2025 നവംബർ 7 വെള്ളി
1201 തുലാം 21 രോഹിണി
144 ജ : അവ്വൽ 16
◾ ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ മുന്‍ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജു അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയാണ് ബൈജു. തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ നിന്നാണ് ബൈജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 2019ല്‍ വ്യാജ മഹസര്‍ തയ്യാറാക്കുന്ന സമയത്തും സ്വര്‍ണപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിടുമ്പോഴും തിരികെ സന്നിധാനത്തെത്തിക്കുമ്പോഴും ബൈജു ആയിരുന്നു തിരുവാഭരണ കമ്മിഷണര്‍. കേസില്‍ ബൈജുവിനും നിര്‍ണായകപങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് വിവരം.
◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിനെ ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് എസ്ഐടി അറസ്റ്റ് ചെയ്തിരിക്കുന്നത്. 2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണ്ണം ഉള്‍പ്പടെ അമൂല്യ വസ്തുക്കളുടെ പൂര്‍ണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂര്‍വം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസില്‍ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചുള്ള വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്ഐടി നിഗമനം. 2019ല്‍ കെ എസ് ബൈജു ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു.
◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലക്കള്ളന്മാര്‍ക്ക് കുടപിടിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
◾ ശബരിമല സ്വര്‍ണക്കവര്‍ച്ചയ്ക്കു രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി ബന്ധമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം അതീവഗൗരവമുള്ളതാണെന്നും കേസ് കൂടുതല്‍ അന്വേഷണത്തിന് ഹൈക്കോടതി ബെഞ്ചിന്റെ മേല്‍നോട്ടത്തിന് വിധേയമായി സിബിഐക്കു കൈമാറുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. നിലവില്‍ നടക്കുന്ന അന്വേഷണം കുറച്ചു പേരെ ബലിയാടാക്കി കൂടുതല്‍ പേരെ രക്ഷിക്കാനുള്ള ഒരു ശ്രമം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
◾ രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുകയാണെന്നും മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണെന്നും തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആശങ്ക അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സഭ വിദേശിയല്ലെന്നും ഭാരത സഭ തന്നെയാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരാതി അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ബുധനാഴ്ചയാണ് കൊല്ലം പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വേണു മരിച്ചത്. ഹൃദ്രോഗ ബാധിതനായി എത്തിച്ച വേണുവിന് ആറുദിവസം കഴിഞ്ഞിട്ടും ആന്‍ജിയോഗ്രാം പോലും ചെയ്തില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്
◾ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, എറണാകുളം, കണ്ണൂര്‍ എന്നീ 5 മെഡിക്കല്‍ കോളേജുകളിലാണ് സ്ട്രോക്ക് സെന്ററുകള്‍ വിപുലീകരിക്കുന്നത്.
◾ തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കെപിസിസിയില്‍ തര്‍ക്കം. നേമം മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ് രാജിവെച്ചു. നേമം സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയാണ് രാജി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. നേമത്ത് ഷജീറിനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അതേസമയം കോര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച മണക്കാട് സുരേഷിനെതിരെ പരിഹാസവുമായി കെ മുരളീധരന്‍ രംഗത്തെത്തി. ഒരുപാട് ചുമതലകള്‍ ഉള്ളതുകൊണ്ട് മണ്ഡലം കോര്‍ കമ്മറ്റി ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്നും അതുകൊണ്ട് സ്വയം രാജി വച്ചതാണെന്നുമാണ് കെ മുരളീധരന്റെ പരിഹാസം.
◾ വയനാട് ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 20.9 കിലോ മീറ്റര്‍ വരുന്ന പാതയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിക്കുള്ള ഡിപിആര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. നേരത്തെ അലൈന്‍മെന്റ് തയ്യാറാക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന് പൊതുമരാമത്ത് വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിരുന്നു.
