2025 | ഒക്ടോബർ 23 | വ്യാഴം
1201 | തുലാം 6 | വിശാഖം
◾ ശ്രീനാരായണ ഗുരു മനുഷ്യത്വം പറഞ്ഞു തന്ന ഗുരുവാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ജാതിക്കും മതത്തിനും എതിരായി ഗുരു എടുത്ത നിലപാടുകള്‍ നിര്‍ണ്ണായകമാണെന്നും ആധുനിക കാലത്തും ഗുരുദര്‍ശനങ്ങള്‍ പ്രസക്തമാണെന്നും രാഷ്ട്രപതി പറഞ്ഞു. ശിവഗിരിയില്‍ മഹാസമാധിയുടെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു സമ്മേളനം.
◾ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു. രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അടക്കം പങ്കെടുത്തു. 2024ല്‍ രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദാണ് കെആര്‍ നാരായണന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആശയം മുന്നോട്ട് വെച്ചത്. അന്നത്തെ ഗവര്‍ണ്ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് നടപടികള്‍ തുടങ്ങിയത്. ഒമാന്‍ സന്ദര്‍ശനത്തിലായതിനാല്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവും പരിപാടിയില്‍ പങ്കെടുത്തില്ല.
◾ രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ് പി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടി ഉണ്ടാകും.ആലത്തൂര്‍ ഡിവൈഎസ്പി ആര്‍.മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത്. ട്രെയിന്‍ യാത്രക്കിടെ വാട്സ്ആപ്പില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസാവുകയായിരുന്നുവെന്ന് ഡിവൈഎസ്പിയുടെ വിശദീകരണം.
◾ ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ഇന്നലെരാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടില്‍ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി.
◾ സ്വര്‍ണക്കവര്‍ച്ചക്ക് പിന്നില്‍ ആരായാലും അറസ്റ്റ് ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. മുരാരി ബാബുവിന്റെയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും ആഗ്രഹപ്രകാരം ഇപ്പോഴത്തെ ബോര്‍ഡ് പ്രവര്‍ത്തിച്ചിട്ടില്ലെന്നും മുരാരി ബാബു മാത്രമല്ല, ഇതില്‍ പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്നും അപ്പോള്‍ മാത്രമേ 2019 ല്‍ നടന്ന സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി പുറത്തുവരികയുള്ളൂവെന്നും പി എസ് പ്രശാന്ത് പ്രതികരിച്ചു.
◾ ഒക്ടോബര്‍ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം 27 ന് തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി 812 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്.
◾ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാനിലെത്തി. നാളെ വൈകിട്ട് മസ്‌കത്തിലും ശനിയാഴ്ച വൈകിട്ട് സലാലയിലും മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. ഇരുപത്തിയാറു വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍നിന്ന് ഒരു മുഖ്യമന്ത്രി മസ്‌കത്തിലെത്തുന്നത്. ഇതിനു മുന്‍പ് 1999-ല്‍ ഇ.കെ. നായനാര്‍ ആണ് അവസാനമായി മസ്‌കത്ത് സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രി.
◾ വയനാട് തിരുനെല്ലി സ്‌കൂളിലെ ആദിവാസി വിദ്യാര്‍ത്ഥികളോടുള്ള ക്രൂരതയില്‍ പ്രതികരിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. വിഷയത്തില്‍ മന്ത്രി ഒ ആര്‍ കേളുവിന് പ്രിയങ്ക ഗാന്ധി കത്തയച്ചു. അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയ വിദ്യാര്‍ത്ഥികള്‍ ആണ് മനുഷ്യരെ നാണിപ്പിക്കുന്ന സാഹചര്യങ്ങളില്‍ കഴിയുന്നതെന്നും മോശം സാഹചര്യത്തില്‍ കുട്ടികള്‍ക്ക് താമസിക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രിയങ്ക പറഞ്ഞു, വിദ്യാര്‍ഥികളെ ആറളത്തേക്ക് മാറ്റുന്നത് ആശങ്കാജനകമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
◾ കോഴിക്കോട് പേരാമ്പ്രയില്‍ തന്നെ മര്‍ദിച്ചയാളെ തിരിച്ചറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍ എംപി. അന്നേ ദിവസം തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. മാഫിയ ബന്ധത്തിന്റെ പേരില്‍ 2023 ജനുവരി 16ന് സസ്പെന്‍ഷനില്‍ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡെന്നും വഞ്ചിയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനാണ് ഇയാളെന്നും ഷാഫി പറഞ്ഞു.
