2025 | നവംബർ 17 | തിങ്കൾ
1201 | വൃശ്ചികം 1 | ചിത്തിര
◾ സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് കത്തി 42 ഹൈദരാബാദ് സ്വദേശികള്‍ക്ക് ദാരുണാന്ത്യം. ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിക്കുകയായിരുന്നു. 20 സ്ത്രീകളും 11 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. 43 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍നിന്ന് ഒരാള്‍ മാത്രം രക്ഷപ്പെട്ടതായാണ് വിവരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. മല്ലെപ്പള്ളിയിലെ ബസാര്‍ഗഢില്‍നിന്നുള്ള 16 പേരെ തിരിച്ചറിഞ്ഞതായി തെലങ്കാന ഐടി വകുപ്പ് മന്ത്രി ഡി. ശ്രീധര്‍ ബാബു പറഞ്ഞു.
◾ കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. എസ്ഐആര്‍ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗിന്റെ ഹര്‍ജി. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആണ് ലീഗിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
◾ കണ്ണൂര്‍ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. സിപിഎം പ്രവര്‍ത്തകര്‍ അനീഷ് ജോര്‍ജിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയും ആരോപിച്ചു. സംഭവത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റും ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.
◾ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ ബിജെപിയെ സഹായിക്കുകയാണ് പ്രതിപക്ഷ നേതാവിന്റെ അജണ്ടയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. അനീഷിന്റെ അച്ഛന്‍ തന്നെ ജോലി സമ്മര്‍ദം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും പിതാവ് പറഞ്ഞത് വിഡി സതീശന് വിശ്വസിക്കാന്‍ ആകില്ലേയെന്നും രാഗേഷ് ചോദിച്ചു. എങ്ങനെയെങ്കിലും മരണം സിപിഎമ്മിന്റെ പെടലിക്ക് ഇടാനാണ് സതീശന്റെ ശ്രമമെന്നും കേരളത്തിലെ പ്രതിപക്ഷ നേതാവിന് രാഹുല്‍ ഗാന്ധി പറയുന്നതല്ല ആര്‍എസ്എസ് പറയുന്നതാണ് പഥ്യം എന്നും കെകെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.
◾ കോഴിക്കോട് എസ്‌ഐആര്‍ നടപടികള്‍ക്ക് നിയോഗിച്ച ബിഎല്‍എഒയ്ക്ക് കോഴിക്കോട് സബ് കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. പിഡബ്ല്യുഡി സീനിയര്‍ ക്ലര്‍ക്കായ അസ്ലമിനാണ് നോട്ടീസ് അയച്ചത്. ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്വമായി കൈകാര്യം ചെയ്‌തെന്നാണ് നോട്ടീസില്‍ പറയുന്നത്. നവംബര്‍ 13ന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസാണ് ഇപ്പോള്‍ പുറത്തുവന്നത്.
◾ തമിഴ്‌നാട്ടില്‍ റവന്യു ജീവനക്കാര്‍ നാളെ മുതല്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളില്‍ സഹകരിക്കില്ല. അമിത ജോലിഭാരമെന്നും ജില്ലാ കളക്ടര്‍മാര്‍ മാനസികമായി സമ്മര്‍ദത്തിലാക്കുന്നുവെന്നും ആരോപിച്ചാണ് എസ്‌ഐആര്‍ നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനയായ ഫെറ അറിയിച്ചു. ശരിയായ പരിശീലനം നല്‍കാതെയാണ് നടപടികള്‍ക്കായി നിയോഗിച്ചതെന്നും മതിയായ ജീവനക്കാരില്ലെന്നും ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നുമാണ് പരാതി.