◾ വ്യത്യസ്ത മേഖലകളില്‍ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കായി ഉജ്ജ്വലബാല്യം പുരസ്‌കാരം പ്രഖ്യാപിച്ച് മന്ത്രി വീണ ജോര്‍ജ്ജ്. 14 ജില്ലകളില്‍ നിന്നുമായി 2024ലെ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിനായി 51 കുട്ടികളെ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലാ തലത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
◾ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നവീകരണ ജോലികള്‍ തുടരുന്നതിനിടെ സ്പോണ്‍സറുടെ സൈറ്റ് ഓഫീസില്‍ മോഷണമെന്ന് പൊലീസില്‍ പരാതി. സൈറ്റ് ഓഫീസായി പ്രവര്‍ത്തിച്ച മുറികളുടെ പൂട്ട് തല്ലിതകര്‍ത്താണ് മോഷണമെന്നാണ് പരാതിയില്‍ പറയുന്നത്. ഓഫീസ് കുത്തിത്തുറന്ന് രേഖകള്‍ പരിശോധിച്ചതായും ചില രേഖകളും മൊബൈല്‍ ചാര്‍ജറും നഷ്ടപ്പെട്ടുവെന്നും പരാതിയിലുണ്ട്. ജിസിഡിഎ ആണ് സ്പോണ്‍സര്‍ക്ക് വേണ്ടി കൊച്ചി പൊലീസിന് പരാതി നല്‍കിയത്.
◾ എറണാകുളം തൃക്കാക്കര സിപിഐയില്‍ വിഭാഗീയത. സിപിഐ കൗണ്‍സിലര്‍ എം ജെ ഡിക്സണ്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചു. കൗണ്‍സിലര്‍ സ്ഥാനത്തു നിന്നും രാജി വെച്ചിട്ടുണ്ട്. ഇനി സിപിഎമ്മിനൊപ്പമായിരിക്കും പ്രവര്‍ത്തിക്കുന്നതെന്ന് ഡിക്സണ്‍ അറിയിച്ചു. തുടര്‍ന്ന് ഡിക്സണിന് സിപിഎം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. തൃക്കാക്കര നഗരസഭയില്‍ ഇനി സിപിഐക്ക് ഒരു അംഗം മാത്രമാണ് ബാക്കിയുള്ളത്.
◾ എറണാകുളം തൃക്കാക്കര നഗരസഭയിലെ കൗണ്‍സിലര്‍ എം ജെ ഡിക്സണിന്റെ രാജിയില്‍ വിശദീകരണവുമായി സിപിഐ. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിക്സണിനെ നേരത്തെ തന്നെ പാര്‍ട്ടി പുറത്താക്കിയിരുന്നെന്നാണ് സിപിഐയുടെ വിശദീകരണം. ഇന്നലെയാണ് സിപിഐ കൗണ്‍സിലര്‍ എം ജെ ഡിക്സണ്‍ പാര്‍ട്ടി അംഗത്വവും നഗരസഭ കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചതായി അറിയിച്ചത്.
◾ കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് പൊലീസും എംവിഡിയും. കാര്‍ ഓടിച്ചത് പതിനാറുകാരനാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കാറിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. 16കാരന് ലൈസന്‍സ് നല്‍കുന്നത് 25 വയസുവരെ തടഞ്ഞു.
◾ കൊച്ചിയില്‍ വമ്പന്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. മറൈന്‍ഡ്രൈവിലെ ഫ്ലാറ്റില്‍ താമസിക്കുന്ന ഡോക്ടറുടെ പക്കല്‍ നിന്ന് ഒരുകോടി 30 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമം. ഡോക്ടര്‍ക്ക് 27 ലക്ഷം രൂപ നഷ്ടമായതായാണ് വിവരം. ബാക്കി തുക പോലീസ് ഇടപെട്ട് മരവിപ്പിച്ചു.
◾ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ ടീച്ചിങ് അസിസ്റ്റന്റായ പാലക്കാട് സ്വദേശി വിഷ്ണു (32) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
◾ മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച തൃശ്ശൂര്‍ തളിക്കുളത്തെ അനീഷ അഷ്റഫിന് പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതുന്നതിന് പ്രത്യേക അനുമതി നല്‍കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രത്യേക കേസായി പരിഗണിച്ചാണ് ഈ അനുമതി നല്‍കിയതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി അറിയിച്ചു.
