Trending

സായാഹ്ന വാർത്തകൾ


◾ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഇന്ത്യന്‍ സൈന്യം 3 ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. രാഷ്ട്രീയ റൈഫിള്‍സിന് ലഭിച്ച രഹസ്യ വിവരത്തേ തുടര്‍ന്നുള്ള തെരച്ചിലില്‍ ഷോകാല്‍ കെല്ലര്‍ മേഖലയില്‍ നിന്നാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. സൈന്യത്തിന് നേരെ ഭീകര്‍ വെടിയുതിര്‍ത്തതിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതെന്നാണ് ഇന്ത്യന്‍ സൈന്യം വിശദമാക്കുന്നത്. മേഖലയില്‍ സൈനിക നടപടി തുടരുകയാണെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഇവരില്‍ പ്രദേശവാസിയായ ഷാഹിദ് എന്ന ലഷ്‌കറെ ഭീകരനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾ പാക് സൈന്യത്തിന്റെ നേതൃതലത്തിലുള്ള വിള്ളല്‍ വ്യക്തമാക്കുന്നതാണ് ഇന്ത്യ പാക് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് ശേഷമുള്ള അതിര്‍ത്തിയിലെ പ്രകോപനമെന്ന് യുദ്ധ തന്ത്രജ്ഞരുടെ നിരീക്ഷണം. വെടിനിര്‍ത്തലിനായുള്ള വ്യക്തമായ നിര്‍ദ്ദേശം ലഭിച്ച ശേഷവും രാത്രിയില്‍ പ്രകോപനം തുടരുന്നതില്‍ നിന്ന് പാകിസ്ഥാന്‍ പൂര്‍ണമായി പിന്‍മാറിയിട്ടില്ല. പാക് സൈന്യത്തിലെ ഉന്നത തലത്തിലുള്ള ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നാണ് സെന്റര്‍ ഫോര്‍ ലാന്‍ഡ് വാര്‍ഫേസ് സ്റ്റഡീസിലെ അസോസിയേറ്റ് ഫെലോ ആയ അഷു മാന്‍ നിരീക്ഷിക്കുന്നത്.

◾ ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. വ്യോമത്താവളത്തിലെ സേനാംഗങ്ങളുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തിന്റ നന്ദി അറിയിക്കുകയും ചെയ്തു.

◾ ഓപ്പറേഷന്‍ സിന്ദൂരിനെചൊല്ലി ഇന്ത്യ സഖ്യത്തില്‍ ഭിന്നത.പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം വിളിക്കേണ്ടതില്ലെന്നും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും എന്‍സിപി(എസ്പി) അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തിന് പിന്നാലെയാണ് പവാറിന്റെ പ്രതികരണം. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലില്‍ പവാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് ഇടപെടാന്‍ പാടില്ലായിരുന്നുവെന്നും സിംല കരാര്‍ അനുസരിച്ച് നമ്മുടെ സ്വന്തം തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് സാധിക്കുമെന്നും പവാര്‍ വ്യക്തമാക്കി.

◾ ഓപ്പറേഷന്‍ സിന്ദൂറില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടതായും 78 പേര്‍ക്ക് പരിക്കേറ്റതായും വ്യക്തമാക്കി പാകിസ്ഥാന്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ കഴിഞ്ഞ ആഴ്ച നേരിട്ട നാശനഷ്ടമാണ് ഒടുവില്‍ പാകിസ്ഥാന്‍ സമ്മതിക്കുന്നത്. പാക് സൈന്യത്തിലെ ആറ് സൈനികരും പാക് വ്യോമസേനയിലെ 5 സൈനികരുമാണ് കൊല്ലപ്പെട്ടതെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടുള്ളത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിച്ച ഇന്ത്യന്‍ സേനയുടെ ആക്രമണത്തിലുണ്ടായ നാശനഷ്ടത്തേക്കുറിച്ച് പാകിസ്ഥാന്‍ നടത്തുന്ന ആദ്യത്തെ സ്ഥിരീകരണമാണ് ഇത്.

