2025 | ഒക്ടോബർ 13 | തിങ്കൾ
1201 | കന്നി 27 | തിരുവാതിര
◾ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ഠറേറ്റ് സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍. രണ്ടു വര്‍ഷം മുമ്പാണ് ലാവലിന്‍ കേസിലെ കള്ളപ്പണം വെളിപ്പിക്കല്‍ പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായി വിവേക് കിരണ്‍ വിജയന് ഇഡി മൊഴിയെടുക്കുന്നതിനായി സമന്‍സ് അയച്ചത് എന്നാണ് വിവരം. ഇതിനിടെ, സമന്‍സ് ഉണ്ടെന്ന് എംഎ ബേബി സ്ഥിരീകരിച്ചത് ആയുധമാക്കുകയാണ് പ്രതിപക്ഷം.
◾ ലാവ്ലിന്‍ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നല്‍കി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി. സമന്‍സ് അയച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ലാവ്ലിനില്‍ നിന്ന് വിദ്യാഭ്യാസത്തിനായി പണം ഈടാക്കി എന്നതാണ് സമന്‍സില്‍ പ്രധാനമായും പറയുന്നത്. 2023 ഫെബ്രുവരി 14ന് രാവിലെ 10:30-ന് ഇ.ഡി.യുടെ കൊച്ചി ഓഫീസില്‍ വിവേക് കിരണ്‍ ഹാജരാകണം എന്നായിരുന്നു ഇ.ഡി. സമന്‍സിലെ ആവശ്യം. എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ ഇ.ഡി. വ്യക്തമാക്കുന്നത്.
◾ മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസില്‍ തുടര്‍ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇ ഡി നോട്ടീസ് കൊടുക്കുമ്പോള്‍ സിപിഎം അഖിലേന്ത്യ സെക്രട്ടറിക്ക് കൂടി നോട്ടീസ് കൊടുക്കുമോയെന്നും എം എ ബേബി എങ്ങനെ ഇത് അറിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു. കേസ് ഇല്ലാതായെന്നാണ് എംഎ ബേബി പറഞ്ഞത്. ഇഡി സമന്‍സ് ആവിയായതില്‍ സിപിഎം ബിജെപി ബാന്ധവം ഉണ്ടെന്നും ഇടനിലക്കാരുണ്ടെന്നും അദ്ദേഹം കൂട്ടീച്ചേര്‍ത്തു.
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ല. മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും ഗള്‍ഫ് പര്യടനത്തിന് നാളെ തുടക്കമാകാനിരിക്കെയാണ് യാത്രാ അനുമതി നിഷേധിച്ചതില്‍ സ്ഥിരീകരണം വരുന്നത്. സൗദി ഒഴികെ ബാക്കി രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് അനുമതിയുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും പേഴ്സണല്‍ അസിസ്റ്റന്റ് വിഎം സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി.
◾ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഭീഷണി സന്ദേശമെത്തിയത്. തൃശൂര്‍ കളക്ടറേറ്റിലേക്കാണ് ഇ-മെയില്‍ ഭീഷണിയെത്തിയത്. സംഭവത്തെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.
◾ ശബരിമലയില്‍ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ് എന്ന് സംശയിച്ച് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ദ്വാരപാലക പാളികളും തകിടുകളും സ്വര്‍ണം പൂശി തിരികെ എത്തിച്ചപ്പോള്‍ തൂക്കം കുറഞ്ഞതാണ് സംശയത്തിന് കാരണം. ഹൈദരാബാദില്‍ നാഗേഷ് എന്നയാളുടെ അടുത്ത് പാളികള്‍ എത്തിച്ചതിലും ദുരൂഹത ഉണ്ടെന്ന് വിജിലന്‍സ് സംശയം പ്രകടിപ്പിച്ചു.