◾ ഷാഫി പറമ്പില്‍ എംപിയെ താന്‍ മര്‍ദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്. യുഡിഎഫ് പ്രവര്‍ത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച പേരാമ്പ്ര ബസ് സ്റ്റാന്‍ഡിനു സമീപത്തായിരുന്നു താന്‍ ഉണ്ടായിരുന്നതെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു. തന്നെ സര്‍വീസില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും സസ്പെന്‍ഷന്‍ നടപടി മാത്രമാണ് ഉണ്ടായതെന്നും അതിനുശേഷം സര്‍വീസില്‍ തിരിച്ചെടുത്തുവെന്നും സി ഐ അഭിലാഷ് ഡേവിഡ് വ്യക്തമാക്കി.
◾ സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിട്ടം തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നടപടി നേരിട്ട സിപിഎം നേതാവാണ് പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റുമായ പി ജെ ജോണ്‍സണ്‍. മന്ത്രി എന്നല്ല, എംഎല്‍എ ആയിരിക്കാന്‍ പോലും വീണാ ജോര്‍ജിന് യോഗ്യത ഇല്ലെന്നായിരുന്നു ജോണ്‍സന്റെ പോസ്റ്റ്.
◾ ഡ്രൈവിംഗ് ലൈസന്‍സിനായുള്ള റോഡ് ഡ്രൈവിംഗ് ടെസ്റ്റ് കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. കാല്‍നടയാത്രക്കാരുടെ സുരക്ഷയിലും പാര്‍ക്കിംഗ് മര്യാദകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് റോഡ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം. മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ഉദ്യോഗാര്‍ത്ഥികളെ ശരിയായ രീതിയില്‍ പരിശീലിപ്പിക്കുന്നുണ്ടോ എന്നറിയാന്‍ എംവിഡി പരിശോധന നടത്തണമെന്നും നിര്‍ദ്ദേശം ഉണ്ട്.
◾ ഓണം ബംബര്‍ ലോട്ടറി മാതൃകയില്‍ നറുക്കെടുപ്പ് നടത്തിയ കൊല്ലത്തെ വ്യാപാരി വ്യവസായി സമിതിക്കെതിരെ ജില്ലാ ലോട്ടറി ഓഫിസറുടെ പരാതിയില്‍ കേസ്. സിപി എം ആഭിമുഖ്യത്തിലുള്ള സംഘടനയാണിത്. സംഘടന പ്രസിഡന്റ് , സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്കെതിരെ കൊല്ലം ഈസറ്റ് പോലിസാണ് കേസെടുത്തത്. മഹാ ഓണം ബംബര്‍ എന്ന പേരിലാണ് ലോട്ടറി അടിച്ചത്. ഇത് യഥാര്‍ത്ഥ ബംബര്‍ എന്ന് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് എഫ് ഐആറില്‍ പറയുന്നു.
◾ റെസ്റ്റോറന്റുകളിലെ ജി എസ് ടി തട്ടിപ്പ് കണ്ടെത്താന്‍ ഓപ്പറേഷന്‍ ഹണി ഡ്യൂക്സ് എന്ന പേരില്‍ 41 റെസ്റ്റോറന്റുകളില്‍ പരിശോധന നടത്തി. കൊച്ചിയില്‍ ഒന്‍പതിടങ്ങളിലാണ് പരിശോധന നടന്നത്. സോഫ്‌റ്റ്വെയറില്‍ കൃത്രിമം നടത്തിയും, വരുമാനം കുറച്ചു കാണിച്ചും തട്ടിപ്പ് നടത്തി എന്നാണ് കണ്ടെത്തല്‍. കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പാണ് സംസ്ഥാന വ്യാപകമായി കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെയാണ് പൂര്‍ത്തീകരിച്ചത്.