◾ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് തകര്‍പ്പന്‍ വിജയം. മുഴുവന്‍ ജനറല്‍ സീറ്റിലും ഇടതുപക്ഷ വിദ്യാര്‍ഥി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 1300 ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച എസ്എഫ്ഐയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മലയാളിയുമായ കെ ഗോപികയ്ക്കാണ് സഖ്യത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എട്ട് വര്‍ഷത്തിന് ശേഷമാണ് മലയാളി വിദ്യാര്‍ത്ഥി ജെഎന്‍യു യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
◾ അങ്കമാലിയിലെ ആറ് മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി അമ്മൂമ്മ. അമ്മൂമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ദേഷ്യം കാരണം കൊന്നെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ഇവര്‍ മറ്റൊന്നും പറഞ്ഞില്ല. കുഞ്ഞിന്റെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച കുഞ്ഞിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് നാല് മണിയോടെ എടക്കുന്ന സെന്റ് ആന്റണീസ് പള്ളിയില്‍ സംസ്‌കരിച്ചു.
◾ പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരന്റെ ആത്മഹത്യയെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത പ്രധാന അധ്യാപിക ലിസിയെ തിരിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുമ്പോള്‍ അധ്യാപികയെ തിരിച്ചെടുത്തതിനെതിരെ കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. പ്രധാനാധ്യാപിക കുട്ടികളെ സ്വാധീനിക്കാനിടയുണ്ടെന്നും ഇത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയുമാണ് കുടുംബം ഡിഡിഇക്ക് പരാതി നല്‍കിയത്.
◾ കുടുംബാധിപത്യം സംബന്ധിച്ച ശശി തരൂരിന്റെ ലേഖനം തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അത്തരം പരാമര്‍ശം നടത്തുന്നവരോട് സഹതാപം മാത്രമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാധിപത്യം എന്ന് പറയുന്നത് ഒരു കാരണവശാലും നീതീകരിക്കപ്പെടുന്നതല്ലെന്നും എന്തുകൊണ്ട് പറഞ്ഞു എന്നുള്ളത് ശശി തരൂരിനോട് ചോദിക്കണമെന്നും അദ്ദേഹം വിശദീകരിക്കട്ടെയെന്നും കെ.സി.വേണുിഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
◾ 1969 നവംബര്‍ 6 ന് സ്ഥാപിതമായ കെ.എസ്.എഫ്.ഇ. യുടെ 56-ാം സ്ഥാപകദിനം സംസ്ഥാനത്തെ പതിനാറ് മേഖലാ കേന്ദ്രങ്ങളിലായി സര്‍ക്കാര്‍ അഗതി മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, മഹിളാ മന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കാവശ്യമുള്ള സാധന സാമഗ്രികള്‍, ഉച്ചഭക്ഷണം തുടങ്ങിയവ എത്തിച്ചു നല്‍കി ആഘോഷിച്ചു. 1 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് നേട്ടം കൈവരിച്ച ഇന്ത്യയിലെ ഏക മിസല്ലേനിയസ് നോണ്‍ ബാങ്കിങ്ങ് കമ്പനിയായി മാറിയതിന്റെ നിറവിലാണ് കെ.എസ്.എഫ്.ഇ. ഇത്തവണത്തെ പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൊല്ലം ഗവണ്‍മെന്റ് വൃദ്ധസദനത്തില്‍ നടന്ന ചടങ്ങില്‍ കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ.വരദരാജനും തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിലെ കുട്ടികളോടൊപ്പം കെ.എസ്.എഫ്.ഇ. മാനേജിങ്ങ് ഡയറക്ടര്‍ ഡോ.സനില്‍ എസ്.കെ യും ചടങ്ങില്‍ പങ്കെടുത്തു.