◾ ശബരിമല സ്വര്‍ണക്കൊള്ള കേരളം രൂപം കൊണ്ടതിന് ശേഷം ഔദ്യോഗിക തലത്തില്‍ നടന്ന ഏറ്റവും വലിയ കൊള്ളയെന്ന് ടി സിദ്ദിഖ് എംഎല്‍എ. വലിയ ഗൂഢാലോചനയ്ക്ക് ശേഷമുള്ള കൊള്ളയാണ് ശബരിമലയില്‍ നടന്നത്. നിയമസഭയില്‍ നാല് ദിവസമാണ് ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചത്. പൊലീസ് സംരക്ഷണയില്‍ ശബരിമലയില്‍ ആക്ടിവിസ്റ്റുകളെ കയറ്റി. തന്ത്രിമാര്‍ക്കെതിരെ പരസ്യമായി പ്രസംഗിച്ച ആളാണ് പിണറായി വിജയന്‍. വിശ്വാസത്തെ തകര്‍ക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
◾ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറച്ചിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ച് ബാരിക്കേഡ് വെച്ച് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബാരിക്കേഡിന് മുകളിലേക്ക് കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസ് തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചു.
◾ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും കാസര്‍കോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
◾ സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 15 മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ 48 കാരിയും മരിച്ചിരുന്നു. 12 ദിവസത്തിനിടെ 4 പേരാണ് മരിച്ചത്. 12 പേര്‍ ചികില്‍സയിലുണ്ട്. ഭൂരിപക്ഷം കേസുകളിലും അമീബിക് മസ്തിഷക ജ്വരം എങ്ങനെ പകര്‍ന്നെന്ന് കണ്ടെത്താനായിട്ടില്ല.
◾സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന കായിക ദിനാചരണ ഉദ്ഘാടന വേദിയിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. കായിക വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഗുണകരമാക്കുന്ന രീതിയില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. കായിക താരങ്ങളുടെ പരിശീലന സമയം പരിഗണിച്ചായിരിക്കും പുതിയ പരിഷ്‌കരണം.
◾ ഉദ്ഘാടനപരിപാടിക്കിടെ ഹോണ്‍ മുഴക്കി അമിത വേഗത്തിലെത്തിയ ബസിനെതിരെ നടപടി സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഹോണ്‍ അടിച്ച് വന്നതല്ല വിഷയമെന്നും എന്തെങ്കിലും മന്ത്രിയുടെ തലയില്‍ വച്ചുകെട്ടി വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും ബസ് സ്റ്റാന്‍ഡിന് അകത്തേക്ക് ബസ് പാഞ്ഞുകയറുന്നത് എംഎല്‍എ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നെന്നും ഇനി ഡ്രൈവര്‍ മഹാന്‍ ആണെങ്കില്‍ ക്ഷമ ചോദിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.
◾പാലക്കാട്ട് പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിന് ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തും. ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് എംഎല്‍എയുടെ പരിപാടി. എംഎല്‍എയ്ക്ക് ആശംസ അറിയിച്ച് പിരായിരി ആറാം വാര്‍ഡ് മുസ്ലീം ലീഗ് കമ്മിറ്റിയാണ് ഫ്ലക്സ് സ്ഥാപിച്ചത്. പരിപാടിയില്‍ പ്രതിഷേധവുമായി എത്തുമെന്നാണ് ബിജെപിയും ഡിവൈഎഫ്ഐയും അറിയിക്കുന്നത്. പിരായിരി പഞ്ചായത്തിലെ പൂളിക്കുന്നം കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനമാണ് ഇന്ന് വൈകിട്ട് നടക്കുന്നത്.
◾തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പില്‍ ആവശ്യമെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് കത്തോലിക്ക സഭ. സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ഫാ. ഫിലിപ്പ് കവിയില്‍ പറഞ്ഞു. അവഗണിക്കുന്നവരെ സഭ തിരിച്ചും അവഗണിക്കുമെന്നും അമ്പതോളം മണ്ഡലങ്ങളില്‍ സഭക്ക് ശക്തമായ സ്വാധീനമുണ്ടെന്നും ക്രൈസ്തവ സമൂഹത്തെ അവഗണിച്ചാല്‍ ദോഷമുണ്ടാകുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ്സ് വ്യക്തമാക്കി.
◾ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെറ്റുകള്‍ക്കെതിരെയായിരുന്നു തന്റെ യുദ്ധമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധിപേരുമായി സംസാരിച്ചുവെന്നും കോണ്‍ഗ്രസാണ് ഒരു ബദലായി തോന്നിയതെന്നും അംഗത്വം സ്വീകരിച്ചശേഷം കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.
◾ മുന്നണി സഹകരണം ആവശ്യപ്പെട്ട് യുഡിഎഫിന് കത്ത് നല്‍കി സികെ ജാനു. കഴിഞ്ഞ യുഡിഎഫ് യോഗം കത്ത് ചര്‍ച്ച ചെയ്തു. രമേശ് ചെന്നിത്തലയും കെ മുരളീധരനും വിയോജിപ്പ് അറിയിച്ചെങ്കിലും സി കെ ജാനുവുമായി സഹകരണം ആകാമെന്നാണ് നിലവിലെ യുഡിഎഫ് ധാരണ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യുഡിഎഫില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം സി കെ ജാനു അറിയിച്ചിരിക്കുന്നത്.
◾കൊല്ലം പുനലൂര്‍ വെഞ്ചേമ്പില്‍ പച്ചയില്‍ മലയില്‍ വന്‍ മണ്ണിടിച്ചില്‍. ഒരു കിലോമീറ്ററോളം ദൂരത്തില്‍ മണ്ണ് കുത്തിയൊലിച്ചു. വെഞ്ചേമ്പിലിലെ ജനവാസമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് സംഭവം. ടൂറിസം കേന്ദ്രമായ പിനാക്കിള്‍ പോയിന്റിന് സമീപമാണ് വലിയ രീതിയില്‍ മലയില്‍ നിന്ന് മണ്ണിടിഞ്ഞത്. മലയുടെ ഒരു ഭാഗത്തുനിന്ന് ഇടിഞ്ഞുവീണ മണ്ണ് ഒലിച്ചെത്തി പ്രദേശത്തെ ഏക്കറുകണക്കിന് കൃഷി നശിച്ചു. മണ്ണിടിച്ചിലിനെ മുന്നറിയിപ്പായി കണ്ട് ജാഗ്രതാ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
◾ വടകര തോടന്നൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു. രാജസ്ഥാന്‍ സ്വദേശി അനം ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതര സംസ്ഥാന തൊഴിലാളി നിസാമുദ്ദീന്റെ മകളാണ് മരിച്ച അനം. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടം അടക്കം പരിശോധനകള്‍ നടത്തുമെന്നാണ് വിവരം.
◾വാണിയംകുളത്തെ ഡിവൈഎഫ്ഐ ആക്രമണ കേസിലെ മുഖ്യപ്രതി കീഴടങ്ങി. ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക് സെക്രട്ടറി രാകേഷ് ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ ഓഫീസില്‍ എത്തിയാണ് കീഴടങ്ങിയത്. രാകേഷിന്റെ നിര്‍ദേശ പ്രകാരമാണ് ഡിവൈഎഫ്ഐ നേതാക്കളായ ഹാരിസും സുര്‍ജിത്തും കിരണും വിനേഷിനെതിരെ ആക്രമണം നടത്തിയത്. പ്രതികള്‍ മര്‍ദ്ദിച്ച പനയൂര്‍ സ്വദേശി വിനേഷ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
◾ കേരള തീരത്തെ മത്തി കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് സിഎംഎഫ്ആര്‍ഐ. കേരളാ തീരത്തെ ചെറുമത്തികളെ പിടിക്കരുതെന്നാണ് നിയന്ത്രണം. മത്തി ഇനി അധികം വളരില്ലെന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് വിശദീകരിച്ച സിഎംഎഫ്ആര്‍ഐ, മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത ഭാവിക്ക് കുഞ്ഞുമീനുകളെ പിടിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.