◾ രാജസ്ഥാനില്‍ ബിഎല്‍ഒ ആയി ജോലി ചെയ്തിരുന്ന അധ്യാപകന്‍ ആത്മഹത്യ ചെയ്തു. ജയ്പൂരിലെ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളില്‍ അധ്യാപകനായ മുകേഷ് ജംഗിദ് ആണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. എസ്ഐആര്‍ ജോലികള്‍ കാരണം താന്‍ സമ്മര്‍ദ്ദത്തിലാണെന്നും സൂപ്പര്‍വൈസര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും സസ്പെന്‍ഷന്‍ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. കേരളത്തില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സമാനമായ വിഷയം ചൂണ്ടിക്കാണിച്ചുള്ള മറ്റൊരു മരണം.
◾ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ച് എസ്‌ഐടി. സാമ്പിളുകള്‍ ശേഖരിക്കുന്നതിന് വേണ്ടി സ്വര്‍ണപാളികള്‍ ഇളക്കിമാറ്റി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
◾ ശബരിമല ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സര്‍വ സ്വാതന്ത്ര്യവുവും നല്‍കിയിരുന്നെന്ന് ജീവനക്കാരുടെ മൊഴി. പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറിയായിരുന്നെന്നും പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന ഉണ്ടായിരുന്നെന്നും ജീവനക്കാര്‍ മൊഴി നല്കി .
◾ കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എം.ഡി. കെ.എ. രതീഷ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നിരന്തരം വിസമ്മതിക്കുന്നതാണ് ഹൈക്കോടതി ചോദ്യംചെയ്തത്. സാധാരണ ഇടതുപക്ഷ സര്‍ക്കാരുകള്‍ അഴിമതിക്കാരെ സംരക്ഷിക്കില്ല എന്ന പൊതുധാരണയ്ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി പറഞ്ഞു.
◾ ടിപി വധക്കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി. ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നല്‍കുമെന്നും സുപ്രീം കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകള്‍ കാണണമെന്നും കോടതി പറഞ്ഞു. സാക്ഷി മൊഴികള്‍ അടക്കം കാണാതെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇടക്കാല ജാമ്യം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ടിപി വധക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.
◾ അധികാരമല്ല ആദര്‍ശമാണ് വലുതെന്ന് സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി കുഞ്ഞമ്മ. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി ഓഫീസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മയെ ദീപാദാസ് മുന്‍ഷിയും കെപിസിസി അധ്യക്ഷന്‍ സണ്ണിജോസഫും ചേര്‍ന്ന് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സിപിഐ ടിക്കറ്റില്‍ മത്സരിച്ച പള്ളിക്കല്‍ ഡിവിഷന്‍ തന്നെ ശ്രീനാദേവിക്ക് മത്സരിക്കാന്‍ നല്‍കുമെന്നാണ് വിവരം.
◾ തൃക്കാകരയില്‍ ഡിവൈഎഫ്ഐ നേതാവിന് കോണ്‍ഗ്രസില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിത്വം. ഡിവൈഎഫ്ഐ നേതാവും മുന്‍ എസ്എഫ്ഐ ഏരിയാ സെക്രട്ടറിയും ഡിവൈഎഫ്ഐ വെസ്റ്റ് മേഖല അംഗവുമായ എം എസ് ശരത് കുമാര്‍ ആണ് ഇത്തവണ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്നത്. ബിജെപി സിപിഎം ഡീലെന്ന് ആരോപിച്ചാണ് ശരത്കുമാര്‍ കോണ്‍ഗ്രസിലേക്ക് കളം മാറിയത്.
◾ തൃശ്ശൂര്‍ ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഷാള്‍ അണിയിച്ച് സുജീഷ കള്ളിയത്തിനെ സ്വീകരിച്ചു. പാര്‍ട്ടി നേതാക്കളുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചതെന്ന് സുജീഷ കള്ളിയത്ത് പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഭരിക്കാന്‍ അനുവദിച്ചില്ലെന്ന് സുജീഷ ആരോപിക്കുന്നു.
◾ ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സിപിഐ സ്ഥാനാര്‍ഥി. തൈക്കാട്ടുശ്ശേരി കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ ആര്‍ ചക്രപാണിയാണ് പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തിട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് സിപിഐയില്‍ ചേര്‍ന്നത്. 40വര്‍ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു കെ ആര്‍ ചക്രപാണി. ഗ്രൂപ്പുകള്‍ പാര്‍ട്ടി കീഴടക്കുന്നു എന്ന് ആരോപിച്ചാണ് പാര്‍ട്ടി മാറ്റം.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ത്ഥിയെ മാറ്റിയതില്‍ പ്രതിഷേധിച്ച് ആലപ്പുഴ സിപിഎമ്മില്‍ രാജി. ആലപ്പുഴ കണിച്ചകുളങ്ങര ചെത്തി ബ്രാഞ്ചില്‍ നിന്ന് മൂന്ന് സിപിഎം എല്‍സി മെമ്പര്‍മാര്‍ രാജി കത്ത് നല്‍കി. അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് രാജി.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിക്ക് വിമത സ്ഥാനാര്‍ത്ഥി. ബിജെപി പ്രവര്‍ത്തകനായിരുന്ന സി ആര്‍ സുജിത്താണ് സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടിയില്‍ നിന്നും ആര്‍ സുജിത്ത് രാജിവെച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അതൃപ്തി വ്യക്തമാക്കിയാണ് ആര്‍ സുജിത്തിന്റെ രാജി. പത്മജ വേണുഗോപാലിന്റെ സമ്മര്‍ദ്ദത്തില്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി.
◾ അതീവ ഗുരുതരമായ ചില സംഭവങ്ങള്‍ ബിജെപിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയ്. ആര്‍എസ്എസ് ശാഖയില്‍ പീഡനം ആരോപിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയായ അനന്തു അജിയുടെ മരണവുമായി ബന്ധപ്പെട്ട് മികച്ച അന്വേഷണമാണ് നടക്കുന്നത്. പ്രകൃതിവിരുദ്ധ രീതികള്‍ അവലംബിക്കുന്ന പ്രസ്ഥാനം വേറെയില്ല എന്നതാണ് അനന്തു അജിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്നും വ്യക്തമാക്കുന്നത്. ആരെങ്കിലും മരിച്ചാല്‍ അവരോട് ഒരു ദയയോ സ്‌നേഹമോ കാണിക്കാന്‍ ബിജെപി തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്തില്‍ നിന്നും പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുല്‍ പങ്കെടുത്തത്. നേരത്തെ കണ്ണാടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു.
◾ ബംഗാള്‍ ഉള്‍കടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍. കിഴക്കന്‍ മേഖലയിലും, മധ്യ തെക്കന്‍ ജില്ലകളിലും കൂടുതല്‍ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ വിവാഹ മോചന കേസില്‍ ഒത്തുതീര്‍പ്പിനായി കൈപ്പറ്റിയ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അഭിഭാഷകയും സുഹൃത്തും അറസ്റ്റില്‍. തിരുവനന്തപുരം പത്താംകല്ല് വി.ഐ.പി ജംഗ്ഷന്‍ സുലേഖ മന്‍സിലില്‍ അഡ്വ.യു.സുലേഖ (57), വി.അരുണ്‍ ദേവ് (52) എന്നിവരെയാണ് നെടുമങ്ങാട് പൊലീസിന്റെ അന്വേഷണ സംഘം തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട കുടുംബ കോടതി മധ്യസ്ഥ നടപടിക്കിടെ, കേസിലെ കക്ഷിയായ നെടുമങ്ങാട് ഐക്കരവിളാകം സ്വദേശി നല്‍കിയ 40 ലക്ഷം രൂപ എതിര്‍ കക്ഷിക്ക് കൈമാറാതെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് കേസ്.
◾ തിരുവനന്തപുരം പാലോട് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. നിര്‍മ്മാണശാലയിലെ തൊഴിലാളിയായ താളിക്കുന്ന സ്വദേശി ഷീബ (45) ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
◾ ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വനിത ഡോക്ടര്‍ ഷഹീനക്ക് ലഷ്‌ക്കര്‍ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഡയറിക്കുറിപ്പുകള്‍ കിട്ടി. അതേസമയം അറസ്റ്റിലായ ഭീകരന്‍ ആദിലിന്റെ സഹോദരന്‍ മുസാഫറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇയാള്‍ നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ആണെന്നാണ് വിവരം.
◾ ബിഹാറിലെ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പട്നയിലെ ഗാന്ധിമൈതാനത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി മുഖ്യമന്ത്രിയായി പത്താം തവണയും അധികാരമേല്‍ക്കാന്‍ ഒരുങ്ങുകയാണ് നിതീഷ് കുമാര്‍. നിതീഷിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. രാജ്യത്ത് ഒരു വ്യക്തി ഇത്രയധികം തവണ മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത് ഇത് ആദ്യമായാണ്.
◾ ബിഹാറിലെ കനത്തതോല്‍വിയുടെ പശ്ചാത്തലത്തില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മൂന്നു പെണ്‍മക്കള്‍ കൂടി മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനെ വിമര്‍ശിച്ച് വീട്ടില്‍ നിന്ന് മാറി. മറ്റൊരു മകള്‍ രോഹിണി ആര്യ ഉന്നയിച്ച വിഷയങ്ങള്‍ ശരിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദയും രാജലക്ഷ്മിയും രാഗിണിയും വീട് വിട്ടത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം തേജസ്വിയുടെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭ എംപിയുമായ സഞ്ജയ് യാദവ് ആണെന്നാണ് സഹോദരിമാര്‍ പറയുന്നത്.
◾ ബിഹാറില്‍ നേരിട്ട വന്‍ പരാജയത്തിന് പിന്നാലെ ഇന്ത്യ സഖ്യത്തിന്റെ നേതൃ സ്ഥാനത്തേക്ക് എത്തേണ്ടത് മമത ബാനര്‍ജിയാണെന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് അംഗം. എന്‍ഡിഎയ്ക്ക് എതിരായ രാഷ്ട്രീയ പോരില്‍ ഇന്ത്യ സഖ്യത്തിന്റെ സാരഥിയാവേണ്ടത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്നാണ് മുതിര്‍ന്ന നേതാവാണ് കല്യാണ്‍ ബാനര്‍ജി വിശദമാക്കുന്നത്.
◾ കര്‍ണാടകയില്‍ ജയില്‍ എഡിജിപി ദയാനന്ദിന്റെ പേരില്‍ തട്ടിപ്പ്. ദയാനന്ദിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നായിരുന്നു പണപ്പിരിവ്. മെസഞ്ചര്‍ വഴിയാണ് തട്ടിപ്പ് സംഘം പണം ആവശ്യപ്പെട്ടത്. സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തട്ടിപ്പ് തുടരുകയാണ്. മൂന്നുതവണ വ്യാജ അക്കൗണ്ട് തുറന്നതായാണ് എഡിജിപി പറയുന്നത്.
◾ അമേരിക്കയില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു വര്‍ഷത്തെ കരാറില്‍ ആദ്യമായി ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഒപ്പുവെച്ചതായി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണ് ഇതെന്നും ചരിത്ര പ്രധാനമായ തീരുമാനമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മന്ത്രി കരാര്‍ വിവരം പുറത്തുവിട്ടത്.
◾ തെക്കുകിഴക്കന്‍ കോംഗോയിലെ കോപ്പര്‍ ഖനി തകര്‍ന്ന് 49 പേര്‍ കൊല്ലപ്പെട്ടെന്നും 20 പേരെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍. ഖനിയില്‍ തൊഴിലാളികളും സൈനികരും തമ്മില്‍ അപകടത്തിന് മുന്‍പ് ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ തൊഴിലാളികള്‍ ഖനിക്കകത്തെ ഇടുങ്ങിയ പാലത്തിലേക്ക് കയറി. ഇവര്‍ തടിച്ചുകൂടി നിന്നപ്പോഴാണ് ഖനിയില്‍ അപകടം സംഭവിച്ചതെന്നാണ് വിവരം.
