Trending

പ്രഭാത വാർത്തകൾ

2025  ഒക്ടോബർ 9  വ്യാഴം 
1201  കന്നി 23   ഭരണി 
1447  റ : ആഖിർ 16

◾ ആരോഗ്യ ദൃഢഗാത്രരായ ആളുകള്‍ക്കു മാത്രമുള്ളതാണോ നിയമസഭ? മുഖ്യമന്ത്രിയുടെ നിയമസഭയിലെ ബോഡി ഷേയിമിങ്ങിനെതിരെ പ്രതിപക്ഷത്തിന് കടുത്ത പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ ബോഡി ഷെയമിങ് പരാമര്‍ശം ഞെട്ടലോടെയാണ് കേട്ടതെന്നും അതിനേക്കാള്‍ ഉത്കണ്ഠപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഡെസ്‌കിലടിച്ച് പ്രോത്സാഹിപ്പിച്ച മന്ത്രിമാരുടെയും ഭരണപക്ഷ എംഎല്‍എമാരുടെയും നിലപാടാണെന്നും നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു.  മുഖ്യമന്ത്രിയുടെ നികൃഷ്ട ജീവി, പരനാറി, കൂലം കുത്തി എന്നീ പരാമര്‍ശങ്ങള്‍ കേരളം കേട്ടതാണെന്നും അതിന്റെയൊക്കെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പരാമര്‍ശമെന്നും നജീബ് കാന്തപുരം പറഞ്ഞു. ഇത്തരം ആക്ഷേപങ്ങള്‍ക്ക് വിധേയമാകുന്നവരുടെ മാനസികാഘാതത്തെക്കുറിച്ച് മുഖ്യമന്ത്രി ആലോചിച്ചിട്ടുണ്ടോയെന്നും ഇത്തരത്തില്‍ മനുഷ്യനെ അപമാനിക്കുന്ന മുഖ്യമന്ത്രിയെ തിരുത്താന്‍ ഇടതുപക്ഷത്ത് ആരുമില്ലാത്ത അവസ്ഥയാണോയെന്നും നജീബ് കാന്തപുരം ചോദിച്ചു. മുഖ്യമന്ത്രിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഉയരം കുറഞ്ഞ ആളുകളെക്കൂടിയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചിരിക്കുന്നതെന്നും കേരളത്തിന് ചേര്‍ന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍ എന്ന് ഒരിക്കല്‍കൂടി അദ്ദേഹം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

◾ നിയമസഭയില്‍ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. പ്രതിപക്ഷ നിയമസഭാ അംഗത്തിന്റെ ഉയര കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസ്സിനു കളങ്കം വരുത്തുന്നതും പാര്‍ലിമെന്ററി മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

◾ സംസ്ഥാനത്ത് ക്ഷേമ സര്‍വെ നടത്താന്‍ ലക്ഷ്യമിട്ടുള്ള സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. നവകേരളം - സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി എന്ന പേരില്‍ 2026 ജനുവരി ഫെബ്രുവരി മാസങ്ങളിലായിരിക്കും സര്‍വെ നടത്തുകയെന്ന് മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ അറിയിച്ചുള്ള വാര്‍ത്താക്കുറിപ്പിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ക്ഷേമ പദ്ധതി വിലയിരുത്തുമെന്നും വികസന പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമാഹരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 80 ലക്ഷം വീടുകളില്‍ സര്‍വെ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

◾  ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വര്‍ണ്ണം മാറി ചെമ്പായത് കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയായിരിക്കെയാണെന്നും ഇത് ഹൈക്കോടതി തന്നെയാണ് ശരിവെച്ചതെന്നും കടകംപള്ളി സുരേന്ദ്രന്റെ ഏറ്റവും അടുത്ത ആളായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
◾  നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിച്ചേക്കും. ശബരിമല സ്വര്‍ണപ്പാളി വിവാദത്തെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തില്‍ തുടര്‍ച്ചയായി നിയമസഭാ സമ്മേളനം സ്തംഭിക്കുന്ന സാഹചര്യത്തിലാണിത്. നാളെ വരെയാണ് സഭാ സമ്മേളനം നടക്കേണ്ടിയിരുന്നത്. ഇതുസംബന്ധിച്ച് ഇന്ന് രാവിലെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.  കഴിഞ്ഞ മൂന്നു ദിവസമായി നിയമസഭാ സമ്മേളനം സ്തംഭിച്ചിരുന്നു.