◾ കൊല്ലം നെടുവത്തൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്സ് അംഗം ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. കൊട്ടാരക്കര ഫയര്‍ & റസ്‌ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാര്‍ (36), കിണറ്റില്‍ ചാടിയ നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണന്‍ (22) എന്നിവരാണ് കിണറിന്റെ കൈവരി തകര്‍ന്ന് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന ശിവകൃഷ്ണന്റെ മര്‍ദ്ദനം കാരണമാണ് അര്‍ച്ചന കിണറ്റില്‍ ചാടിയതെന്നാണ് നിഗമനം. യുവതിയെ മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്. മദ്യലഹരിയിലായിരുന്ന ശിവകൃഷ്ണന്‍ കൈവരിയില്‍ ചാരിയപ്പോള്‍ കൈവരി പെട്ടന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു
◾ തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം ഉണ്ടായത്. അസലാ (52), ഹേമശ്രീ ( രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് കാട്ടാനകള്‍ വീടിന്റെ ജനല്‍ തകര്‍ക്കുന്നതറിഞ്ഞ് കുഞ്ഞുമായി രക്ഷപെടാന്‍ പുറത്തിറങ്ങിയതായിരുന്നു മുത്തശ്ശി. ഈ സമയം വീടിന്റെ മുന്‍ഭാഗത്ത് നില്‍ക്കുകയായിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു.
◾ തമിഴ്‌നാട്ടിലെ കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേസന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
◾ രോഗിയില്‍ വിദൂര റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിച്ച് കുവൈത്തിലെ ജാബര്‍ അല്‍ അഹ്‌മദ് ആശുപത്രി. ജഹ്റ ആശുപത്രിയിലിരുന്നാണ് സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ച് സര്‍ജിക്കല്‍ റോബോട്ടിനെ നിയന്ത്രിച്ചത്. ജാബര്‍ ആശുപത്രിയിലെ ഗൈനക്കോളജിക്കല്‍ ഓങ്കോളജി യൂണിറ്റ് മേധാവി ഡോ. വഫാ അല്‍ ദുവൈസാന്‍, ഈ ചരിത്ര സംഭവത്തില്‍ പങ്കെടുത്തതില്‍ അഭിമാനം രേഖപ്പെടുത്തി.
◾ ഐആര്‍സിടിസി അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനും മറ്റ് പ്രതികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി കോടതി. ലാലു പ്രസാദ് യാദവ് ഗൂഢാലോചനയില്‍ ഏര്‍പ്പെടുകയും സ്ഥാനം ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്.
◾ രാത്രി പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന പരാമര്‍ശത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം. പശ്ചിമബംഗാളില്‍ താലിബാന്‍ ഭരണമാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചോദിച്ചു. സ്ത്രീയും പുരുഷനും തുല്യരാണെന്നത് മമത സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലേയെന്ന് ചോദിച്ച അദ്ദേഹം, സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് ജോലിക്ക് പോലും പുറത്തിറങ്ങാന്‍ പറ്റാതായെന്ന് കുറ്റപ്പെടുത്തി.
◾ ജപ്പാനില്‍ 4,000-ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്‍ഫ്ലുവന്‍സ പകര്‍ച്ചവ്യാധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിവേഗം പടരുന്ന വൈറസ് രാജ്യത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 22ന് ആരംഭിച്ച ആഴ്ചയില്‍ രാജ്യത്തുടനീളമുള്ള ഏകദേശം 3,000 ആശുപത്രികളില്‍ നിന്നായി 4,030 ഫ്ലൂ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ജാപ്പനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
◾ സമാധാന കരാറിന്റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു. ഏഴുപേരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിച്ചത്. ഇവരെ റെഡ് ക്രോസിന് കൈമാറി. ബാക്കിയുള്ള 13 ഇസ്രയേല്‍ ബന്ദികളുടെ മോചനവും നടക്കും. ഇവരെ ഇന്ന് തന്നെ മോചിപ്പിക്കും. സമാധാന കരാറിന്റെ ഭാഗമായി 1966 പലസ്തീന്‍ തടവുകാരെയും ഇസ്രയേല്‍ വിട്ടയക്കും.
◾ ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ടെല്‍ അവിവ് ബീച്ചില്‍ 'നന്ദി ട്രംപ്' എന്ന ബാനര്‍ എഴുതിയാണ് ഇസ്രയേല്‍ ട്രംപിനെ സ്വീകരിച്ചത്. ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രയേല്‍ പാര്‍ലമെന്റിനെ ട്രംപ് അഭിസംബോധന ചെയ്യും.