◾ കാഴ്ചപരിമിതിയുള്ളവരുടെ ടി20 വനിതാ ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. എട്ടുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്താനെ 135 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 ഓവറില്‍ കളിതീര്‍ത്തു. മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ പാക് ടീമിന് ഹസ്തദാനം നല്‍കിയാണ് മടങ്ങിയത്.
◾ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞതോടെ 92,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 91,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപയാണ് കുറഞ്ഞത്. 11,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണവില പടിപടിയായി ഉയര്‍ന്ന് വ്യാഴാഴ്ച 94,320 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. വില ഇനിയും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറയാന്‍ തുടങ്ങിയത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. നാലുദിവസത്തിനിടെ 2700 രൂപയാണ് കുറഞ്ഞത്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
◾ ആപ്പിളിന്റെ ഇന്ത്യയിലെ വില്‍പ്പനക്കാര്‍ അവരുടെ പ്രാദേശിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ ഐഫോണിന് ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ടി.ഡി കോണെക്സ് ഫെസിലിറ്റി ഉയര്‍ത്താനായി കാര്യമായ നിക്ഷേപം നടത്തുകയാണ്. ആപ്പിള്‍ ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണിന്റെ ഉപകമ്പനിയായ യുഴാന്‍ ടെക്നോളജി തമിഴ്നാട് യൂണിറ്റില്‍ നിന്ന് ഡിസ്പ്ലേ മൊഡ്യൂളുകളുടെ കയറ്റുമതി ആരംഭിച്ചിട്ടുമുണ്ട്. തമിഴ്‌നാട്ടിലെ ഒറഗഡത്ത് പ്ലാന്റുള്ള സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ടിഡി കോണക്സ്, 200 കോടി രൂപയുടെ നിക്ഷേപം നടത്തി സൗകര്യം വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള സൗകര്യത്തിന് സമീപം ഏകദേശം 20 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ആപ്പിള്‍ 10 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5.71 ബില്യണ്‍ ഡോളറായിരുന്നു. ആപ്പിളിന്റെ കരാര്‍ നിര്‍മ്മാണത്തിന്റെ ഭൂരിഭാഗവും ഫോക്‌സ്‌കോണും ടാറ്റ ഇലക്ട്രോണിക്‌സുമാണ് നടത്തുന്നത്.
◾ ബാഹുബലിക്ക് മുകളില്‍ ദൃശ്യവിസ്മയം ഒരുക്കി സംവിധായകന്‍ എസ്.എസ് രാജമൗലി. 'എസ്എസ്എംബി 29' എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പേരും ട്രെയിലറും പുറത്തുവിട്ടാണ് രാജമൗലി ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയത്. 'വാരാണസി' എന്നു പേരിട്ടിരിക്കുന്ന ചിത്രം പല യുഗങ്ങളിലൂടെുള്ള കാഴ്ചകളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു. ഇതു വരെ കാണാത്ത ബ്രഹ്മാണ്ഡ കാഴ്ചകളാണ് രാജമൗലി പുതിയ ചിത്രത്തില്‍ ഒരുക്കിവച്ചിരിക്കുന്നത്. സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നു. ട്രെയിലറിന്റെ അവസാന ഭാഗത്താണ് നായകന്‍ മഹേഷ് ബാബു കയ്യില്‍ ത്രിശൂലമേന്തി കാളയുടെ പുറത്ത് എത്തുന്നത്. ചിത്രം 2027 ലാകും പുറത്തിറങ്ങുക.