◾ തമിഴ്നാട് കൃഷ്ണഗിരിയില്‍ ടാറ്റാ ഇലക്ട്രോണിക്സിന്റെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ കാമുകന്റെ നിര്‍ബന്ധപ്രകാരം, ഒളിക്യാമറ വച്ച യുവതി പിടിയില്‍. ഒഡിഷ സ്വദേശിയായ യുവതിയുടെ കാമുകനും അറസ്റ്റിലായി. ടാറ്റാ ഇലക്ട്രോണിക്സ് 6500 വനിതാ ജീവനക്കാര്‍ക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലില്‍ ആണ് ഞെട്ടിക്കുന്ന സംഭവം.
◾ സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പൊലീസ് പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് വിശാഖപട്ടണം വിഐപി റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ഓര്‍ക്കിഡ് വെല്‍നസ് ആന്‍ഡ് സ്പാ സെന്ററി'ല്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം പിടിയിലായത്. സംഭവത്തില്‍ 9 യുവതികളേയും, സ്പാ നടത്തിപ്പുകാരായ രണ്ടുപേരെയും ഇടപാടുകാരനായ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പില്‍ റെക്കോഡ് പോളിംഗ്. 121 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 64.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇത് ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 2020-ലെ ഒന്നാംഘട്ട പോളിങ് 56.1 ശതമാനം മാത്രമായിരുന്നു.
◾ ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തെ അദ്ദേഹത്തിന്റെ മണ്ഡലമായ ലഖിസറായിയില്‍ ജനക്കൂട്ടം തടയുകയും കല്ലെറിയുകയും മൂര്‍ദ്ദാബാദ് വിളിക്കുകയും ചെയ്തു. ഭൂമിഹാര്‍ നേതാവും മൂന്ന് തവണ എംഎല്‍എയുമായ സിന്‍ഹ ഇത്തവണയും സിറ്റിങ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.
◾ കോണ്‍ഗ്രസ് എന്നാല്‍ മുസ്ലീങ്ങളും മുസ്ലീങ്ങള്‍ എന്നാല്‍ കോണ്‍ഗ്രസുമെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവന വിവാദത്തില്‍. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയുടേത് വോട്ട് ബാങ്കില്‍ കണ്ണുവെച്ചുള്ള പ്രസ്താവനയാണെന്ന് തെലങ്കാനയിലെ ബിജെപി അധ്യക്ഷന്‍ എന്‍ രാമചന്ദര്‍ റാവു വിമര്‍ശിച്ചു. കടുത്ത നിരാശയിലാണ് രേവന്ത് റെഡ്ഡിയെന്നും കോണ്‍ഗ്രസ് ഇപ്പോള്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മിന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾ മധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികന് കോടതി ജാമ്യം അനുവദിച്ചു. രത്ലം ജില്ലാ കോടതിയാണ് തിരുവനന്തപുരം സ്വദേശി ഫാദര്‍ ഗോഡ്വിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം 25നാണ് തിരുവനന്തപുരം സ്വദേശി ഗോഡ്വിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 12 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
◾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാറുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പുണെയിലെ ഭൂമിയിടുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു. ഏകദേശം 1800 കോടി രൂപ വിലമതിക്കുന്ന പുണെയിലെ 40 ഏക്കര്‍ വരുന്ന കണ്ണായ ഭൂമി, പാര്‍ത്ഥ് പവാറിന്റെ കമ്പനിക്ക് 300 കോടി രൂപയ്ക്ക് വിറ്റു എന്നുകാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
◾ സൈനികരുടെ ജാതിയും മതവും തിരയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലജ്ജിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പങ്കെടുക്കവെയാണ് അമിത് ഷായുടെ പ്രതികരണമുണ്ടായത്.
◾ പാകിസ്ഥാനില്‍ ഭരണഘടനാ ഭേദഗതിയിലൂടെ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കാന്‍ നീക്കം. പാകിസ്ഥാനില്‍ കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നതിനിടെയാണ് പുതിയ നീക്കം. 27-ാമത് ഭരണഘടനാ ഭേദഗതി ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
◾ പാക് അധീന കശ്മീരില്‍ ജെന്‍സി പ്രക്ഷോഭം ശക്തമാകുന്നു. വിദ്യാഭ്യാസ പരിഷ്‌കരണങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി, രാജ്യം ഭരിക്കുന്ന ഷഹബാസ് ഷരീഫ് സര്‍ക്കാരിനെതിരെയാണ് പ്രക്ഷോഭം. ഒരു മാസമായി നടക്കുന്ന പ്രക്ഷോഭം തുടക്കത്തില്‍ സമാധാനപരമായിരുന്നെങ്കിലും ഇത് നിയന്ത്രണാതീതമായി മാറുന്നതാണ് ഇപ്പോഴത്തെ കാഴ്ച. സമരക്കാരുടെ നേര്‍ക്ക് അജ്ഞാതന്‍ വെച്ച വെടിയേറ്റ് ഒരാള്‍ക്ക് പരിക്കേറ്റതോടെയാണ് സമരത്തിന്റെ സമാധാന സ്വഭാവം മാറുന്നത്.
◾ തെക്കന്‍ ലെബനനിലുടനീളമുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേലി സൈന്യം അറിയിച്ചു. മേഖലയില്‍ പ്രവര്‍ത്തനം സജീവമാക്കാനുള്ള നീക്കങ്ങള്‍ ഹിസ്ബുള്ള ആരംഭിച്ചതോടെയാണ് ആക്രമണമെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
◾ മോദി മഹാനായ വ്യക്തിയാണെന്നും സുഹൃത്താണെന്നും വീണ്ടും പ്രകീര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് സൂചന നല്‍കി.
◾ മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമിനെ കെട്ടിപ്പിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആള്‍ അറസ്റ്റില്‍. മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായ ഷെയ്ന്‍ബോം പൊതുപരിപാടിയിലേക്ക് നടന്നുപോകുമ്പോഴാണ് അതിക്രമം.
◾ അമ്പെയ്ത്തില്‍ ഏഷ്യാകപ്പ് സ്റ്റേജ് 3 ടൂര്‍ണമെന്റിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടി പാരാലിമ്പിക്സിലെ മെഡല്‍ ജേതാവ് കൂടിയായ ശീതള്‍. സോനിപത്തില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇരുകൈകളുമില്ലാത്ത ശീതള്‍ ഇന്ത്യയുടെ ജൂനിയര്‍ ടീമിലേക്ക് ഇടംനേടിയത്. ഇതാദ്യമായാണ് ഒരു പാരാ-അത്‌ലറ്റ്, ജനറല്‍ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്കുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്.
◾ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന് കിരീടം നല്‍കാന്‍ തയ്യാറാകാത്ത പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വിക്കെതിരേ കടുത്ത നിലപാടുമായി മുന്നോട്ടുപോകാന്‍ ബിസിസിഐ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നഖ്വിക്കെതിരേ വിവിധ കുറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പട്ടിക തയ്യാറാക്കിയതായും ഐസിസി യോഗത്തില്‍ അദ്ദേഹം പദവി ഒഴിയണമെന്ന നിലപാടുമായി മുന്നോട്ടുപോകാനാണ് ബിസിസിഐ തീരുമാനമെന്നും റപ്പോര്‍ട്ടുകള്‍.
◾ ഓണ്‍ലൈന്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും സ്വത്ത് കണ്ടുകെട്ടി ഇഡി. 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. അന്വേഷണത്തില്‍ താരങ്ങള്‍ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് നേരത്തേ ഇഡി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
◾ ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് 48 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഓസീസ് 119 റണ്‍സിന് പുറത്തായി. 46 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 28 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും ഓപ്പണിംഗ്് കൂട്ടുകെട്ടാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഇതോടെ ടീം ഇന്ത്യ ടി20 പരമ്പരയില്‍ 2-1 ന് മുന്നിലെത്തി.
◾ എസ്.ബി.ഐയുടെ അസറ്റ് മാനേജ്‌മെന്റ് വിഭാഗമായ എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്‌മെന്റിന്റെ ഐ.പി.ഒക്ക് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഐ.പി.ഒ വഴി എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്‌മെന്റിലെ 6.3 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് എസ്.ബി.ഐയുടെ തീരുമാനം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ സ്ഥാപനത്തിന് കൂടുതല്‍ മൂല്യം ലഭിക്കുമെന്നും ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. എസ്ബിഐ കാര്‍ഡ്‌സിനും എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിനും ശേഷം ലിസ്റ്റ് ചെയ്യപ്പെടുന്ന എസ്ബിഐയുടെ മൂന്നാമത്തെ അനുബന്ധ സ്ഥാപനമായിരിക്കും എസ്ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റ്. ഈ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ, എസ്.ബി.ഐയുടെ ഓഹരി മൂല്യം റെക്കോര്‍ഡ് ഉയരത്തിലെത്തി. മികച്ച രണ്ടാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടതിന് ശേഷമാണ് ഓഹരി വിപണിയില്‍ എസ്.ബി.ഐയുടെ മുന്നേറ്റം. ഈ മുന്നേറ്റത്തിലൂടെ എസ്.ബി.ഐയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ ക്ലബില്‍ എത്തിച്ചേര്‍ന്നു.
◾ ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന 'റേച്ചല്‍' സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ ആറിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്റര്‍ ഹണി റോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ജാഫര്‍ ഇടുക്കി, ബാബു രാജ്, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍ എന്നിവരും പോസ്റ്ററിലുണ്ട്. ഏബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. പ്രതികാരത്തിന്റെ ആഴമേറിയ കഥയാവും 'റേച്ചല്‍' എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നത്.
◾ പൃഥ്വിരാജ് സുകുമാരന്‍ ചന്ദന മോഷ്ടാവായ ഡബിള്‍ മോഹന്‍ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ'യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ 21നാണ് വേള്‍ഡ് വൈഡ് റിലീസ്. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരില്‍ തന്നെയാണ് ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ജി.ആര്‍. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകന്‍, അനു മോഹന്‍, രാജശ്രീ നായര്‍, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം.
◾ റോള്‍സ് റോയ്‌സ് സ്വന്തമാക്കി സംവിധായകന്‍ ആറ്റ്ലി. തൊട്ടതെല്ലാം പൊന്നാക്കിയ പാന്‍ ഇന്ത്യന്‍ സംവിധായകന്റെ ഇനിയുള്ള യാത്രകളില്‍ കൂട്ടാകുന്നത് റോള്‍സ് റോയ്സിന്റെ ഏക ഇലക്ട്രിക് വാഹനമായ സ്‌പെക്ടറാണ്. ഏകദേശം 7.50 കോടി രൂപ വില വരുന്ന സ്‌പെക്ടറിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലാണ് ആറ്റ്ലി സ്വന്തമാക്കിയിരിക്കുന്നത്. രണ്ടു വേരിയന്റുകളില്‍ ലഭ്യമാകുന്ന ഈ ഇ വിയുടെ ബ്ലാക്ക് ബാഡ്ജിനു ഏകദേശം 9.96 കോടിയാണ് വില. ഡയമണ്ട് ബ്ലാക്ക് നിറമാണ് പുതുവാഹനത്തിനായി ആറ്റ്ലി തിരഞ്ഞെടുത്തിരിക്കുന്നത്. ആഡംബര സൗകര്യങ്ങളില്‍ മറ്റൊരു വാഹനത്തോടും താരതമ്യം പോലും അസാധ്യമായ സ്പെക്ടറില്‍ 102 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റോള്‍സ് റോയ്സ് നിരയിലെ 530 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന കാറില്‍ 585 എച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് ഉപയോഗിക്കുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്‌പെക്ടറില്‍. 2890 കിലോഗ്രാം ഭാരമുള്ള ഈ കാറിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.5 സെക്കന്‍ഡ് മതി. 195 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വെറും 34 മിനിറ്റില്‍ 10 ല്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
◾ ജാതിമേധാവിത്വത്തിന്റെ കോട്ടകൊത്തളങ്ങളെ, കല്ലിന്മേല്‍ കല്ല് ശേഷിക്കാത്തവിധം, തകര്‍ത്തുകളയുവാന്‍ അക്ഷീണം പ്രയത്നിച്ച ഒരു മഹാത്മാവിന്റെ ജീവിതകഥ പറയുകയാണ് ഈ ആഖ്യായിക. അടിയാളരില്‍നിന്നും പൗരര്‍ എന്ന പദവിയിലേക്ക് അയ്യങ്കാളി ഒരു ജനതതിയെ നയിച്ചു. സാമൂഹികഭ്രഷ്ടിന്റെ ഇരുള്‍മാളങ്ങളില്‍നിന്നും അവരുടെ ആത്മാഭിമാനത്തെ വീണ്ടെടുത്തു. ആ തലേക്കെട്ടുകാരനായ കോട്ടുധാരിക്ക് ചരിത്രം 'പുലയരാജാവ്' എന്ന വിശേഷണം നല്കി. നീതിക്കു വേണ്ടി ദാഹിച്ച ആ ദളിത് വിമോചനസമരനായകന്‍ തന്റെ അധഃസ്ഥിത സഹോദരങ്ങള്‍ക്ക് അക്ഷരവിദ്യയ്ക്കും വഴിനടപ്പിനും മാന്യമായ വസ്ത്രധാരണത്തിനും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തി. അടിമകളുടെ ഉടമകള്‍ വാഴുന്ന 'ധര്‍മരാജ്യ'ത്തിലെ 'നീതിസാര'ത്തിനു വഴങ്ങാതിരുന്ന ഒരു നിഷേധിയെ നിങ്ങള്‍ക്ക് ഈ പുസ്തകത്തില്‍ കാണാനാകും. 'ചിത്രകൂടം'. വി.എസ്. കുമാരന്‍. എച്ച് & സി ബുക്സ്. വില 90 രൂപ.
◾ രാത്രി ആവശ്യത്തിന് ഉറങ്ങിയിട്ടും രാവിലെ എഴുന്നേല്‍ക്കുമ്പോല്‍ ക്ഷീണം തോന്നുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞു പോകുന്നതുകൊണ്ടാണെന്ന് പഠനം. ഇരുമ്പിന്റെ അഭാവം, ഓക്സിജന്‍ വഹിക്കുന്ന ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്നതിനേയും ബാധിക്കും. ഇത് ക്ഷീണം, ബലഹീനത, തലകറക്കം എന്നിവയ്ക്ക് കാരണമാകും. അമിതമായ ആര്‍ത്തവമുള്ള സ്ത്രീകള്‍, ഗര്‍ഭിണികള്‍, സസ്യാഹാരികള്‍, ചില രോഗാവസ്ഥകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ഇരുമ്പിന്റെ അഭാവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിളറിയ ചര്‍മം, തണുത്ത കൈകാലുകള്‍, ഐസ് കഴിക്കണമെന്ന അസാധാരണ ആസക്തി എന്നിവയാണ് ഇരുമ്പിന്റെ കുറവു മൂലം ഉണ്ടാകുന്ന വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍. ഇരുമ്പിന്റെ അഭാവം ഒഴിവാക്കാന്‍ ഏറ്റവും പ്രധാനം ജീവിതശൈലി ആരോഗ്യകരമാക്കുക എന്നതാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ കഴിക്കാം. കൂടാതെ അതില്‍ വിറ്റാമിന്‍ സി ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. വിറ്റാമിന്‍ സി ഇരുമ്പ് കൂടുതല്‍ ആഗിരണം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ ഇരുമ്പ് അടങ്ങിയ ഇലക്കറികള്‍, പയറുവര്‍ഗം, ഈന്തപ്പഴം, മാതളനാരങ്ങ തുടങ്ങിയവ ധാരാളം കഴിക്കണം. മുതിര്‍ന്ന പുരുഷന്മാരില്‍ ഇരുമ്പിന്റെ അംശം 8 മില്ലിഗ്രാം മതിയെങ്കില്‍ സ്ത്രീകളില്‍ അത് 18 മില്ലിഗ്രാം ആവശ്യമാണ്. ചായ, കാപ്പി എന്നിവയ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കാന്‍ കാരണമാകും. ജപ്പാന്‍ ജേണല്‍ ആയ ക്ലിനിക്കല്‍ ആന്റ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചായ കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം 36 ശതമാനമായും കാപ്പി കുടിക്കുന്നതു കൊണ്ട് ഇരുമ്പിന്റെ ആഗിരണം 62 ശതമാനവുമായി കുറയുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ രാജാവ് വേഷപ്രഛന്നനായി സഞ്ചരിച്ച് അവരുടെ ജീവിതം മനസ്സിലാക്കുവാന്‍ തീരുമാനിച്ചു. രാജ്യത്തെ സ്‌നേഹിക്കുന്ന എത്ര പ്രജകളുണ്ടെന്നറിയുവാന്‍ രാജാവിന് ആഗ്രഹം തോന്നി. രാജാവ് അതൊന്ന് പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. ഗ്രാമത്തിലെ പ്രധാനപാതയുടെ നടുവില്‍ ഭടന്മാരെക്കൊണ്ട് ഒരു വലിയ പാറക്കല്ല് കൊണ്ടുവെച്ചു. പാതയില്‍ നിന്നും ആ പാറ ആരെങ്കിലും നീക്കുമോ എന്നറിയാന്‍ വേണ്ടി പാറയ്ക്കരുകിലുളള വൃക്ഷത്തിന്റെ പിന്നില്‍ മറഞ്ഞുനിന്നു. പലരും ആ പാറക്കരികിലൂടെ കടന്നുപോവുകയും പാറയ്ക്കു ചുറ്റും നടന്നുനോക്കുകയും ചെയ്‌തെങ്കിലും ആരും അതൊന്ന് മാറ്റാന്‍ പോലും ശ്രമിച്ചില്ല. ചിലര്‍ കുറ്റപ്പെടുത്തി: രാജാവ് ഇതൊന്നും ശ്രദ്ധിക്കുന്നതേയില്ല. പാതയുടെ അറ്റകുറ്റപ്പണികള്‍ ഒന്നും ചെയ്യുന്നില്ല. കൊട്ടാരത്തിലെ ചില പ്രധാന ജോലിക്കാരും ആ വഴി പോയെങ്കിലും അവരും അതൊന്ന് മാറ്റാന്‍ പോലും ശ്രമിച്ചില്ല. അപ്പോഴാണ് ആ വഴി തലയില്‍ ചുമടുമായി ഒരാള്‍ വന്നത്. പാറയെ കണ്ടതും അയാള്‍ തന്റെ ഭാരമുളള ചുമട് വഴിയില്‍ ഇറക്കിവെച്ച് പാറയെ റോഡിനരുകിലേക്ക് തള്ളിമാറ്റാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഒടുവിലയാള്‍ വിജയിക്കുകയും ചെയ്തു. തന്റെ ചുമടെടുത്ത് പോകാന്‍ നില്‍ക്കുമ്പോഴാണ് അയാള്‍ ആ പാറ മാറ്റിയ സ്ഥലത്ത് ഒരു കിഴി കണ്ടത്. അദ്ദേഹം അത് തുറന്ന് നോക്കി. അതില്‍ നിറയെ സ്വര്‍ണ്ണനാണയങ്ങളും ഒപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു. താങ്കള്‍ ചെയ്തത് വലിയൊരു കാര്യമാണ്. അതിനുളള സമ്മാനമാണിത്. അയാള്‍ക്ക് വലിയ സന്തോഷമായി. ജീവിതത്തില്‍ കടന്നുവരുന്ന ഓരോ തടസ്സവും നമ്മുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുളള അവസരമാണ്. അതെ ചില തടസ്സങ്ങളെല്ലാം നമുക്ക് ഗുണമാണ് ചെയ്യുന്നത്. ആ തടസ്സങ്ങളെ മറികടക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് മാത്രം ആ ഗുണം ലഭിക്കുന്നു. - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA