2025 ഒക്ടോബർ 5 ഞായർ
1201 കന്നി 18 ചതയം, പൂരുരുട്ടാതി 1447 റ :ആഖിർ 12
◾ ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാമജപ പ്രതിഷേധം തുടങ്ങാന്‍ ഹിന്ദു ഐക്യവേദി. നാളെ മുതല്‍ വരുന്ന ഞായറാഴ്ച വരെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടി നടത്തും. ദേവസ്വം ബോര്‍ഡ് രാജിവെക്കുക, ശബരിമലയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാമജപ പ്രതിഷേധം.
◾ ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് വ്യക്തമാക്കി. സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ടാണ് ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സര്‍ക്കാരിന് ഒന്നും പേടിക്കാന്‍ ഇല്ലെങ്കില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പികെ കൃഷ്ണദാസ് വെല്ലുവിളിച്ചു.
◾ ഹൈന്ദവ വിശ്വാസത്തിനോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചനയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു. ആദ്യം, 2018-ല്‍ ശബരിമലയുടെ സംസ്‌കാരം തകര്‍ക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. തുടര്‍ന്ന് അവര്‍ക്കെതിരെ പ്രതിഷേധിക്കുന്ന അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നത് കണ്ടു. പിന്നാലെ ഇപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അയ്യപ്പസംഗമം സംഘടിപ്പിച്ചിരിക്കുന്നു. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണം മോഷ്ടിക്കുന്നതിനിടയിലാണ് ഇതെല്ലാം നടന്നിരിക്കുന്നത്.
◾ ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്ത് നാല് മണിക്കൂറോളമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തത്. 2019ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത്, പണപ്പിരിവ് നടത്തിയത്, സ്പോണ്‍സര്‍ഷിപ്പ് നേടിയത് തുടങ്ങിയ വിവരങ്ങള്‍ വിജിലന്‍സ് തേടി. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
◾ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് നടത്തിയ സ്വര്‍ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പന് ഭക്തന്‍ കൊടുക്കുന്ന സമ്പത്ത് ആരും മോഷ്ടിച്ചുകൊണ്ടുപോകാന്‍ പാടില്ല. ശബരിമലയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അതിനകത്ത് മോഷണവും ചൂഷണവും ഇന്ന് തുടങ്ങിയതല്ല. ഒരുപാട് കൊല്ലങ്ങളായി. ഇപ്പോഴാണ് കണ്ടുപിടിച്ചത് എന്നേയുള്ളൂ. സ്വര്‍ണപ്പാളിയായതുകൊണ്ടാണ് കണ്ടുപിടിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.
◾ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നടന്‍ ജയറാമിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. എത്ര നിഷ്‌കളങ്കമായി ഭക്തിയുടെ പേരില്‍ ആണെന്ന് പറഞ്ഞാലും ജയറാമിന്റെ നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നേമം ഷജീര്‍ അഭിപ്രായപ്പെട്ടത്. ശബരിമലയിലെ സ്വര്‍ണവാതില്‍ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ അക്കാര്യം ജയറാം അധികാരികളെ അറിയിക്കണമായിരുന്നു എന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ പറഞ്ഞു.
◾ ശബരിമല വിഷയത്തില്‍ എന്‍ എസ് എസ് സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാട് താഴെത്തട്ടിലേക്ക് വിശദീകരിക്കാന്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിളിച്ച യോഗം മാറ്റിവെച്ചു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് നാളെ നടത്താന്‍ തീരുമാനിച്ച താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും അടിയന്തര യോഗമാണ് മാറ്റിയത്. യോഗത്തില്‍ പങ്കെടുക്കുന്നതിന് ഭൂരിഭാഗം താലൂക്ക് യൂണിയന്‍ ഭാരവാഹികളും അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് പിന്നീട് ഒരു ദിവസത്തേക്ക് യോഗം മാറ്റിയത്.
◾ ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടില്‍ നിന്ന് ഊരാളുങ്കലിന്റെ നേതൃത്വത്തിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് മുന്‍കൂര്‍ അനുവദിച്ചത് മൂന്ന് കോടി രൂപയെന്ന വിവരം പുറത്ത്. സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പണം ചെലവാക്കുന്നില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍ സ്പോണ്‍സര്‍മാരുടെ പണം കിട്ടുമ്പോള്‍ പണം തിരിച്ചെടുക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം.
