Trending

പ്രഭാത വാർത്തകൾ.

2025  ജൂലൈ 31  വ്യാഴം 
1200  കർക്കിടകം 15   ചിത്തിര 
1447  സ്വഫർ 5

◾ ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ക്രൂഡോയില്‍ ഇറക്കുമതിയും, യുഎസുമായുള്ള ദീര്‍ഘകാല വ്യാപാര തടസ്സങ്ങളുമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി ട്രംപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ട്രംപിന്റെ ഈ തീരുമാനം കയറ്റുമതി രംഗത്ത് എതിരാളികളുടെമേല്‍ മുന്‍തൂക്കം നേടാനുള്ള അവസരം ഇന്ത്യയ്ക്ക് നഷ്ടമായേക്കും. ആപ്പിളിന്റെ ഇന്ത്യയിലെ പുതിയ നിക്ഷേപ പദ്ധതികളെയും ഈ തീരുമാനം  ബാധിച്ചേക്കും. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ ഇടിവിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍.

◾ ഇന്ത്യയ്ക്ക് മേല്‍ 25% അധിക തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇന്ത്യ. ദേശീയ താല്പര്യം സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ഷകരുടെയും ചെറുകിട ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുന്‍ഗണനയെന്നും കേന്ദ്രം അറിയിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം പഠിക്കുകയാണെന്നും ഇരുപക്ഷത്തിനും ഗുണകരമായ കരാറിനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു.

◾ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. യുഎസ് പ്രസിഡന്റുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തിന് വലിയ അര്‍ത്ഥമൊന്നുമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു.

◾ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജാമ്യാപേക്ഷ സെഷന്‍സ് കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍ ജാമ്യം നല്‍കരുതെന്ന ബജ്റംഗ്ദള്‍ വാദത്തെ പ്രോസിക്യൂഷന്‍ അനുകൂലിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ കന്യാസ്ത്രീകളുടെ മോചന കാര്യത്തിലെ നിലപാട് അനുസരിച്ചാകും ബിജെപിയോടുള്ള ഇനിയുള്ള സമീപനമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്കാ ബാവ. ഭരണഘടന അനുശാസിക്കുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പാക്കണം. നീതി ലഭിച്ചില്ലെങ്കില്‍ അരമനയിലേക്കുള്ള ബിജെപി നേതാക്കളുടെ സന്ദര്‍ശനങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടി വരുമെന്നും ക്ലിമിസ് ബാവ വ്യക്തമാക്കി. അറസ്റ്റിലായ സന്യാസിനിമാര്‍ ദേശ ദ്രോഹികളല്ലെന്നും മതേതര രാഷ്ട്രത്തിലെ സഹോദരിമാരാണെന്നും കര്‍ദിനാള്‍ ക്ലിമീസ് ബാവ പറഞ്ഞു.

◾ ബജ്രംഗ് ദള്‍ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡില്‍ പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നതെന്നും അവരെ നിലക്കുനിര്‍ത്താന്‍ ഭരിക്കുന്നവര്‍ തയ്യാറാകണമെന്നും തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാരെ ജയിലില്‍ അടച്ചതിനെതിരെ കണ്ണൂര്‍ കരുവഞ്ചാലില്‍ കത്തോലിക്കാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി. കേക്കും ലഡുവുമായി തന്റെ അരമനയില്‍ ആരും വന്നിട്ടില്ലെന്നും ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യമെന്നും പാംപ്ലാനി തുറന്നടിച്ചു.

◾ കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടര്‍ന്ന് ക്ലിമീസ് ബാവയുടെ പ്രതികരണം ഇന്നത്തെ സാഹചര്യത്തിലെന്ന് കെ സുരേന്ദ്രന്‍. അത് സ്ഥായിയായ നിലപാടായി കാണേണ്ടതില്ലെന്നും രാഷ്ട്രീയം നോക്കിയാണ് ഇവിടെ പലരും ബഹളം വെയ്ക്കുന്നതെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ദുഷ്ടലാക്കാണിത് എന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ക്രിസ്ത്യന്‍ സഭകളുടെ സംയുക്ത പ്രതിഷേധത്തില്‍ മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമീസ് ബാവ തുറന്നടിച്ചിരുന്നു. 

