.
*🟨സർവം മിഥ്യ! വീല്ചെയറിലിരുന്ന് ബജറ്റിനെതിരേ ആഞ്ഞടിച്ച് ശശി തരൂര്*
ന്യൂഡൽഹി: അമേരിക്കയുമായുണ്ടാക്കിയതു വ്യാപാര കരാറിനെക്കാൾ അവരുടെ സാധനങ്ങൾ വാങ്ങാൻ മുൻകൂട്ടി സമ്മതിക്കുന്ന കച്ചവട ക്രമീകരണം (പ്രീ കമ്മിറ്റഡ് പർച്ചേസ്) ആണെന്ന് ലോക്സഭയിൽ ഡോ. ശശി തരൂർ എംപി. പരസ്പര സഹകരണത്തിന്റെ അടിസ്ഥാനതത്വങ്ങളെ ലംഘിക്കുന്ന കരാറിലൂടെ ഇന്ത്യക്കു നിലവിലുള്ള മുൻതൂക്കം ഇല്ലാതാക്കിയെന്നും കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ തരൂർ കുറ്റപ്പെടുത്തി. എയിംസും അതിവേഗ റെയിൽപാതയുമടക്കം നൽകാതെ ബജറ്റിൽ കേരളത്തെ അവഗണിച്ചതിലും തരൂർ രൂക്ഷ വിമർശനം നടത്തി.
സ്വപ്നങ്ങൾ മാത്രം വിൽക്കുന്നതും മിഥ്യാധാരണകൾ സൃഷ്ടിക്കുന്നതും അവസരങ്ങൾ പാഴാക്കിയതുമാണ് കേന്ദ്ര ബജറ്റെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗമായ തരൂർ ആരോപിച്ചു. രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും കഠിനദാരിദ്ര്യവും സ്തംഭനാവസ്ഥയിലായ ശന്പളം അടക്കമുള്ള പ്രശ്നങ്ങളെ അവഗണിച്ചതുമായ കേന്ദ്രബജറ്റ് നിരാശാജനകവും അസ്വസ്ഥയുണ്ടാക്കുന്നതുമാണ്. എട്ടു ദിവസമായി തുടർന്ന സ്തംഭനം അവസാനിപ്പിച്ച് ലോക്സഭയിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന ബജറ്റ് ചർച്ചയിലാണു ധനമന്ത്രി നിർമലാ സീതാരാമനെ മുന്നിലിരുത്തി തരൂർ കടുത്ത വിമർശനം നടത്തിയത്. ബജറ്റ് നിർദേശങ്ങൾ നടപ്പിലാക്കാൻ നടപടികളില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കും (എംഎസ്എംഇകൾ) ഉള്ള സംരക്ഷണത്തെക്കുറിച്ച് പാർലമെന്റിന് അറിവില്ല. കർഷകർക്കുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്താണെന്നു വ്യക്തമല്ല. അമേരിക്കൻ കാർഷികോത്പന്നങ്ങൾക്കായി ഇന്ത്യൻ വിപണികൾ തുറന്നുകൊടുക്കുമെന്നുള്ള അവകാശവാദങ്ങൾ ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നു. കരാറിന്റെ മുഴുവൻ വിവരങ്ങളും പാർലമെന്റിൽ വയ്ക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു.
കാലിലെ പൊട്ടലിനെത്തുടർന്ന് വീൽചെയറിലെത്തി സീറ്റിലിരുന്നാണ് തരൂർ പ്രസംഗിച്ചത്. കേരളത്തിലെ കർഷകർ, തീരവാസികൾ തുടങ്ങിയവർക്കുവേണ്ടിയും എയിംസ്, അതിവേഗ പാത അടക്കമുള്ളവയ്ക്കുവേണ്ടിയും തരൂർ ശക്തമായി വാദിച്ചു. പ്രസംഗം പൂർത്തിയാക്കിയയുടൻ കെ.സി. വേണുഗോപാലും എൻ.കെ. പ്രേമചന്ദ്രനും അടക്കമുള്ളവർ തരൂരിന്റെ അടുത്തെത്തി അഭിനന്ദിച്ചു. അര മണിക്കൂർ നീണ്ട തരൂരിന്റെ പ്രസംഗം ധനമന്ത്രിയടക്കം ലോക്സഭാംഗങ്ങളാകെ പൂർണ ശ്രദ്ധയോടെ കേട്ടിരുന്നു.