◾സംസ്ഥാനത്ത് റെക്കോഡ് കയറ്റം തുടര്‍ന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 105 രൂപ വര്‍ധിച്ച് 11,495 രൂപയും പവന്‍ വില 850 രൂപ ഉയര്‍ന്ന് 91,960 രൂപയുമായി. ശനിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 11,390 രൂപയും പവന്‍ 91,120 രൂപയുമെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. വെറും 12 ദിവസം കൊണ്ട് സ്വര്‍ണ വിലയിലുണ്ടായത് 4,520 രൂപയുടെ വര്‍ധനയാണ്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുതിച്ചുയര്‍ന്നു. ഗ്രാമിന് 85 രൂപ കൂടി 9,450 രൂപയായി. 14 കാരറ്റിന് 7,355 രൂപയും ഒമ്പത് കാരറ്റിന് 4,740 രൂപയുമായി. ആഭ്യന്തര വിപണിയില്‍ ഉത്സവകാല ഡിമാന്‍ഡ് ഉയരുന്നത് സ്വര്‍ണ വില വീണ്ടും ഉയര്‍ത്താന്‍ ഇടയായേക്കും. ഇന്ന് ഔണ്‍സ് സ്വര്‍ണ വില 4,059.71 ഡോളര്‍ തൊട്ടു. വെള്ളി വിലയും കുതിപ്പിലാണ്. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 10 രൂപ വര്‍ധിച്ച് ചരിത്രത്തിലാദ്യമായി ഗ്രാമിന് 185 രൂപ തൊട്ടു. വ്യാവസായിക ആവശ്യം കുതിച്ചുയര്‍ന്നതാണ് വെള്ളി വിലയില്‍ കുതിപ്പിന് പ്രധാനം കാരണം. വെള്ളി വിലയിലെ ഉയര്‍ച്ച മൂലം കൂടുതലായി ആളുകള്‍ നിക്ഷേപം തുടങ്ങിയതും വിലയെ ബാധിച്ചു.
◾മാപ്പ്‌മൈ ഇന്ത്യ നിര്‍മിച്ച മെയിഡ് ഇന്‍ ഇന്ത്യ നാവിഗേഷന്‍ ആപ്പ് - 'മാപ്പിള്‍സ്' തരംഗമാകുന്നു. കിടിലന്‍ ഫീച്ചറുകളുള്ള മാപ്പിള്‍സ് ഗൂഗ്ള്‍ മാപ്പിന്റെ പകരക്കാരനാകുമെന്നാണ് റിപ്പോര്‍ട്ട്. ഗൂഗ്ള്‍ മാപ്പ് മാതൃകയില്‍ ഇന്ത്യന്‍ റോഡുകള്‍ക്ക് അനുസൃതമായ വിവരങ്ങളാണ് മാപ്പിള്‍സ് നല്‍കുന്നത്. ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഡിസൈന്‍ ചെയ്ത ഡിജിറ്റല്‍ മാപ്പുകള്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, തത്സമയ ട്രാഫിക്ക് അലര്‍ട്ടുകള്‍ എന്നിവയാണ് മാപ്പിള്‍സിന്റെ പ്രത്യേകത. ജംഗ്ഷനുകളുടെ ത്രി ഡി വ്യൂ, ബില്‍ഡിംഗുകള്‍ക്ക് അകത്തെ ഷോപ്പുകളുടെ വിവരങ്ങള്‍, ഓഫ്‌ലൈന്‍ മാപ്പുകള്‍ എന്നിവയും ഇതില്‍ കിട്ടും. മാത്രവുമല്ല സ്പീഡ് ലിമിറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍, അപകട മേഖലകളെക്കുറിച്ചുള്ള മുന്നറിയിപ്പ്, വലിയ വളവുകള്‍, സ്പീഡ് ബ്രേക്കറുകള്‍, ട്രാഫിക്ക് സിഗ്നലുകള്‍, സി.സി.ടി.വി, നിരീക്ഷണ ക്യാമറകളുടെ ലൊക്കേഷന്‍ എന്നിവയും ആപ്പില്‍ അറിയാം. ഇനി യാത്രക്ക് എത്ര രൂപ ചെലവാകുമെന്ന് മനസിലാക്കാനുള്ള ട്രിപ്പ് കാല്‍കുലേറ്ററും ഇതില്‍ ലഭ്യമാണ്. 200ലധികം രാജ്യങ്ങളിലും ആപ്പിന്റെ സേവനം ലഭ്യമാണ്.
◾ ഉറക്കത്തിനിടെയുള്ള സ്വപ്നം അമിതമാകുന്നത് മാനസികാരോഗ്യം തകരാറിലാകുന്നതിന്റെ ലക്ഷണമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, അമിതമായി സ്വപ്നം കാണുന്നത് ഉറക്കത്തിന്റെ നിലവാരം കുറയ്ക്കുകയും പകലുമുഴുവന്‍ ക്ഷീണം തോന്നുകയും ചെയ്യും. ഉയര്‍ന്ന തോതിലുള്ള മാനസിക സമ്മര്‍ദമാകാം അമിതമായി സ്വപ്നം കാണലിന് പിന്നിലെ പ്രധാന കാരണം. അമിത ഉത്കണ്ഠ ഉള്ളവര്‍ പേടിസ്വപ്നങ്ങള്‍ സ്വപ്നം കാണുന്നത് പതിവാണ്. ശ്വസന വ്യായാമങ്ങളും യോഗയും മെഡിറ്റേഷനുമൊക്കെ ചെയ്തു സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കുന്നത് സ്വപ്നം കാണലിന്റെ തീവ്രത കുറയ്ക്കും. ജീവിതശൈലിയിലെ മാറ്റങ്ങളും സ്വപ്നം കാണലിനെ സ്വാധീനിക്കാറുണ്ട്. പോഷകക്കുറവ്, ഉറക്കരീതിയിലെ മാറ്റം, അമിതമായ കഫീന്‍ ഉപയോഗം, ഉറങ്ങുന്നതിന് മുമ്പുള്ള മദ്യപാനം എന്നിവ ഉറക്കം താറുമാറാകാനും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും. സ്ഥിരമായി വ്യായാമം ശീലമാക്കുന്നത് സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുന്നതും എന്നും കൃത്യസമയത്ത് ഉറങ്ങുന്നതുമൊക്കെ ഒരു പരിധിവരെ സഹായിക്കും. മുന്‍പ് നേരിട്ട മാനസിക ആഘാതങ്ങളും വൈകാരിക പ്രശ്‌നങ്ങളുമൊക്കെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വപ്നത്തില്‍ പ്രതിഫലിച്ചേക്കാം. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ ഉറങ്ങുമ്പോള്‍ ഉപബോധ മനസ് പുറത്തെടുക്കും. ഇത് നല്ല ഉറക്കം ലഭിക്കാതിരിക്കാന്‍ കാരണണാകും. സ്ലീപ് അപ്നിയ, നാര്‍കോലെപ്‌സി, റെസ്റ്റലസ് ലെഗ് സിന്‍ഡ്രോം തുടങ്ങിയ ഉറക്കത്തകരാറുകളും അമിതമായി സ്വപ്നം കാണാന്‍ കാരണമായേക്കാം. ചില മരുന്നുകള്‍ കഴിക്കുന്നതും ഉറക്കത്തെ സാരമായി ബാധിക്കാറുണ്ട്. വിഷാദത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റുകള്‍ ഇത്തരത്തില്‍ ഉറക്കത്തെ ബാധിക്കാറുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.65, പൗണ്ട് - 118.11, യൂറോ - 102.76, സ്വിസ് ഫ്രാങ്ക് - 110.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.80, ബഹറിന്‍ ദിനാര്‍ - 235.09, കുവൈത്ത് ദിനാര്‍ -288.87, ഒമാനി റിയാല്‍ - 230.52, സൗദി റിയാല്‍ - 23.64, യു.എ.ഇ ദിര്‍ഹം - 24.17, ഖത്തര്‍ റിയാല്‍ - 24.35, കനേഡിയന്‍ ഡോളര്‍ - 63.29.
➖➖➖➖➖➖➖➖
Tags:
KERALA