◾ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലെ വെബ്സൈറ്റുകള്‍ ലക്ഷ്യമിട്ട് പാക് ഹാക്കിങ് ഗ്രൂപ്പുകള്‍ നടത്തിയത് 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍. എന്നാല്‍ ഇതില്‍ 150 എണ്ണം മാത്രമാണ് വിജയിച്ചതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

◾ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ പുന:സംഘടനയില്‍ വിവിധ സ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി മാറി മാറി തുടരുന്ന സ്ഥിരം മുഖങ്ങളെ ഒഴിവാക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു. ഗ്രൂപ്പു നേതാക്കളുടെ പിന്തുണയില്ലാത്തതിനാല്‍ കാലാകാലങ്ങളില്‍ അവഗണിക്കപ്പെട്ട കോണ്‍ഗ്രസിനു വേണ്ടി ജീവിതം ഹോമിച്ച, പാരമ്പര്യവും അര്‍ഹതയും യോഗ്യതയുമുള്ളവരെയാണ് ആദ്യം പരിഗണിക്കേണ്ടത്.

◾ ചെന്നൈ പാലക്കാട് എക്സ്പ്രസില്‍ മിഡില്‍ ബര്‍ത്ത് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ചെന്നൈയില്‍ നിന്ന് പാലക്കാട്ടേക്ക് തിരിച്ച 22651 ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലെ മിഡില്‍ ബെര്‍ത്താണ് വീണത്. തിങ്കളാഴ്ച ജോളാര്‍പേട്ട് പിന്നിടുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ യുവതിക്ക് പ്രാഥമിക ചികിത്സ പോലും ട്രെയിനില്‍ ലഭ്യമായില്ലെന്നാണ് യുവതിയുടെ ഭര്‍ത്താവ് പ്രതികരിച്ചത്.

◾ സിബിഎസ്ഇ പ്ലസ് ടു, പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവില്‍ 88.39 ശതമാനമാണ് വിജയം. 99.60 % വിജയവുമായി വിജയവാഡ മേഖലയാണ് ഒന്നാമത്. 99.32% വിജയവുമായി തിരുവനന്തപുരം മേഖല രണ്ടാമതെത്തി. പത്താം ക്ലാസില്‍ 93.66 % ആണ് വിജയം. 99.66 % വിജയവുമായി തിരുവനന്തപുരവും വിജയവാഡയും മേഖലകളില്‍ മുന്നിലെത്തി.

◾ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകള്‍ എന്തു കൊണ്ട് നികത്തുന്നില്ലെന്ന് ബിനോയ് വിശ്വം ചോദിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി ഒഴിവുകളാണുള്ളത്. എന്നാല്‍ ഇത് സമയത്ത് നികത്തുന്നില്ല. ഐഎഎസ്, ഐപിഎസ് പോലുള്ള വലിയ തലകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും ബിനോയ് വിശ്വം ആരോപിച്ചു.

◾ കെപിസിസി പുനസംഘടനയില്‍ നേതാക്കള്‍ക്ക് പരിഭവമെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡ് വിളിച്ച ചര്‍ച്ചയ്ക്ക് മുന്‍ അധ്യക്ഷന്മാര്‍ ദില്ലിക്ക് പോയില്ല. കെ സുധാകരനും മുല്ലപ്പള്ളി രാമചന്ദ്രനും, വിഎം സുധീരനും കെ മുരളീധരനും ദില്ലി ചര്‍ച്ചക്ക് പോയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ പുതിയ ഭാരവാഹികളെയും മുന്‍ അധ്യക്ഷന്മാരെയുമാണ് ഹൈക്കമാന്റ് വിളിപ്പിച്ചത്. അസൗകര്യം കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെ വിളിച്ചറിയിച്ചെന്നാണ് നേതാക്കളുടെ നിലപാട്

◾ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളുടേയും രാഷ്ട്രീയക്കാരുടേയും സഹായം ആവശ്യമാണെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഭരണത്തില്‍ ഇരിക്കുന്നവരുടേയും ഭരണമില്ലാത്തവരുടേയും സഹായം സമസ്തക്ക് ആവശ്യമാണ്. സമസ്ത ഭിന്നിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. അനൈക്യം ഉണ്ടാവാന്‍ പാടില്ല. വിട്ടു വീഴ്ചയ്ക്ക് എല്ലാവരും തയ്യാറാവണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. മലപ്പുറം കോട്ടക്കലില്‍ നടന്നഎസ് കെ എസ് എസ് എഫ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.  