*കോർപറേറ്റ് വമ്പന്മാർക്ക് ആശ്വാസം*
കോർപറേറ്റ് വന്പന്മാരേക്കാൾ ഇടത്തരക്കാരുടെ നികുതിഭാരം കൂട്ടുകയാണ് കേന്ദ്രസർക്കാരെന്ന് തരൂർ കുറ്റപ്പെടുത്തി. പത്തു വർഷം മുന്പ് കോർപറേറ്റുകളുടെ നികുതി വരുമാനം കൂടുതലും സാധാരണക്കാരുടെ വിഹിതം കുറവുമായിരുന്നു. ഇപ്പോഴതു മാറി. വ്യക്തികളുടെ നികുതിഭാരം കൂടിയത് അസ്വസ്ഥത സൃഷ്ടിക്കുന്നു. കോർപറേറ്റ് കന്പനികളുടേത് കുറഞ്ഞിട്ടുമുണ്ട്.
കേന്ദ്രബജറ്റിലെ അനുമാനങ്ങൾക്കു വ്യക്തത, സുതാര്യത, ഉത്തരവാദിത്വം എന്നിവയില്ലെന്നും തരൂർ ആരോപിച്ചു. അമേരിക്കയുമായുള്ള വ്യാപാരത്തിൽ പരിമിതമായെങ്കിലും ഇന്ത്യക്കുണ്ടായിരുന്ന വ്യാപാരമിച്ചം കമ്മിയാക്കി മാറ്റുന്നതാണു പുതിയ കരാർ. അഞ്ചു വർഷത്തിനുള്ളിൽ 500 ബില്യണ് ഡോളറിന്റെ അമേരിക്കൻ സാധനങ്ങൾ വാങ്ങുമെന്ന ഇന്ത്യയുടെ ഉറപ്പ് ദോഷകരമാണ്. നിലവിലെ മിച്ചത്തെ ദീർഘകാല കമ്മിയാക്കി മാറ്റുന്നതാണിത്. അയൽരാജ്യങ്ങളേക്കാൾ ഒരു ശതമാനം തീരുവ കുറവാണെന്നു പറയുന്പോഴും ആ രാജ്യങ്ങൾക്കൊന്നും ഇത്തരത്തിലൊരു വാങ്ങൽനിബന്ധനയില്ലെന്നു മുൻ കേന്ദ്രമന്ത്രികൂടിയായ തരൂർ ചൂണ്ടിക്കാട്ടി.
തീരുവ കുറയ്ക്കൽ, കൃഷിതുറക്കൽ, ഡാറ്റ ലോക്കലൈസേഷനും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും നേർപ്പിക്കൽ, ഊർജ ഇറക്കുമതി വഴിതിരിച്ചുവിടൽ എന്നിവയെല്ലാം ആശങ്കകൾ ഉയർത്തുന്നവയാണെന്ന് തരൂർ പറഞ്ഞു. വ്യാപാര കരാർ പ്രധാനമാണെന്ന് അംഗീകരിക്കുന്പോൾത്തന്നെ, ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ ഉയരുന്നുണ്ട്. വ്യക്തത ആവശ്യമാണ്. പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റുകളും പത്രക്കുറിപ്പുകളും മാത്രമാണ് ഇതുവരെ ലഭ്യമായ വിവരങ്ങൾ. വിശദാംശങ്ങളൊന്നുമില്ല.
ഈ ബജറ്റ് വിവേകത്തിന് പ്രശംസിക്കപ്പെടുന്നു. എന്നാൽ കാഴ്ചപ്പാടോ നീതിയോ ഇല്ലാത്ത വിവേകം പൊള്ളയാണ്. ഫലങ്ങളിൽ അധിഷ്ഠിതമായ നയങ്ങളല്ല, മറിച്ച് ശ്രദ്ധാപൂർവം തയാറാക്കിയ മിഥ്യാധാരണകളാണ്. ഇന്ത്യയിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതം മാറ്റമില്ലാതെ തുടരുന്നു. തൊഴിലില്ലായ്മ, വർധിച്ചുവരുന്ന ജീവിതച്ചെലവ്, അസമത്വം എന്നിവയെ ഇത് അവഗണിക്കുന്നു. സാധാരണക്കാരുടെ പോരാട്ടങ്ങളെയും അഭിലാഷങ്ങളെയും അഭിസംബോധന ചെയ്യുന്നില്ല. ക്ഷേമപദ്ധതികൾക്കു വകയിരുത്തിയ തുകപോലും മുൻവർഷങ്ങളിൽ ഉപയോഗിച്ചിട്ടില്ല. ഭരണപരമായ പരാജയമാണിത്.
കഴിഞ്ഞ വർഷം 53 പ്രധാന ക്ഷേമ, അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി ബജറ്റിൽ വകയിരുത്തിയ അഞ്ചു ലക്ഷം കോടിയിലധികം രൂപയിൽ സാന്പത്തിക വർഷത്തിലെ ആദ്യ ഒന്പത് മാസങ്ങളിൽ 41 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ.