◾ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹന്‍ലാല്‍. 'മലയാളം വാനോളം, ലാല്‍സലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും, മലയാളസിനിമയുടെ ചരിത്രത്തിലെ സുവര്‍ണ നേട്ടമാണ് ഇതെന്നും, ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.കാഴ്ചക്കാരില്ലെങ്കില്‍ കലാകാരന്മാര്‍ ഇല്ലെന്നും, തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്കുള്ളതാണെന്നും മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
◾ കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ അര്‍ഹമായ സഹായം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെയും ദുരന്തബാധിതരായ ജനങ്ങളുടെയും അവകാശം സംരക്ഷിക്കാനും അര്‍ഹമായ സഹായം നല്‍കാനും ഇനിയും വൈകരുതെന്നുംമുഖ്യമന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
◾ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മാത്രം 84,203 പേര്‍ക്ക് 347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങള്‍ ക്ഷേമനിധി ബോര്‍ഡിലൂടെ നല്‍കിയതായി തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മോട്ടോര്‍ വാഹന ക്ഷേമ നിധി ബോര്‍ഡിന്റെ കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശിക്ഷക് സദനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ചു മാസങ്ങളിലായി 41,990 ആളുകള്‍ പുതുതായി അംഗത്വമെടുത്തത് പദ്ധതിയുടെ സ്വീകരണശേഷിയും കാര്യക്ഷമതയും തെളിയിക്കുന്നതാണെന്ന് മന്ത്രി പരാമര്‍ശിച്ചു.
◾ വയനാട്ടിലെ മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ യുപി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ല. ഒന്നരവര്‍ഷം മുന്‍പ് യുപി അനുവദിച്ച മൂന്ന് സ്‌കൂളുകളിലും ഓരോ താല്‍ക്കാലിക അധ്യാപകരെ മാത്രമാണ് പഠിപ്പിക്കാന്‍ നിയോഗിച്ചിരുന്നത്. അധ്യാപകര്‍ ഇല്ലാത്തതിനാല്‍ രക്ഷിതാക്കള്‍ പണം പിരിച്ച് സ്‌കൂളില്‍ ഒരു രക്ഷിതാവിനെ പഠിപ്പിക്കാന്‍ നിയോഗിച്ചിരിക്കുകയാണെന്ന് സിദ്ദിഖ് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലുടെ പ്രതികരിച്ചു.
◾ മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ്സിറപ്പ് കേരളത്തില്‍ നിരോധിച്ചു. തമിഴ്നാട്ടില്‍ ഉല്‍പാദിപ്പിച്ച കഫ്സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും നടപടി. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്ആര്‍ 13 എന്ന ബാച്ച് കേരളത്തില്‍ വില്പനയ്ക്ക് എത്തിയിട്ടില്ലെന്നാണ് നിഗമനം.
◾ കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവത്തിനിടെ കുട്ടികള്‍ അവതരിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം ഷോ നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. മൈം ഷോ അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍ കുട്ടി വ്യക്തമാക്കി. കുമ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ വിഷയം വേദിയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി ഉണ്ടാകും.
◾ ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാര്‍ത്ഥികളുടെ മനസുകളില്‍ ഏകപക്ഷീയമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും നടത്തുന്ന ദില്ലി സര്‍ക്കാരിന്റെ നീക്കം അപകടകരമാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്നത് ചരിത്രസത്യമാണ്.ദില്ലി സര്‍ക്കാര്‍ നീക്കത്തിനെതിരെ എം എസ് എഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
◾ സ്വകാര്യ ബസുകളില്‍ നിയമവിരുദ്ധമായി എയര്‍ഹോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 21 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. രണ്ടു ജില്ലകളിലുമായി 75ഓളം വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചത്.
◾ സംസ്ഥാനത്ത് 5 പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിന് പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ - മട്ടന്നൂര്‍ ) , കൊടൂങ്ങല്ലൂര്‍ - അങ്കമാലി, വൈപ്പിന്‍ - മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുക. പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഏജന്‍സിയെ തെരഞ്ഞെടുക്കുവാനുള്ള ടെന്‍ഡര്‍ നടപടികള്‍ ദേശീയപാതാ അതോറിറ്റി ആരംഭിച്ചു.
◾ പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കില്‍ ഇപ്പോള്‍ മാറ് കാണിക്കാനാണ് സമരമെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. അമിതമായിട്ടുള്ള പാശ്ചാത്യ വല്‍ക്കരണം വേണ്ട. നമുക്ക് അറേബ്യന്‍ സംസ്‌കാരവും ആര്യസംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും വേണ്ട. പൂര്‍വീകര്‍ നടന്നതുപോലെ നടന്നാല്‍ മതിയെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഒരുകൂട്ടര്‍ മുഖം മറക്കുന്നു. മറ്റു കൂട്ടര്‍ മറ്റു ചിലത് തുറന്ന് കാണിക്കുന്നു. ചിലര്‍ അത്യാവശ്യം ട്രൗസര്‍ പൊക്കി നടക്കുന്നു. കാണിക്കാന്‍ പറ്റിയതാണെങ്കില്‍ തരക്കേടില്ല. ഈ കോഴിക്കാല്‍ കാണിച്ചിട്ടെന്ത് കാര്യമെന്താണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. മലപ്പുറം തിരൂരില്‍ എംഇഎസ് അധ്യാപകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഫസല്‍ ഗഫൂര്‍.