◾  ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അനൗദ്യോഗിക അന്വേഷണം ആരംഭിച്ചു. സംഘത്തിലെ രണ്ട് എസ് ഐമാര്‍ വൈകിട്ട് തിരുനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി. നാളെ വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് എസ് പി അറിയിച്ചു. ഇതിനു ശേഷമായിരിക്കും പ്രത്യേക അന്വേഷണ സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിക്കുക.

◾  മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ അന്യഗ്രഹജീവികളായി കണക്കാക്കാനാകില്ലെന്നും അന്തസ്സോടെ ജീവിക്കാനുള്ള വയനാട് നിവാസികളുടെ മൗലികാവകാശമാണ് അപകടത്തിലായിരിക്കുന്നതെന്നും വായ്പ എഴുതിത്തള്ളുന്ന വിഷയത്തില്‍ കേരള ഹൈക്കോടതി. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രസര്‍ക്കാരിന് വിവേചനപരമായ നടപടി സ്വീകരിക്കാനാകില്ലെന്നും പ്രകോപനനിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെങ്കിലും ഭരണഘടനാമൂല്യങ്ങള്‍ മാനിക്കുന്നതിനാല്‍ പ്രത്യേകനിര്‍ദേശം നല്‍കുന്നില്ലെന്നും എന്നാല്‍, ബാങ്കുകളുടെ ഷൈലോക്കിയന്‍ നടപടി മൂകമായി കണ്ടിരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

◾  വയനാട് ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ വയനാട് എംപി പ്രിയങ്ക ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതെന്നും വന്‍വ്യവസായികളുടെ വായ്പകള്‍ കണ്ണടച്ച് എഴുതി തള്ളുന്നുവെന്നും അര്‍ഹമായ സഹായം ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ പരാജയമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
◾  വയനാടിന് കൂടുതല്‍ കേന്ദ്ര സഹായം, കേരളത്തിന് എയിംസ് തുടങ്ങിയ നിര്‍ണായക ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍. ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കാണും. മന്ത്രിമാരായ കെ എന്‍ ബാലഗോപാലും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്.

◾  കേരളത്തിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെന്നാണ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നവംബര്‍ പകുതിയോടെ ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

◾  താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തില്‍ കുറ്റബോധമില്ലാതെ പ്രതി സനൂപ്. താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, സംഭവത്തില്‍ യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു സനൂപിന്റെ പ്രതികരണം. തന്റെ ആക്രമണം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു സനൂപിന്റെ പ്രതികരണം.

◾  താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
◾  താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. ബാക്കി ജോലികളില്‍ നിന്ന് വിട്ട് നില്‍ക്കും. മറ്റ് ജില്ലകളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ജോലി മുടക്കില്ലെന്നും കെജിഎംഒഎ അറിയിച്ചു.

◾  സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ പത്ത് പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഇതുവരെ 98 പേര്‍ക്കാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. അതില്‍ 22 പേരുടെ മരണവും സ്ഥീരീകരിച്ചു.

◾  പത്തനംതിട്ട അയിരൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച 58 പവന്റെ ഉരുപ്പടി കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആറന്മുള ക്ഷേത്രത്തിലെ സ്ട്രോങ്ങ് റൂം ഇന്ന് തുറന്നു പരിശോധിക്കും. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോട് വിശദീകരണം തേടിയിരുന്നു. 2013ലാണ് ആറന്മുള  ക്ഷേത്രത്തിലെ വിഗ്രഹം പൊതിയുന്നതിനായി അയിരൂര്‍ സ്വദേശി രാമചന്ദ്രന്‍ നായര്‍ 58 പവന്‍ സ്വര്‍ണം വഴിപാടായി നല്‍കിയത്.