67,000 കോടി രൂപ അനുവദിച്ച ജൽ ജീവൻ മിഷനിൽ ഒന്പതു മാസത്തിനുള്ളിൽ 31 കോടി രൂപ മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞുള്ളൂ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പിഎം സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ പദ്ധതിയുടെ 7,500 കോടി രൂപയിൽ 473 കോടി മാത്രമേ ചെലവഴിച്ചുള്ളൂ. പട്ടികജാതിക്കാരുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രി അനുശുചിത് ജാതി അഭ്യുദയ യോജനയ്ക്ക് 2,140 കോടി രൂപ വകയിരുത്തിയതിൽ 40 കോടി രൂപ മാത്രമേ വിനിയോഗിച്ചുള്ളൂവെന്നും തരൂർ ഓർമപ്പെടുത്തി.
ഒരിക്കൽ കറുത്ത സ്വർണമായി ആഘോഷിക്കപ്പെട്ട കുരുമുളക് അവഗണനയിൽ വാടിപ്പോകുന്നു. ബജറ്റിലൂടെ പ്രതീക്ഷ ആവർത്തിച്ച് വിൽക്കപ്പെടുന്നു. 2047ൽ വികസിത ഭാരതമെന്ന അഭിലാഷം നേടാനും വിശ്വസനീയമായ ഒരു മാർഗവും ബജറ്റിലില്ല. വിദ്യാഭ്യാസം വികസിപ്പിക്കേണ്ട സമയത്ത് കൃത്യമായി വെട്ടിക്കുറയ്ക്കപ്പെടുന്നു. ഒന്നര ലക്ഷം സ്കൂളുകൾ ഇപ്പോഴും വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്നു. എന്നിട്ടും വികസിത ഭാരതമെന്ന് അവകാശപ്പെടുന്നു. വെറും മിഥ്യയായി മാറുകയാണു പലതുമെന്ന് തരൂർ ആരോപിച്ചു.
ബ്രേക്കില്ലെങ്കിലും ഹോണ് ഉച്ചത്തിലാക്കുന്ന ബജറ്റെന്ന് തരൂർ
ഇടിക്കുന്ന കാറിന്റെ എയർബാഗുകൾ പുനഃക്രമീകരിക്കുന്നതുപോലെയാണ് പുതിയ കേന്ദ്രബജറ്റെന്ന് ഡോ. ശശി തരൂരിന്റെ പരിഹാസം. ബ്രേക്ക് ശരിയാക്കാൻ കഴിഞ്ഞില്ല, അതിനാൽ ഹോണ് കൂടുതൽ ഉച്ചത്തിലാക്കി എന്നു പറഞ്ഞ ഗാരേജ് മെക്കാനിക്കിനെ ഓർമിപ്പിക്കുന്നതാണ് 2025ലെ ധനകാര്യ ബില്ലെന്നും തരൂർ കളിയാക്കി.
നവകാലത്തെ പ്രണയങ്ങൾ പോലെയാണു കാർഷികമേഖലയിലെ ബജറ്റ് വാഗ്ദാനങ്ങളെന്നും തരൂർ പറഞ്ഞു. വലിയ വാഗ്ദാനങ്ങളുണ്ട്. പക്ഷേ അതൊന്നും പാലിക്കാൻ സംവിധാനമോ പ്രതിജ്ഞാബദ്ധതയോ ഇല്ല. വാഗ്ദാനങ്ങൾ ഫലങ്ങളാക്കി മാറ്റുന്നത് ഔദാര്യമല്ല. അതൊരു തെരഞ്ഞെടുപ്പല്ല. അതു കർത്തവ്യമാണെന്നും ധനമന്ത്രി നിർമലാ സീതാരാമനോട് തരൂർ ഓർമിപ്പിച്ചു.
ഹോണ് നിശബ്ദമാക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ചലനമുണ്ടാക്കിയിട്ടില്ലെന്നു കാണുന്പോൾ സങ്കടമുണ്ട്. കാരണം ഈ ബജറ്റും പാഴാക്കിയ അവസരമായി. ഇടിക്കുന്ന കാറിന്റെ എയർബാഗുകൾ പുനഃക്രമീകരിക്കുന്നതിന് തുല്യമാണ്. അതേസമയം, ഷാസി ഉറപ്പുള്ളതാണെന്നും പിന്നീട് അവർക്ക് സുഖം തോന്നുമെന്നും യാത്രക്കാർക്ക് ഉറപ്പുനൽകുകയാണെന്നും തരൂർ അഭിപ്രായപ്പെട്ടു.
