Trending

പ്രഭാത വാർത്തകൾ

2025  ഒക്ടോബർ 24  വെള്ളി 
1201  തുലാം 7  അനിഴം 
1447  ജ:അവ്വൽ 02

◾ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട് കേരളം, സിപിഐയുടെ എതിര്‍പ്പിന് പുല്ലുവില.  സിപിഐയുടെ കടുത്ത എതിര്‍പ്പിനെ വകവെക്കാതെയാണ് കേരളം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ധാരണ പത്രത്തില്‍ സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞ് വെച്ച 1500 കോടി എസ്എസ്‌കെ ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

◾ ആര്‍എസ്എസ് അജന്‍ഡ ചൂണ്ടിക്കാട്ടി സിപിഐ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഒപ്പുവെച്ചസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ മുന്നണി മര്യാദകള്‍ ലംഘിക്കപ്പെട്ടുവെന്നും വിഷയം ഇന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. പിഎം ശ്രീ പദ്ധതിയോടുള്ള വിയോജിപ്പ് സിപിഎമ്മിനെ അറിയിച്ചെന്നും എം വി ഗോവിന്ദനുമായി ആശയവിനിമയം നടത്തിയെന്നും ബിനോയ് വിശ്വം നേരത്തെ അറിയിച്ചിരുന്നു. എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് കേരളം ഏകപക്ഷീയമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

◾ പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഒപ്പുവെച്ചസര്‍ക്കാര്‍ നടപടി ആത്മഹത്യപരമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ അധിന്‍. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിദ്യാര്‍ഥി സമൂഹത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്നും ഈ നടപടി അദ്ദേഹത്തിന്റെ ഇടതുപക്ഷ മൂല്യം എന്താണെന്ന് സ്വയമേ ചോദിക്കേണ്ട സാഹചര്യമുണ്ടാക്കുന്നുവെന്നും സംഘപരിവാര്‍ അജണ്ടകള്‍ക്ക് നിന്നു കൊടുക്കുന്ന നിലപാടിലേക്ക് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് പോയാല്‍ അതൊരിക്കലും എഐഎസ്എഫ് അംഗീകരിക്കില്ലെന്നും രാത്രിയുടെ മറവില്‍ നടത്തുന്ന കാര്യങ്ങള്‍ അറിയാന്‍ തങ്ങള്‍ക്ക് കഴിവില്ലെന്നും രൂക്ഷ ഭാഷയില്‍ അധിന്‍ വിമര്‍ശിച്ചു.

◾  പിഎംശ്രീയില്‍ കേരളം ഒപ്പുവെച്ചത് നല്ലകാര്യമാണെന്നും സിപിഐ എന്ന പാര്‍ട്ടിക്ക് കേരളത്തില്‍ റെലവന്‍സില്ലെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. പിഎംശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. പിണറായി കുനിയാന്‍ പറഞ്ഞാല്‍ ബിനോയ് വിശ്വം മുട്ടിലിഴയുമെന്നും അദ്ദേഹം പരിഹസിച്ചു. ആദ്യം കുറെ ബഹളം വെക്കും പിന്നെ കീഴടങ്ങുമെന്നും എന്‍.ഇ.പിയും അംഗീകരിക്കുമെന്നും എസ്.ഐ.ആറും നടപ്പാകുമെന്നും പൗരത്വ രജിസ്റ്ററും കേരളത്തില്‍ വരുമെന്നും കേന്ദ്രം നടപ്പാക്കുന്നതെല്ലാം കേരളത്തില്‍ നടപ്പായിരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
◾  പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെച്ചതിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എംഎസ്എഫ്. പഞ്ചായത്ത്, കാമ്പസ് തലങ്ങളില്‍ പ്രതിഷേധ പ്രകടനത്തിനും മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനും എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ആഹ്വാനം ചെയ്തു. അഴിമതിയില്‍ മുങ്ങികുളിച്ച കുടുംബത്തെ രക്ഷിക്കാന്‍ കേരള ജനതയെ ഒറ്റുകയല്ലാതെ പിണറായി വിജയന് മറ്റുവഴികളില്ലെന്നും കുറ്റകരമായ മൗനമാണ് ഈ ആര്‍എസ്എസ് ഡീലിന് മുന്നില്‍ എസ്എഫ്ഐ ആചരിക്കുന്നതെന്നും കേരള വിദ്യാര്‍ത്ഥി സമൂഹം എസ്എഫ്ഐ ക്ക് മാപ്പ് തരില്ലെന്നും നവാസ് പറഞ്ഞു.

◾  സിപിഎം വിഷലിപ്തമായ പാഠ്യപദ്ധതിക്കാണ് വഴിമരുന്ന് ഇടാന്‍ പോകുന്നതെന്നും പി എം ശ്രീ പദ്ധതിയിലൂടെ സംഘപരിവാര്‍ വിഷം സ്‌കൂള്‍ സിലബസില്‍ നിറയുമെന്നും കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദിഖ് . സിപിഎം നിലപാട് ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്നും മുന്നണിയില്‍ സിപിഐക്കും, സ്വന്തം പാര്‍ട്ടിക്കാര്‍ക്കും പുല്ലുവിലയാണെന്നും എല്ലാം ഒരാള്‍ തീരുമാനിക്കുന്ന സ്ഥിതിയാണ് ഇടതുമുന്നണിയിലെന്നും സിദ്ധിഖ് വ്യക്തമാക്കി.

◾  അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മഴ ഭീഷണി ശക്തമാകുന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

◾  ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ മുരാരി ബാബു റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് മുരാരി ബാബുവിനെ റാന്നി കോടതി റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. മുരാരി ബാബുവിനെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലേക്ക് മാറ്റും. നിലവില്‍ സസ്പെന്‍ഷനിലുള്ള മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. സ്വര്‍ണ്ണപ്പാളികള്‍ ചെമ്പാണെന്ന് വ്യാജരേഖ ഉണ്ടാക്കിയ ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുരാരി ബാബു.
◾  ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എന്‍ ഹരി നടത്തിയ പരാമര്‍ശങ്ങളില്‍ വക്കീല്‍ നോട്ടീസ്. കടകംപള്ളി സുരേന്ദ്രന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ബസന്ത് കുമാര്‍ ആണ് നോട്ടീസ് അയച്ചത്. സ്വര്‍ണക്കൊള്ള വിഷയത്തില്‍ തന്റെ പേര് വലിച്ചിഴച്ചെന്ന് ബസന്ത് കുമാര്‍ അയച്ച നോട്ടീസില്‍ പറയുന്നു. 2019ലെ എല്ലാ കാര്യങ്ങളും ബസന്തിന് അറിയാമെന്ന് എന്‍ ഹരി പറഞ്ഞിരുന്നു. എന്നാല്‍ പരാമര്‍ശം പിന്‍വലിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും ഹരി പ്രതികരിച്ചു.

◾  ശാന്തി നിയമനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. ശബരിമല, മാളികപ്പുറം നിയുക്ത മേല്‍ശാന്തിമാരുടെ സഹായികളുടെ പശ്ചാത്തലമെന്തെന്ന് ഹൈക്കോടതി ചോദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സഹായികളില്‍ ആരെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ ആര്‍ക്കാണ് ഉത്തരവാദിത്വമെന്ന് വ്യക്തമാക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

◾  സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാമതുള്ള കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില്‍ സംസാരിക്കവേയാണ് കേരളത്തിന് രാഷ്ട്രപതിയുടെ പ്രശംസ. സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും ശക്തി, നിരവധി മാനവ വികസന സൂചികകളില്‍ മുന്‍നിര സംസ്ഥാനങ്ങളിലൊന്നായിരിക്കാന്‍ കേരളത്തെ പ്രാപ്തമാക്കിയെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

◾  രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യു റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. ഇന്ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
◾  സൈബര്‍ ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. തന്റെ ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ അശ്ലീലവും ക്രിമിനല്‍ സ്വഭാവമുള്ളതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. അമ്പലപ്പുഴ ഡിവൈഎസ്പിക്കാണ് സുധാകരന്‍ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയത്.

◾  റസ്റ്റോറന്റുകളില്‍ ജിഎസ്ടി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് 157 കോടിയുടെ വെട്ടിപ്പ്. ബുധനാഴ്ച വൈകുന്നേരം മുതല്‍ തുടങ്ങിയ ഓപ്പറേഷന്‍ ഹണി ഡ്യൂക്‌സിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.

◾  മുന്‍മന്ത്രി തോമസ് ഐസക്കിന്റെ വോട്ട് ആലപ്പുഴയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കി. മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ആലപ്പുഴ കിടങ്ങാംപറമ്പ് വാര്‍ഡിലെ വോട്ടര്‍ പട്ടികയിലെ 770 -ാം പേരു കാരനായിരുന്നു തോമസ് ഐസക്. ഇന്നലെ നടന്ന ഹിയറിങ്ങില്‍ ആണ് വോട്ട് ഒഴിവാക്കിയത്. എംഎല്‍എ ഓഫീസിന്റെ അഡ്രസിലായിരുന്നു വോട്ട് ഉണ്ടായിരുന്നത്. ഇതിനെതിരെ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീലതയാണ് പരാതി നല്‍കിയത്.

◾  പുലിയെ ഭയന്ന് അടച്ചിട്ട പാലക്കാട്ടെ മുള്ളി ട്രൈബല്‍ ജിഎല്‍പി സ്‌കൂള്‍ ഇന്ന് തുറക്കും. വന്യജീവി ശല്യം തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കും എന്ന വനംവകുപ്പിന്റെ ഉറപ്പിലാണ് സ്‌കൂള്‍ ഇന്ന് തുറക്കുന്നത്. പുലിയെ പിടികൂടാനുള്ള കൂടും, സ്‌കൂള്‍ പരിസരത്ത് പ്രത്യേക കമ്പിവേലിയും, ക്യാമറയും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ വനംമന്ത്രിക്ക് കത്ത് നല്‍കി. സ്‌കൂള്‍ പരിസരത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.

◾  കേരളത്തില്‍ മദ്യ ഉല്‍പ്പാദനം കൂട്ടണമെന്ന എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനം അപക്വമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. മന്ത്രിയുടെ പ്രഖ്യാപനം ധാര്‍ഷ്ട്യം നിറഞ്ഞതാണെന്നും സമിതി വിമര്‍ശിച്ചു. പാലക്കാട്ടെ ബ്രൂവറി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താല്പര്യത്തെയും മറികടന്ന് ഈ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലന്നും കെസിബിസി മദ്യവിരുദ്ധ സമിതി പ്രസ്താവനയില്‍ പറഞ്ഞു.

◾  താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തിന് നേതൃത്വത്തിന് നല്‍കിയത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് എസ്ഡിപിഐ. ഫാക്ടറിക്ക് തീ ഇട്ടതും ആക്രമിച്ചതും അവരാണെന്നും എസ്ഡിപിഐ ആരോപിച്ചു. ജനകീയ സമരങ്ങളോട് സി.പി.എം പുലര്‍ത്തിപ്പോരുന്ന അസഹിഷ്ണുതയാണ് കാണുന്നത്. കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റാണ്. പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരത്തെ അടിച്ചമര്‍ത്തുകയും ഫ്രഷ് കട്ട് മാനേജ്മെന്റിന് സംരക്ഷണം നല്‍കുകയുമാണ് സിപിഎം ചെയ്യുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശ സമരത്തോടൊപ്പം എസ്ഡിപിഐ ഉറച്ചുനില്‍ക്കുമെന്നും എസ്ഡിപിഐ വ്യക്തമാക്കി.

◾  കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 'ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ലെന്നും കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്ര'മെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

◾  ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നടത്തിയ പരാമര്‍ശത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ പരാതിയുമായി ബിന്ദു അമ്മിണി. കൊയിലാണ്ടി പോലീസിലാണ് ബിന്ദു അമ്മിണി പരാതി നല്‍കിയത്. പൊറോട്ടയും ബീഫും നല്‍കി രഹന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ചുവെന്നാണ് എന്‍ കെ പ്രേമചന്ദ്രന്റെ പ്രസ്താവന. ഈ പ്രസ്താവന തെറ്റാണെന്നും അധിക്ഷേപകരം ആണെന്നും തന്റെ അന്തസ്സിനും പ്രശസ്തിക്കും കളങ്കം വരുത്തുന്നതാണെന്നും ബിന്ദു അമ്മിണി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

◾  എന്‍കെ പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി കേരളാ പോലിസിന്റെ സഹായത്തോടെ ശബരിമല കയറിയ രഹ്നാ ഫാത്തിമ. രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന ആരോപണങ്ങള്‍ക്ക് ഫേസ്ബുക്ക് കുറിപ്പിലാണ് മറുപടി നല്‍കിയത്. എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞ പ്രസ്താവനയില്‍ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം സ്വയം സങ്കല്‍പ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയുമെന്നും അവര്‍ വ്യക്തമാക്കി. സത്യം തൊട്ടുതീണ്ടാത്ത ഈ സാങ്കല്‍പിക കഥ കേരളത്തില്‍ വിലപ്പോകുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു.

◾  കൊച്ചി ദര്‍ബാര്‍ ഹാളിലെ ആര്‍ട്ട് ഗാലറിയില്‍ സ്ഥാപിച്ചിരുന്ന ഫ്രഞ്ച് കലാകാരിയായ ഹനാന്‍ ബനാമറിന്റെ ഇന്‍സ്റ്റലേഷന്‍ കീറിയെറിഞ്ഞ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മലയാളി കലാകാരന്‍മാരായ ഹോചിമിന്‍, സുധാംശു എന്നിവര്‍ക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവം സംബന്ധിച്ച് ലളിതകലാ അക്കാദമി നല്‍കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

◾  പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ പലിശക്കാരുടെ വീടുകളില്‍ പൊലീസ് പരിശോധന. തൈവളപ്പില്‍ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്പിക്കല്‍ ദിവേക് എന്നിവരുടെ വീടുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. ദിവേകിന്റെ വീട്ടില്‍ നിന്ന് വാഹനങ്ങളുടെ ആര്‍സി ബുക്കും കണക്കില്‍ പെടാത്ത പണവും മറ്റു സുപ്രധാന രേഖകളും പൊലീസ് കണ്ടെടുത്തു. 6 ലക്ഷം രൂപ പലിശക്ക് എടുത്ത് 40 ലക്ഷം രൂപ അടയ്ക്കേണ്ടി വരികയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് മുസ്തഫ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിച്ചത്.

◾  കൊല്ലം കരുനാഗപ്പള്ളിയില്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കൊല്ലം സ്വദേശിനി ഗാര്‍ഗി ദേവിയാണ് മരിച്ചത്. ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടം ഉണ്ടായത്. കൊല്ലം മെമു കടന്നുപോയപ്പോള്‍ വിദ്യാര്‍ത്ഥിനി ട്രാക്ക് ചേര്‍ന്ന് നടക്കുകയായിരുന്നു. തുടര്‍ന്ന് അപകടം ഉണ്ടാകുകയായിരുന്നു. കരുനാഗപ്പള്ളി ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയാണ് ഗാര്‍കി ദേവി.

◾  കേരളത്തില്‍ എസ്ഐആര്‍ നീട്ടി വയ്ക്കണം എന്ന നിര്‍ദ്ദേശത്തില്‍ തീരുമാനമാനമെടുക്കാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യവ്യാപക എസ്ഐആറിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്കി. കേരളം അടക്കം ചില സംസ്ഥാനങ്ങള്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുകയാണെന്ന് കമ്മീഷന്‍ ദില്ലിയില്‍ നടന്ന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അറിയിച്ചു.

◾  അതിരാവിലെ ജോലി തുടങ്ങേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് വീട്ടില്‍ നിന്ന് ഭക്ഷണം പാചകം ചെയ്യാനും ജോലിസ്ഥലത്തേക്ക് കൊണ്ടുവരാനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികള്‍ക്ക് ദിവസവും മൂന്ന് നേരവും സൗജന്യ ഭക്ഷണം നല്‍കാനുള്ള പദ്ധതിക്ക് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ആദ്യഘട്ടത്തില്‍ ചെന്നൈ കോര്‍പ്പറേഷന്‍ പരിധിയില്‍ പദ്ധതി നടപ്പാക്കും. ഇതിനുശേഷം ഘട്ടംഘട്ടമായി മറ്റ് നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളിലെ വിശദീകരണം.

◾  മധ്യപ്രദേശില്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ കുട്ടികള്‍ക്കിടയില്‍ പ്രചരിച്ച 'കാര്‍ബൈഡ് ഗണ്‍' പൊട്ടിത്തെറിച്ച് 14 കുട്ടികള്‍ക്ക് കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മധ്യപ്രദേശില്‍ 122-ല്‍ അധികം കുട്ടികളെയാണ് ഗുരുതരമായ നേത്രരോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 14 കുട്ടികള്‍ക്ക് കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്നാണ് വിവരം.

◾  തുടര്‍ച്ചയായ നാലാം ദിവസവും ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണം ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായുമലിനീകരണം കുറയ്ക്കാന്‍ ക്ലൗഡ് സീഡിങ്ങ് പദ്ധതി ഉടന്‍ നടപ്പാക്കും. ഇതിനിടെ സെക്രട്ടേറിയേറ്റില്‍ മന്ത്രിമാര്‍ക്കായി 15 എയര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വിവാദമായി. ദീപാവലി കഴിഞ്ഞ് രണ്ട് ദിവസമായിട്ടും ദില്ലിയില്‍ വായു മലിനീകരണത്തിന് കുറവില്ല.

◾  രാജ്യത്ത് നിയമ വിരുദ്ധമായ സ്ത്രീ ലിംഗനിര്‍ണ്ണയ, ഭ്രൂണഹത്യ റാക്കറ്റിനെ പിടികൂടി കര്‍ണാടക ആരോഗ്യ വകുപ്പും പൊലീസും. മൈസൂരുവിലെ ബന്നൂരിനടുത്തുള്ള ഹനുഗനഹള്ളിയില്‍ നിന്നാണ് സംഘം പിടിയിലായത്. ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വിവേക്, മാണ്ഡ്യ ജില്ലാ ആരോഗ്യ ഓഫീസര്‍ മോഹന്‍, മൈസൂരു ഡിഎച്ച്ഒ ഡോ. പിസി കുമാരസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഭ്രൂണഹത്യ ഉള്‍പ്പെടെ നടക്കുന്ന വീട്ടില്‍ റെയ്ഡ് നടത്തിയത്.

◾  ദീപാവലി ആഘോഷിക്കാനുള്ള പടക്കം വീട്ടിലുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 19കാരന്‍ മരിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേര ബാബ നാനക് സബ് ഡിവിഷനിലെ ധര്‍മ്മബാദ് ഗ്രാമത്തിലാണ് സംഭവം. സഹോദരന്മാരായ ഗുര്‍നാം സിംഗ്, സത്നാം സിംഗ് എന്നിവരുടെ മക്കളാണ് അപകടത്തില്‍പെട്ടത്. സ്ഫോടനത്തില്‍ 19 വയസ്സുള്ള മന്‍പ്രീത് കൊല്ലപ്പെട്ടു. സഹോദരന്‍ ലവ്പ്രീത് സിംഗ് അപകടത്തില്‍ പരിക്കേറ്റ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

◾  രാജ്യത്തിന്റെ മൂന്ന് സേനാവിഭാഗങ്ങള്‍ക്കുമായി നിര്‍ണ്ണായക സംവിധാനങ്ങള്‍ വാങ്ങുന്നതിനും പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി 79,000 കോടി രൂപയുടെ സൈനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഇന്ത്യ. മൂന്ന് സായുധ സേനകളുടെയും ആക്രമണ ശേഷിയും കരുത്തും വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം നിര്‍ണ്ണായക സംവിധാനങ്ങള്‍ വാങ്ങുന്നതിന് അംഗീകാരം നല്‍കി.

◾  ലിബിയയിലെ ബെന്‍ഗാസിയില്‍ തന്റെ ഏഴ് മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി. അല്‍-ഹവാരി സ്വദേശിയായ ഹസന്‍ അല്‍- സവി എന്നയാളാണ് മക്കളെ വെടിവെച്ച് കൊന്ന ശേഷം ജീവനൊടുക്കിയത്. ബെന്‍ഗാസിയിലെ അല്‍-ഹവാരി പ്രദേശത്ത് നിര്‍ത്തിയിട്ട കാറിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാറില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തുറന്ന് നോക്കിയതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

◾  പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അവശ്യ സാധനങ്ങള്‍ക്ക് വന്‍വിലക്കയറ്റം. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ അതിര്‍ത്തി അടച്ചതാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. അവശ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതോടെ ഇരുരാജ്യങ്ങളിലെയും ജനം വലഞ്ഞു. പാകിസ്ഥാന്‍ വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില കിലോയ്ക്ക് ഏകദേശം 600 പാകിസ്ഥാന്‍ രൂപയായി. അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്ന ആപ്പിളിനും വില കുതിച്ചുയരുകയാണ്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം എല്ലാ വ്യാപാരവും ഗതാഗതവും തടഞ്ഞിരിക്കുകയാണെന്നും ഓരോ ദിവസം കഴിയുന്തോറും ഇരുവിഭാഗത്തിനും ഏകദേശം 1 മില്യണ്‍ ഡോളര്‍ നഷ്ടം സംഭവിക്കുന്നുവെന്നും കാബൂളിലെ പാക്-അഫ്ഗാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ തലവന്‍ പറഞ്ഞു.

◾  തെക്കന്‍ കാലിഫോര്‍ണിയയില്‍ 3 പേരുടെ മരണത്തിന് കാരണമായ വാഹനാപകടമുണ്ടാക്കിയ 21 വയസ്സുകാരന്‍ അറസ്റ്റില്‍. അനധികൃത കുടിയേറ്റക്കാരനായ ജഷന്‍പ്രീത് സിംഗ് ആണ് അറസ്റ്റിലായത്. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജഷന്‍പ്രീത് സിംഗ് മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാണ് ആളപായമുണ്ടാക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയിലെ ഒരു ഫ്രീവേയിലെ വാഹനവ്യൂഹത്തിലേക്ക് ഇയാള്‍ ഓടിച്ച വലിയ ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

◾  ഒരു കാലത്ത് പാശ്ചാത്യ രാജ്യങ്ങളുടെ രഹസ്യങ്ങള്‍ വശീകരിച്ച് ചോര്‍ത്തി എന്ന ആരോപണം നേരിട്ട അന്ന ചാപ്മാന് പുതിയ ദൗത്യം. 2010ല്‍ യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട, ചുവന്ന മുടിയുള്ള ഈ കുപ്രസിദ്ധ റഷ്യന്‍ ചാരവനിതയെ റഷ്യന്‍ ഇന്റലിജന്‍സ് മ്യൂസിയത്തിന്റെ മേധാവിയായിട്ടാണ് നിയമിച്ചിട്ടുള്ളതെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരിക്കലും പിടിക്കപ്പെടാത്ത ചാരന്മാരുടെ കഥ ലോകത്തോട് പറയുക എന്നതാണ് പുതിയ ദൗത്യം.

◾  വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്ന നടപടിയുമായി ഇസ്രയേല്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അമേരിക്കയില്‍ നിന്നുള്ള എല്ലാ പിന്തുണയും നഷ്ടപ്പെടുമെന്ന് യുഎസ് പ്രസിഡന്..ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കില്ലെന്നും അറബ് രാജ്യങ്ങള്‍ക്ക് താന്‍ അത് വാക്ക് നല്‍കിയിട്ടുണ്ടെന്നും ട്രംപ് ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

◾  വനിതാ ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 53 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. മഴ കാരണം 49 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ പ്രതിക റാവല്‍, സ്മൃതി മന്ദാന എന്നിവരുടെ സെഞ്ച്വറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് പടുത്തുയര്‍ത്തി. 76 റണ്‍സുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗസും ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തേകി. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡിന്റെ ഇന്നിംങ്സില്‍ വീണ്ടും മഴയെത്തിയതോടെ കളി വീണ്ടും വെട്ടിചുരുക്കി. 44 ഓവറില്‍ 325 റണ്‍സായിരുന്നു പുനര്‍നിര്‍ണയിച്ച ലക്ഷ്യം. എന്നാല്‍ കിവീസിന്റെ പോരാട്ടം 271ന് 8 എന്ന നിലയില്‍ അവസാനിച്ചു.

◾  ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോല്‍വി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പടുത്തുയര്‍ത്തിയ 264 റണ്‍സ് ഓസ്‌ട്രേലിയ 46.2ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരുടെ നിര്‍ണായക ഇന്നിങ്സുകളുമാണ് തുടക്കത്തിലെ തകര്‍ച്ചയില്‍നിന്ന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.  73 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 77 പന്തുകള്‍ നേരിട്ട ശ്രേയസ് 61 റണ്‍സെടുത്തു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യക്ക് നഷ്ടമായി. ആദ്യ മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു.

◾  സ്വര്‍ണവില കുത്തനെ ഉയരുകയും അതേപോലെ തന്നെ താഴോട്ടിറങ്ങുകയും ചെയ്യുന്ന പ്രതിഭാസം ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും തലവേദനയാകുന്നു. പണയം വയ്ക്കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം വരെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പയായി നല്കിയിരുന്നു. എന്നാല്‍ വിലയില്‍ അസ്ഥിരത പ്രകടമായി തുടങ്ങിയതോടെ ബാങ്കുകള്‍ നിലപാട് മാറ്റിയിട്ടുണ്ട്. പല ബാങ്കുകളും ഗോള്‍ഡ് ലോണില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി തുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോള്‍ഡ് ലോണുകള്‍ക്ക് മൂല്യത്തിന്റെ 85 ശതമാനം വരെ നല്കിയിരുന്ന ബാങ്കുകള്‍ ഇപ്പോഴത് 65-70 ശതമാനത്തിലേക്കാണ് താഴ്ത്താന്‍ ഒരുങ്ങുന്നത്. ഇതുവഴി റിസ്‌ക് കുറയ്ക്കാമെന്ന് ബാങ്കുകള്‍ കരുതുന്നു. 2025 മാര്‍ച്ചിലെ കണക്കു പ്രകാരം രാജ്യത്ത് പണയം വെച്ചിരിക്കുന്ന സ്വര്‍ണം 11.8 ലക്ഷം കോടിയുടേതാണ്. എന്‍.ബി.എഫ്.സികളുടെ പക്കലുള്ളത് ഇതില്‍ 2.4 ലക്ഷം കോടി രൂപയുടെ സ്വര്‍ണമാണ്. സ്വര്‍ണവായ്പാ രംഗത്ത് ബാങ്കുകളുടെ വിപണി വിഹിതം 82 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ബാങ്കുകളുടെ പക്കലുള്ള സ്വര്‍ണപണയത്തിന്റെ അളവ് അഞ്ചു വര്‍ഷത്തിനിടയില്‍ 26 ശതമാനം കണ്ട് വര്‍ധിച്ചു. എന്നാല്‍ എന്‍.ബി.എഫ്.സികളുടെ കാര്യത്തില്‍ വളര്‍ച്ച 20 ശതമാനമാണ്.

◾  മമ്മൂട്ടിയുടേതായി മലയാള സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കളങ്കാവല്‍'. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന എല്ലാ അപ്ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നവംബര്‍ 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക. മമ്മൂട്ടിയേയും വിനായകനെയുമാണ് റിലീസ് പോസ്റ്ററില്‍ കാണാനാവുക. നവാഗതനായ ജിതിന്‍ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായ വിവരവും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. യു/എ 16+ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫെറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് 'കളങ്കാവലി'ന്റെ തിരക്കഥ തയ്യാറാക്കിയത്.

◾  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള നായിക ആരെന്ന് ചോദിച്ചാല്‍ അത് സാമന്ത ആണ്. ഓര്‍മക്സ് മീഡിയയുടെ ഇന്ത്യയിലെ പോപ്പുലര്‍ സ്റ്റാര്‍ ലിസ്റ്റിലാണ് നടി സാമന്ത വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള നായിക അത് സാമന്ത തന്നെയാണ്. ബോളിവുഡ് താരം ആലിയ ഭട്ടിനെ പിന്നിലാക്കിയാണ് സാമന്ത ഒന്നാമതെത്തിയത്. ആലിയ ഭട്ട്, കാജല്‍ അഗര്‍വാള്‍, തൃഷ, ദീപിക പദുകോണ്‍ എന്നിവരാണ് യഥാക്രമം സാമന്ത കഴിഞ്ഞുളള സ്ഥാനങ്ങളില്‍ ഉള്ള നായികാ താരങ്ങള്‍. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടും, മൂന്നാം സ്ഥാനത്ത് കാജല്‍ അഗര്‍വാളും ഇടം നേടി. നാലാം സ്ഥാനത്ത് തൃഷയും, അഞ്ചാം സ്ഥാനത്ത് ദീപിക പദുകോണും ആണ്. മലയാളികളുടെ പ്രിയതാരം നയന്‍താര ആറാം സ്ഥാനത്തും, 'നാഷണല്‍ ക്രഷ്' രശ്മിക മന്ദാന ഏഴാം സ്ഥാനത്തുമാണ്. തുടര്‍ച്ചയായ ഹിറ്റുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സായ് പല്ലവിയാണ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നാലെ തമന്ന ഭാട്ടിയയും ശ്രീലീലയും പട്ടികയില്‍ ഇടം നേടി.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ പുതിയ തലമുറ ചേതക് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കാഴ്ചയില്‍, അടുത്ത തലമുറ ചേതക് നിരയിലെ ഒരു എന്‍ട്രി ലെവല്‍ മോഡലായിരിക്കാം ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നാണ് പ്രോട്ടോടൈപ്പിന്റെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഒറ്റ നോട്ടത്തില്‍ സ്‌കൂട്ടര്‍ ഒതുക്കമുള്ളതായാണ് തോന്നുന്നത്. ഹബ്-മൗണ്ടഡ് മോട്ടോര്‍ ആണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. ഇത് ചെലവ് കുറഞ്ഞ എന്‍ട്രി ലെവല്‍ മോഡലാണെന്നുള്ള സൂചനയാണ് നല്‍കുന്നത്. മൊത്തത്തിലുള്ള സ്റ്റെല്‍ നിലവിലുള്ള ചേതക് നിരയ്ക്ക് പരിചിതമായി തോന്നാമെങ്കിലും ബോഡിവര്‍ക്ക് മൂര്‍ച്ചയുള്ളതും മൃദുവായതുമായി കാണപ്പെടുന്നു. ഓവല്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ഫ്‌ലോട്ടിംഗ് സീറ്റ് തുടങ്ങിയ പരിചിതമായ ഡിസൈന്‍ ഘടകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എല്‍സിഡി ക്ലസ്റ്റര്‍, സ്വിച്ച് ഗിയര്‍, മിററുകള്‍ എന്നിവയും പുതിയ ചേതകില്‍ കാണാം. പുതിയ തലമുറ ബജാജ് ചേതക് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്, 2026 ന്റെ ആദ്യ പാദത്തില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. എന്‍ട്രി ലെവല്‍ മോഡലിന് ഒരു ലക്ഷം രൂപയില്‍ താഴെ (എക്‌സ്-ഷോറൂം) വിലയുണ്ടാകും.

◾  ഒരിക്കല്‍ ഓര്‍മ്മകളെല്ലാം കഥകളായി പരിണമിക്കും. മുഖവുരയില്ലാതെ കണ്ടുമുട്ടിയ പലമുഖങ്ങളും അവിസ്മരണീയവും ഒഴിവാക്കാനാവാത്തതുമായ അധ്യായങ്ങളായി മാറും. നമ്മുടെ മാത്രമായ കഥകളും കഥാപാത്രങ്ങളും ഒരുപക്ഷേ ജീവിതത്തിലെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ലൈഫ്ലൈനായി മാറിയേക്കാം: നമുക്കും മറ്റുള്ളവര്‍ക്കും. കഥകളായി വളര്‍ച്ച പ്രാപിച്ച എന്റെ ചില ഓര്‍മ്മകള്‍ ചേര്‍ത്തുവെക്കുകയാണ് ഈ പുസ്തകത്തിലൂടെ. 'ചോയിച്ച് ചോയ്ച്ച് പോവാം'. ഫ്രാന്‍സി പോള്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 171 രൂപ.

◾  ബ്രേക്ക്ഫാസ്റ്റ് തുടര്‍ച്ചയായി ഒഴിവാക്കുന്നവരാണോ? ഇത് നിങ്ങളുടെ ഊര്‍ജ്ജം നഷ്ടമാക്കുക മാത്രമല്ല, പല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് വയര്‍ ഒഴിഞ്ഞിരിക്കുന്ന സമയപരിധി വീണ്ടും വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തിന്റെ ആന്തരിക താളത്തെ തകിടംമറിക്കും. ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം വര്‍ധിക്കുകയും ഗാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ് ലക്ഷണങ്ങള്‍ കൂടുകയും ചെയ്യുന്നു. ദീര്‍ഘനേരം കഴിക്കാതിരിക്കുമ്പോള്‍ സ്വാഭാവികമായും ചവയ്ക്കുക എന്ന പ്രക്രിയ നടക്കുന്നില്ല. അതിന്റെ ഫലമായി ഉമിനീര്‍ ഉത്പാദനവും കുറയുന്നു. ഉമിനീര്‍ ഒരു ലൂബ്രിക്കന്റ് മാത്രമല്ല അത് ശരീരത്തിലെ ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന സ്വാഭാവിക ഘടകം കൂടിയാണ്. അതില്‍ ബൈകാര്‍ബണേറ്റുകളും എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാല്‍ ആമാശയത്തില്‍ അസിഡിറ്റി ഉണ്ടാകും. അസിഡിറ്റി ആമാശയത്തെ മാത്രമല്ല, അത് ദന്താരോഗ്യത്തെയും ബാധിക്കും. വായുടെ ഉള്‍ഭാഗത്ത് സാധാരണയായി ആറു മുതല്‍ ഏഴു വരെയുള്ള ന്യൂട്രല്‍ പിഎച്ച് ആണ്. എന്നാല്‍ അസിഡിറ്റി മൂലം അതില്‍ വലിയ കുറവുവരുന്നത് ഡീമിനറലൈസേഷന്‍ എന്ന പ്രക്രിയയിലൂടെ ഇനാമലിന്റെ നാശത്തിന് കാരണമാകും. ഇങ്ങനെ പല്ലുകളില്‍ പോടുകള്‍ രൂപപ്പെടുകയും പുളിപ്പ് ഉണ്ടാകുകയും ചെയ്യാം. പ്രഭാതഭക്ഷണം പരമാവധി കഴിക്കാന്‍ ശ്രമിക്കുക. ഇത് ഉമിനീര്‍ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും രാവിലത്തെ ആസിഡിനെ പ്രതിരോധിക്കുകയും ഗാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ് നിയന്ത്രിക്കുകയും ചെയ്യുന്നു. രാവിലെ അസിഡിറ്റി ഒഴിവാക്കുന്നതിന് വെള്ളം കുടിച്ച് ആരംഭിക്കുന്നതാണ് നല്ലത്. കാപ്പി പോലുള്ളവ വെറും വയറ്റില്‍ കുടിക്കുന്നത് ഒഴിവാക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ രാജ്യത്തെ ചക്രവര്‍ത്തി പര്യടനത്തിനിടെ മരുഭൂമിയിലെത്തി.  അദ്ദേഹത്തെ കണ്ട് ഒരു വൃദ്ധന്‍ ചിരിക്കാന്‍ തുടങ്ങി.  ദേഷ്യപ്പെട്ട് ചക്രവര്‍ത്തി വൃദ്ധനോട് പറഞ്ഞു: ഒന്നുകില്‍ താങ്കള്‍ക്കെന്നെ മനസ്സിലായിട്ടില്ല.  അല്ലെങ്കില്‍ താങ്കളുടെ മരണം അടുത്തു.  ഞാനിവിടത്തെ ചക്രവര്‍ത്തിയാണ്.  വൃദ്ധന്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ ഒരു നിസ്സഹായനായ വൃക്തിയായാണ് കാണുന്നത്.  താങ്കള്‍ ഈ മരുഭൂമിയില്‍ നടന്ന് ദാഹിച്ചുവലഞ്ഞ് മരിക്കാറാകുമ്പോള്‍ ആരെങ്കിലും ഒരു തുളളി വെള്ളം നല്‍കാന്‍ തയ്യാറായാല്‍ പകരം താങ്കളുടെ സാമ്രാജ്യത്തിന്റെ എത്രഭാഗം നല്‍കും.  പാതി എന്നായിരുന്നു മറുപടി.  അതിനയാള്‍ തയ്യാറായില്ലെങ്കിലോ? വൃദ്ധന്‍ വീണ്ടും ചോദിച്ചു. ചക്രവര്‍ത്തി പറഞ്ഞു:  ഞാന്‍ എന്റെ സ്വത്ത് മുഴുവനും നല്‍കും.  അപ്പോള്‍ വൃദ്ധന്‍ പറഞ്ഞു: നിങ്ങള്‍ വെട്ടിപ്പിടിച്ചതിനെല്ലാം ഒരുപാത്രം വെള്ളത്തിന്റെ വിലയേ ഉള്ളൂ.  അടിസ്ഥാന ആവശ്യങ്ങളാണ് മറ്റെന്തിനേക്കാളും അമൂല്യം.  ഒരിക്കലെങ്കിലും ശ്വാസതടസ്സം നേരിട്ടവരോട് ചോദിച്ചാല്‍ അവര്‍ പറയും: ജീവശ്വാസമാണ് ഏറ്റവും വലുതെന്ന്. പട്ടിണികിടന്നവരോട് ചോദിച്ചാല്‍ അവര്‍ പറയും ഭക്ഷണമാണ് വലുതെന്ന്. അസുഖമുളളവര്‍ പറയും ആരോഗ്യമാണ് വലുതെന്ന്.  നേടിയവയുടെ മേന്മ നിശ്ചയിക്കുന്നത് അവയുടെ അളവോ വലുപ്പമോ അല്ല.  പ്രസക്തിയും പ്രയോജനക്ഷമതയുമാണ്.  സമ്പത്തുകൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത അനേകം കാര്യങ്ങളുണ്ട്. അവിടെയാണ് അവശ്യവസ്തുക്കളുടെ വില നാം തിരിച്ചറിയുന്നത്.   സമൃദ്ധിയിലാണ് സന്തോഷവും സമാധാനവും എന്ന ചിന്ത തെറ്റാണെന്ന് ഈ അറിവ് നമ്മെ  പഠിപ്പിക്കും - ശുഭദിനം.
Previous Post Next Post
3/TECH/col-right