◾ ഇന്ദ്രജിത്ത് സുകുമാരന്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ 'ധീര'ത്തിന്റെ പ്രൊമോ സോംഗ് റിലീസ് ചെയ്തു. മണികണ്ഠന്‍ അയ്യപ്പ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഇമ്പച്ചിയും ശ്രുതി ശിവദാസും ചേര്‍ന്നാണ്. ഇമ്പച്ചിയും ബികെ ഹരിനാരായണനും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. മുന്‍പും പൊലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ ഒരു ഹൈ വോള്‍ട്ടേജ് കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. റെമോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ജിതിന്‍ ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അജു വര്‍ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, രണ്‍ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ (പണി ഫെയിം), അവന്തിക മോഹന്‍, ആഷിക അശോകന്‍, സജല്‍ സുദര്‍ശന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
◾ ഇന്ധന മീറ്ററിലെ തകരാര്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്ന് അറിയിച്ച് മാരുതി സുസുക്കി. ഗ്രാന്‍ഡ് വിറ്റാര എസ്യുവിയുടെ 39,506 യൂണിറ്റുകളുടെ തകരാറാണ് പരിഹരിച്ചു നല്‍കുക. സ്പീഡോമീറ്റര്‍ അസംബ്ലിയിലെ ഫ്യുവല്‍ ലെവല്‍ ഇന്‍ഡിക്കേറ്ററിലും ലോ ഫ്യുവല്‍ വാണിങ് ലൈറ്റിലുമാണ് നേരിയ തകരാര്‍ സംഭവിച്ചത്. 2024 ഡിസംബര്‍ 9-നും 2025 ഏപ്രില്‍ 29-നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളിലാണ് ഈ പ്രശ്‌നം കണ്ടെത്തിയത്. ഇവയില്‍ തെറ്റായ ഇന്ധന നിലയാണ് കാണിക്കാന്‍ സാധ്യതയുള്ളത്. അതിനാല്‍ തന്നെ എസ്യുവി അപ്രതീക്ഷിതമായി ഇന്ധനം തീര്‍ന്ന് നിലച്ചുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പ്രശ്‌നമുള്ള വാഹനങ്ങളുടെ ഉടമകളെ അംഗീകൃത ഡീലര്‍ വര്‍ക്ക്ഷോപ്പുകള്‍ വഴി ബന്ധപ്പെടുകയാണ് ചെയ്യുക. കമ്പനി സ്പീഡോമീറ്റര്‍ അസംബ്ലി പരിശോധിക്കുകയും തകരാറുള്ള യൂണിറ്റ് സൗജന്യമായി മാറ്റി സ്ഥാപിക്കുകയും ചെയ്യും. ഉപഭോക്താക്കള്‍ക്ക് മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അല്ലെങ്കില്‍ ഷാസി നമ്പര്‍ നല്‍കി പരിശോധിക്കാവുന്നതാണ്.
◾ തമിഴകത്തെ അറിയപ്പെട്ട കവയിത്രിയും ആക്ടിവിസ്റ്റും ദ്രാവിഡ മുന്നേറ്റകഴകം നേതാവും പാര്‍ലമെന്റ് അംഗവുമാണ് തമിഴച്ചി തങ്കപാണ്ഡ്യന്‍. ഒരു നല്ല ഭരതനാട്യകലാകാരിയും സ്വതന്ത്ര പത്ര പ്രവര്‍ത്തകയുംകൂടിയാണ് ഈ ബഹുമുഖപ്രതിഭ. ശ്രീലങ്കന്‍, ആസ്‌ട്രേലിയന്‍, തമിഴ് സാഹിത്യത്തിലെ പോസ്റ്റ് കൊളോണിയല്‍ പ്രവണതകളെക്കുറിച്ച് ഗവേഷണതാത്പര്യത്തോടെ പഠിക്കുന്ന ഈ എഴുത്തുകാരിയുടെ മികച്ച ഏതാനും കവിതകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത വിവര്‍ത്തകരിലൊരാളായ ഡോ. ടി.എം. രഘുറാം മൂലകൃതിയോട് അങ്ങേയറ്റം നീതിപുലര്‍ത്തിക്കൊണ്ട് പരിഭാഷപ്പെടുത്തിയിരിക്കുന്നു. സ്ത്രീയുടെ അനന്തമായി തുറന്ന മനസ്സിന്റെ സര്‍വ്വാഖ്യാന സൗന്ദര്യശക്തിയും ഈ കവിതകളിലുടനീളം തെളിയുന്നുണ്ട്. 'മഴയും വെയിലും അവളും'. ഡിസി ബുക്‌സ്. വില 123 രൂപ.
◾ ശൈത്യകാലത്ത് നേരിടാന്‍ പോകുന്ന ഒരു പ്രധാന പ്രശ്‌നം ചര്‍മത്തിലെ വരള്‍ച്ചയാണ്. വരണ്ട ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ മോസ്ചറൈസേഷനും ലോഷനും മാത്രം പുരട്ടിയിട്ടു കാര്യമില്ല. ഡയറ്റ് കൂടി ശ്രദ്ധിക്കണം. ചര്‍മത്തിന്റെ ആരോഗ്യത്തിന് ജലാംശം അനിവാര്യമാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ചര്‍മത്തില്‍ ഈര്‍പ്പം നഷ്ടപ്പെടുകയും വരണ്ടതുമാകുന്നു. ശൈത്യകാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം ജലാംശം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കുക. ചായയും കാപ്പിയും പരമാവധി ഒഴിവാക്കാം. പകരം തുളസി, പെരുംജീരകം, ചാമോമൈന്‍ തുടങ്ങിയ ഹെര്‍ബല്‍ ചായകള്‍ പരീക്ഷിക്കാം. ഇത് ചര്‍മത്തിന് ആവശ്യമായ ആന്റി-ഓക്‌സിഡന്റുകള്‍ ലഭ്യമാക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി, എ, ഇ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. നെയ്യ്, ഒലിവ് ഓയില്‍, വാല്‍നട്ട്, ബദാം, അവോക്കാഡോ, ചിയ, തേങ്ങ, മത്തങ്ങ വിത്തുകള്‍ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഡയറ്റില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നതില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. കേടായ ചര്‍മകോശങ്ങള്‍ നന്നാക്കാനും പുതിയ ചര്‍മത്തിന്റെ വേഗത്തിലുള്ള പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കാനും പ്രോട്ടീന്‍ അത്യാവശ്യമാണ്. പയര്‍, മുട്ട, പനീര്‍, ചിക്കന്‍, ടോഫു, നട്സ് എന്നിവ നല്ല ഉറവിടങ്ങളാണ്. ചൂടുവെള്ളത്തിന് പകരം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ചര്‍മവും മുടിയും വൃത്തിയാക്കുക. ചൂടുവെള്ളം ചര്‍മത്തിലെ പ്രകൃതിദത്ത എണ്ണകള്‍ നീക്കം ചെയ്യുകയും ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കുകയും ചെയ്യുന്നു. കൂടാതെ ഒരു ബോഡി ഓയില്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ വരള്‍ച്ച കുറയ്ക്കാന്‍ സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.64, പൗണ്ട് - 116.71, യൂറോ - 102.87, സ്വിസ് ഫ്രാങ്ക് - 111.59, ഓസ്ട്രേലിയന്‍ ഡോളര്‍ - 57.88, ബഹറിന്‍ ദിനാര്‍ - 235.16, കുവൈത്ത് ദിനാര്‍ -289.02, ഒമാനി റിയാല്‍ - 230.56, സൗദി റിയാല്‍ - 23.64, യു.എ.ഇ ദിര്‍ഹം - 24.13, ഖത്തര്‍ റിയാല്‍ - 24.29, കനേഡിയന്‍ ഡോളര്‍ - 63.22.
➖➖➖➖➖➖➖➖
Tags:
KERALA