*🟨കല്യാണിയോട് 'നോ' പറഞ്ഞ് ദുൽഖർ! വൈറലായി കേരള പൊലീസിന്റെ റോഡ് സുരക്ഷാ സന്ദേശം*
തിരുവനന്തപുരം: റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി വ്യത്യസ്തമായ വഴികൾ തേടാറുള്ള കേരള പൊലീസ് ഇത്തവണ കൂട്ടുപിടിച്ചിരിക്കുന്നത് 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഹിറ്റ് രംഗം. ഹെൽമറ്റ് ധരിക്കാൻ മടിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി എത്തിയിരിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദുൽഖർ സൽമാൻ കമെന്റ് ചെയ്യുവോ? എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ബൈക്ക് യാത്രയ്ക്ക് മുൻപ് ഹെയർസ്റ്റൈൽ മോശമാകുമെന്ന് കരുതി ഹെൽമറ്റ് വെക്കാൻ മടിക്കുന്ന കല്യാണി പ്രിയദർശന്റെ കഥാപാത്രവും, എന്നാൽ ഹെൽമറ്റ് ഇല്ലാതെ വണ്ടി എടുക്കില്ലെന്ന് കടുപ്പിച്ചു പറയുന്ന ദുൽഖർ സൽമാന്റെ കഥാപാത്രവുമാണ് വീഡിയോയിലുള്ളത്. പുറംമോഡിയേക്കാൾ പ്രാധാന്യം ജീവനാണെന്ന സന്ദേശമാണ് ഈ രംഗത്തിലൂടെ കേരള പൊലീസ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.
കേരള പൊലീസിന്റെ ഔദ്യോഗിക പേജുകളിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടാൽ ദുൽഖർ സൽമാൻ തന്നെ നേരിട്ട് കമന്റുമായി എത്തുമോ എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ. പലരും ദുൽഖറിനെ ടാഗ് ചെയ്യുന്നുമുണ്ട്.
*🟨മുംബൈയിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്; പിതാവിനെതിരെ കേസ്*
മുംബൈ: മുംബൈയിലെ വിദ്യാവിഹാറിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച എസ്യുവി ഇടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. അമിതവേഗതയിലായിരുന്നു കുട്ടി വണ്ടി ഓടിച്ചിരുന്നത്. ഘാട്കോപ്പർ സ്വദേശികളായ ധ്രുമിൽ പ്രേംജി പട്ടേൽ (33), ഭാര്യ മിനൽ പട്ടേൽ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഫെബ്രുവരി 5-ന് രാത്രി വൈകി സോമയ്യ വിദ്യാവിഹാർ സർവകലാശാലയ്ക്ക് സമീപമാണ് അപകടം.
പരേലിലെ കടയിൽ നിന്നും ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികൾ. എതിരെ വന്ന കിയ സെൽറ്റോസ് കാർ അമിതവേഗതയിൽ ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ തെറിച്ചുവീണു. ധ്രുമിലിന്റെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണെന്നും ഡോക്ടർമാർ അറിയിച്ചു. മിനലിന്റെ നിലയും ആശങ്കാജനകമായി തുടരുകയാണ്.
കാർ ഓടിച്ചിരുന്നത് 17 വയസ്സുള്ള ആൺകുട്ടിയാണെന്ന് പൊലീസ് കണ്ടെത്തി. അത്കൊണ്ട്തന്നെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
അപകടത്തിന് പിന്നാലെ, കുട്ടിയും സുഹൃത്തുക്കളും ആഡംബര കാറുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോകൾ പൊലീസ് പരിശോധിച്ചുവരികയാണ്.
ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തി തിലക് നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റോഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിസിപി സമീർ ഷെയ്ഖ് അറിയിച്ചു."
*🟨തിരുവല്ല സ്പാ ബലാത്സംഗ കേസ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.പിടിയിലായത്. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ്*
തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. തിരുവല്ല ചുമത്ര സ്വദേശി ആണ് പ്രശോഭ്. കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ ബെംഗളൂരുവിലേക്ക് കടന്നെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ മുഖ്യപ്രതിയായ മരണ സുബിൻ, ബെർലിൻ ദാസ്, വരുൺ കുമാർ എന്നിവർ പിടിയിലായിരുന്നു. കേസിൽ പ്രതികളായ കിരൺ, സജിൻ എന്നിവരാണ് ഒളിവിലുള്ളത്. കഴിഞ്ഞ ദിവസമാണ് കേസിൽ ഒളിവിലായിരുന്ന നിരണം സ്വദേശി വരുൺ കുമാറിനെ ആലുവയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.
ശുഭദിനം.
Tags:
KERALA