◾ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മലയാളി കേന്ദ്ര മന്ത്രിമാര്‍ പുലര്‍ത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കെ സി ബി സി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് ബാവയുമായി പട്ടം ബിഷപ്പ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

◾ ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിയമപരമായി മാത്രമേ ഇടപെടാനാകൂവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. ഹൈക്കോടതി നിര്‍ദേശമുള്ളത് കൊണ്ടാണ് ജാമ്യാപേക്ഷ എന്‍ഐഎ കോടതിക്ക് പരിഗണിക്കേണ്ടി വരുന്നതെന്നും വിഷയം ക്രൈസ്തവര്‍ വിവേകത്തോടെ നോക്കിക്കാണണമെന്നും ഇതിനെ രാഷ്ട്രീയ ആയുധമാക്കുന്ന കോണ്‍ഗ്രസ്, നാറിയ രാഷ്ട്രീയമാണ് നടത്തുന്നതെന്നും കേന്ദ്രമന്ത്രിമാര്‍ക്ക് കോടതിയില്‍ പോയി പറയാനാകില്ലെന്നും ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.  

◾ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ ബിജെപി ആസൂത്രിതമായ നീക്കം നടത്തുന്നു എന്ന് എംഎല്‍എ സജീവ് ജോസഫ്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ അടക്കം ഇളക്കി വിടുന്നത് സര്‍ക്കാരും ബിജെപിയുമാണെന്നും, ഒരുവശത്ത് ജാമ്യം ഇപ്പൊ ശരിയാക്കാം എന്ന് പറയുന്ന ബിജെപി എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും ഉത്തരവ് ഇറങ്ങിയാല്‍ ഉടന്‍ മേല്‍ കോടതിയെ സമീപിക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു.

◾ വയനാട് പുനരധിവാസത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. രണ്ട് തവണ താന്‍ അവിടെ പോയിയെന്നും അവിടെ ദുരന്തം നടന്നപ്പോള്‍ മാത്രമാണ് പരിഹാരം തേടിയതെന്നും നല്ലൊരു ലീഡര്‍ഷിപ്പിന്റെ അഭാവമാണ് അവിടെ കണ്ടതെന്നും അടുത്ത പടി എന്താണെന്ന തീരുമാനം എടുത്തില്ല എന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. 

◾ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ബാധിച്ച 49 പേരെ കൂടി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തത്തില്‍ കടകളും കച്ചവടവും വാടക കെട്ടിടങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സാങ്കേതികത്വത്തിന്റെ പേരില്‍ പുറത്തായ 49 പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് .

◾ കേരളത്തിലെ റെയില്‍വേ ശൃംഖല വികസിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍) തയ്യറാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

◾ കേരളത്തിലെ എല്ലാ കെ.എസ്.ആര്‍.ടി.സി. ബസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക സീറ്റ് സംവരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഇതിന് അനുസൃതമായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സീറ്റ് സംവരണത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍, ഓര്‍ഡിനറി, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ തരംതിരിവുകള്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

◾ കൊല്ലം തേവലക്കര ബോയ്സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ മാതാപിതാക്കള്‍ക്ക് സഹായധനം നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനമായത്. കെഎസ്ഇബി നേരത്തെ 5 ലക്ഷം രൂപ നല്‍കിയിരുന്നു.

◾ ജനങ്ങള്‍ക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിയമം ലംഘിച്ചവര്‍ക്കെതിരെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് നിയമപ്രകാരവും വകുപ്പിന്റെ അധികാരപരിധിയില്‍ വരുന്ന മറ്റ് അനുബന്ധ നിയമങ്ങള്‍ പ്രകാരവും നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നും മന്ത്രി പറഞ്ഞു.

◾ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിനു പിന്നാലെ ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെയടക്കം സ്ഥലംമാറ്റി. വിവിധ ജയിലുകളിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ഒഴിഞ്ഞുകിടന്ന തസ്തികകളില്‍ നിയമനങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

◾ അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112  സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകള്‍ എത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് ഇത് തടസ്സമുണ്ടാക്കുന്നതിനാല്‍, ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

◾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടുക്കിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍. സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് ജില്ലാ നേതൃസംഗമത്തില്‍ വെച്ച് പ്രതിനിധികള്‍ ആരോപിച്ചു. വിമര്‍ശനം കടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വേദി വിട്ടുപോയെങ്കിലും പിന്നീട് തിരികെ എത്തി. സംഘടന പ്രവര്‍ത്തനത്തില്‍ രാഹുല്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിമര്‍ശനങ്ങളെ നേതൃത്വം അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

◾ തിരുവനന്തപുരം കോവളത്ത് വന്‍ ലഹരി വേട്ട. ബെംഗളൂരുവില്‍ നിന്നും അരക്കിലോ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കുഷ് എന്ന ലഹരി വസ്തുവുമായി എത്തിയ നാല് പേരെ സിറ്റി ഡാന്‍സാഫ് സംഘം പിടികൂടി. വാഹനം പരിശോധിക്കാതിരിക്കാന്‍ കൈക്കുഞ്ഞുങ്ങളുമായിട്ടായിരുന്നു പ്രതികളുടെ യാത്ര.