◾ വര്‍ക്കലയില്‍ വിദേശ പൗരന് ക്രൂരമര്‍ദനം. ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ ഗ്രീസ് സ്വദേശിയായ റോബര്‍ട്ടിനാണ് മര്‍ദനമേറ്റത്. വാട്ടര്‍ സ്പോര്‍ട്സ് നടത്തുന്ന തൊഴിലാളികള്‍ മര്‍ദ്ദിച്ചതായാണ് പരാതി. ടൂറിസം പൊലീസ് ഇടപെട്ട് റോബര്‍ട്ടിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. റോബര്‍ട്ടിന്റെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
◾ കോട്ടയം കാണക്കാരിയില്‍ ഭാര്യയെ കൊന്നു കൊക്കയില്‍ തള്ളിയത് ദിവസങ്ങളോളം ആസൂത്രണം ചെയ്താണെന്ന് പ്രതി സാം കെ. ജോര്‍ജിന്റെ മൊഴി. കുടുംബ പ്രശ്നങ്ങളും സ്വത്തു തര്‍ക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൃതദേഹം ഉപേക്ഷിച്ച ശേഷം നാടുവിട്ട പ്രതിയെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനും സിസിടിവികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
◾ പല്ലശ്ശനയില്‍ ബാലികയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയും ആരോഗ്യവകുപ്പിനെതിരേയും അതിരൂക്ഷവിമര്‍ശനവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
◾ കൊല്ലം കണ്ണനല്ലൂര്‍ സിഐയ്ക്ക് സ്ഥലം മാറ്റം. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കാണ് കണ്ണനല്ലൂര്‍ സിഐ ആന്‍ഡ്രിക് ഗ്രോമിക്കിനെ സ്ഥലം മാറ്റിയത്. സിപിഎമ്മിന്റെ നെടുമ്പന ലോക്കല്‍ സെക്രട്ടറി സജീവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനാണ് ആന്‍ഡ്രിക് ഗ്രോമിക്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ പരാതിക്ക് പിന്നാലെയാണ് സിഐയുടെ സ്ഥലം മാറ്റം.
◾ തൃശൂര്‍ പുതുക്കാട് പറപ്പൂക്കര മുത്രത്തിക്കരയില്‍ അച്ഛനെ വെട്ടിയശേഷം വീടിനു മുകളില്‍ ഒളിച്ചിരുന്ന മകന്‍ അഞ്ച് മണിക്കൂര്‍ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം പോലീസില്‍ കീഴടങ്ങി. മുത്രത്തിക്കര ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മേക്കാടന്‍ വീട്ടില്‍ 68 വയസുള്ള ശിവനെയാണ് മകന്‍ വിഷ്ണു വെട്ടിയത്. കഴുത്തിന് വെട്ടേറ്റ ശിവനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
◾ മിന്നലേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പില്‍ പടീറ്റതില്‍ ബിനു തമ്പാന്‍ (45) ആണ് മരിച്ചത്. ഗുരുതരമായിപരിക്കേറ്റ വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്‌കുമാറിനെ (39) പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു ഇടിമിന്നലേറ്റത്.
◾ മൂലമറ്റം പവര്‍ഹൗസ് മിനിയേച്ചര്‍ മാതൃക ടൂറിസം പദ്ധതി, ഇടുക്കി ഡാം ലേസര്‍ ഷോ പ്രോജക്ട് തുടങ്ങി കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം പദ്ധതി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. സുരക്ഷാ കാരണങ്ങളാല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് മിനിയേച്ചര്‍ മാതൃക നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് പവര്‍ഹൗസിന്റെ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുന്ന പദ്ധതി നടപ്പാക്കുന്നത്.
◾ നടനും തമിള്‍ വെട്രി കഴകം നേതാവുമായ വിജയുടെ പ്രചാരണവാഹനം പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. വിജയ്യുടെ കാരവാനും യുവാക്കള്‍ സഞ്ചാരിച്ച ബൈക്കുകളും ഉള്‍പ്പെട്ട അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പൊലീസ് കേസെടുക്കാത്തത്തിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് സെന്തില്‍ കുമാറിന്റെ ഉത്തരവ്. അപടത്തില്‍ ഉള്‍പ്പെട്ട നേതാവിന്റെ വാഹനം പിടിച്ചെടിക്കണമെന്നും ബസിന്റെ ഉള്ളിലും പുറത്തുമുള്ള സിസിറ്റിവി ദൃശ്യങ്ങളും ശേഖരിക്കണം എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
◾ ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങള്‍ക്കുള്ള ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴി പണമടച്ചാല്‍ വാഹനത്തിന്റെ ടോള്‍ നിരക്കിന്റെ 25ശതമാനം അധികം അടച്ചാല്‍ മതിയെന്നാണ് പുതിയ ഭേദഗതി. പണമായിട്ടാണെങ്കില്‍ നിലവിലുള്ളപോലെ നിരക്കിന്റെ ഇരട്ടി അധികമായി അടയ്ക്കണം. നവംബര്‍ 15 ന് പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരും.