◾  കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെയാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്. ടി ടി വിനോദനെതിരെ വഞ്ചന, ക്രിമിനല്‍ വിശ്വാസ ലംഘനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നിലവിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ ദിനേഷ് കുമാറിന്റെ പരാതിയിലാണ് നടപടി.

◾  പത്തനംതിട്ടയില്‍ വനിതാ എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 42കാരന്‍ പിടിയില്‍. പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജിലാണ് സംഭവം. വനിതാ എസ്ഐ ഷെമി മോള്‍ക്കുനേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ പത്തനംതിട്ട സ്വദേശി അമീര്‍ ഖാന്‍ (42) അറസ്റ്റിലായി. അമീര്‍ഖാന്റെ കുടുംബാംഗവുമായി ബന്ധപ്പെട്ട മിസ്സിങ് കേസില്‍ വൈദ്യ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം.

◾  കൊച്ചിയില്‍ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നു. കൊച്ചി കുണ്ടന്നൂര്‍ ജംഗ്ഷനില്‍ സ്റ്റീല്‍ വില്പന കേന്ദ്രത്തിലാണ് സംഭവം നടന്നത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടി പണം കവര്‍ന്നത്. മുഖംമൂടി ധരിച്ച് എത്തിയ സംഘമാണ് തോക്ക് ചൂണ്ടി പണം കവര്‍ന്നത്. മൂന്ന് പേര്‍ അടങ്ങുന്ന മുഖംമൂടി സംഘമാണ് കവര്‍ച്ചയ്ക്കെത്തിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾  കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയ ടെര്‍മിനലുകളായ മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്‍ഡ് എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മട്ടാഞ്ചേരി ടെര്‍മിനലില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഈ രണ്ട് ടെര്‍മിനലുകള്‍ കൂടി തുറക്കുന്നതോടെ കൊച്ചി വാട്ടര്‍ മെട്രോയുടെ ആകെ ടെര്‍മിനലുകളുടെ എണ്ണം 12 ആയി ഉയരും

◾  വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു. നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന സൂചനയും എം കെ വര്‍ഗീസ് നല്‍കി.

◾  യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസ് സ്റ്റേഷനില്‍ ജന്മദിന കേക്ക് മുറിച്ച് വിവാദത്തിലായ കൊടുവള്ളി പോലീസ് സ്റ്റേഷന്‍ മുന്‍ ഇന്‍സ്‌പെക്ടര്‍ കെ പി അഭിലാഷിനെ സര്‍വീസില്‍ നിന്നും സസ്‌പെപെന്റ് ചെയ്തു. വിവാദത്തെ തുടര്‍ന്ന് അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു.

◾  എന്‍ഡിഎ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ല്‍ രാജ്യത്ത് 74 വിമാനത്താവളങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇന്നത് 160 താണ്. മുംബൈ നഗരത്തിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ നവിമുംബൈ ഡിബി പാട്ടില്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം വര്‍ധിച്ചു വരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി തന്റെ ഡീപ്ഫേക്ക് വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.

◾  ഇന്ത്യന്‍ ടെക് ലോകത്ത് മാറ്റത്തിന്റെ കാഹളം മുഴക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുപ്രധാന തീരുമാനം. തന്റെ ഔദ്യോഗിക ഇ - മെയില്‍ പ്ലാറ്റ്‌ഫോം ഇന്ത്യന്‍ നിര്‍മ്മിത പ്ലാറ്റ്ഫോമായ സോഹോ മെയിലിലേക്ക് മാറ്റി. സോഹോയുടെ മെസേജിംഗ് ആപ്പായ 'അരാട്ടെ' തരംഗമാകുന്നതിനിടെയാണ് സോഹോ മെയിലിലേക്കുള്ള അമിത് ഷായുടെ മാറ്റമെന്നത് ശ്രദ്ധേയമാണ്. 'താങ്ക്യു ഫോര്‍ യുവര്‍ കൈന്‍ഡ് അറ്റന്‍ഷന്‍' എന്ന് കുറിച്ചുകൊണ്ടാണ് സോഹോയിലേക്കുള്ള മാറ്റത്തിന്റെ വിവരം ഷാ പങ്കുവച്ചത്.