◾ പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടം കൂമഞ്ചേരികുന്നില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു. ചുങ്കത്ത് പാടിക്കല്‍ വീട്ടില്‍ വള്ളിയാണ് (80) മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീടിനു സമീപത്തെ കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടു.

◾ മലപ്പുറം അരീക്കോട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മാലിന്യക്കുഴിയില്‍ വീണ് മരിച്ചസംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് ലേബര്‍ കമ്മീഷണര്‍ അന്വേഷിക്കുമെന്നും മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും നിയമപ്രകാരം അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

◾ കൊച്ചി തീരത്ത് എം എസ് സി എല്‍സ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ വിഴിഞ്ഞം സീ പോര്‍ട്ടിനെയും, കപ്പല്‍ കമ്പനിയായ എം എസ് സിയെയും കക്ഷിയാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം. കേരള ഹൈക്കോടതിയില്‍ അടക്കമുള്ള കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട ഹര്‍ജികളുടെ വിവരങ്ങളും ട്രൈബ്യൂണല്‍ തേടി. കപ്പല്‍ അപകടം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

◾ പ്രമുഖ ഐടി വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പിലൂടെ 30 കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ജാമ്യം. വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചാവക്കാട് സ്വദേശി ശ്വേത ബാബുവിനും ഭര്‍ത്താവ് കൃഷ്ണരാജിനുമാണ് വ്യവസ്ഥതകളോടെ കോടതി ജാമ്യം നല്‍കിയത്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയത്.

◾ ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫസീല രണ്ടാമത് ഗര്‍ഭിണിയായതിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.

◾ നിമിഷ പ്രിയയുടെ വധശിക്ഷയില്‍ കാന്തപുരത്തെ വീണ്ടും തള്ളി കേന്ദ്രം. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വധശിക്ഷ റദ്ദാക്കും എന്ന അവകാശവാദം ശരിയല്ലെന്നും ഇത്തരമൊരു കേസില്‍ തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.

◾ ധര്‍മസ്ഥലയില്‍ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്തെ രണ്ടാം ദിവസത്തെ തെരച്ചില്‍ പൂര്‍ത്തിയായി. 5 പോയിന്റുകളില്‍ പരിശോധന നടത്തിയിട്ടും അന്വേഷണസംഘത്തിന് ഒന്നും കണ്ടെത്താനായില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഒന്നും പറയാനാകില്ലെന്നും എസ് ഐ ടി തലവന്‍ പ്രണബ് മോഹന്തി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡി ഐ ജി അനുചേത് അറിയിച്ചു.

◾ വീണ്ടും തമിഴ്നാട് സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത മാസം (ഓഗസ്റ്റ്) 26-ന് അദ്ദേഹം കടലൂര്‍, തിരുവണ്ണാമലൈ ജില്ലകളില്‍ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലെ ശൈവ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ തുടരാനാണ് മോദിയുടെ തീരുമാനം. ലോകപ്രശസ്തമായ ചിദംബരം നടരാജ ക്ഷേത്രം ഇത്തവണ അദ്ദേഹം ദര്‍ശിക്കുമെന്നും സൂചനയുണ്ട്.

◾ തിരുനെല്‍വേലി ദുരഭിമാനക്കൊലയില്‍ അന്വേഷണം സിബി-സിഐഡിക്ക് വിട്ട് ഉത്തരവിറക്കി തമിഴ്നാട് ഡിജിപി. തിരുനെല്‍വേലി സ്വദേശിയായ ഐടി പ്രൊഫഷണലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് നടപടി. ദളിത് വിഭാഗക്കാരനായ കെവിന്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മുത്തച്ഛനൊപ്പം ക്ലിനിക്കില്‍ നിന്ന് മടങ്ങുമ്പോളാണ് കൊലപാതകം. പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിന്‍ കുമാറിനെ കൊലപ്പെടുത്തിയത്.

◾ തമിഴ്നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിന്‍ അപകടം അട്ടിമറി എന്ന് സ്ഥിരീകരണം. റെയില്‍വേ സുരക്ഷ കമ്മീഷണര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. ബോള്‍ട്ടുകളും നട്ടുകളും നീക്കിയിരുന്നതായി കണ്ടെത്തി. 2024 ഒക്ടോബര്‍ 11നാണ് അപകടം ഉണ്ടായത്. മൈസൂരു -ദര്‍ഭംഗ ബാഗ്മതി എക്സ്പ്രസ് നിര്‍ത്തിയിട്ട ചരക്കു ട്രെയിനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 13 കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തിനു പിന്നാലെ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.

◾ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ദില്ലിയിലും ഹിമാചല്‍ പ്രദേശിലുമായി മഴക്കെടുതിയില്‍ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് ദേശീയപാതകള്‍ ഉള്‍പ്പെടെ 269 റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു.

◾ സിന്ധു നദീജല കരാര്‍ പുനപരിശോധിക്കുന്നത് പരിഗണനയിലില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു അമിത് ഷാ. സിന്ധു നദീജല കരാര്‍ പ്രകാരമുള്ള ജലം വൈകാതെ ദില്ലിയിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

◾ നാസ-ഐഎസ്ആര്‍ഒ സംയുക്ത ദൗത്യം നൈസാറിന്റെ വിക്ഷേപണം വിജയം. ഇന്നലെ വൈകുന്നേരം അഞ്ച് നാല്‍പ്പതിന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വിഎഫ് 16 റോക്കറ്റ് ഉപഗ്രഹത്തെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. ഉപഗ്രഹം പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകാന്‍ 90 ദിവസമെടുക്കും. ഉരുള്‍പ്പൊട്ടലുകളെയും അഗ്നിപര്‍വ്വത വിസ്ഫോടനങ്ങളെയും ഭൂകമ്പങ്ങളെയും സുനാമികളെയും വരെ കൂടുതല്‍ നന്നായി മനസിലാക്കാന്‍ എന്‍ഐസാര്‍ സഹായിക്കും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും ഈ വിവരങ്ങള്‍ നിര്‍ണായകമാകും.

◾ ഡിജിസിഎ ഓഡിറ്റില്‍ എയര്‍ ഇന്ത്യയില്‍ 51 സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 51 വീഴ്ചകളില്‍ ഏഴെണ്ണം സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ലെവല്‍ വണ്‍ വീഴ്ചകള്‍ ആണെന്ന് കണ്ടെത്തി. എയര്‍ലൈനുകളുടെ അംഗീകാരം റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് നയിച്ചേക്കാവുന്നവയാണ് ലെവല്‍ വണ്‍ വീഴ്ചകള്‍. ഡിജിസിഎയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ലെവല്‍ വണ്‍ പിഴവുകള്‍ ഉടന്‍ പരിഹരിക്കേണ്ടതുണ്ടെന്നും മറ്റ് 44 പിഴവുകള്‍ ഓഗസ്റ്റ് 23 നകം പരിഹരിക്കണമെന്നും നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ ഇന്‍ഫ്ലുവന്‍സര്‍മാരുടെ സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ. സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്ക് ഇനി പ്രത്യേകം പെര്‍മിറ്റ് എടുക്കണം. യുഎഇയില്‍ വന്ന് കണ്ടന്റ് ചെയ്ത് വരുമാനം ഉണ്ടാക്കുന്ന വിദേശ ഇന്‍ഫ്ലുവന്‍സര്‍മാരും ഇനി പെര്‍മിറ്റ് എടുത്ത ശേഷമേ കണ്ടന്റ് ചെയ്യാവൂ. പെര്‍മിറ്റ് ഇല്ലാതെ ഇക്കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിഴ ഈടാക്കും. 5 ലക്ഷം ദിര്‍ഹം വരെയാകും പിഴ.  

◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഖത്തര്‍ സമ്മാനിച്ച കൂറ്റന്‍ ആഡംബര ജെറ്റ്, പ്രസിഡണ്ടിന് സഞ്ചരിക്കാനുള്ള എയര്‍ഫോഴ്സ് 1 ആക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ അമേരിക്ക തുടങ്ങിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ സി ബി എസ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ബോയിങ് 747-8 ജംബോ വിമാനമാണ് ഡോണള്‍ഡ് ട്രംപിന് ഖത്തര്‍ സമ്മാനിച്ചിരുന്നത്.

◾ തെക്കന്‍ ചെങ്കടലില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സൗദിയിലെ ജിസാനില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയായാണ് ദക്ഷിണ ചെങ്കടലില്‍ ഭൂചലനം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.സൗദി അതിര്‍ത്തികളില്‍ നിന്നും ജനവാസ മേഖലകളില്‍ നിന്നും വളരെ അകലെ മാറിയാണ് ഭൂചലനമുണ്ടായതെന്നും സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്നും സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബല്‍ഖൈല്‍ പറഞ്ഞു.

◾ ബലൂചിസ്താനില്‍ പാക് സൈന്യത്തെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് പാക് സൈനിക മേധാവി ജനറല്‍ അസിം മുനിര്‍. പാകിസ്താനുമായി നടന്ന യുദ്ധത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടികിട്ടിയതിനെ തുടര്‍ന്നാണ് ബലൂചിസ്താനില്‍ ഇന്ത്യ നിഴല്‍യുദ്ധം ശക്തിപ്പെടുത്തിയതെന്നാണ് അസിം മുനിര്‍ പറയുന്നത്.

◾ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. പാകിസ്താനും ചൈനയും ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ജയ്ശങ്കര്‍. മുന്‍കാല കോണ്‍ഗ്രസ് ഭരണകാലത്ത് എടുത്തിരുന്ന തീരുമാനങ്ങളുടെ അനന്തരഫലമാണ് ചൈനയും പാകിസ്താനും ഇന്ന് ഒരുമിച്ച് ഇന്ത്യയ്ക്കെതിരേ നില്‍ക്കുന്നതിന് കാരണമെന്ന് കുറ്റപ്പെടുത്തിയ ജയ്ശങ്കര്‍  കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിനെ ചൈന ഗുരു എന്ന് വിളിച്ച് പരിഹസിച്ചു.

◾ പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ് തയ്യാറെന്നും ഈ കാര്യത്തില്‍ പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ഒരു കരാര്‍ ഒപ്പിട്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

◾ ഗാസയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്ന ഭീഷണിയുമായി ഇസ്രയേല്‍ സുരക്ഷാമന്ത്രി സീവ് എല്‍കിന്‍. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ സെപ്റ്റംബറില്‍ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്ന ബ്രിട്ടന്റെ ശാസനയ്ക്കു പിന്നാലെയാണ് ഇസ്രയേല്‍ സുരക്ഷാമന്ത്രിയുടെ പ്രതികരണം.

◾ ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം ഇന്നു മുതല്‍ ഓവലില്‍ ആരംഭിക്കും. പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 ന് മുന്നിലാണ്. തോളിനേറ്റ പരിക്ക് മൂലം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ നിന്ന് പുറത്തായി. സ്റ്റോക്‌സിന്റെ അഭാവത്തില്‍ ഓലി പോപ്പ് ഇംഗ്ലണ്ടിനെ നയിക്കും. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

◾ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോം അടുത്ത വര്‍ഷം പ്രാരംഭ ഓഹരി വില്‍പ്പനയുമായി വിപണിയിലേക്കെത്തുന്നു. 52,000 കോടി രൂപയാണ് (600 കോടി ഡോളര്‍) ഈ മുകേഷ് അംബാനി കമ്പനി വിപണിയില്‍ നിന്ന് സമാഹരിക്കന്‍ ലക്ഷ്യമിടുന്നത്. ഇതു യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വമ്പന്‍ ഐ.പി.ഒ ആയി ഇത് മാറും. ഹ്യുണ്ടായിയുടെ 28,000 കോടി രൂപയുടെ ഐ.പി.ഒയാണ് ഇതുവരെ നടന്നതില്‍ ഏറ്റവും വമ്പന്‍ ഐ.പി.ഒ. ജിയോ ഇന്‍ഫോകോമിന്റെ അഞ്ച് ശതമാനം ഓഹരികളാണ് ഐ.പി.ഒ വഴി വിറ്റഴിക്കാന്‍ ഉദ്ദേശിക്കുന്നത്. സെബിയുടെ അന്തിമ അനുമതി ഇനിയും ലഭിച്ചിട്ടില്ല. 2026ലാകും ഐ.പി.ഒ എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ആഗോള ടെക് ഭീമന്‍മാരായ മെറ്റയ്ക്കും ആല്‍ഫബെറ്റിനും അടക്കം ജിയോഫിന്നില്‍ ഓഹരി പങ്കാളിത്തമുണ്ട്. 2020 ല്‍ ഇരു കമ്പനികള്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ജിയോഫിന്നില്‍ നടത്തിയത്. അന്ന് 58 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കിയായിരുന്നു നിക്ഷേപം സമാഹരിച്ചത്.

◾ അര്‍ജുന്‍ അശോകനും രേവതി ശര്‍മ്മയും നായകനും നായികയുമായെത്തുന്ന, മഹേഷ് നാരായണന്‍ അവതരിപ്പിക്കുന്ന 'തലവര'യിലെ ആദ്യ ഗാനം പുറത്ത്. 'കണ്ട് കണ്ട് പൂചെണ്ട് തേന്‍ വണ്ട് പോലെ വന്നു നിന്ന്..' എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം പാടിയിരിക്കുന്നത് മണികണ്ഠന്‍ അയ്യപ്പയും ഇലക്ട്രോണിക് കിളിയും ചേര്‍ന്നാണ്. മുത്തുവിന്റെ വരികള്‍ക്ക് ഇലക്ട്രോണിക് കിളിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15നാണ് റിലീസ്. അഖില്‍ അനില്‍കുമാറാണ് സംവിധായകന്‍. ഒരു തമിഴ് പെണ്‍കുട്ടിയും അവള്‍ക്ക് പിന്നാലെ പ്രണയം പറയാന്‍ നടക്കുന്ന നാല് യുവാക്കളുമാണ് ഗാനരംഗത്തിലുള്ളത്. അശോകന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിന്‍ ബെന്‍സണ്‍, അശ്വത് ലാല്‍, അമിത് മോഹന്‍ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അഖില്‍ അനില്‍കുമാര്‍ തന്നെയാണ് കഥയൊരുക്കിയിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ.

◾ ജയരാജ് സംവിധാനം ചെയ്യുന്ന 'മെഹ്ഫില്‍' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പ്രേഷകരിലേക്ക്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം നല്‍കി അരവിന്ദ് വേണുഗോപാല്‍ ആലപിച്ച കാണാതിരുന്നാല്‍ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ദേവാസുരത്തിലെ മോഹന്‍ലാല്‍ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകന്‍ രഞ്ജിത്ത് ഒരുക്കിയത് കോഴിക്കോട് മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ ഒരു മെഹ്ഫില്‍ രാവ് ദൃശ്യവല്‍ക്കരിക്കുകയാണ് പ്രശസ്ത സംവിധായകനായ ജയരാജ്. മുല്ലശ്ശേരി രാജഗോപാലനായി മുകേഷ് അഭിനയിക്കുന്നു. ഭാര്യയുടെ വേഷത്തില്‍ ആശ ശരത് ആണ് എത്തുന്നത്. ഉണ്ണി മുകുന്ദന്‍, മനോജ് കെ ജയന്‍, കൈലാഷ്, രണ്‍ജി പണിക്കര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത് ലാല്‍, മനോജ് ഗോവിന്ദന്‍, അജീഷ്, ഷിബു നായര്‍ തുടങ്ങിയവര്‍ക്കൊപ്പം ഗായകരായ രമേഷ് നാരായണ്‍, ജി വേണുഗോപാല്‍, കൃഷ്ണചന്ദ്രന്‍, അഖില ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◾ ഹീറോ മോട്ടോകോര്‍പ്പ് പുതിയ സൂം 160 സ്‌കൂട്ടറിനുള്ള ബുക്കിംഗ് ആരംഭിച്ചു. ഈ അഡ്വഞ്ചര്‍-സ്റ്റൈല്‍ മാക്സി-സ്‌കൂട്ടര്‍ ഈ വര്‍ഷം ആദ്യം 1.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ലോഞ്ച് ചെയ്തിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ ഡെലിവറികള്‍ ആരംഭിക്കും. ഹീറോ സൂം 160 ന്റെ ഡെലിവറികള്‍ ഏപ്രിലില്‍ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഡീലര്‍മാര്‍ക്ക് മാക്സി സ്‌കൂട്ടറിന്റെ സ്റ്റോക്ക് ലഭിച്ചില്ല, ബുക്കിംഗുകളും നിര്‍ത്തിവച്ചു. പുതിയ സൂം 160 നെക്കുറിച്ചുള്ള പരിശീലനം കമ്പനി ജീവനക്കാര്‍ക്ക് പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹീറോ സൂം 160-ല്‍ 156 സിസി, ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന്‍ ഉണ്ട്. ഇത് 14.6 ബിഎച്ച്പിയും 14 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതിന് സിവിടി ഗിയര്‍ബോക്സ് ലഭിക്കുന്നു. ഇത് 14.6 ബിഎച്ച്പിയും 14 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്ന യമഹ എയറോക്സ് 155-നോട് നേരിട്ട് മത്സരിക്കുന്ന ഹീറോ സൂം 160 ആണ്. 14 ഇഞ്ച് വീലുകളിലാണ് സ്‌കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. സൂം 160-ന്റെ പ്രത്യേകത അതിന്റെ സ്റ്റൈലിംഗും എഞ്ചിനുമാണ്.

◾ സാധാരണ മനുഷ്യരുടെ അസാധാരണ അനുഭവങ്ങളുടെ കഥകളാണിത്. പ്രശാന്തമെന്ന് പുറമേക്ക് തോന്നിപ്പി ക്കുന്ന നിഗൂഢലോകത്തേക്ക് കടന്നുചെന്ന് സ്നേഹത്തിന്റെയും സമത്വത്തിന്റെയും സത്യത്തിന്റെയും തിരിനാളം തിരയുകയാണ് കഥാപാത്രങ്ങളും കഥാകൃത്തും. സത്രം, ചിത്രകഥ, ഏലിയന്‍ എന്നിങ്ങനെ ആറു കഥകളുടെ സമാഹാരം. 'ലാനിനയുടെ താക്കോല്‍സൂക്ഷിപ്പുകാരന്‍'. സുഭാഷ് ഒട്ടുംപുറം. എന്‍ബിഎസ്. വില 104 രൂപ.

◾ വൃക്കരോഗികളെ എപ്പോഴും അലട്ടുന്ന ഒന്നാണ് ഭക്ഷണക്രമം. സുരക്ഷിതവും ആരോഗ്യകരവുമെന്നും തോന്നുന്ന പലതും ഇവര്‍ക്ക് ഒഴിവാക്കേണ്ടതായി വരാം. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തേങ്ങയും വാഴപ്പഴവും. ഇവ ഒറ്റയ്ക്ക് കഴിക്കുന്നതും ചേര്‍ത്തു കഴിക്കുന്നതും അപകടമാണെന്ന് പ്രമുഖ യൂറോളജിസ്റ്റ് ആയ ഡോ. പര്‍വേസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ശരീരത്തിലെ ഹൃദയമിടിപ്പ് ക്രമമാക്കുന്നതിനും നാഡീ പ്രവര്‍ത്തനത്തിനും പേശി പ്രവര്‍ത്തനത്തിനുമൊക്കെ ആവശ്യമായ അവശ്യ ധാതുവാണ് പൊട്ടാസ്യം. ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം ആഗിരണം ചെയ്ത ശേഷം അധികമാകുന്നത് വൃക്കകള്‍ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് പതിവ്. എന്നാല്‍ വൃക്കരോഗികളില്‍ ഈ പ്രക്രിയ മന്ദഗതിയിലായിരിക്കും. ഇത് ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കൂടാന്‍ കാരണമാകും. പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴവും തേങ്ങയും ഈ സാഹചര്യത്തില്‍ വളരെ ചെറിയ അളവില്‍ വൃക്ക രോഗി കഴിക്കുന്നത് പോലും അവരുടെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവു കൂടാനും ഇത് ഹൃദയാഘാതം ഉള്‍പ്പെടെ നിരവധി ആരോഗ്യ സങ്കീര്‍ണതകളിലേക്കും നയിക്കുമെന്ന് അദ്ദേഹം പറയുന്നു. രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവു കൂടിയാല്‍ മലബന്ധം, ക്ഷീണം, ഛര്‍ദ്ദി, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയാഘാതം പോലുള്ള ഗുരുതരമായ ഹൃദയ പ്രശ്നങ്ങള്‍ അല്ലെങ്കില്‍, ഹൃദയസ്തംഭനം എന്നിവയാണ്.  തീവ്ര വൃക്കരോഗമുള്ളവര്‍ ഒഴിവാക്കേണ്ട പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയാണ്. വാഴപ്പഴം, അവോക്കാഡോ, തേങ്ങ, കരിക്കിന്‍ വെള്ളം, ഓറഞ്ച്, തക്കാളി, ഉരുളക്കിഴങ്ങ്, ചീര. വൃക്കരോഗികള്‍ക്ക് ഇവ സുരക്ഷിതമായ പഴങ്ങള്‍ ആപ്പിള്‍, ബെറിപ്പഴങ്ങള്‍, പൈനാപ്പിള്‍, മുന്തിരി എന്നിവയാണ്.

*ശുഭദിനം*

തിരക്കുകളില്‍ മുഴുകിയിരുന്നാലും അതില്‍നിന്നൊക്കെ സമയം നീക്കിവെച്ച് ആ കച്ചവടക്കാരന്‍ ഗുരുവിന്റെ ആശ്രമം സന്ദര്‍ശിക്കുക പതിവായിരുന്നു. ഗുരുവിനോട് അയാള്‍ എന്തെന്നില്ലാത്ത സ്നേഹബഹുമാനങ്ങള്‍ കാണിച്ചിരുന്നു. അയാളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അയാള്‍ ഗുരുവിനോട് പറയും. ഗുരു അതിനൊക്കെ അനുഭാവപൂര്‍വം ഉപദേശങ്ങളും നല്‍കും.  കച്ചവടക്കാരന്‍ വളരെ തിരക്കുള്ള മനുഷ്യനാണെന്ന് ഗുരുവിനും അറിയാം. ഒരു ദിവസം കച്ചവടക്കാരന്‍ ഗുരുവിനെ കാണാന്‍ എത്തിയപ്പോള്‍ ഗുരു പറഞ്ഞു: 'നീ കുറേ നാളായല്ലോ നിന്റെ തിരക്കുകളൊക്കെ മാറ്റിവെച്ച് ഒരുപാട് ദൂരം താണ്ടി എന്നെ കാണാന്‍ വരുന്നു?  നാളെ ഞാന്‍ നിന്നെ കാണാന്‍ നിന്റെ വീട്ടില്‍ വരാം'  കച്ചവടക്കാരന് വളരെ സന്തോഷമായി. അയാള്‍ പിറ്റേ ദിവസം രാവിലെ മുതല്‍ ഗുരുവിനുവേണ്ടി വിഭവ സമൃദ്ധമായ ഭക്ഷണങ്ങളെല്ലാം ഒരുക്കിവെച്ച് ഗുരുവിനെ കാത്തിരിപ്പായി. എന്നാല്‍ നേരം കുറേ കഴിഞ്ഞിട്ടും ഗുരുവിനെ കാണുന്നില്ല.  നേരം ഉച്ചയായി... വൈകുന്നേരമായി... രാത്രിയായി.... ഗുരു വന്നില്ല. ഗുരു ഇക്കാര്യം മറന്നുപോയി എന്നയാള്‍ക്ക് തോന്നി.  അയാള്‍ വളരെ സങ്കടപ്പെട്ടു. ഗുരു തന്നെ പറ്റിച്ചു എന്ന് തോന്നിയപ്പോള്‍ അയാള്‍ക്ക് വല്ലാത്ത ദേഷ്യം തോന്നി.  ആ രാത്രി തന്നെ അയാള്‍ ഗുരുവിനെ കാണാന്‍ ചെന്നു. ദേഷ്യത്തോടെ അയാള്‍ ഗുരുവിനോട് ചോദിച്ചു:  'ഗുരു ഇന്ന് എന്റെ വീട് സന്ദര്‍ശിക്കാമെന്ന് വാക്ക് തന്നിട്ട് നേരം ഇത്രയായിട്ടും വന്നില്ലല്ലോ... അങ്ങയെപ്പോലെ മഹാനായ ഒരാള്‍ വാക്ക് പാലിക്കാത്തത് കഷ്ടം തന്നെ' ഗുരു ശാന്തനായി മറുപടി പറഞ്ഞു: 'ആര് പറഞ്ഞു ഞാന്‍ നിന്റെ വീട്ടില്‍ വന്നിട്ടില്ല എന്ന്? ഞാന്‍ വന്നിരുന്നല്ലോ... രാവിലെ ഒരു യാചകന്റെ വേഷത്തില്‍.  പക്ഷേ നീ എന്നെ ആട്ടിയോടിച്ചു. ഉച്ചക്കും ഞാന്‍ വന്നിരുന്നു.  ഒരു മുടന്തനായിട്ട്. പക്ഷേ നീ എന്നെ കണ്ടില്ലെന്ന് നടിച്ചു. വൈകുന്നേരം ഞാനൊരു വൃദ്ധയുടെ വേഷത്തില്‍ വന്നു. പക്ഷേ നീ എന്റെ നേരെ മുഖം തിരിച്ചതേയില്ല.  ഇങ്ങനെ കരുണയില്ലാത്ത ഒരാളുടെ വീട്ടിലേക്ക് എങ്ങനെയാണ് ഞാന്‍ കയറി വരിക?' നമ്മുടെ സ്നേഹം, കരുണ എന്നൊക്കെ പറയുന്നത് ചില നിശ്ചിത ആള്‍ക്കാരുടെ മുന്നില്‍ മാത്രം പ്രകടിപ്പിക്കുന്ന ഒന്നാകരുത്. നമ്മുടെ ഉള്ളിലുള്ള കരുണയും സ്നേഹവുമൊക്കെ  ചുറ്റിലുമുള്ള എല്ലാവരോടും പ്രകടിപ്പിക്കാന്‍ നമുക്ക് സാധിക്കട്ടെ . - *ശുഭദിനം.*
Previous Post Next Post
3/TECH/col-right