◾ തനിക്ക് ലഭിച്ച അഞ്ച് വര്‍ഷത്തെ ഇന്ത്യന്‍ വിസയുടെ വിവരം പങ്കുവെച്ചുകൊണ്ട് അമേരിക്കന്‍ പൌരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വലിയ ശ്രദ്ധ നേടുന്നു. ടോണി ക്ലോര്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന അമേരിക്കക്കാരന്‍ ക്ലോര്‍ ആന്റണി ലൂയിസ് എന്നയാളാണ് തനിക്ക് 5 വര്‍ഷത്തെ ഇന്ത്യന്‍ വിസ ലഭിച്ച വിവരം പങ്കുവെച്ചത്. വിദേശ സാങ്കേതിക വിദഗ്ധരെ ഇന്ത്യ സ്വാഗതം ചെയ്യുന്നതില്‍ ആവേശം പ്രകടിപ്പിച്ചുകൊണ്ടാണ് ടോണി ക്ലോര്‍ തന്റെ ട്വീറ്റ് പങ്കുവെച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വിദേശികള്‍ രാജ്യം വിട്ട് പോകട്ടെ എന്നാണ് പറയുന്നത്''. എന്നാല്‍ 'വെല്‍ക്കം ഹോം ഭായി' എന്നാണ് മോദി പറയുന്നതെന്ന് ടോണി ക്ലോര്‍ എക്സില്‍ കുറിച്ചു.
◾ നിയമപരമാക്കിയതുകൊണ്ടുമാത്രം നീതിയുണ്ടാകണമെന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്. ഇന്ത്യയില്‍ നിയമവാഴ്ചയാണുള്ളത്, ബുള്‍ഡോസര്‍ നീതിയല്ലെന്നും മൗറീഷ്യസ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിനിടെ ഗവായ് പറഞ്ഞു. നിയമവാഴ്ചയെന്നത് ഒരുകൂട്ടം നിയമങ്ങള്‍ മാത്രമല്ല. തുല്യതയും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാനും വ്യത്യസ്തവും സങ്കീര്‍ണവുമായ സമൂഹത്തില്‍ ഭരണത്തിന് മാര്‍ഗ നിര്‍ദേശമേകാനുമുള്ള ധാര്‍മികമായ ചട്ടക്കൂടാണതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
◾ അറബിക്കടലില്‍ രൂപംകൊണ്ട 'ശക്തി' ചുഴലിക്കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറത്തിറക്കി.മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നതോടെ തീരദേശ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്
◾ പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍. ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ സൗമിത്ര സൈകി അധ്യക്ഷന്‍ ആയ സമിതിയാണ് അന്വേഷണം നടത്തുക. ഇതിനിടെ സുബീന്‍ ഗാര്‍ഗിന്റെ മാനേജര്‍ക്കും പരിപാടിയുടെ സംഘാടകനുമെതിരെ അറസ്റ്റിലായ സംഗീതജ്ഞന്‍ ശേഖര്‍ ജ്യോതി ഗോസാമി മൊഴി നല്‍കി. സുബീന്‍ ഗാര്‍ഗിന് മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മയും പരിപാടിയുടെ സംഘാടകന്‍ ശ്യാംകാനു മഹന്തയും വിഷം നല്‍കിയതാവാം എന്ന് ഗോസാമി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
◾ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ വന്‍ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ യുവാക്കളുടെ ഉന്നമനമാണ് ലക്ഷ്യമെന്നും അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരട്ടി തൊഴിലവസരം ഉറപ്പാക്കുമെന്നും മോദി പ്രഖ്യാപിച്ചു. ദില്ലി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഐടിഐ വിദ്യാര്‍ഥികള്‍ക്ക് മോദി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. 1000 ഐടിഐകളുടെ നിലവാരം ഉയര്‍ത്തുന്ന പി.എം. സേതു അടക്കം 62,000 കോടിയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്.