◾  മധ്യപ്രദേശിലടക്കം വ്യാജ ചുമ സിറപ്പ് കഴിച്ച് 16 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഒരു ഡോക്ടറെ മാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്നും, ഗുണനിലവാരം കുറഞ്ഞ ഇത്തരം മരുന്നുകള്‍ക്ക് അംഗീകാരം നല്‍കിയവര്‍ക്കെതിരെ നടപടി വേണമെന്നും ഓള്‍ ഇന്ത്യ ഡോക്ടര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ദാരുണമായ സംഭവത്തില്‍ കുട്ടികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചുകൊണ്ട് അസോസിയേഷന്റെ ചീഫ് രക്ഷാധികാരിയായ ഡോ. രോഹന്‍ കൃഷ്ണന്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

◾https://.in/  പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ കനത്ത മഴയും മണ്ണിടിച്ചിലും കാരണം നാളെ വരെ എല്ലാ സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും. കണക്റ്റിവിറ്റിയും ഗതാഗതവും തടസപ്പെട്ടതാണ് അവധിക്ക് പ്രധാന കാരണമെന്ന് ഗോര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

◾  തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി ഉന്നത നേതൃത്വം സ്വാധീനിക്കുയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രവൃത്തികള്‍ ആക്ടിങ് പ്രധാനമന്ത്രിയുടേത് പോലെയാണെന്നും ഷായില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിതമായി വിശ്വാസമര്‍പ്പിക്കരുതെന്നും മമത പറഞ്ഞു. ഒരിക്കല്‍ അയാള്‍ നിങ്ങളുടെ ഒറ്റുകാരനായെത്തി നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കിയേക്കാം എന്ന തരത്തിലുള്ള പദപ്രയോഗവും മമത ഇതോടൊപ്പം നടത്തി.

◾  മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഭരണകാലത്തൊഴികെ ഒരിക്കലും ഇന്ത്യയില്‍ ഐക്യം  ഉണ്ടായിരുന്നില്ലെന്ന വിചിത്രവാദവുമായി പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. സമാ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്ത പ്രസ്താവന നടത്തിയത്.  

◾  പാക്കിസ്ഥാന് യുഎസ് കൂടുതല്‍ അംറാം മിസൈലുകള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. എഫ് 16 വിമാനങ്ങളില്‍ നിന്ന് തൊടുക്കുന്നതാണ് ഈ മിസൈലുകള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് പാക്കിസ്ഥാനെ യുഎസ് പരിഗണിച്ചതെന്നാണ് വിവരം.

◾  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച് ഗാസ സമാധാന പദ്ധതി ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വലിയ പ്രതിസന്ധിയായി മാറുന്നു. ട്രംപിന്റെ സമാധാന നിര്‍ദ്ദേശങ്ങളില്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള ചര്‍ച്ച ഈജിപ്തില്‍ പുരോഗമിക്കുമ്പോള്‍, ഇസ്രയേലില്‍ കാര്യങ്ങള്‍ നെതന്യാഹുവിന് തിരിച്ചടിയാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾  2025 ലെ രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. സുസുമ കിറ്റഗാവ, റിച്ചാര്‍ഡ് റോബ്സണ്‍, ഒമര്‍ എം. യാഘി എന്നീ ഗവേഷകരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റല്‍ - ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം. രസതന്ത്രത്തിലെ നിയമങ്ങള്‍ മാറ്റിമറിച്ച ഗവേഷണമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

◾  പ്രതിരോധ മേഖലയിലെ പ്രമുഖ സ്വകാര്യ കമ്പനിയായ അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്നോളജീസിന് എതിരെ ഇറക്കുമതി തീരുവ വെട്ടിപ്പ് നടത്തിയതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ അന്വേഷണം. യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ചില ഭാഗങ്ങള്‍ ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി ആരോപണമുളളത്. 77 കോടി രൂപയുടെ (ഏകദേശം 9 മില്യണ്‍ ഡോളര്‍) തീരുവ വെട്ടിച്ചതിനാണ് അന്വേഷണം നേരിടുന്നത്. ഹ്രസ്വദൂര മിസൈല്‍ സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളല്ലാത്ത ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി സംശയിക്കുന്നത്. കസ്റ്റംസ് നികുതികളില്‍ നിന്നും തീരുവകളില്‍ നിന്നും ഒഴിവാക്കപ്പെട്ട വിഭാഗത്തില്‍ ഇവ തെറ്റായി ചേര്‍ത്തുവെന്നാണ് ആരോപണം. ഈ ഭാഗങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ 10 ശതമാനം ഇറക്കുമതി തീരുവയും 18 ശതമാനം പ്രാദേശിക നികുതിയും നല്‍കേണ്ടതുണ്ടായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ അദാനി ഡിഫന്‍സിന്റെ വരുമാനത്തിന്റെ 10 ശതമാനത്തിലധികമാണ് ആരോപിക്കപ്പെടുന്ന 9 മില്യണ്‍ ഡോളര്‍ നികുതി വെട്ടിപ്പ്.

◾  നടന്‍ രവി മോഹന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ജെനി'. കല്യാണി പ്രിയദര്‍ശനും കൃതി ഷെട്ടിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആദ്യത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രേക്ഷകരെ ഞെട്ടിച്ചത് കല്യാണിയുടെ ഡാന്‍സ് ആണ്. കൃതിയും കല്യാണിയും രവി മോഹനുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 'അബ്ദി അബ്ദി' എന്ന ഗാനമാണ് പുറത്തുവന്നത്. എന്നാല്‍ പാട്ടിലെ കല്യാണിയുടെ ലുക്കിനെതിരെ വിമര്‍ശനങ്ങളുമുയരുന്നുണ്ട്. കല്യാണിയുടെ ഹൈ എനര്‍ജി പെര്‍ഫോമന്‍സിനെ അഭിനന്ദിച്ചെത്തുന്നവരും കുറവല്ല. 'ലോക പോലെ വലിയൊരു വിജയത്തിന്റെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ അന്യഭാഷയില്‍ കേവലമൊരു ഐറ്റം ഡാന്‍സിന് കല്യാണി തയ്യാറാകണമായിരുന്നോ' എന്ന് ചോദിക്കുന്നവരും കുറവല്ല. കല്യാണിയെയും കൃതിയെയും കൂടാതെ ദേവയാനി, വാമിക ഗബ്ബി എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവാഗതനായ അര്‍ജുന്‍ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഉടനെ തിയറ്ററുകളിലെത്തും.

◾  മോളിവുഡിന്റെ ചരിത്രത്തിലെ ആദ്യ 300 കോടി ക്ലബ്ബ് ചിത്രമായി 'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര'. 41 ദിവസം കൊണ്ടാണ് ഒരു മലയാള സിനിമ ഇതുവരെയും കടന്നുചെല്ലാത്ത നേട്ടത്തിലേക്ക് ലോക എത്തിയിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് ആണ് ലോകയുടെ ചരിത്രനേട്ടം അറിയിച്ച് എത്തിയിരിക്കുന്നത്. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. 300 കോടിയില്‍ ഇന്ത്യന്‍ ഗ്രോസ് 180.78 കോടിയാണ്. നെറ്റ് 154.39 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം നേടിയത് 119.3 കോടിയുമാണ്. മലയാളത്തില്‍ ഒരു പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിക്ക് തുടക്കമിട്ട ദുല്‍ഖര്‍ സല്‍മാനും നിര്‍മ്മാതാവ് ഡൊമിനിക് അരുണും ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗത്തിലെ ടൈറ്റില്‍ റോളിലെത്തിയ കല്യാണിയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്യും ഒക്കെ അടങ്ങുന്ന മുഴുവന്‍ ലോക ടീമിനും അവകാശപ്പെട്ടതാണ് ലോകയുടെ ഈ മഹാവിജയം. 30 കോടി ബജറ്റിലാണ് ചന്ദ്ര ഒരുങ്ങിയത്.

◾  ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയുടെ അനുബന്ധ സ്ഥാപനമായ ഡാസിയ, ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ഒരു പുതിയ കണ്‍സെപ്റ്റ് അവതരിപ്പിച്ചു. ഡാസിയ ഹിപ്സ്റ്റര്‍ എന്നാണ് ഈ കണ്‍സെപ്റ്റിന്റെ പേര്. ഡാസിയയുടെ സ്പ്രിംഗ് ഇവിയെക്കാള്‍ ചെറുതാണ് ഹിപ്സ്റ്റര്‍. ഇതിന് വെറും മൂന്ന് മീറ്റര്‍ നീളമേയുള്ളൂ. അതേസമയം സ്പ്രിംഗിന് 3.7 മീറ്റര്‍ നീളമുണ്ട്. എങ്കിലും നാല് മുതിര്‍ന്നവര്‍ക്ക് ഇരിക്കാന്‍ കഴിയും. ഭാരം കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ രീതിയില്‍ ഹിപ്സ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഇത് കാര്‍ബണ്‍ പുറന്തള്ളല്‍ പകുതിയായി കുറയ്ക്കുന്നു. ഇതിന് 3,000 മില്ലീമീറ്റര്‍ നീളവും 1,550 മില്ലീമീറ്റര്‍ വീതിയും 1,530 മില്ലീമീറ്റര്‍ ഉയരവും 800 കിലോഗ്രാം ഭാരവുമുണ്ടാകും. ഇതിന് 70 ലിറ്റര്‍ ബൂട്ട് ശേഷിയുണ്ട്. പിന്‍ സീറ്റുകള്‍ മടക്കിവെച്ചാല്‍ 500 ലിറ്റര്‍ വരെയാകും ബൂട്ട്. സ്പ്രിംഗിന് യൂറോപ്പില്‍ ഏകദേശം 17,000 യൂറോ വിലവരും. ചെറിയ പട്ടണങ്ങളിലും നഗരപ്രദേശങ്ങളിലും ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഇലക്ട്രിക് വാഹനമാണ് ഡാസിയ ഹിപ്സ്റ്റര്‍.

◾  രാഷ്ട്രീയ എതിരാളികളുടെ കടുത്ത ആക്രമണമാണ് ഇ.പി. ജയരാജന്‍ നേരിട്ടതും തരണംചെയ്തതും. ജീവിതവും മരണവും നേര്‍ക്കുനേര്‍ നിന്ന് വടംവലിച്ച സന്ദര്‍ഭങ്ങള്‍, ജീവനെടുക്കാന്‍ വന്ന്, ശരീരത്തിന്റെ ഭാഗം തന്നെയായി മാറിയ വെടിയുണ്ട, ഉന്നം തെറ്റിപ്പോയ ബോംബുകള്‍, ജീവിതം തിരികെക്കിട്ടിയ നാളുകള്‍... തിരിഞ്ഞുനോക്കുമ്പോള്‍ ഒരു മിസ്റ്ററി ത്രില്ലറായോ മിത്തായോ മാത്രം കണ്ടെടുക്കാവുന്ന കഥകളുടെ സഞ്ചയമാണ് ഇ.പി. ജയരാജന്റെ ജീവിതം. കേരള രാഷ്ട്രീയത്തിലെ സമരതീക്ഷ്ണമായ ഒരു കാലത്തെ അടയാളപ്പെടുത്തുന്ന ആത്മകഥ. 'ഇതാണെന്റെ ജീവിതം'. മാതൃഭൂമി. വില 232 രൂപ.

◾  കാല്‍സ്യം, ഇരുമ്പ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് റാഗി. കൂടാതെ ഇത് ഗ്ലൂട്ടന്‍ രഹിതമാണ്. കാല്‍സ്യത്താല്‍ സമ്പുഷ്ടമായതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിന് ഇത് മികച്ചതാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും റാഗി വിഭവങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ബലത്തിന് നല്ലതാണ്. ഉയര്‍ന്ന നാരുകള്‍ കൂടുതല്‍ നേരം വയറു നിറഞ്ഞതായി നിലനിര്‍ത്തുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. റാഗിയുടെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയര്‍ന്ന നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍, അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു, കൂടാതെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍. വിളര്‍ച്ചയെ ചെറുക്കാനും സഹായിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ റാഗി മാവ് കൊണ്ട് രുചികരമായ ദോശ അല്ലെങ്കില്‍ റൊട്ടി ഉണ്ടാക്കി കഴിക്കാവുന്നതാണ്. റാഗി കൊണ്ട് ഉണ്ടാക്കുന്ന കുറുക്ക്, രാവിലെയും വൈകുന്നേരവും ചൂടോടെ കഴിക്കാം. ഇത് ദഹനത്തിന് എളുപ്പമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ആരോഗ്യകരമാണ്. മധുരം ഇഷ്ടപ്പെടുന്നവര്‍ക്ക്, റാഗി ശര്‍ക്കരയും അണ്ടിപ്പരിപ്പും ചേര്‍ത്ത് പോഷകസമൃദ്ധമായ റാഗി ബോള്‍സ് ഉണ്ടാക്കാം. റാഗി പാലിലോ വെള്ളത്തിലോ കുറുക്കി കഴിക്കാവുന്നതാണ്. കുട്ടികള്‍ക്ക് ഇത് വളരെ ഇഷ്ടമുള്ള വിഭവമാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ തന്റെ ഭാര്യയോട് പറഞ്ഞു:  അല്‍പം വെണ്ണ കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു. വെണ്ണ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.  ഭാര്യ പറഞ്ഞു:  നമ്മുടെ വീട്ടില്‍ വെണ്ണയില്ല.  വാങ്ങാന്‍ പണവും ഇല്ല. അതു കേട്ട അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:  വെണ്ണ കഴിക്കാതിരിക്കുന്നതാണ് നല്ലത്.  അത് ഹൃദയത്തിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല.  ചിന്താകുഴപ്പത്തിലായ ഭാര്യ ചോദിച്ചു:  വെണ്ണ നല്ലതാണെന്നല്ലേ ആദ്യം നിങ്ങള്‍ പറഞ്ഞത്.  ഇപ്പോള്‍ പറയുന്ന വെണ്ണ നല്ലതല്ലെന്ന്.  ഇതില്‍ ഏതാണ് ശരി. . അയാള്‍ പറഞ്ഞു:  വീട്ടില്‍ വെണ്ണ ഉണ്ടായിരുന്നെങ്കില്‍ ആദ്യം പറഞ്ഞതായിരുന്നു ശരി.  വീട്ടില്‍ വെണ്ണയില്ലാത്ത സ്ഥിതിക്ക് രണ്ടാമത് പറഞ്ഞതാണ് ശരി.. അയാള്‍ ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോയി.  സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ആളുകളുടെ സംസാരവും സമ്പര്‍ക്കവും.  തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിറംമാറുന്നതിന് പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാറില്ല.  അവസരങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കനുസരിച്ചും നിലപാടുകള്‍ മാറ്റുന്നവരെ സൂക്ഷിക്കണം.  അവരെ വിശ്വസിക്കാന്‍ കൊള്ളില്ല.  കൂടെ നില്‍ക്കുന്നവരെയെല്ലാം ഉപേക്ഷിച്ച് തങ്ങള്‍ക്ക് ഉപകരിക്കുന്ന സ്ഥലത്തേക്ക് അവര്‍ പലായനം ചെയ്യും.  താല്‍കാലിക ഉപയോഗത്തിനുളള വസ്തുക്കളായേ അവര്‍ എന്തിനേയും പരിഗണിക്കൂ.   പക്ഷേ, സ്ഥായിയായ അഭിപ്രായങ്ങളുളളവര്‍ എന്തിനെക്കുറിച്ചും ആധികാരികമായി അന്വേഷിച്ചേ നിലപാടെടുക്കൂ.  സന്ദര്‍ഭത്തിനനുസരിച്ച് ചിന്താഗതികള്‍ മാറ്റാത്തതുകൊണ്ട് അവര്‍ അവരുടെ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരായിരിക്കും.  അവസരങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി നിലപാട് മാറ്റാതിരിക്കുക.. സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുക - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right