◾ വെമ്പായം പഞ്ചായത്തില്‍ നിന്നും അസി. എന്‍ജിനിയറുടെ അരലക്ഷം രൂപ കവര്‍ന്ന മോഷ്ടാവിനായി അന്വേഷണം. ചൊവ്വാഴ്ച ഉച്ചയോടെ പഞ്ചായത്ത് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തൊഴിലുറപ്പ് അസി.എന്‍ജിനിയര്‍ വിഷ്ണുവിന്റെ സ്‌കൂട്ടറില്‍ നിന്നാണ് പണം മോഷ്ടിച്ചത്. സിസിടിവി പരിശോധിച്ചപ്പോള്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിക്കുകയും പിന്നാലെ വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണത്തില്‍ നഗരൂര്‍ കരവാരം സ്വദേശി വിജയനാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി.
◾ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ നടന്ന സദാചാര ആക്രമണത്തില്‍ നിയമ നടപടിയുമായി കേരള ലളിതകലാ അക്കാദമി. ഫ്രഞ്ച് കലാകാരിയായ ഹനാന്‍ ബനാമറിന്റെ ഇന്‍സ്റ്റലേഷന്‍ മലയാളി കലാകാരനായ ഹോചിമിനെതിരെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്‍സ്റ്റലേഷനില്‍ അശ്ലീല ഉള്ളടക്കമുണ്ടെന്നാരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു മലയാളി കലാകാരനായ ഹോചിമിന്റെ ആക്രമണം. എന്നാല്‍ മുന്നറിയിപ്പോടെയായിരുന്നു പ്രദര്‍ശനമെന്നാണ് ഉള്ളടക്കത്തില്‍ അശ്ലീലമുണ്ടെന്ന ആരോപണത്തിന് ലളിതകലാ അക്കാദമിയുടെ മറുപടി.
◾ സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ കനക്കാന്‍ സാധ്യത. തുടര്‍ന്ന് എല്ലാ ജില്ലകളിലും കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.
◾ താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറി സംഘര്‍ഷത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ആക്രമണം നടന്ന് രണ്ട് ദിവസമായിട്ടും പൊലീസിന് ആരെയും പിടികൂടാനായിട്ടില്ല. സമരസമിതി നേതാക്കളടക്കം ഒളിവിലാണ്. സംഭവത്തില്‍ 30 പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശ്രമക്കുറ്റമാണ്. കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ മാലിന്യം സംസ്‌കരിക്കാന്‍ ഉള്ളത് താമരശ്ശേരിയിലെ ഏക കേന്ദ്രം മാത്രമാണ്. ഫ്രഷ് കട്ട് സംസ്‌കരണ കേന്ദ്രത്തിന്റെ ശേഷി 30 ടണ്‍ മാത്രമാണ് എന്നാല്‍ ഫ്രഷ് കട്ട് ദിവസവും 100 ടണ്‍ മാലിന്യമാണ് ശേഖരിക്കുന്നത്.
◾ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബാങ്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് എന്‍എം വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഒന്നാംപ്രതി, മുന്‍ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ രണ്ടാംപ്രതി, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവര്‍ മൂന്നും നാലും പ്രതികള്‍ എന്നിങ്ങനെയാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നല്‍കിയിട്ടുള്ളത്.
◾ കളിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയില്‍ കുടുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു. തൃശൂര്‍ കടങ്ങോട് ആദൂരില്‍ താമസിക്കുന്ന കണ്ടേരി വളപ്പില്‍ ഉമ്മറിന്റെയും മുഫീദയുടേയും മകന്‍ മുഹമ്മദ് ഷഹലാണ് മരിച്ചത്.
◾ പ്രശസ്ത സംഘട്ടന സംവിധായകന്‍ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
◾ ദില്ലിയില്‍ പൊലീസും ഗുണ്ടാസംഘവും തമ്മില്‍ ഏറ്റുമുട്ടല്‍. ബീഹാറിലെ ഗുണ്ടാ സംഘ തലവന്‍ ഉള്‍പ്പെടെ നാലു പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ഗുണ്ടാ തലവന്‍ രഞ്ജന്‍ പഥകിന്റെ സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. ദില്ലി രോഹിണിയില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
◾ മെഡ്ചലിലെ രാംപള്ളി ഗ്രാമത്തില്‍ ബുധനാഴ്ച കന്നുകാലി വ്യാപാരിയുടെ വെടിയേറ്റ് സ്വയം പ്രഖ്യാപിത ഗോരക്ഷകന് ഗുരുതരമായി പരിക്കേറ്റു. രാംപള്ളി നിവാസിയായ സോനു സിംഗ് എന്ന പ്രശാന്തിനാണ് വെടിയേറ്റത്. ഇയാള്‍ പ്രാദേശത്തെ ഗോശാലയില്‍ ജോലിക്കാരനാണ്. ഹൈദരാബാദ് സ്വദേശിയായ കന്നുകാലി വ്യാപാരി ഇബ്രാഹിം എന്നയാളാണ് വെടിവെച്ചതെന്ന് ആരോപണമുയര്‍ന്നു.
◾ പ്രസവത്തിനിടെ വയറിനുള്ളില്‍ ബാന്‍ഡേജ് മറന്ന് വച്ചതില്‍ നിന്നുള്ള അണുബാധ മൂലം യുവതി മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചു. ഡെറാഡൂണ്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മനോജ് ശര്‍മ്മയുടെ നേതൃത്വത്തിലാണ് സംഭവം അന്വേഷിക്കാന്‍ നാലംഗ സമിതി രൂപീകരിച്ചത്. മരിച്ച യുവതിയുടെ ഭര്‍ത്താവ് പ്രജ്വല്‍ പാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. ജ്യോതി പാല്‍ എന്ന യുവതിയായിരുന്നു മരണമടഞ്ഞത്.
◾ വായു മലിനീകരണത്തിന് പിന്നാലെ ആശങ്കയായി ദില്ലിയില്‍ യമുന നദിയില്‍ വിഷപ്പതയും ഉയരുന്നു. ഛഠ് പൂജ നടക്കാനിരിക്കെ രാസവസ്തു തളിച്ച് പത നശിപ്പിക്കാന്‍ പ്രത്യേക ദൗത്യം തുടങ്ങിയിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. എന്നാല്‍ താത്കാലിക നടപടി കൊണ്ടൊന്നും ഒരു ഫലവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഛഠ് പൂജയ്ക്ക് ഭക്തര്‍ മുങ്ങാന്‍ എത്തുന്ന 17 ഇടങ്ങളിലും ഇങ്ങനെ പത നശിപ്പിക്കാന്‍ ദില്ലി സര്‍ക്കാര്‍ ബോട്ടുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഫ്രോത്ത് സപ്പ്രെഷന്‍ ഡ്രൈവ് എന്നാണ് ദൗത്യത്തിന് പേര്.
◾ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച് മഹാഗഡ്ബന്ധന്‍. സഖ്യത്തിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സഹാനിയാണ് മുന്നണിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി. അതേസമയം, പത്രസമ്മേളനത്തിന്റെ പോസ്റ്ററില്‍ രാഹുല്‍ ഗാന്ധിയെ ഒഴിവാക്കി തേജസ്വിയെ മാത്രം ഉള്‍പ്പെടുത്തിയതും വിവാദമായി. പോസ്റ്ററില്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വെട്ടിയതില്‍ പരിഹാസവുമായി ബിജെപിയും രംഗത്തെത്തി.
◾ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികള്‍ക്ക് എതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. യുക്രെയ്ന്‍ ചര്‍ച്ചകളില്‍ വ്ലാഡിമിര്‍ പുടിന്‍ നേരും നെറിയും കാണിച്ചില്ലെന്ന് വിലയിരുത്തിയാണ് ട്രംപ് കടുത്ത നടപടികളിലേക്ക് കടന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. ട്രംപ്-പുടിന്‍ ഉച്ചകോടി ബുഡാപെസ്റ്റില്‍ വെച്ച് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഉപരോധം.
◾ ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തില്ല. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താന്‍ മലേഷ്യയിലെ ക്വാലലംപൂരിലേക്ക് പോകില്ലെന്ന് പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. പകരം വിര്‍ച്വലായി പ്രധാനമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കും. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുക്കുക.
◾ യുഎസും യൂറോപ്പും റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്, റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. റഷ്യന്‍ എണ്ണയുടെ രാജ്യത്തെ പ്രധാന സ്വകാര്യ ഉപഭോക്താക്കളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഗണ്യമായി കുറയ്ക്കുന്നതിനോ പൂര്‍ണ്ണമായും നിര്‍ത്തുന്നതിനോ ആലോചിക്കുന്നതായി രണ്ട് റിഫൈനറി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
◾ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കെടുതികളില്‍ നിന്ന് ലോകത്ത് ഒരു രാജ്യവും സുരക്ഷിതമല്ല എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ മുന്നറിയിപ്പ്. ജീവനും സമ്പദ്വ്യവസ്ഥയ്ക്കും സംരക്ഷണം നല്‍കാന്‍ അതിവേഗ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വിപുലീകരിക്കണമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ദുരന്തങ്ങളെ നേരിടാനുള്ള മുന്നറിയിപ്പുകള്‍ വര്‍ദ്ധിപ്പിക്കുക, കാലാവസ്ഥാ സേവനങ്ങള്‍ ശക്തിപ്പെടുത്തുക, നിരീക്ഷണ ശൃംഖലകളും ഡാറ്റാ കൈമാറ്റവും വിപുലീകരിക്കുക, ആഗോള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് യോഗം അടിവരയിട്ട് പറഞ്ഞത്.
◾ റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചിരുന്ന സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തിയതോടെ, വില 92,000ല്‍ താഴെയെത്തി. ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. 91,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 3440 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരമായ 97,360 രൂപയ്‌ക്കൊപ്പമെത്തിയിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ 5640 രൂപയാണ് കുറഞ്ഞത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
◾ യൂട്യൂബില്‍ ഷോര്‍ട്ട്‌സ് വീഡിയോകള്‍ തുടര്‍ച്ചയായി സ്‌ക്രോള്‍ ചെയ്യുന്ന 'ഡൂംസ്‌ക്രോളിംഗ്' ശീലം തടയാനായി യൂട്യൂബ് മൊബൈല്‍ ആപ്പില്‍ ഒരു പുതിയ 'ടൈമര്‍' ഫീച്ചര്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അനന്തമായ സ്‌ക്രോളിംഗ് ഉപയോക്താക്കളുടെ ശ്രദ്ധ കുറയ്ക്കുകയും ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. 'ടൈമര്‍' ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഒരു ദിവസം എത്ര സമയം ഷോര്‍ട്ട്‌സ് കാണാന്‍ ചെലവഴിക്കാമെന്ന് സ്വയം ഒരു പരിധി നിശ്ചയിക്കാം. ഉപയോക്താവ് നിശ്ചയിച്ച സമയപരിധി എത്തിക്കഴിഞ്ഞാല്‍, ഷോര്‍ട്ട്‌സ് ഫീഡിലെ സ്‌ക്രോളിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചുകൊണ്ടുള്ള ഒരു പോപ്പ്-അപ്പ് പ്രോംപ്റ്റ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. നിലവില്‍, ഈ പ്രോംപ്റ്റ് മറികടന്ന് അന്നത്തെ ദിവസം സ്‌ക്രോളിംഗ് തുടരാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്കുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പാരന്റല്‍ കണ്‍ട്രോളുകള്‍ക്കുള്ള പിന്തുണ കൂടി ഈ ഫീച്ചറിന് നല്‍കാന്‍ യൂട്യൂബ് പദ്ധതിയിടുന്നുണ്ട്. ഇത് നടപ്പിലാകുമ്പോള്‍, രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ക്കായി ഷോര്‍ട്ട്‌സ് കാണാനുള്ള സമയപരിധി നിശ്ചയിക്കാന്‍ സാധിക്കും.