◾ ബറേലിയിലും ബുള്‍ഡോസര്‍ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സമീപ ദിവസങ്ങളില്‍ ഐ ലവ് മുഹമ്മദ് വിവാദവുമായി ബന്ധപ്പെട്ട് നഗരത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്നാണ് നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടം ശനിയാഴ്ച പൊളിക്കല്‍ നടപടിയുമായി രംഗത്തെത്തിയത്.
◾ ഇന്ത്യന്‍ പൗരത്വത്തിന് ശ്രമിക്കുന്നു എന്ന ആരോപണങ്ങളോട് പ്രതികരിച്ച് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. എക്‌സില്‍ കുറിച്ചിട്ട പോസ്റ്റിലാണ് കനേരിയ തന്റെ നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാന്‍ ജനതയില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹത്തിന് നന്ദിയുണ്ടെന്നും എന്നാല്‍ തന്റെ ക്രിക്കറ്റ് കരിയറിനിടെ ആഴത്തിലുള്ള വിവേചനവും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങളും നേരിട്ടതായും അദ്ദേഹം പറഞ്ഞു.
◾ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ചാരവൃത്തിക്കായി വിസ ഡെസ്‌ക് ദുരുപയോഗം ചെയ്യുന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഹരിയാണയിലെ പല്‍വല്‍ സ്വദേശിയായ വസീം അക്രം എന്ന സിവില്‍ എഞ്ചിനീയറെ അറസ്റ്റ് ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ചൊവ്വാഴ്ചയാണ് അക്രമിനെ അറസ്റ്റ് ചെയ്തത്.
◾ മധുര മീനാക്ഷി ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെയോടെ ഡിജിപിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയ്‌ക്കൊടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
◾ ഫറൂഖാബാദിലെ കോച്ചിംഗ് സെന്ററും ലൈബ്രറിയുമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആര്‍മി റിക്രൂട്ട് പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന ആകാശ് സക്‌സേന (25), ആകാശ് കശ്യപ് (24) എന്നിവരാണ് മരിച്ചത്.
◾ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാന്‍ എത്തുന്ന സ്ത്രീകളുടെ മുഖം വോട്ടര്‍ കാര്‍ഡുകളുമായി ഒത്തുനോക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്‌സ്വാളിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പട്‌നയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംഘത്തെ സന്ദര്‍ശിച്ചപ്പോഴാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.
◾ ജോധ്പൂരിലെ ഒരു ബാറില്‍ നിന്നും ബിയറുകളും ഭക്ഷണവും വാങ്ങിയ കസ്റ്റമറിന് 20% അധിക തുക 'പശു സെസ്' ഈടാക്കിയ സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പശുക്കളുടെയും ഗോശാലകളുടെയും സംരക്ഷണത്തിനും വേണ്ടിയെന്ന പേരിലാണ് 'പശു സെസ്' ഈടാക്കിയത്. ബില്ലിന്റെ പകര്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധിപ്പേരാണ് എതിര്‍ത്തും അനൂകൂലിച്ചും പ്രതികരിച്ച് രംഗത്തെത്തിയത്.
◾ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക്. ഒക്ടോബര്‍ 8, 9 തീയതികളിലാണ് സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ, 'വിഷന്‍ 2035' രൂപരേഖയുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും.
◾ അമേരിക്കയിലെ ഡാളസില്‍ 27 വയസ്സുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ അജ്ഞാതനായ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ല.
◾ ജപ്പാനില്‍ ചരിത്രമെഴുതാന്‍ സനേ തകായിച്ചി. രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാകാനൊരുങ്ങുകയാണ് തകായിച്ചി. ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സനേ തകായിച്ചിയെ പുതിയ നേതാവായി തെരഞ്ഞെടുത്തതോടെയാണ് അവര്‍ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. 64 കാരിയായ തകായിച്ചി, മുന്‍ പ്രധാനമന്ത്രി ജൂനിചിരോ കൊയിസുമിയുടെ മകനും 44 വയസ്സുള്ള മിതവാദിയുമായ ഷിന്‍ജിറോ കൊയിസുമിയെ പരാജയപ്പെടുത്തിയാണ് പാര്‍ട്ടി നേതാവായത്.
◾ അറബിക്കടലില്‍ തുറമുഖം നിര്‍മിക്കാന്‍ പാകിസ്ഥാന്‍ അമേരിക്കയുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ ഉപദേഷ്ടാക്കള്‍ യുഎസ് ഉദ്യോഗസ്ഥരെ സമീപിച്ചെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനിലെ ധാതുസമ്പത്ത് പാസ്നി നഗരത്തില്‍ നിന്നും അമേരിക്കന്‍ നിക്ഷേപകര്‍ക്ക് കൊണ്ടുപോകാന്‍ ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. അഫ്ഗാനിസ്ഥാനും ഇറാനും അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ ജില്ലയിലെ തുറമുഖ പട്ടണമാണ് പാസ്നി.
◾ ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതിന് യുഎസ് പ്രസിഡന്റെ ഡൊണാള്‍ട്ട് ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മേദി. ട്രംപിന്റെ ഇരുപതിന സമാധാന നിര്‍ദേശങ്ങളിലെ പ്രധാന ഭാഗങ്ങള്‍ ഹമാസ് അംഗീകരിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് നിര്‍ണ്ണായക പുരോഗതി കൈവരിച്ചതില്‍ ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നതായി മോദി പറഞ്ഞു.
◾ യുക്രൈനിലെ പാസഞ്ചര്‍ തീവണ്ടിക്കു നേരെ റഷ്യയുടെ വ്യോമാക്രമണം. മുപ്പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. വടക്കന്‍ സുമി മേഖലയിലാണ് സംഭവമെന്ന് പ്രാദേശിക ഗവര്‍ണര്‍ ഒലെ ഹ്രിഹൊറോവ് പറഞ്ഞു. റെയില്‍വേ സ്റ്റേഷനെ ലക്ഷ്യമാക്കിയായിരുന്നു റഷ്യയുടെ ആക്രമണമെന്നും ഷോസ്ട്കയില്‍നിന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട തീവണ്ടിയാണ് ആക്രമണത്തിനിരയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയില്‍ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. അതേസമയം ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്‍ ഏകദിനത്തിലും ടീമിനെ നയിക്കും. ഉപനായകനായി ശ്രേയസ്സ് അയ്യര്‍ ടീമിലിടംപിടിച്ചു. എന്നാല്‍ മലയാളി താരം സഞ്ജു സാംസണിനെ പരിഗണിച്ചില്ല. കെ.എല്‍. രാഹുല്‍ തന്നെയാകും ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളും പരമ്പരയിലുണ്ട്.
◾ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്ക് ട്രോഫി കൈമാറാതിരുന്ന പാക് ആഭ്യന്തര മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമായ മൊഹ്‌സിന്‍ നഖ്വിയെ പാകിസ്താന്‍ ആദരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സുല്‍ഫിക്കര്‍ അലി ഭൂട്ടോ എക്‌സലന്‍സ് ഗോള്‍ഡ് മെഡല്‍ നല്‍കി ആദരിക്കുമെന്ന് സംഘാടകര്‍ നിലപാടെടുത്തതായാണ് സൂചന. ഏഷ്യാ കപ്പ് ഫൈനലിലെ ട്രോഫി കൈമാറ്റ വിവാദത്തിനിടെ നഖ്വി എടുത്ത ധീരമായ നിലപാടിനെ അംഗീകരിച്ചാണ് പുരസ്‌കാരമെന്ന് റിപ്പോര്‍ട്ടുകള്‍.
◾ രാജ്യത്തെ സ്വര്‍ണ്ണ വായ്പാ വിപണി അഭൂതപൂര്‍വമായ വളര്‍ച്ച രേഖപ്പെടുത്തി മുന്നോട്ട് കുതിക്കുന്നു. സ്വര്‍ണ്ണവില റെക്കോഡ് വര്‍ധന രേഖപ്പെടുത്തുന്നതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം. റിസര്‍വ് ബാങ്ക് കണക്കനുസരിച്ച്, 2025 ജൂലൈ 25 വരെ സ്വര്‍ണ്ണാഭരണ വായ്പ 2.94 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 1.32 ലക്ഷം കോടി രൂപയായിരുന്നു. അതായത്, ഒരു വര്‍ഷത്തിനിടെ 122 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വര്‍ദ്ധന. വ്യക്തിഗത വായ്പാ വിഭാഗത്തില്‍ ഏറ്റവും വേഗമേറിയ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ സ്വര്‍ണ്ണവില വര്‍ദ്ധന മാത്രമല്ല, ലളിതമായ വായ്പാ വ്യവസ്ഥകളും, സ്വര്‍ണ്ണവായ്പയെ ആശ്രയമായി കാണുന്ന പ്രവണതയുമാണ്. ആഗോളതലത്തിലെ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരത നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് ആകര്‍ഷിക്കുന്നു. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതും സാമ്പത്തിക അസ്ഥിരതയുടെ കാലഘട്ടങ്ങളില്‍ ആളുകള്‍ സ്വര്‍ണ്ണത്തെ ആകര്‍ഷകമായ ഒരു നിക്ഷേപ മാര്‍ഗ്ഗമായി കാണുന്ന പ്രവണത വര്‍ധിച്ചതുമെല്ലാം സ്വര്‍ണ്ണവിലയെ ബാധിച്ചു.