◾ സംസ്ഥാനത്ത് വേനല്‍ ചൂട് ഏറി വരുന്ന സാഹചര്യത്തില്‍ വെയിലത്ത് തൊഴിലെടുക്കുന്നവര്‍ക്കായി നിശ്ചയിച്ചിരുന്ന ജോലി സമയത്തിലെ സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടിയെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു. നേരെത്തെ മെയ് 10 വരെയായിരുന്നു ജോലി സമയം ക്രമീകരിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയിരുന്നത്. ഇതാണ് 30 വരെ നീട്ടിയത്. വേനലിന്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ചതെന്ന് അറിയിപ്പില്‍ പറയുന്നു.

◾ കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. രണ്ട് സ്റ്റീല്‍ ബോംബുകളാണ് പാനൂരിലെ ചെണ്ടയാടെന്ന പ്രദേശത്താണ് കണ്ടെത്തിയത്. പ്രദേശത്ത് കാട് വെട്ടിത്തെളിക്കാന്‍ എത്തിയവരാണ് സ്റ്റീല്‍ ബോംബ് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈ പ്രദേശത്ത് ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പ്രദേശത്ത് വ്യാപക പരിശോധനയും നടത്തിയതാണ്.

◾ നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 15 ലക്ഷംരൂപ പിഴയും നല്‍കണം. പിതാവ് പ്രൊഫ. രാജാതങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, സഹോദരി കരോളിന്‍, ജീന്‍ പദ്മയുടെ ബന്ധു ലളിത എന്നിവരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. പ്ലസ്ടു വിദ്യാഭ്യാസയോഗ്യത മാത്രമുള്ള തന്നോട് വീട്ടുകാര്‍ കാണിച്ച നിരന്തര അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കുറ്റസമ്മതമൊഴിയില്‍ പറഞ്ഞു. നാലുപേരെയും മുകളിലത്തെ നിലയിലേക്കു വിളിച്ചുവരുത്തി മഴുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

◾ പാലക്കാട് യാക്കരപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 40 വയസാണ് പ്രായം. മൃതശരീരത്തിന് അഞ്ച് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പുഴയില്‍ മൃതശരീരം കണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പാലക്കാട് സൗത്ത് പൊലീസ് സ്ഥലത്തെത്തിയത്. ചുരിദാറായിരുന്നു യുവതി ധരിച്ചിരുന്നത്. എന്നാല്‍ മൃതശരീരത്തില്‍ അടിവസ്ത്രമോ, പാന്റോ ഉണ്ടായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

◾ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരെ ഏറ്റെടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെ സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വി ആര്‍ കൃഷ്ണന്‍ എഴുത്തച്ഛനെയും ബിജെപി ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ കൃഷ്ണന്‍ എഴുത്തച്ഛന്റെ ഇരുപത്തിയൊന്നാം ചരമവാര്‍ഷിക ദിനമായ ഇന്ന് അനുസ്മരണ സദസ്സ് സംഘടിപ്പിക്കുകയാണ് ബിജെപി. .

◾ സെക്സ് റാക്കറ്റിന്റെ കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ സംഭവത്തിലെ പ്രതി പിടിയില്‍. പെണ്‍കുട്ടിയെ കേരളത്തില്‍ എത്തിച്ച ആളാണ് പിടിയിലായത്. അസാം സ്വദേശിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കേരളത്തില്‍ എത്തിച്ചത്. ഒറീസയില്‍ നിന്നാണ് ഇയാള്‍ പിടിയിലായിട്ടുള്ളത്.

◾ സംസ്ഥാനത്ത് നെല്‍കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പിആര്‍എസ് വായ്പാ സംവിധാനം നിലച്ചിട്ട് രണ്ട് മാസമായെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം വിളയുടെ സംഭരണത്തില്‍ 766.5 കോടിയാണ് കുടിശിക. വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാരുണ്ടാക്കിയ ധാരണയുടെ കാലാവധി അവസാനിച്ചെന്ന കാരണം പറഞ്ഞ് ബാങ്കുകള്‍ പിന്‍മാറിയതോടെയാണ് പ്രതിസന്ധി.

◾ മലപ്പുറം വാഴക്കാട് ബസ്സിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. വാഴക്കാട് സ്വദേശി ചീരക്കുന്നത് ആലിയാണ് (54) മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ആലിയെ നാട്ടുകാര്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

◾ ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന ഉയര്‍ത്തിയ സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഇക്കാര്യങ്ങളില്‍ മൗനം പാലിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നിഷ്പക്ഷ സ്ഥലത്ത് വച്ച് ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറായോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടികളെ വിളിച്ച് സ്ഥിതി ചര്‍ച്ച ചെയ്യണം. യുഎസ് കാറുകള്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ തീരുവയ്ക്ക് ഇറക്കുമതി ചെയ്യാന്‍ സമ്മതിച്ചോ എന്നും അദ്ദേഹം ചോദിച്ചു.

