Trending

പ്രഭാത വാർത്തകൾ.

2025  മെയ് 4  ഞായർ 
1200  മേടം 21   പൂയം 
1446  ദുൽഖഅദ് 06
    
◾  സിന്ധുനദീജലം തടയുന്ന ഏതു സംവിധാനത്തേയും തകര്‍ക്കുമെന്ന പ്രകോപന പരാമര്‍ശവുമായി പാകിസ്ഥാന്‍. സിന്ധുനദീജല കരാര്‍ മരവിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോയാല്‍ തിരിച്ചടിക്കുമെന്നും വെള്ളം വെള്ളം തടയാനായി നിര്‍മിക്കുന്ന ഡാം അടക്കമുള്ള എന്ത് സംവിധാനവും പാക്കിസ്ഥാന്‍ സേന തകര്‍ക്കുമെന്നുമാണ് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങള്‍ക്കുമിടിയിലെ ബന്ധം കൂടുതല്‍ മോശമായ സാഹചര്യത്തിലും പ്രകോപന പരാമര്‍ശങ്ങള്‍ തുടരുകയാണ് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി.

◾  പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരര്‍ വിമാനത്തില്‍ ഉണ്ടെന്ന സംശയത്തില്‍ ചെന്നൈ-കൊളംബോ വിമാനത്തില്‍ പരിശോധന. 6 ഭീകരര്‍ ചെന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊളംബോ വിമാനത്താവളത്തില്‍ വിശദമായ പരിശോധന നടത്തിയത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് പരിശോധന. അതേസമയം, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് വിമാന കമ്പനി അറിയിച്ചു.

◾  പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് കടക്കുന്നതിന് വിലേക്കേര്‍പ്പെടുത്തി രാജ്യം. പാകിസ്ഥാനില്‍ നിന്നു വരുന്ന ഇറക്കുമതികള്‍ക്ക്  കപ്പലുകള്‍ രാജ്യത്തിനകത്തേക്ക് കടക്കുന്നത് നിരോധിച്ചു. ഇന്ത്യ വഴി പാക് ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നത്.

◾  വിഴിഞ്ഞം വേദിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ച് പറയാതെ പോയത് ശരിയല്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് എല്ലാ ചര്‍ച്ചകളും നടത്തിയത് ഉമ്മന്‍ചാണ്ടിയായിരുന്നുവെന്നും വിഴിഞ്ഞം കടല്‍ക്കൊള്ളയാണെന്ന് പറഞ്ഞവരാണ് എല്‍ഡിഎഫെന്നും രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

◾  കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോര്‍ജ്ജ്.  സംഭവം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കല്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഫോറെന്‍സിക് പരിശോധനയും നടക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയര്‍ന്നത്.

◾  മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നതിനു പിന്നാലെ നാല് പേര്‍ മരിച്ചത് പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സം മൂലമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മേപ്പാടി സ്വദേശി നസീറയുടെ മരണം വിഷം അകത്തു ചെന്നുണ്ടായതാണെന്നാണ് റിപ്പോര്‍ട്ട്. മരിച്ച മറ്റ് 3 പേരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സം മൂലമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, മേപ്പയ്യൂര്‍ സ്വദേശി ഗംഗാധരന്‍, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരാണ് മരിച്ച മറ്റ് മൂന്ന് പേര്‍.

◾  ഹൈവേ വികസനത്തിനായി വസ്തു ഏറ്റെടുത്തതിലെയും പുനരധിവാസ ഫണ്ട് അനുവദിച്ചതിലെയും ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനായി വിജിലന്‍സിന്റെ സംസ്ഥാന തല മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ അധിഗ്രഹണ്‍ എന്ന പേരിലാണ് പരിശോധനകള്‍ നടക്കുന്നത്. സംസ്ഥാനത്തെ ഹൈവേ വികസനത്തിനായി വസ്തു ഏറ്റെടുക്കല്‍ നടത്തിയതിലും, പുനരധിവാസ ഫണ്ട് അനുവദിച്ചതിലും ക്രമക്കേടുകളും അഴിമതിയും നടന്ന് വരുന്നതായി വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

◾  കെപിസിസി നേതൃമാറ്റത്തിലെ തീരുമാനം രാഹുല്‍ ഗാന്ധിക്കും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും വിട്ട് കോണ്‍ഗ്രസ്. അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് തന്നോട് പറഞ്ഞിട്ടില്ലെന്നും ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു. പിണറായി വിജയനെ ഭരണത്തില്‍നിന്നു താഴെയിറക്കുകയാണു ലക്ഷ്യമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം നേടിയാല്‍ രാഷ്ട്രീയത്തില്‍ നിന്നുതന്നെ പടിയിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണിയുടെ പേര് അധ്യക്ഷ പദവിക്ക് സജീവമായിരിക്കേ ഫോട്ടോ കണ്ടാല്‍ മനസിലാകുന്നയാളെ പ്രസിഡന്റാക്കണമെന്ന് കെ മുരളീധരന്‍ ഒളിയമ്പെയ്തു.

◾  പൊലീസ് സേനാംഗങ്ങളില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ തടയാന്‍ സേനയുടെ അംഗബലം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. ക്വാണ്ടം കമ്പ്യൂട്ടിംഗ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എ.ഐ. തുടങ്ങിയ സാങ്കേതികവിദ്യകള്‍ ലഭ്യമായിട്ടും പൊലീസിലെ പല കാര്യങ്ങളും പരമ്പരാഗതമായ രീതിയിലാണ് നടക്കുന്നതെന്ന് കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ വിശദമായ ഉത്തരവില്‍ പറയുന്നു. പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതും മാനവിക വിരുദ്ധവുമായ കൊളോണിയല്‍ കാലത്തെ ശേഷിപ്പുകള്‍ പൊലീസ് സേനയില്‍ അവസാനിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

◾  വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലെ വാക്പോരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാജീവ് ചന്ദ്രശേഖര്‍ നടത്തുന്ന കാട്ടിക്കൂട്ടല്‍ കണ്ടാല്‍ ആരെയാണ് ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞയക്കേണ്ടത് എന്നറിയാമെന്നും ദേശീയതലത്തില്‍ കിട്ടാവുന്ന ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ പാനലിനെ വെക്കാവുന്നതാണെന്നും റിയാസ് പറഞ്ഞു.

◾  സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയില്‍ പൊട്ടിത്തെറി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനില്‍ ആണ് ഭിന്നത. സംസ്ഥാന ജനറല്‍ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. നാലുമാസമായി ജനറല്‍ സെക്രട്ടറി യോഗങ്ങളില്‍ പങ്കെടുക്കാറില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.

◾  മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഡോക്യുമെന്ററിയും വരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ  സംഘടനയാണ്  പിണറായി ദി ലജന്‍ഡ് എന്ന പേരില്‍ ഡോക്യുമെന്ററി  നിര്‍മ്മിക്കുന്നത്. സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.

◾  തലശ്ശേരിയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബിഹാര്‍ ദുര്‍ഗാപുര്‍ സ്വദേശി ആസിഫ്, പ്രാണപുര്‍ സ്വദേശി സാഹബൂല്‍ എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരിയിലെ റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ വെച്ച് ഏപ്രില്‍ 26 ന് കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ പ്രതികള്‍ മൂന്ന് പേരും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി,

◾  തലയില്‍ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പറപ്പൂര്‍ സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. തലയില്‍ ചക്ക വീഴുകയായിരുന്നു. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

◾  പാലക്കാട് എലപ്പുള്ളി നെയ്തലയില്‍ ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ അഭിനിത്താണ് മരിച്ചത്. കുട്ടികള്‍ പഴയ ഗേറ്റില്‍ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും കുഞ്ഞിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു.

◾  വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും, 96,290 രൂപയും, മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു.

◾  ഓപ്പറേഷന്‍ ഡി ഹണ്ടില്‍ സംസ്ഥാന വ്യാപക പരിശോധ. പ്രത്യേക പരിശോധനയില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2226 പേരെ പരിശോധിച്ചു. 116 പേരെ അറസ്റ്റ് ചെയ്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

◾  കോഴിക്കോട്ട് മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍. മലപ്പുറം തിരൂര്‍ രാരംപറമ്പില്‍ വീട്ടില്‍ അജയ് ആര്‍.പി. (25) ആണ് പിടിയിലായത്. 251.78 ?ഗ്രാം മെത്താംഫിറ്റമിന്‍.ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തു.

◾  ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.യശ്വന്ത് ഷേണായിക്കെതിരെ സ്വമേധയാ നടപടിയെടുത്ത് ബാര്‍ കൗണ്‍സില്‍. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രവിക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് നടപടി. ശനിയാഴ്ച ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ യോഗമാണ് യശ്വന്ത് ഷേണായിയുടെ വിശദീകരണം തേടാന്‍ തീരുമാനിച്ചത്.

◾  കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളായ അമല്‍ കെ ജോമോന്‍, ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് കാണാതായത്. വിദ്യാര്‍ത്ഥികള്‍ക്കായി  ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.

◾  പാകിസ്ഥാനില്‍ പോയി ചാവേര്‍ ആക്രമണത്തിന് തയ്യാറാണെന്ന് കര്‍ണാടക മന്ത്രി ബി സെഡ് സമൂര്‍ അഹമ്മദ് ഖാന്‍. ബോംബ് ധരിച്ച് പാകിസ്ഥാനില്‍ പോയി ചാവേറാകാന്‍ തയ്യാറാണെന്നും ഇന്ത്യക്ക് പാകിസ്ഥാനെതിരെ യുദ്ധം ചെയ്യേണ്ടി വന്നാല്‍ താന്‍ പോരാടാന്‍ തയ്യാറാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. നമ്മള്‍ ഇന്ത്യക്കാരാണ്, ഹിന്ദുസ്ഥാനികളാണ്. ഞങ്ങളും പാകിസ്ഥാനും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അവര്‍ക്കെതിരെ യുദ്ധം ചെയ്യേണ്ടി വന്നാല്‍, താന്‍ പോരാടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

◾  രാജസ്ഥാനിലെ ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്ന് പാക് റേഞ്ചേഴ്സ് ജവാനെ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഭാഗത്തേക്ക് കടയ്ക്കാന്‍ ശ്രമിക്കവേയാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

◾  പാക്കിസ്ഥാനി യുവതിയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചതിന് സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ജമ്മു സ്വദേശി മുനീര്‍ അഹമ്മദിനെയാണ് സേനയില്‍ നിന്ന് പിരിച്ചുവിട്ടത്. ജവാന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവും എന്ന് കണ്ടെത്തിയാണ് പിരിച്ചുവിട്ടത്.

◾  ലഹരിമരുന്ന് കടത്തിയതിന് ഇന്തോനേഷ്യയില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. ലെജന്‍ഡ് അക്വേറിയസ് കാര്‍ഗോ കപ്പലില്‍ 106 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് കടത്തിയതിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് തമിഴ്‌നാട്ടുകാരായ രാജു മുത്തുകുമാരന്‍, സെല്‍വദുരൈ ദിനകരന്‍, ഗോവിന്ദസാമി വിമല്‍കണ്ഠന്‍ എന്നിവര്‍ അറസ്റ്റിലായത്. കഴിഞ്ഞ മാസം, മൂവര്‍ക്കും വധശിക്ഷ വിധിച്ചു.

◾  പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ ശനിയാഴ്ച വൈകീട്ടാണ് കൂടിക്കാഴ്ചഭീകരാക്രമണത്തിനുശേഷമുള്ള സാഹചര്യങ്ങള്‍ മോദിയും ഒമര്‍ അബ്ദുള്ളയും തമ്മില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

◾  മംഗളൂരുവില്‍  ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും  അറസ്റ്റ് സംബന്ധിച്ച് പോലീസ് ഔദ്യോഗിക പ്രതികരണം ഉടന്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾  1972 ലെ സിംല കരാറിലെയും 1999 ലെ ലാഹോര്‍ പ്രഖ്യാപനത്തിലെയും വ്യവസ്ഥകള്‍ അനുസരിച്ച് ദില്ലിയും ഇസ്ലാമാബാദും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

◾  അന്താരാഷ്ട്ര നാണയ നിധിയിലെ രാജ്യത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യത്തെ പിന്‍വലിച്ച് ഇന്ത്യ. എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ ഇനിയും ആറ് മാസം കാലാവധി ശേഷിക്കെയാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള ഐഎംഎഫ് യോഗം ചേരാനിരിക്കെയാണ് നടപടി. ഈ മാസം ഒന്‍പതിനാണ് ബോര്‍ഡ് യോഗം ചേരുക. തീവ്രവാദ ധനസഹായത്തെ കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി  പാകിസ്ഥാന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്നതിനെ ഇന്ത്യ എതിര്‍ക്കാന്‍ സാധ്യതയുണ്ട്.

◾  ഓസ്‌ട്രേലിയയിലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് അധികാരത്തുടര്‍ച്ച. 150 അംഗ പാര്‍ലമെന്റില്‍ അല്‍ബനീസിന്റെ ലേബര്‍ പാര്‍ട്ടി എണ്‍പത്തഞ്ചിലേറെ സീറ്റുകളാണ് നേടിയത്. പീറ്റര്‍ ഡറ്റന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റിവ് സഖ്യത്തിന് വെറും 35 സീറ്റുകളാണ് ലഭിച്ചത്. ഓസ്‌ട്രേലിയയില്‍  21 വര്‍ഷത്തിനു ശേഷമാണു ഒരു പ്രധാനമന്ത്രിക്ക് ജനം അധികാരത്തുടര്‍ച്ച നല്‍കുന്നത്.

◾  ഐപിഎല്ലില്‍ ആവേശം അവസാന പന്ത് വരെ നീണ്ടു നിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 2 റണ്ണിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു 62 റണ്‍സെടുത്ത വിരാട് കോലിയുടേയും 55 റണ്‍സെടുത്ത ജേക്കബ് ബെതലിന്റേയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 14 പന്തില്‍ 53 റണ്‍സെടുത്ത റൊമാരിയോ ഷെപ്പേര്‍ഡിന്റേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അവസാന പന്തില്‍ 4 റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്നെങ്കിലും ബൗണ്ടറി കണ്ടെത്താന്‍ ശിവം ദുബെയ്ക്ക് കഴിഞ്ഞില്ല. ഇതോടെ ചെന്നൈയ്ക്ക് വേണ്ടി 94 റണ്‍സ് നേടിയ 17കാരന്‍ ആയുഷ് മഹ്ത്രെയുടെയും 77 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയുടെയും പോരാട്ടം പാഴായി.

◾  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ചരക്കുനീക്കത്തില്‍ ജി.എസ്.ടി വരുമാനമായി സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചത് 397 കോടി രൂപയെന്ന് കണക്കുകള്‍. കപ്പലിലെത്തിയ ചരക്കുകളുടെ ജി.എസ്.ടിയായി ഇതുവരെ ലഭിച്ചത് 49 കോടി രൂപയാണ്. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത വകയില്‍ 348 കോടി രൂപയും ലഭിച്ചു. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 10,000 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാരിലേക്ക് പോകുമെങ്കിലും ഒരു വിഹിതം സംസ്ഥാന സര്‍ക്കാരിനും ലഭിക്കും. രാജ്യത്തെ കപ്പല്‍ ഗതാഗതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ശേഷിയുള്ള തുറമുഖമാണ് വിഴിഞ്ഞത്തേത്. പ്രതിവര്‍ഷം 220 മില്യന്‍ ഡോളര്‍ (ഏകദേശം 1,800 കോടി രൂപ) ഷിപ്പിംഗ് ഇനത്തില്‍ രാജ്യത്തിന് ലാഭമുണ്ടാക്കാനാകും. ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ആവശ്യങ്ങള്‍ മുഴുവനായി നിറവേറ്റാന്‍ വിഴിഞ്ഞത്തിനാകും. നിലവില്‍ കൊളംബോ, ജെബല്‍ അലി തുടങ്ങിയ തുറമുഖങ്ങളിലൂടെയാണ് ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്‌മെന്റിന്റെ 75 ശതമാനവും നടക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ചരക്കുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിലുള്ള കാലതാമസത്തിന് പുറമെ ഓരോ കണ്ടെയ്‌നറിലും 80 മുതല്‍ 100 ഡോളര്‍ വരെ അധികം ചെലവാകുകയും ചെയ്യും. വിഴിഞ്ഞത്ത് നിന്നും നേരിട്ട് ഇവ കയറ്റി അയക്കുമ്പോള്‍ ഈ തുക ഇന്ത്യക്ക് ലാഭിക്കാനാകും.

◾  നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ആസിഫ് അലി ചിത്രം 'ആഭ്യന്തര കുറ്റവാളി' തിയേറ്ററുകളിലേക്ക്. ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ചിത്രത്തിന്റെ ആദ്യ നിര്‍മാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നിര്‍മാണ പങ്കാളികള്‍ ഇപ്പോഴത്തെ നിര്‍മാതാവായ നൈസാം സലാമിനെതിരെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി റിലീസ് തടഞ്ഞത്. അതേസമയം, ആസിഫ് അലിക്കൊപ്പം തുളസി, ശ്രേയാ രുക്മിണി, ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾  ബോക്സ്ഓഫിസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും' സക്സസ് ട്രെയിലര്‍ എത്തി. സിനിമയിലെ കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണിക്കിയ ട്രെയിലര്‍ തരംഗമായി മാറുകയാണ്. ചിത്രം ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. പുലിമുരുകന്‍, ലൂസിഫര്‍, എമ്പുരാന്‍ എന്നീ സിനിമകള്‍ക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് 'തുടരും'. മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്സ്ഓഫിസ് കലക്ഷനിലേക്കു കുതിക്കുകയാണ് 'തുടരും'. മൂന്ന് ദിവസം കൊണ്ട് 69 കോടിയാണ് ചിത്രം ആഗോള കലക്ഷനായി വാരിയത്. 41 കോടിയാണ് വിദേശത്തുനിന്നുള്ള കലക്ഷന്‍. റെസ്റ്റ് ഓഫ് ഇന്ത്യ ഏഴ് കോടി. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് നിര്‍മാണം.

◾  ഇന്ത്യന്‍ നിരത്തുകളിലെ ഏറ്റവും ഹോട്ടസ്റ്റ് എസ് യു വിയാണ് മഹീന്ദ്രയുടെ ഥാര്‍ റോക്സ്. ബോളിവുഡ് താരമായ  ഇജാസ് ഖാന്‍ ആദ്യം സ്വന്തമാക്കിയ 3 ഡോര്‍ ഥാറിനു പകരമായി ഥാര്‍ റോക്‌സിലേക്കു മാറി. പിതാവിനൊപ്പമെത്തിയാണ് താരം പുതിയ വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. ഥാര്‍ റോക്സിനായി എവറസ്റ്റ് വൈറ്റ് ഷെയ്ഡാണ് ഇജാസ് ഖാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ഏതു വേരിയന്റാണ് എന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ ഥാര്‍ റോക്സ് മഹീന്ദ്രയുടെ സൂപ്പര്‍ഹിറ്റ് വാഹനങ്ങളിലൊന്നാണ്. 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് ഥാര്‍ റോക്സ് 4ഃ4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്സ്പ്ലോറര്‍ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ ലോക്കും സ്നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളുമുണ്ട്. 18.79 ലക്ഷം മുതല്‍ 22.49 ലക്ഷം രൂപ വരെയാണ് വില. റോക്സ് 4ഃ2 മോഡലുകളിലേക്കു വരുമ്പോള്‍ 12.99 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം വരെയുണ്ട് വില. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്സിന്. കൂടാതെ സ്നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളുമുണ്ട്.

◾  ''വീണ്ടും ഞാന്‍ തുമ്പിയുയര്‍ത്തി നനഞ്ഞൊട്ടിയ ഇടത്തേ ചെന്നിയോട് ചേര്‍ത്തു. അവിടമാകെ പറ്റിപ്പിടിച്ച ചെളിയില്‍ ചാലിട്ടൊഴുകാന്‍ വീര്‍പ്പുമുട്ടുന്ന മദജലത്തിന് താമരപ്പൂവിന്റെ ഗന്ധം! ചെന്നികളില്‍ തുമ്പിയെത്തിച്ച് ആവോളം ശ്വസിച്ചു. ഇപ്പോള്‍ നെഞ്ചിനുള്ളില്‍ ഉല്‍ക്കണ്ഠയുടെയും അപകര്‍ഷതയുടെയും പുഴുക്കള്‍ നുരയ്ക്കുന്നില്ല. സിരകളിലൂടെ തലച്ചോറിലേക്കും അവിടെനിന്ന് ഓരോ പേശികളിലേക്കും നിലയ്ക്കാത്ത ഊര്‍ജ്ജത്തിന്റെ ലാവാപ്രവാഹമാണ്. വീണ്ടും ഒരു തിരിച്ചുപോക്കിനായി ചുവടുകള്‍ മുന്നോട്ടു വച്ചു.'' വനം വകുപ്പ് ഉദ്യോഗസ്ഥനായ ജെ ആര്‍ അനിയുടെ കാട് പറഞ്ഞ കഥകള്‍ മനുഷ്യപക്ഷത്തു നിന്നല്ല മൃഗപക്ഷത്തു നിന്നുകൊണ്ടുള്ള അത്യപൂര്‍വ്വ രചനയാണ്. 'കാട് പറഞ്ഞ കഥകള്‍'. രണ്ടാം ഭാഗം. ജെ ആര്‍ അനി. ചിന്ത പബ്ളിക്കേഷന്‍സ്. വില 180 രൂപ.

◾  ചര്‍മത്തില്‍ ചുളിവുകള്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ വീട്ടുമാറാത്ത രോഗങ്ങളുമായി വാര്‍ദ്ധക്യം വാതില്‍ മുട്ടുന്നുവെന്ന് തോന്നുവെങ്കില്‍ രാവിലെ അര മണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെയ്ക്കാം. മാസങ്ങള്‍കൊണ്ട് ശാരീരികമായും മാനസികമായും നിങ്ങള്‍ ചെറുപ്പക്കാരാകുന്നത് അനുഭവിച്ചറിയാം. കോശതലത്തില്‍ വാര്‍ദ്ധക്യത്തെ മന്ദഗതിയിലാക്കാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗമാണ് വ്യായാമം. ശാരീരിക-മാനസിക ആരോഗ്യത്തിന് വ്യായാമം പ്രധാനമാണ്. ഇത് വാര്‍ദ്ധക്യത്തില്‍ നിര്‍ണായകമാണ്. നമ്മുടെ ശരീരത്തിന് രണ്ട് വ്യത്യസ്ത പ്രായങ്ങളുണ്ട്. കാലഗണനാ പ്രായം (ക്രൊണോളജിക്കല്‍ ഏയ്ജ്): നിങ്ങളുടെ ജനന വര്‍ഷം മുതല്‍ കണക്കാക്കിയ നിങ്ങളുടെ പ്രായമാണ് ക്രൊണോളജിക്കല്‍ ഏയ്ജ്. ജൈവിക പ്രായം (ബയോളജിക്കല്‍ ഏയ്ജ്): നിങ്ങളുടെ ശാരീരികവും കോശപരവുമായ ആരോഗ്യത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ ശരീരത്തിന് എത്ര വയസ്സുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ജൈവിക പ്രായം നിങ്ങളുടെ യഥാര്‍ഥ പ്രായത്തേക്കാള്‍ കുറവാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങളുടെ ശരീരം പ്രായം കുറഞ്ഞ ഒരാളെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്നാണ്. ഇത് മന്ദഗതിയിലുള്ള വാര്‍ദ്ധക്യ പ്രക്രിയയെ സൂചിപ്പിക്കുന്നു. ജൈവിക പ്രായം കുറയ്ക്കുന്നതിനുള്ള ഒരേയൊരു ഫലപ്രദമായ മാര്‍ഗം വ്യായാമമാണ്. എയറോബിക് വ്യായാമം മാത്രമല്ല, ഓട്ടം, സൈക്കിങ്, എലിപ്റ്റിക്കല്‍ പോലുള്ള കാര്‍ഡിയോ വാസ്‌കുലാര്‍ വ്യായാമങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് വീതം ചെയ്യണം. കൂടാതെ സ്ട്രെങ്ത്ത് ട്രെയിനിങ് ഒഴിവാക്കരുത്. ബാലന്‍സ് ആന്റ് പോസ്ചറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബോഡി വേയ്റ്റ് മൂവ്മെന്റ് നടത്തുക.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ വഴി വളരെ വിശാലമാണെങ്കിലും ആ പ്രദേശത്ത് അപകടം പതിവാണ്.  പ്രശ്‌നപരിഹാരത്തിനായി പലരും പല നിര്‍ദ്ദേശങ്ങളും വെച്ചു.  അതിലൊരാള്‍ വെച്ച നിര്‍ദ്ദേശം പലര്‍ക്കും സ്വീകാര്യമായി തോന്നി.  നമുക്ക് ഒരു ആംബുലന്‍സ് വാങ്ങി പ്രഥമശുശ്രൂഷക്കുളള സൗകര്യമൊരുക്കി ഇവിടെ നില്‍ക്കാം. അപ്പോഴാണ് മറ്റൊരു അഭിപ്രായം കൂടി ഉയര്‍ന്ന് വന്നത്. ഇവിടുത്തെ അപകടങ്ങള്‍ക്ക് കാരണം ഈ കൊടുംവളവാണ്.  നാം ഒന്ന് ശ്രമിച്ചാല്‍ ഈ വളവ് നികത്താനാകും. പിന്നെ അപകടം ഉണ്ടാകുകയുമില്ല.  നാടൊന്നാകെ ആ അഭിപ്രായം കയ്യടിച്ച് പാസ്സാക്കി.  വേരില്‍ ചികിത്സിക്കേണ്ടതിനെ വിളവില്‍ ചികിത്സിക്കരുത്.  ഏത് പ്രതിരോധത്തിന്റെയും ആദ്യചുവട് അതിന്റെ അടിസ്ഥാനകാരണം കണ്ടെത്തുക എന്നതാണ്.  എന്ത് കൊണ്ട് ഇങ്ങനെ എന്ന് തിരിച്ചറിഞ്ഞാല്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ എളുപ്പമാണ്.   ആദ്യഘട്ടത്തില്‍ പരിഹരിക്കാമായിരുന്ന പല പ്രശ്‌നങ്ങളും കലാതീതമായി നില്‍ക്കുന്നതിന്റെ കാരണം പ്രശ്‌നപരിഹാകരുടെ വേഷത്തിലെത്തുന്ന സ്ഥാപിത താല്‍പര്യക്കാരാണ്.  അവര്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ഒരു താല്‍പര്യവുമുണ്ടാകില്ല.  മാത്രല്ല, എല്ലാവര്‍ഷവും നടക്കുന്ന അറ്റകുറ്റപണികളായിരിക്കും അവരുടെ ഉപജീവനമാര്‍ഗ്ഗം.  പ്രതിവിധകള്‍ തേടുമ്പോള്‍ നമ്മുടെ മനസ്സില്‍ ഉണരേണ്ട ചില ക്രിയത്മക ചിന്തകളുണ്ട്.  ഇതെങ്ങിനെയാണ് ഉടലെടുത്തത്, ഈ പ്രശ്‌നത്തിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയാണ്, ഏതൊക്കെ വിധത്തില്‍ ഇതിന് പരിഹാരം കാണാം. ഏതു പ്രതിവിധിയായിരിക്കും ഇതിന് ഏറ്റവും നല്ല ഫലം തരിക.. ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരങ്ങളാണ് യഥാര്‍ത്ഥപ്രശ്‌നത്തിന് പരിഹാരം കാണുക.  ഉചിതമായ പരിഹാര വഴികളിലൂടെ നമുക്ക് നടക്കാന്‍ ശീലിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right