തിരുവനന്തപുരം:ആധുനിക ലോകത്ത് സാങ്കേതികവിദ്യ ഒഴിവാക്കാനാവില്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ, നമ്മുടെ കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സോഷ്യല്‍ മീഡിയ അഡിക്ഷന്‍ സംബന്ധിച്ച് അതീവ ഗൗരവകരമായ ഒരു ചര്‍ച്ച ആവശ്യപ്പെടുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
ലോകത്തെ പല വികസിത രാജ്യങ്ങളും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണ നടപടികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് സാക്ഷരതയിലും മൊബൈല്‍ ഉപയോഗത്തിലും മുന്‍പന്തിയിലുള്ള കേരളത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂട്ടുകാരോടൊപ്പം ഓടിക്കളിച്ചു വളരേണ്ട കുട്ടിക്കാലം ഇന്ന് ചെറിയ മൊബൈല്‍ സ്‌ക്രീനുകളിലേക്ക് മാത്രമായി ഒതുങ്ങുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സ്‌ക്രീനുകള്‍ക്ക് മുമ്പില്‍ ചിലവിടുന്ന അമിത സമയം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെയും അവരുടെ സാമൂഹിക ഇടപെടലുകളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഡിജിറ്റല്‍ ലോകത്തിന് അടിമപ്പെടുന്ന ഒരു തലമുറ നമ്മുടെ നാടിന്റെ ഭാവി നിര്‍മ്മിതിക്ക് തന്നെ വലിയ വെല്ലുവിളിയായി മാറുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്റര്‍നെറ്റ് ഉപയോഗം പൂര്‍ണമായും തടയുക എന്നതല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, മറിച്ച് അതിന്റെ വിവേകപൂര്‍ണ്ണമായ ഉപയോഗം എങ്ങനെ സാധ്യമാക്കാം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു വലിയ പൊതുജന ചര്‍ച്ചയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കുട്ടികള്‍ക്കായി കര്‍ശനമായ ഒരു സോഷ്യല്‍ മീഡിയ നിയന്ത്രണ നിയമം വേണോ,അതിനുള്ള സാധ്യത ഉണ്ടോ? അതോ രക്ഷിതാക്കളിലും കുട്ടികളിലും വ്യാപകമായ രീതിയിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണോ വേണ്ടത് എന്ന കാര്യത്തില്‍ പൊതുസമൂഹത്തിന് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താന്‍ എല്ലാവരുടെയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു
Tags:
KERALA