Trending

സായാഹ്ന വാർത്തകൾ.

2025 | ഒക്ടോബർ 17 | വെള്ളി 
1201 | കന്നി 31 |  മകം 

◾സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് പവന് 2,840 രൂപയുടെ വന്‍കുതിപ്പ്. ഇന്നത്തെ പവന്‍ വില 97,360 രൂപയാണ്. ഇന്ന് ഗ്രാം വില 12,170 രൂപയാണ്. ഒരു ഗ്രാമില്‍ മാത്രം 355 രൂപയാണ് ഉയര്‍ന്നത്. രാജ്യങ്ങള്‍ വാങ്ങിക്കൂട്ടല്‍ വര്‍ധിപ്പിച്ചതിന് ആനുപാതികമായി സ്വര്‍ണം കിട്ടാനില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,360 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണത്തിന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും അടക്കം 1,05,000 രൂപയെങ്കിലും നല്‍കേണ്ടി വരും.

◾പാലിയേക്കരയില്‍ ഉപാധികളോടെ ടോള്‍ പിരിക്കാം എന്ന് വ്യക്തമാക്കി ഹൈക്കോടതി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോള്‍ നിരക്ക് ഈടാക്കാന്‍ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. എന്നാല്‍ ടോള്‍ പുനസ്ഥാപിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തില്‍ പൂര്‍ണ്ണ തൃപ്തിയില്ല എന്ന് ഹര്‍ജിക്കാര്‍ പ്രതികരിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താല്‍ക്കാലികമായി തടഞ്ഞത്.

◾ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് പോറ്റിയെ കസ്റ്റഡിയില്‍ വിട്ടത്. പത്തനംതിട്ട റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. തുടര്‍ന്ന് കോടതി പോറ്റിയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

◾കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. തന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നില്‍ വരുമെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം. പൊലീസ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതിയില്‍ നിന്ന് ഇറക്കികൊണ്ടുവരുന്നതിനിടെയാണ് പ്രതികരണം. തന്നെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കിയത്.

◾ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട്  തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്കിയതായി റിപ്പോര്‍ട്ട്. നടന്നത് വന്‍ഗൂഢാലോചനയാണെന്നും അതിന്റെ ഭാഗമായിട്ടാണ് കല്‍പേഷിനെ കൊണ്ടുവന്നതെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റി സ്പോണ്‍സറായി അപേക്ഷ നല്‍കിയതുമുതല്‍ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. എസ്ഐടി അന്വേഷണം തുടങ്ങി ആറാം ദിവസമാണ് കേസിലെ നിര്‍ണായക നടപടി.

◾ശബരിമലയിലെ വസ്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നുവെന്ന് ദേവസ്വം മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സിആര്‍ രാധാകൃഷ്ണന്‍. 2019ലാണ് ഈ മുന്നറിയിപ്പ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വസ്തുവകകള്‍ പരിശോധിക്കുന്നതിന് അധികമായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അന്നത്തെ പ്രസിഡന്റ് ഇക്കാര്യം ഗൗരവമായി എടുത്തില്ലെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തി.

◾ദേവസ്വം കമ്മീഷണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍. ഇതിനായി ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണികൃം നല്‍കിയ ശുപാര്‍ശയിന്മേല്‍ സര്‍ക്കാരില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷണര്‍ക്ക് ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ അധികാരങ്ങള്‍ കൈമാറാനും ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുപ്പിക്കാനുമാണ് നീക്കം.

◾കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തില്‍ പോലും മതം കുത്തി നിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തില്‍ ഇല്ലെന്നും എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണമല്ല, മുസ്ലിങ്ങളുടെ അവകാശം നേടിയെടുക്കല്‍ മാത്രമാണ് ലീഗിന്റെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. യോഗനാദം പുതിയ ലക്കം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. ലീഗിലെ നവ നേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാല്‍ ഓര്‍മവരിക പഴയ നീലക്കുറുക്കന്റെ കഥയാണെന്നു ഒരു ചാറ്റല്‍ മഴയില്‍ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സമ്പന്നരായ മുസ്ലിങ്ങള്‍ക്ക് വേണ്ടി സമ്പന്നരായ നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നും അവരുടെ വില്‍പന ചരക്കാണ് മുസ്ലീങ്ങളെന്നും അവരുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലിം ലീഗ് എന്ന് അവര്‍ തിരിച്ചറിയണം എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

◾എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജ്മെന്റിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്നും ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിന്‍സിപ്പാളാണെന്നും വി ശിവന്‍കുട്ടി വിമര്‍ശിച്ചു.