◾ ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത 'ആശാന്‍' എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സൂപ്പര്‍സ്റ്റാര്‍ കരണ്‍ ചന്ദ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന നടന്‍ ബിബിന്‍ പെരുമ്പിള്ളിയുടെ പോസ്റ്റര്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദ്രന്‍സ് പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'ലോക'യില്‍ ശ്രദ്ധേയമായ വേഷത്തില്‍ ബിബിന്‍ പെരുമ്പിള്ളി എത്തിയിരുന്നു. 'ലോക'യില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ബിബിന്‍ മികച്ച പ്രകടനം നല്‍കിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന 'ആശാന്‍' എന്ന ചിത്രത്തില്‍ 100 ല്‍ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നടന്‍ ഷോബി തിലകനും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.
◾ തേജ സജ്ജ നായകനായി വന്ന ചിത്രമാണ് 'മിറൈ'. മിറൈ റിലീസിന് മാത്രം 12 കോടിയുടെ കളക്ഷനാണ് ഇന്ത്യയില്‍ നെറ്റായി നേടിയത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് കേരളത്തില്‍ വിതരണത്തിന് എത്തിച്ച ചിത്രം ആഗോളതലത്തില്‍ 142 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത് എന്നും സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴിതാ ജിയോഹോട്സ്റ്റാറിലൂടെ മിറൈ ഒടിടിയില്‍ ഒക്ടോബര്‍ 10ന് സ്ട്രീമിംഗ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. റിതിക നായക് ആണ് ചിത്രത്തിലെ നായിക. ഒരു സൂപ്പര്‍ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തില്‍ വേഷമിടുന്നത്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ശ്രിയ ശരണ്‍, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവന്‍ ചോപ്ര, തന്‍ജ കെല്ലര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍
◾ ബിഎംഡബ്ല്യുവിന്റെ ആഡംബര സെഡാന്‍ 5 സീരിസ് എല്‍ഡബ്ല്യുബി സ്വന്തമാക്കി ഗായകന്‍ വിധു പ്രതാപ്. എക്സ്ഷോറൂം വില 72.35 ലക്ഷം രൂപ വരുന്ന 530 എല്‍ഐ എം സ്പോര്‍ട് ആണ് മലയാളത്തിന്റെ പ്രിയ ഗായകന്‍ സ്വന്തമാക്കിയത്. വിധുവും ഭാര്യ ദീപ്തിയും ചേര്‍ന്ന് പുതിയ വാഹനം ഡെലിവറി എടുക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് 5 സീരിസ്. 530 എല്‍ഐ എം സ്പോര്‍ട് എന്ന മോഡലില്‍ മാത്രമാണ് വാഹനം ലഭിക്കുന്നത്. രണ്ടു ലീറ്റര്‍ നാലു സിലിണ്ടര്‍ ട്വിന്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. എന്‍ജിനൊപ്പം 48 വോട്ട് ഹൈബ്രിഡ് സംവിധാനവും ചേര്‍ത്തിരിക്കുന്നു. 258 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 6.5 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും ഈ ആഡംബര സെഡാന്‍.
◾ മനുഷ്യരാശിയുടെ എല്ലാ കോണുകളിലൂടെയും യാത്രചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ചരിത്രം, സാഹിത്യം, യാത്രാനുഭവം, തത്ത്വചിന്ത, വിദ്യാഭ്യാസം തുടങ്ങി ചിന്തകളെ തൊട്ടുണര്‍ത്തുന്ന അനുഭവങ്ങളില്‍നിന്ന് ഉടലെടുത്ത അറിവുകളുടെ ശേഖരം. ചില നിമിഷങ്ങളില്‍ ഈ അനുഭവങ്ങള്‍ നമ്മുടേതുംകൂടിയല്ലേ എന്ന് തോന്നാം. ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്നു ലഭിച്ച അനുഭവങ്ങളുടെ ഒത്തുചേരല്‍. 'ഋതുഭേദങ്ങളിലെ മൃദുമര്‍മ്മരങ്ങള്‍'. അമര്‍നാഥ് എളയാവൂര്. മാതൃഭൂമി. വില 382 രൂപ.
◾ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ഒരു പഴമുണ്ടോ എന്ന ചോദിച്ചാല്‍, ഉണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. യുഎസിലെ വില്യം പാറ്റേഴ്‌സണ്‍ സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ അങ്ങനെയൊരു പഴത്തെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ലോകത്തിലെ വ്യത്യസ്ത തരം പഴങ്ങളെ താരതമ്യം ചെയ്തു കൊണ്ട് നടത്തിയ പഠനത്തില്‍ വിശകലനത്തില്‍ വിറ്റാമിനുകള്‍, നാരുകള്‍, ഫ്ലേവനോയ്ഡുകള്‍ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ സാന്ദ്രതയില്‍ നാരങ്ങ വേറിട്ടു നില്‍ക്കുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് ഏത് പഴത്തെക്കാളും ആരോഗ്യത്തിന് ഗുണകരമായ സംയുക്തങ്ങള്‍ ലഭ്യമാക്കാന്‍ സിട്രിക് പഴമായ നാരങ്ങയ്ക്ക് സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 100 കലോറി കൊണ്ട് 100 ശതമാനം പോഷക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് കരുതുന്ന 41 ഭക്ഷണ ഓപ്ഷനുകളില്‍ നിന്ന് നാരങ്ങ വേറിട്ടു നിന്നു. മാത്രമല്ല, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, ഇരുമ്പ് ആഗിരണം ചെയ്യാനും ദഹനം മെച്ചപ്പെടുത്താനും ഹൃദ്രോഗങ്ങള്‍ തടയാനും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ നാരങ്ങ സഹായിക്കും. ഇതിനൊപ്പം, നാരങ്ങയ്ക്ക് ഒരു സവിശേഷ ഗുണം കൂടിയുണ്ട്. ഇതിന് അസിഡിക് സ്വഭാവമുണ്ടെങ്കിലും ഉപാപചയ പ്രക്രിയയ്ക്ക് ശേഷം ശരീരത്തില്‍ ആല്‍ക്കലൈന്‍ സ്വഭാവം ഉണ്ടാക്കുന്ന ഇവ പിഎച്ച് നില സന്തുലിതമാക്കാന്‍ സഹായിക്കുന്നു. നാരങ്ങ മൊത്തത്തിലുള്ള മെറ്റബോളിസം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു. മാത്രമല്ല, പ്രതിരോധശേഷിക്ക് അത്യാവശ്യമായ വിറ്റാമിന്‍ സി നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങയുടെ അസിഡിക് ഗുണം ആരോഗ്യത്തിന് നല്ലതാണെന്നും ശത്രുവല്ലെന്നും ഗവേഷകര്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
മലമുകളിലാണ് അയാളുടെ താമസം. കടല്‍ കാണണമെന്ന് കുറെനാളായി അയാള്‍ ആഗ്രഹിക്കുന്നു. അങ്ങനെ വീട്ടുകാരോടും നാട്ടുകാരോടുമെല്ലാം അറിയിച്ചശേഷം അയാള്‍ കടല്‍ കാണാന്‍ പുറപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞ് തിരിച്ചെത്തിയ അയാളോട് കടല്‍ എങ്ങിനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് അയാള്‍ ഇങ്ങനെയാണ് ഉത്തരം നല്‍കിയത്. കുഴപ്പമില്ല. പക്ഷേ, കുറച്ചുകൂടി നന്നാക്കാമായിരുന്നു. ചിലര്‍ അങ്ങിനെയാണ്. അവരെ ആര്‍ക്കും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല. എന്തിലും കുറവുകള്‍ മാത്രമേ അവര്‍ കണ്ടെത്തൂ.. ശരാശരി എന്നതായിരിക്കും അവരിടുന്ന മാര്‍ക്ക്. ഈ ശരാരി ഒരേ സമയം സുരക്ഷിതമേഖലയും അപകടമേഖലയുമാണ്. തന്നേക്കാള്‍ മെച്ചമാണ് മറ്റൊരാളെന്നും, തന്നേക്കാള്‍ മികച്ചതാണ് മറ്റൊരാള്‍ക്കുളളതെന്നും അംഗീകരിക്കാന്‍ കഴിയാത്തവരുടെ അടിസ്ഥാനപ്രകൃതമാണ് ശരാശരിയില്‍ തളച്ചിടുക എന്നത്. സത്യസന്ധമായ വിലയിരുത്തലുകള്‍ എന്തിന്റെയും നിലവാരമുയര്‍ത്തും. നല്ലതല്ലാത്തവയെ അങ്ങിനെ തന്നെ വെളിപ്പെടുത്തിയാല്‍ അവിടെ നവീകരണത്തിനുളള ശ്രമങ്ങള്‍ നടക്കും. നല്ലതിനെ നല്ലതെന്ന് പറഞ്ഞാല്‍, അതൊരു അംഗീകാരമാണ്. അവിടെ വീണ്ടും വളരാനും വലുതാകാനും താല്‍പര്യമുണ്ടാകും. ന്യൂനതകളുണ്ടെങ്കില്‍, അവയുടെ സാധ്യതകളിലൂടെ വേണം നമ്മുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍. അവിടെ ക്രിയാത്മകത ഉണരും, സ്വയം തിരുത്താനുളള ശേഷി കൈവരും. ഓരോരുത്തരും അവരവരുടെ തനിമകളിലും പോരായ്മകളിലുമാണ് ജീവിതം കെട്ടിപ്പടുക്കുന്നത്. അതിന് വിലയിടുമ്പോള്‍ മേന്മക്ക് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്.- ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA