Trending

സായാഹ്ന വാർത്തകൾ.

2025 | ഒക്ടോബർ 30 | വ്യാഴം 
1201 | തുലാം 13 | തിരുവോണം 

◾എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സര്‍ക്കാറിന്റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാനാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ എന്ത് കൊടുത്താലും ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍, എല്‍ഡിഎഫ് അധികാരത്തില്‍ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതെന്നും നാലര കൊല്ലം ഇത് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം  നൂറിലധികം സീറ്റുമായി 2026 ല്‍ യുഡിഎഫ് തിരിച്ചു വരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

◾ആശ വര്‍ക്കര്‍മാര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വര്‍ധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കല്‍ 264 ആം ദിവസം  സമരം ചെയ്യുന്ന ആശമാര്‍ വ്യക്തമാക്കി. ഭാവി സമരപരിപാടികള്‍ ആലോചിക്കാന്‍ സമര സമിതിയുടെ യോഗം ഇന്ന് ചേരും. പ്രതിദിനം 33 രൂപയുടെ വര്‍ധന മാത്രമാണ് വന്നിട്ടുള്ളത്. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ആശമാര്‍ പറയുന്നു.

◾ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ സംതൃപ്തിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. ധനവകുപ്പിന് ഏറെ വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കലും തകര്‍ന്ന് പോകില്ലെന്നും നമ്മള്‍ മുന്നോട്ട് പോകുമെന്നും ധനമന്ത്രി പറഞ്ഞു. ട്രഷറി അടച്ചുപൂട്ടും എന്നുള്ള ആരോപണങ്ങള്‍ വരെ ഉണ്ടായിയെന്നും എന്നാല്‍ ഇപ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമാണ് പറയാറെന്നും ചെയ്യാന്‍ പറ്റും എന്നാണ് വിശ്വാസം എന്നും മന്ത്രി പറഞ്ഞു.

◾പിഎം ശ്രീ പദ്ധതിയില്‍ നിന്നുള്ള പിന്‍മാറ്റത്തിന് ശേഷം സിപിഐ നേതാക്കള്‍ക്കെതിരെ ആരോപണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. മന്ത്രി ജിആര്‍ അനിലിനും പ്രകാശ് ബാബുവിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ശിവന്‍ കുട്ടി നടത്തിയത്. ജിആര്‍ അനില്‍ സിപിഐ ഓഫീസിനു മുന്നില്‍ വെച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും അനിലിനെ ഫോണില്‍ വിളിച്ച ശേഷമാണ് ഓഫീസില്‍ പോയതെന്നും ശിവന്‍ കുട്ടി പറഞ്ഞു. പ്രകാശ് ബാബു, എംഎ ബേബിയെ അവഹേളിച്ചുവെന്നും എന്ത് അടിസ്ഥാനത്തിലാണ് ബേബി നിസ്സഹായന്‍ എന്ന് പറഞ്ഞതെന്നും തീരെ മര്യാദ കുറഞ്ഞ വാക്കുകളാണ് പ്രകാശ് ബാബു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എഐഎസ്എഫ്, എഐവൈഎഫ് സംഘടനകള്‍ അതിരുകടന്ന് പ്രതിഷേധിച്ചുവെന്നും തന്റെ കോലം എന്തിനു കത്തിച്ചുവെന്നും തന്റെ വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തിയെന്നും ശിവന്‍കുട്ടി പറഞ്ഞു. താന്‍ ബിനോയ് വിശ്വത്തെ വിളിച്ചു പരാതിപ്പെട്ടുവെന്നും രണ്ടു സംഘടനകളും ചെയ്തത് ശരിയായില്ലെന്ന് ബിനോയ് പറഞ്ഞുവെന്നും ശിവന്‍കുട്ടി പറഞ്ഞു.

◾മന്ത്രി ശിവന്‍ കുട്ടിയുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മന്ത്രി ജി ആര്‍ അനില്‍. ശിവന്‍ കുട്ടി അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്ന് ജിആര്‍ അനില്‍ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ആയിരുന്ന കാലം മുതല്‍ അടുപ്പമുണ്ടെന്നും സംഘടനകളുടെ നേതാക്കളായിരുന്ന കാലം മുതല്‍ പരിചയമുണ്ടെന്നും താന്‍ ഒരിക്കലും മോശപ്പെടുത്തുന്ന വാക്കു പറയുന്ന ആളല്ലെന്നും അദ്ദേഹവും തന്നെപ്പറ്റി അങ്ങനെ പറയില്ലെന്നും ജിആര്‍ അനില്‍ പറഞ്ഞു.

◾നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ കഴിയില്ലെന്ന് മില്ലുടമകള്‍. സര്‍ക്കാരിന്റെ  വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മില്ലുടമകള്‍ അറിയിച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഇക്കാര്യം ധനമന്ത്രിയുടെ  ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുണ്ടെന്നും മുന്‍പും പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെന്നും അപ്പോഴെല്ലാം സര്‍ക്കാര്‍ ഉദാരമായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം കനത്ത നഷ്ടം സഹിച്ചാണ് സംസ്ഥാനത്തെ മില്ലുടമകള്‍ മുന്നോട്ടു പോകുന്നതെന്ന് കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 100 കിലോ നെല്ല് സംഭരിക്കുമ്പോള്‍ 66.5 കിലോ അരി സപ്ലൈകോയ്ക്ക് നല്‍കണമെന്ന നിര്‍ദ്ദേശം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

◾ഒമാനില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ നടത്തിയ ഘോഷയാത്രയിലെ പ്രദര്‍ശനങ്ങള്‍ വിവാദമായതില്‍ ഖേദപ്രകടനവും വിശദീകരണവുമായി സംഘാടകരായ ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്. പ്രദര്‍ശനത്തില്‍ മൃഗങ്ങളുടെ കോലം ഉള്‍പ്പെടുത്തിയത് പരമ്പരാഗത കൃഷിരീതികളെ പ്രതിനിധീകരിച്ചാണെന്നും മതപരമായ അര്‍ത്ഥമില്ലെന്നുമാണ് വിശദീകരണം.

◾ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ ഏകാദശി പൂജയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശി പൂജ ഡിസംബര്‍ ഒന്നിന് തന്നെ നടത്തണമെന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അതേസമയം, തുലാമാസത്തിലെ ഏകാദശിപൂജ നവംബര്‍ രണ്ടിന് നത്തുന്നതില്‍ തടസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

◾കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകയറിയെന്ന ജിസിഡിഎയുടെ പരാതിയില്‍ ഡിസിസി പ്രസിഡന്റടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. അന്യായമായി സംഘം ചേര്‍ന്നതിനും അതിക്രമിച്ച് കയറിയതിനുമാണ് കേസ്. സംഘം സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്‌തെന്നും എഫ് ഐ ആറില്‍ പറയുന്നു.

◾താമരശ്ശേരിയിലെ  ഫ്രഷ് കട്ട് സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാത്രിയില്‍ വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ പൊലീസ് ഉറപ്പ് നല്കി. ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സര്‍വ്വകക്ഷി യോഗം വിളിച്ചത്. ഫ്രഷ് കട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചാണെന്ന റിപ്പോര്‍ട്ടാണ് ശുചിത്വ മിഷനും, മലിനീകരണ നിയന്ത്രണ ബോര്‍ഡും ജില്ലാ കളക്ടര്‍ക്ക് നല്‍കിയിരിക്കുന്നത്.

◾റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തതോടെയാണ് മുംബൈ ആസ്ഥാനമായ ആര്‍ എച്ച് പി പാര്‍ട്ട്‌നേഴ്‌സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ നോട്ടീസ് നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

◾തൊടുപുഴയ്ക്ക് സമീപം ചീനിക്കുഴിയില്‍ അര്‍ദ്ധരാത്രിയില്‍ മകനെയും മരുമകളെയും അവരുടെ രണ്ടു പെണ്‍മക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി ചീനിക്കുഴി ആലിയകുന്നേല്‍ ഹമീദി(82)ന് വധശിക്ഷ. തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി.ാണ് ശിക്ഷ വിധിച്ചത്.
സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നെന്നും നിസ്സഹായരെയാണ് പ്രതി ജീവനോടെ കത്തിച്ചതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

◾അര്‍ഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചില്ലെന്ന് പരാതി. നാഗലശ്ശേരി പഞ്ചായത്തിന് മുന്നില്‍ രണ്ട് മക്കളേയും ചേര്‍ത്ത് പിടിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അറിയിച്ച് വീട്ടമ്മ. നാഗലശ്ശേരി പഞ്ചായത്തില്‍ 7-ാം വാര്‍ഡില്‍ ഇടിഞ്ഞു പൊളിഞ്ഞ തറവാട്ടു വീട്ടില്‍ താമസിക്കുന്ന മേനാത്ത് വീട്ടില്‍ പ്രബിതയും ഭര്‍ത്താവ് വിജയനുമാണ് വാര്‍ത്താ സമ്മേളനത്തില്‍ പരാതിപ്പെട്ടത്.

◾അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍, ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് മൂപ്പില്‍ നായര്‍ കുടുംബത്തിന് ഭൂമി പതിച്ചു നല്‍കുന്ന സംഭവത്തില്‍ കലക്ടറുടെ ഇടപെടല്‍. പാലക്കാട് മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടെ പേരിലുള്ള ഭൂമി രജിസ്‌ട്രേഷന്‍ കലക്ടര്‍ തടഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷനും കൈമാറ്റവും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തടഞ്ഞിരിക്കുകയാണ്.

◾അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതിഷേധിച്ച് ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികള്‍. പുനരധിവാസവും നഷ്ടപരിഹാരവും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നില്ലെന്നാണ് ഇവരുടെ പരാതി. മണ്ണിടിച്ചില്‍ മേഖലയിലേക്ക് തിരികെ പോകാനുളള നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നും നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണെന്നും അന്തേവാസികള്‍ പറഞ്ഞു. അടിമാലി കൂമ്പന്‍ പാറ ലക്ഷം വീട് ഉന്നതിയില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്.

◾കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതകത്തില്‍ പ്രതികളായ അച്ഛന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തര്‍ജനം എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി.   പ്രതികള്‍ 2 ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം.  അച്ഛനും രണ്ടാനമ്മയും അതിക്രൂരമായി മര്‍ദ്ദിച്ചും പട്ടിണിക്കിട്ടുമാണ് കുഞ്ഞിനെ കൊന്നതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

◾കാഞ്ചീപുരത്ത് ഹൈവേയില്‍ വന്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ 5 മലയാളികളെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്. കഴിഞ്ഞ ഓഗസ്റ്റില്‍ കാര്‍ തടഞ്ഞ് 4.5 കോടി കവര്‍ന്ന കേസില്‍ ആണ് അറസ്റ്റ്. സന്തോഷ്, സുജിത് ലാല്‍, ജയന്‍ , മുരുകന്‍ , കുഞ്ഞുമുഹമ്മദ് എന്നിവര്‍ ആണ് അറസ്റ്റിലായത്. കൊല്ലം, പാലക്കാട്, തൃശൂര്‍ സ്വദേശികള്‍ ആണ് ഇവര്‍. മുംബൈ സ്വദേശിയുടെ ലോജിസ്റ്റിക്‌സ് കമ്പനിയുടെ കാര്‍ തടഞ്ഞായിരുന്നു മോഷണം.

◾എസ്‌ഐആര്‍ ജനാധിപത്യ വിരുദ്ധമാണെന്നും രാജ്യത്ത് എവിടെ നടപ്പിലാക്കാന്‍ ശ്രമിച്ചാലും അതിശക്തമായി എതിര്‍ക്കുമെന്നും വയനാട് എംപി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ  ഷെഡ്യൂള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എസ്‌ഐആറിന്റെ കരട് പട്ടിക ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക.

◾അഴിമതിയുടെ 'രാജകുമാരന്മാര്‍', വ്യാജ വാഗ്ദാനങ്ങളുടെ കട തുറന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും ആര്‍ജെഡി നേതാവ് തേജസ്വി യാദവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലും തേജസ്വിയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിഹാറിലെ മുസാഫര്‍പുരില്‍ നടന്ന റാലിയില്‍  പ്രധാനമന്ത്രി പറഞ്ഞു.

◾ഛഠ് പൂജയെ കോണ്‍ഗ്രസ് അപമാനിച്ചുവെന്ന് ബീഹാറിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറില്‍ തേജസ്വിയും രാഹുലും സൗഹൃദം നടിക്കുന്നത് ഗുണ്ടാരാജ് തിരിച്ചു കൊണ്ടു വരാനാണെന്നും മോദി മുസഫര്‍പൂരിലെ റാലിയില്‍ പറഞ്ഞു. വോട്ടിനു വേണ്ടിയാണ് മോദി ഛഠ് പൂജ നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. രാജ്യത്തിന്റെ ആകെ ആഘോഷമായ ഛഠ് പൂജയെ അപമാനിച്ചവര്‍ക്ക് വോട്ടിലൂടെ ജനം മറുപടി നല്കുമെന്നും മോദി പറഞ്ഞു.

 ◾2020-ലെ ഡല്‍ഹി കലാപം രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാനുള്ള അട്ടിമറി ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്ന് ഡല്‍ഹിപോലീസ്. കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍

◾കുവൈത്തില്‍ വ്യാജരേഖ ചമയ്ക്കല്‍, കൈക്കൂലി കേസുകളില്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി ജീവനക്കാര്‍ക്ക് തടവുശിക്ഷ. കൗണ്‍സിലര്‍ അബ്ദുള്‍വഹാബ് അല്‍-മുഐലിയുടെ നേതൃത്വത്തിലുള്ള കുവൈത്ത് ക്രിമിനല്‍ കോടതിയാണ് പ്രതികള്‍ക്ക് തടവുശിക്ഷ വിധിച്ചത്. രണ്ട് വനിതാ ജീവനക്കാരും ഒരു ഈജിപ്ഷ്യന്‍ പ്രവാസിയും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിനും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിച്ചതിനും ഇവര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

◾പരിശീലനത്തിനിടെ ക്രിക്കറ്റ് ബോള്‍ കൊണ്ടുള്ള പ്രഹരമേറ്റ് 17കാരന് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് ബെന്‍ ഓസ്റ്റിന്‍ എന്ന 17കാരന്‍ മരിച്ചത്. നെറ്റ്‌സില്‍ പരിശീലിക്കുന്നതിനിടെ ഹെല്‍മറ്റ് ധരിച്ചിരുന്ന 17കാരന്‍ നെക്ക് ഗാര്‍ഡ് ധരിച്ചിരുന്നില്ല.  പരിശീലനത്തിന് ക്രിക്കറ്റ് ബോളുകള്‍ എറിയാന്‍ ഉപയോഗിക്കുന്ന വാംഗറില്‍ നിന്നുള്ള പന്താണ് 17കാരന്റെ ജീവനെടുത്തത്.

◾യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണവായുധ പരീക്ഷണങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 1992 മുതല്‍ അമേരിക്ക സ്വമേധയാ നിലനിര്‍ത്തിയിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ടാണ് ഈ മാറ്റം. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികളുമായി ഒപ്പമെത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് പറഞ്ഞു.

◾ചൈനയുമായി വ്യാപാര കരാറില്‍ ധാരണയിലെത്തിയതായി അമേരിക്ക. ദക്ഷിണ കൊറിയയിലെ ബൂസാനില്‍ വച്ച് ചൈനീസ് നേതാവ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയെ വിസ്മയകരമായ ഒന്ന് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശദമാക്കിയത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുനേതാക്കളും മുഖാമുഖം കണ്ടുമുട്ടിയത്. അതിശയിപ്പിക്കുന്ന പുതിയ തുടക്കങ്ങള്‍ ഉണ്ടാവുമെന്നാണ് അമേരിക്ക ചൈന ബന്ധത്തേക്കുറിച്ച് വ്യാഴാഴ്ച ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഒരു മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ് എന്നാണ് ഷീ ജിന്‍പിങ്ങിനെ ട്രംപ് വിശേഷിപ്പിച്ചത്.

◾ഇന്നലെ രണ്ടു തവണകളായി 1400 രൂപ വര്‍ധിച്ച് വീണ്ടും 90,000 കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്നലെ വര്‍ധിച്ച പോലെ തന്നെ ഇന്ന് സ്വര്‍ണവില തിരിച്ചിറങ്ങുകയായിരുന്നു. ഇന്ന് പവന് 1400 രൂപയാണ് കുറഞ്ഞത്. 88,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ ഇന്നലെ രണ്ടു തവണകളായി 1400 രൂപ വര്‍ധിച്ചപ്പോള്‍ സ്വര്‍ണവില വീണ്ടും 90000 കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് കൂടിയത് പോലെ തന്നെ തിരിച്ചിറങ്ങുകയായിരുന്നു. ഏകദേശം പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ 9000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

◾ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി വാട്സ് ആപ്പ്. കവര്‍ ഫോട്ടോകള്‍ ക്രമീകരിക്കാന്‍ നിലവില്‍ വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈല്‍ സെറ്റിങ്സില്‍ നിന്ന് ചിത്രം തെരഞ്ഞെടുക്കാം. ഇങ്ങനെ തെരഞ്ഞെടുക്കുന്ന കവര്‍ ഫോട്ടോ ഉപയോക്താവിന്റെ പ്രൊഫൈലിന് മുകളില്‍ പ്രദര്‍ശിപ്പിക്കും. ഇത് ഫെയ്സ്ബുക്ക്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ കാണുന്നതിനോട് സമാനമായിരിക്കും. കവര്‍ ഫോട്ടോ സെലക്ടര്‍ എങ്ങനെയിരിക്കുമെന്ന് കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ടും നല്‍കിയിട്ടുണ്ട്. നിലവില്‍ പരീക്ഷണത്തിലുള്ള ഓപ്ഷനുകളില്‍ സ്റ്റാറ്റസ്, പ്രൊഫൈല്‍ ഫോട്ടോ ക്രമീകരണങ്ങളില്‍ ലഭ്യമായ ഓപ്ഷനുകള്‍ക്ക് സമാനമായി, എവരിവണ്‍, മൈ കോണ്‍ടാക്റ്റ്സ്, നോബഡി എന്നിവ ഉള്‍പ്പെടുന്നു. എവരിവണ്‍ തിരഞ്ഞെടുത്താല്‍ നിങ്ങളുടെ കവര്‍ ഫോട്ടോ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ദൃശ്യമാകും. മൈ കോണ്‍ടാക്റ്റ്സ് തെരഞ്ഞെടുത്താല്‍ ഇത് സേവ് ചെയ്ത കോണ്‍ടാക്റ്റുകള്‍ക്ക് മാത്രമേ ദൃശ്യമാകൂ. അതേസമയം 'നോബഡി' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നത് എല്ലാവരില്‍ നിന്നും കവര്‍ ഫോട്ടോ മറയ്ക്കും. ഈ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ആര്‍ക്കും കവര്‍ ചിത്രം കാണാന്‍ സാധിക്കില്ല.

◾ബദാം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും. ആന്റിഓക്‌സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്‌നീഷ്യം, കാല്‍സ്യം തുടങ്ങിയ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളുടെ കലവറയാണ് ബദാം. ബദാം ഒരാഴ്ച സ്ഥിരമായി കഴിച്ചു തുടങ്ങുമ്പോള്‍ തന്നെ, നിങ്ങളുടെ ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങും. അഞ്ച് അല്ലെങ്കില്‍ ആറ് ബദാം വെള്ളത്തില്‍ കുറഞ്ഞത് എട്ട് മണിക്കൂര്‍ കുതിര്‍ത്ത ശേഷം രാവിലെ വെറും വയറ്റിലോ ബ്രേക്ക്ഫാസ്റ്റിനൊപ്പമോ കഴിക്കാവുന്നതാണ്. ഇങ്ങനെ കഴിക്കുമ്പോള്‍ അതില്‍ അടങ്ങിയ നാരുകള്‍ വയറിന് കൂടുതല്‍ സംതൃപ്തി നല്‍കുകയും. കൂടുതല്‍ നേരം വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് അല്ലെങ്കില്‍ ഇടയ്ക്കിടെയുള്ള സ്‌നാക്കിക് കുറയുകയും ചെയ്യുന്നു. ഇത് ശരീരഭാരം ആരോഗ്യകരമായി നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, ചര്‍മത്തിലും മുടിയിലും നല്ല മാറ്റങ്ങളും പ്രതിഫലിച്ചു തുടങ്ങും. ബദാമില്‍ വിറ്റാമിന്‍ ഇ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും കോശങ്ങള്‍ നശിക്കുന്നത് തടയാനും സഹായിക്കും. മാത്രമല്ല, വിറ്റാമിന്‍ ഇ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും. ഇത് വീക്കം കുറച്ച്, രക്തക്കുഴലുകള്‍ വികസിക്കാനും രക്തയോട്ടം മികച്ചതാക്കാനും സഹായിക്കും. ഇത് അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള ന്യൂറോഡീജനറേറ്റീവ് അവസ്ഥകളില്‍ നിന്ന് സംരക്ഷിക്കും. ബദാം തൊലിയോട് കൂടിക്കഴിക്കുന്നത് മികച്ച പ്രീബയോട്ടിക്‌സാണ്. ഇത് കുടലിലെ നല്ല ബക്ടീരിയകളെ പ്രോത്സാഹിപ്പിക്കാന്‍ ഇത് മികച്ചതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.65, പൗണ്ട് - 116.95, യൂറോ - 102.93, സ്വിസ് ഫ്രാങ്ക് - 110.92, ഓസ്ട്രേലിയന്‍ ഡോളര്‍ - 58.29, ബഹറിന്‍ ദിനാര്‍ - 235.16, കുവൈത്ത് ദിനാര്‍ -289.20, ഒമാനി റിയാല്‍ - 230.52, സൗദി റിയാല്‍ - 23.63, യു.എ.ഇ ദിര്‍ഹം - 24.04, ഖത്തര്‍ റിയാല്‍ - 24.34, കനേഡിയന്‍ ഡോളര്‍ - 63.57.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right