◾ മെഴ്സിഡീസിന്റെ ആഡംബര എസ്യുവി മെയ്ബ എസ് 600 സ്വന്തമാക്കി ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍. ദീപാവലി ആഘോഷങ്ങള്‍ക്കിടയിലാണ് താരം ഏകദേശം 3.39 കോടി രൂപ വില വരുന്ന എസ്യുവി സ്വന്തമാക്കിയത്. നാലു സോണായി തിരിച്ചിട്ടുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, വെന്റിലേറ്റഡ് മുന്‍പിന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. കൂടാതെ സുരക്ഷയ്ക്കായി എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ലൈന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയര്‍ പ്രെഷര്‍ മോണിറ്റര്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പേഴ്സണലൈസേഷനും ചെയ്യാന്‍ സാധിക്കും. നാലു ലീറ്റര്‍ ട്വീന്‍ ടര്‍ബോ വി 8 എന്‍ജിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എന്‍ജിനില്‍നിന്ന് 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തില്‍ ഒന്‍പത് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണുള്ളത്.
◾ കോവിഡ് വാക്‌സിന്‍ കാന്‍സര്‍ ചികിത്സയ്ക്ക് ഫലപ്രദമായേക്കാമെന്ന് പുതിയ പഠനം. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പ്രാഥമിക ഗവേഷക റിപ്പോര്‍ട്ടില്‍ ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്‌സിനുകള്‍ ചില കാന്‍സര്‍ രോഗികളില്‍ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ട്യൂമറിനെ ചെറുക്കുകയും ചെയ്തതായി കണ്ടെത്തി. ചില ഇമ്മ്യൂണോതെറാപ്പി മരുന്നുകള്‍ കഴിക്കുന്ന ശ്വാസകോശ അര്‍ബുദമോ ത്വക്ക് അര്‍ബുദമോ ബാധിച്ച ആളുകള്‍ ചികിത്സ ആരംഭിച്ച് 100 ദിവസത്തിനുള്ളില്‍ ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്‌സിന്‍ സ്വീകരിക്കുന്നത് രോഗികളില്‍ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും കൂടുതല്‍ കാലം ജീവിക്കുകയും ചെയ്തുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം കാന്‍സര്‍ കോശങ്ങളെ ഒരു ഭീഷണിയായി മാറുന്നതിന് മുമ്പ് തന്നെ അവയെ നശിപ്പിക്കുന്നു. എംഡി ആന്‍ഡേഴ്‌സണില്‍ കാന്‍സര്‍ സെന്ററില്‍ ചെക്ക്‌പോയിന്റ് ഇന്‍ഹിബിറ്റര്‍ ചികിത്സയ്ക്ക് വിധേയരായ ഏകദേശം 1,000 കാന്‍സര്‍ രോഗികളുടെ രേഖകള്‍ സംഘം വിശകലനം ചെയ്യുകയും അതില്‍ ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്സിന്‍ സ്വീകരിച്ചവരെ താരതമ്യം ചെയ്യുകയും ചെയ്തു. വാക്സിനേഷന്‍ എടുത്ത ശ്വാസകോശ അര്‍ബുദ രോഗികള്‍, കാന്‍സര്‍ ചികിത്സ ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം വാക്സിനേഷന്‍ എടുക്കാത്ത രോഗികളേക്കാള്‍ ഇരട്ടി കാലം ജീവിച്ചിരുക്കുന്നതിന് സാധ്യതയുള്ളതായി കണ്ടെത്തി. മെലനോമ രോഗികളില്‍, വാക്സിനേഷന്‍ എടുത്ത രോഗികളുടെ ശരാശരി അതിജീവനം ഗണ്യമായി കൂടുതലായിരുന്നുവെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 87.87, പൗണ്ട് - 117.32, യൂറോ - 101.97, സ്വിസ് ഫ്രാങ്ക് - 110.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.19, ബഹറിന്‍ ദിനാര്‍ - 233.08, കുവൈത്ത് ദിനാര്‍ -286.64, ഒമാനി റിയാല്‍ - 228.53, സൗദി റിയാല്‍ - 23.43, യു.എ.ഇ ദിര്‍ഹം - 23.91, ഖത്തര്‍ റിയാല്‍ - 24.14, കനേഡിയന്‍ ഡോളര്‍ - 62.80.
➖➖➖➖➖➖➖➖
Tags:
KERALA