◾പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും. വിദ്യാര്‍ത്ഥിനിയെ ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുമെന്ന് പിതാവ് ആവര്‍ത്തിച്ചു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.  അതുപോലെ, കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നു എന്നും നിയമനടപടി സ്വീകരിക്കും എന്നും കുട്ടിയുടെ പിതാവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

◾പള്ളുരുത്തി ഹിജാബ് വിവാദത്തിനെ തുടര്‍ന്ന് സ്‌കൂളിന് സംരക്ഷണം നല്‍കിയ ഹൈക്കോടതിക്ക് നന്ദി അറിയിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബി. വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ചു. സ്‌കൂള്‍ നിയമങ്ങള്‍ അനുസരിക്കാന്‍ തയാറാണെങ്കില്‍ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ മുന്നിലുള്ള വിഷയങ്ങളില്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും സിസ്റ്റര്‍  പറഞ്ഞു.

◾കൊച്ചി പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാന്‍ കേരളത്തിന്റെ ഭരണകൂടം ശ്രമിക്കരുതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് മൈം വിവാദത്തിന്റെ ആവര്‍ത്തനമായി ഇത് മാറാന്‍ പാടില്ല. രാജ്യദ്രോഹികള്‍ പറയുന്നത് കുട്ടികളുടെ മസ്തിഷ്‌കത്തില്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

◾താമരശ്ശേരിയിലെ ഒന്‍പത് വയസ്സുകാരി അനയയുടെ മരണം ചികില്‍സാ പിഴവുമൂലം തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞതോടെ ചികിത്സാ പിഴവ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അമ്മ രംബീസ താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെന്നും അന്ന് കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണം എന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. മരണത്തില്‍ ആരോഗ്യ വകുപ്പിനും അമ്മ പരാതി നല്‍കും.

◾ബസ് ഫീസ് അടക്കാന്‍ വൈകിയതിനെ തുടര്‍ന്ന് യുകെജി വിദ്യാര്‍ത്ഥിയുടെ പഠനം മുടക്കി പ്രധാനാധ്യാപിക. മലപ്പുറം ചേലേമ്പ്ര എഎല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയോടാണ് പ്രധാന അധ്യാപികയുടെ ക്രൂരത. സ്‌കൂള്‍ വാഹനത്തില്‍ കയറാന്‍ ഒരുങ്ങിയ അഞ്ച് വയസുകാരനെ ബസില്‍ കയറ്റരുതെന്ന് പ്രധാന അധ്യാപിക ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.  സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പൊലീസിലും കുടുംബം പരാതി നല്‍കി.

◾കെഎസ്ആര്‍ടിസി ബസില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതില്‍ ഗതാഗത വകുപ്പിന് തിരിച്ചടി. ഡ്രൈവര്‍ ജയ്മോന്‍ ജോസഫിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജയ്മോന്‍ ജോസഫിനെ സ്ഥലം മാറ്റിയത്. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ നടപടി.

◾കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി. കെ മുരളീധരന്‍ പിന്തുണച്ചവരെ തഴഞ്ഞതിലാണ് അതൃപ്തി. കെ എം ഹാരിസിനെ ഒഴിവാക്കിയതിലാണ് കെ മുരളീധരന്‍ അമര്‍ഷം രേഖപ്പെടുത്തിയത്. അതേസമയം കെപിസിസി ഭാരവാഹിയാക്കാത്തതില്‍ ചാണ്ടി ഉമ്മന്‍ അനുകൂലികളും അതൃപ്തരാണ്. ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷ. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ പദവിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

◾കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി മുന്‍ ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കോഴിക്കോട് ജില്ലയിലെ പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമത്തില്‍നിന്നുള്ള ദരിദ്ര പശ്ചാത്തലത്തില്‍ ജനിച്ച, പിന്നോക്ക സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ കെപിസിസി വൈസ് പ്രസിഡന്റ് പദവിയിലേക്ക് നിയോഗിച്ച പാര്‍ട്ടി നേതൃത്വത്തോടും അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയോടും കെപിസിസി നേതൃത്വത്തോടും നന്ദിയും കടപ്പാടുമെന്ന് കുറിപ്പില്‍ പങ്കുവെച്ചു.

◾ഗ്രനേഡ് ഉപയോഗിക്കാനുള്ള പരിശീലനത്തിന് എത്താന്‍ പൊലീസുകാര്‍ക്ക് വടകര റൂറല്‍ എസ്പിയുടെ ഉത്തരവ്. എസ്എച്ച്ഒ, എസ്ഐ തുടങ്ങി പരമാവധി ഉദ്യോഗസ്ഥര്‍ എത്തിച്ചേരാനാണ് നിര്‍ദ്ദേശം. ഇന്ന് ജില്ലാ ഹെഡ് ക്വാട്ടേഴ്സില്‍ എത്തി പരിശീലനം നേടാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. പിന്നാലെ എസ്പിയുടെ ഉത്തരവിനെ പരിഹസിച്ചുകൊണ്ട് യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. ഡിവൈഎസ്പി മാര്‍ക്കും പരിശീലനം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഗ്രനേഡ് പൊട്ടി ഡിവൈഎസ്പിക്ക് പരിക്കേറ്റിരുന്നു.

◾റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബര്‍ 20 വരെ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ്സൈറ്റ് എന്നിവ വഴി അപേക്ഷ നല്‍കാം.

◾വയനാട് തൊണ്ടര്‍നാട് തൊഴിലുറപ്പ് പദ്ധതികളില്‍ 2.09 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് ജെപിസി അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്ന 1063 ഫയലുകള്‍ പരിശോധിച്ചാണ് തട്ടിപ്പ് കണ്ടെത്തിയത്. 7 കോണ്‍ട്രാക്ടര്‍മാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും പറയുന്നു. ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അന്വേഷണ റിപ്പോര്‍ട്ട് 21ന് സമര്‍പ്പിക്കും. കേസില്‍ 8 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

◾തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിനു തുറക്കും. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണ്ണം പൂശിയ പാളികള്‍ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. ഹൈക്കോടതി അനുമതിയോടെയാണ് നടപടി. അതേസമയം ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെയാണ്. 14 പേരാണ് ശബരിമല മേല്‍ശാന്തിയുടെ സാധ്യത പട്ടികയില്‍ ഉള്ളത്.

◾ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവലായ 'യാനം' ഇന്ന് വര്‍ക്കലയില്‍ ആരംഭിക്കും. കേരള ടൂറിസം സംഘടിപ്പിക്കുന്ന ത്രിദിന പരിപാടി യാത്ര, സാഹിത്യം, സാംസ്‌കാരിക വിനിമയം എന്നിവയുടെ സവിശേഷ സംഗമമാകും. വൈകിട്ട് 3.30 ന് വര്‍ക്കല ക്ലിഫിലെ രംഗകലാ കേന്ദ്രത്തില്‍ ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 19 വരെയാണ് മേള.

◾ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ 16 വരെയുള്ള ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5,92,22,035 രൂപ. 2 കിലോയിലേറെ സ്വര്‍ണവും  9 കിലോഗ്രാമിലേറെ വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെയും 1000 രൂപയുടെയും 5 വീതവും അഞ്ഞൂറിന്റെ 21ഉം കറന്‍സി ലഭിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.

◾സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ബിജെപി വേദിയില്‍. തൃശൂരിലെ ബിജെപി വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചന്‍ പങ്കെടുത്തത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലിയും വേദിയിലെത്തി. ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.

◾കൊങ്കണ്‍ റെയില്‍വേ പാതയിലെ 38 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. സാധാരണയിലും 10 ദിവസം നേരത്തെയാണ് ഇത്തവണ സമയക്രമത്തിലെ മാറ്റം വരുന്നത്. പുതിയ സമയക്രമം ഒക്ടോബര്‍ 21, ചൊവ്വാഴ്ച മുതല്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 20 വരെ പ്രാബല്യത്തിലുണ്ടായിരുന്ന മണ്‍സൂണ്‍ ടൈംടേബിള്‍ അവസാനിക്കുന്നതോടെയാണ് ഈ മാറ്റം.

◾അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതില്‍ പരാതി പറയാന്‍ ബാങ്ക് മാനേജരുടെ മുന്നിലിരിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് ലക്ഷങ്ങള്‍. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ കാരപ്പറമ്പ് ശാഖയില്‍ അക്കൗണ്ടുളള കോഴിക്കോട് കരിക്കാംകുളം സ്വദേശി പി എസ് മനീഷിനാണ് പത്ത് മിനിറ്റിനുള്ളില്‍ അക്കൗണ്ടില്‍ നിന്നും നാലേകാല്‍ ലക്ഷം രൂപ നഷ്ടമായത്. മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ഹാക്ക് ചെയ്താകാം തട്ടിപ്പെന്ന സംശയത്തിലാണ് പോലീസ്.

◾കണ്ണൂര്‍ തളിപ്പറമ്പിലെ മുളങ്ങേശ്വരം ശിവക്ഷേത്രത്തിലെ അധികാര തര്‍ക്കത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. നിലവിലുള്ള ഭരണസമിതിക്ക് തുടരാമെന്ന് കോടതിയുടെ നിര്‍ദ്ദേശിച്ചു. എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെയുള്ള ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് വരെ തല്‍സ്ഥിതി തുടരാനാണ് കോടതിയുടെ നിര്‍ദ്ദേശം.

◾പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട് തള്ളി മന്ത്രി വി ശിവന്‍കുട്ടി. വകുപ്പുതല അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. അതേസമയം പൊലീസ് കണ്ണാടി സ്‌കൂളിലെത്തി അധ്യാപകരില്‍ നിന്ന് മൊഴി എടുത്തു. പാലക്കാട് പല്ലന്‍ചാത്തന്നൂര്‍ സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്‍ അര്‍ജുന്‍ ആത്മഹത്യ ചെയ്തതില്‍ അധ്യാപകര്‍ക്ക് പങ്കില്ലെന്ന പ്രാഥമിക റിപ്പോര്‍ട്ടാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയത്.

◾ചേര്‍ത്തലയിലെ വിവാദമായ ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തി. സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങും. ഇതോടെ സെബാസ്റ്റ്യന്‍ മൂന്ന് കൊലപാതകക്കേസില്‍ പ്രതിയായി. ഐഷ കേസില്‍ ചേര്‍ത്തല പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഐഷയെയും കൊലപ്പെടുത്തിയെന്നാണ് സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി. ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടെയും ചേര്‍ത്തല സ്വദേശി ബിന്ദു പത്മനാഭന്റെയും കൊലപാതകക്കേസില്‍ സെബാസ്റ്റ്യനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

◾തൃശ്ശൂര്‍ കുന്നംകുളത്ത് ഹെര്‍ണിയ ശാസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുന്നംകുളം പൊലീസാണ് കേസെടുത്തത്. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ചികിത്സക്കിടെ തൃശൂര്‍ ചിറമനേങ്ങാട് സ്വദേശി ഇല്യാസ് മരിച്ചത്. മരിച്ച ഇല്ല്യാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് മെഡിക്കല്‍ കോളേജില്‍ നടക്കും. അനസ്തേഷ്യയിലെ പിഴവ് മൂലമാണ് ഇല്യാസ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും കൈയബദ്ധം പറ്റിയതായി ഡോക്ടര്‍മാര്‍ സമ്മതിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

◾ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരായ കൊലപാതകക്കുറ്റം ഒഴിവാക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്. സതീഷിനെതിരെ ചുമത്തിയ കൊലപാതക കുറ്റത്തിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ ചുമത്തും. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സതീഷ് നിലവില്‍ റിമാന്‍ഡിലാണ്.

◾പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പില്‍ വള്ളിയമ്മയെയാണ് രണ്ട് മാസം മുന്‍പ് കാണാതായത്. 45 വയസായിരുന്നു. സംഭവത്തില്‍ വള്ളിയമ്മയുടെ കൂടെ താമസിക്കുന്ന പഴനിയെ പുതൂര്‍ പൊലിസ് പിടികൂടി. വള്ളിയെ ഉള്‍വനത്തില്‍ കുഴിച്ചിട്ടതായാണ് പഴനി പൊലിസിനോട് പറഞ്ഞത്.

◾തമിഴ്നാട് ദിണ്ടിഗല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന മലയാളി തടവുകാരന്‍ മരിച്ചു. എറണാകുളം സ്വദേശി വര്‍ഗീസ് (42) ആണ് മരിച്ചത്. മധുരയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് വരിചിയൂര്‍ സെല്‍വത്തിന്റെ സഹായി ആയിരുന്നു വര്‍ഗീസ്. കൊച്ചിയില്‍ നിന്ന് കഴിഞ്ഞ ദിവസം ദിണ്ടിഗല്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്ത വര്‍ഗീസിനെ ഇന്നലെ ആണ് ദിണ്ടിഗല്‍ ജില്ലാ ജയിലില്‍ അടച്ചത്. ജയിലില്‍ കുഴഞ്ഞുവീണ വര്‍ഗീസിനെ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നു.

◾തമിഴ്നാട് കോയമ്പത്തൂരില്‍ ഭീതി പരത്തിയ ആളെക്കൊല്ലി കൊമ്പന്‍ റോളക്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒറ്റയാനെ പ്രത്യേക ദൗത്യസംഘം മയക്കുവെടി വച്ച് തളച്ചു. 4 കുങ്കിയാനകളുടെ സഹായത്തോടെയായിരുന്നു ഓപ്പറേഷന്‍. കഴിഞ്ഞ മാസം ആനമല കടുവ സങ്കേതത്തിലെ വെറ്ററിനറി ഓഫീസര്‍ വിജയരാഘവനെ ആക്രമിച്ചതിനെ തുടര്‍ന്ന് ദൗത്യം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, വീണ്ടും ജനവാസ മേഖലയില്‍ ഭീതി പരത്തിയതോടെ ആനയെ പിടികൂടാന്‍ ശ്രമം തുടങ്ങുകയായിരുന്നു.

◾ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ഇടപെടലുമായി സുപ്രീം കോടതി. അതീവഗുരുതരമായ പ്രശ്നമാണ് ഡിജിറ്റല്‍ അറസ്റ്റെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിബിഐക്കും നോട്ടീസ് അയച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന പൗരന്റെ പരാതിയിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.

◾സംസ്ഥാനത്തിനുള്ളില്‍ കന്നുകാലികളെ കൊണ്ടുപോകുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്. ഗോവധ നിയമപ്രകാരം ആളുകളെ കെണിയിലാക്കുന്ന നിരവധി കേസുകള്‍ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. ഗോവധ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും പൊലീസ് ഡയറക്ടറോടും കോടതി നിര്‍ദ്ദേശിച്ചു.

◾കേസ് ഒത്തുതീര്‍പ്പാക്കാന്‍ എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. പഞ്ചാപ് റോപ്പര്‍ റേഞ്ച് ഡിഐജി ഹര്‍ചരണ്‍ സിംഗ് ഭുള്ളറെയും ഇടനിലക്കാരനെയും സിബിഐ മൊഹാലിയിലെ ഓഫീസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫത്തേഗഢ് സാഹിബ് ജില്ലയിലെ ഇരുമ്പ് വ്യാപാരി പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.

◾ദീപാവലി, ഛത് പൂജ ഉത്സവങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 15 റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പന ഇന്ത്യന്‍ റെയില്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തിരക്കേറിയ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സുഗമമായ സഞ്ചാരവും സുരക്ഷിതമായ യാത്രയും ഉറപ്പാക്കാനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പനയ്ക്കുള്ള നിയന്ത്രണം ഒക്ടോബര്‍ 28 വരെ തുടരും.

◾റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ പ്രതികരിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍. എണ്ണ ഇറക്കുമതിയില്‍ ഒരു മാറ്റവും തല്‍ക്കാലം ഇല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബറില്‍ ഇതുവരെയുള്ള ഇറക്കുമതി കഴിഞ്ഞ മാസത്തെക്കാള്‍ കൂടുലാണ് എന്നാണ് കണക്കുകള്‍. അതേസമയം, വ്യാപാര ചര്‍ച്ചകള്‍ക്കായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ യുഎസിലെത്തി.  

◾ഇന്ത്യക്കെതിരെ വിവാദ പരാമര്‍ശവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാനിസ്ഥാനുമായുള്ള പാകിസ്ഥാന്റെ അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന തരത്തിലായിരുന്നു പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. അതിര്‍ത്തിയില്‍ ഇന്ത്യ വൃത്തികെട്ട കളി കളിക്കാന്‍ സാധ്യതയുണ്ടെന്ന് സമ ടിവിയോട് സംസാരിക്കവെ ഖ്വാജ ആസിഫ് പറഞ്ഞു.

◾വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള സൗജന്യ സപ്പോര്‍ട്ട് നിര്‍ത്തലാക്കി മൈക്രോ സോഫ്റ്റ്. ലോകമെമ്പാടും ലക്ഷക്കണക്കിന് കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് 10. ഇനിയും വിന്‍ഡോസ് 10ല്‍ തുടരുന്നവര്‍ക്ക് മൈക്രോസോഫ്റ്റില്‍ നിന്ന് സൗജന്യ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകളോ സെക്യുരിറ്റി സഹായങ്ങളോ ടെക്‌നിക്കല്‍ അസിസ്റ്റന്‍സോ ലഭിക്കില്ല. എന്നാല്‍ വിന്‍ഡോസ് 10 തുടര്‍ന്നും പ്രവര്‍ത്തനക്ഷമമായിരിക്കും. യഥാസമയ പിന്തുണ ഇല്ലാത്തതു മൂലം വൈറസ് ആക്രമണങ്ങള്‍ക്കും മാല്‍വെയറുകള്‍ക്കും മറ്റ് സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയമാകാന്‍ സാധ്യത കൂടുതലാണ്. വിന്‍ഡോസ് 11ല്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി ഇതിനകം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം വിന്‍ഡോസ് 11ലേക്ക് അപ്‌ഗ്രേഡ് ചെയ്യുക എന്നതാണ് സുരക്ഷിതമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം. നാല് വര്‍ഷത്തിലധികം പഴക്കമുള്ള പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ വിന്‍ഡോസ് 11 സപ്പോര്‍ട്ട് ചെയ്യില്ല. ഏറ്റവും കുറഞ്ഞത് നാല് ജിബി റാം, 64 ജിബി സ്റ്റോറേജ്, ടി.പി.എം 2.0 സെക്യൂരിറ്റി ചിപ്പ് എന്നിവയുള്ള കംപ്യൂട്ടറുകളിലാണ് അപ്‌ഗ്രേഡ് സാധ്യമാവുക.

◾ഉയര്‍ന്ന അളവിലുള്ള ഉപ്പിന്റെ ഉപഭോഗം സ്ഥിരമായി കഴിച്ചാല്‍ ആമാശയ പാളിയെ നശിപ്പിക്കുകയും ഹെലിക്കോബാക്റ്റര്‍ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ഇത് വയറ്റിലെ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിദിനം ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന പരമാവധി ഉപ്പിന്റെ അളവ് അഞ്ച് ഗ്രാം ആണ്. എന്നാല്‍ ആഗോളതലത്തില്‍ പ്രതിദിനം ഒരാള്‍ ശരാശരി 9-12 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നുണ്ട്. അമിതമായ ഉപ്പ് ഉപഭോഗം ആമാശയത്തിലെ സംരക്ഷിത പാളിയെ നശിപ്പിക്കുന്നു. ഇത് കാലക്രമേണ വിട്ടുമാറാത്ത വീക്കത്തിനും കോശനാശത്തിനും കാരണമാകും. കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ഉയര്‍ന്ന ഉപ്പിന്റെ ഉപഭോഗം ഹെലിക്കോബാക്റ്റര്‍ പൈലോറി എന്ന ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അത് അള്‍സറിന് കാരണമാവുകയും കാന്‍സറിലേക്ക് നയിക്കുകയും ചെയ്യാം. ഉപ്പിലിട്ട അച്ചാര്‍, ഉണക്കമീന്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ നൈട്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ ആസിഡുമായി സംയോജിക്കുകയും അര്‍ബുദകാരികളായ സംയുക്തങ്ങളായി മാറുകയും ചെയ്യും. അമിതമായി ഉപ്പ് കഴിക്കുന്നത് കുടല്‍ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ മാറ്റിമറിച്ചേക്കാം. ഇത് ആമാശയത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 87.95, പൗണ്ട് - 117.99, യൂറോ - 102.90, സ്വിസ് ഫ്രാങ്ക് - 111.34, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.75, ബഹറിന്‍ ദിനാര്‍ - 233.33, കുവൈത്ത് ദിനാര്‍ -287.76, ഒമാനി റിയാല്‍ - 228.76, സൗദി റിയാല്‍ - 23.45, യു.എ.ഇ ദിര്‍ഹം - 23.93, ഖത്തര്‍ റിയാല്‍ - 24.24, കനേഡിയന്‍ ഡോളര്‍ - 62.58.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right