◾ വിവാദമായ പൊള്ളാച്ചി കൂട്ടബലാത്സംഗ കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോയമ്പത്തൂര്‍ മഹിളാ കോടതി. 2016 നും 2019 നും ഇടയില്‍ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് കോയമ്പത്തൂരിലെ മഹിളാ കോടതി വിധി പറഞ്ഞത്.

◾ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമയാന മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഏതാണ്ട് അവസാനിച്ചെങ്കിലും വിമാന സര്‍വീസുകള്‍ പൂര്‍ണമായി പഴയനിലയിലേക്ക് വന്നിട്ടില്ല. ഇന്നും ചില നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇന്റിഗോയും എയര്‍ ഇന്ത്യയും റദ്ദാക്കി. രണ്ട് വിമാനക്കമ്പനികളും സര്‍വീസ് റദ്ദാക്കുന്നത് സംബന്ധിച്ച പുതിയ അറിയിപ്പുകള്‍ രാവിലെ പുറത്തിറക്കി.

◾ പഞ്ചാബില്‍ വ്യാജ മദ്യദുരന്തത്തില്‍ 14 പേര്‍ മരിച്ചു. ആറ് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. 5 ഗ്രാമങ്ങളിലുള്ളവരാണ് വ്യാജമദ്യം കഴിച്ചത്. മദ്യം വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തതായി അമൃതസര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

◾ കടലില്‍ വിഷമുള്ള ആല്‍ഗകള്‍ നിറഞ്ഞതിന് പിന്നാലെ ചത്തൊടുങ്ങിയത് 200ലേറെ കടല്‍ ജീവികള്‍. ഓസ്ട്രേലിയയിലെ തെക്കന്‍ തീരമാണ് സ്രാവുകളും നീരാളികളും അടക്കമുള്ള ജീവികള്‍ക്ക് മരണക്കെണിയായി മാറിയിരിക്കുന്നത്. മാര്‍ച്ച് മാസം മുതലാണ് മേഖലയില്‍ അസാധാരണമായ നിലയില്‍ ആല്‍ഗകളുടെ സാന്നിധ്യം കണ്ട് തുടങ്ങിയത്. വിഷമുള്ള ഈ ആല്‍ഗകള്‍ നിറഞ്ഞതോടെ കടലിന് അടിത്തട്ടിലുള്ള ജീവികളാണ് ചത്തവയില്‍ ഏറെും. ഇതില്‍ തന്നെ 26 ശതമാനം മത്സ്യങ്ങള്‍ സ്രാവുകളാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

◾ ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന. ഉപരോധം കാരണം ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള സഹായങ്ങള്‍ ഗാസയിലേയ്ക്ക് എത്തുന്നില്ല. 21 ലക്ഷത്തോളം വരുന്ന മുഴുവന്‍ ജനസംഖ്യയും പട്ടിണി നേരിടുകയാണെന്നും ഏകദേശം 5 ലക്ഷത്തോളം പേര്‍ ഇതിനകം തന്നെ വിനാശകരമായ അവസ്ഥയിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കണക്കുകള്‍ പ്രകാരം ഈ പ്രതിസന്ധി ലോകത്തിലെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

◾ 50 ലക്ഷം വില വരുന്ന 1,469 റോമന്‍ വെള്ളി നാണയങ്ങളുടെ ശേഖരം തന്നെ കണ്ടെത്തി യുവാവ്. റൊമാനിയയില്‍ നിന്നുള്ള മാരിയസ് മന്‍ജിയാക്കാണ് ശനിയാഴ്ച ദിവസം ഈ നാണയശേഖരം കണ്ടെത്തിയത്. മെറ്റല്‍ ഡിറ്റക്ടിങ് വലിയ താല്പര്യമുള്ള മാരിയസ് ലെറ്റ്കാ വെച്ചേയിലുള്ള ഒരു ഗ്രാമത്തിലെ വയലില്‍ മെറ്റല്‍ ഡിക്ടറ്ററുമായി പരിശോധന നടത്തവേ ആണ് ഈ നാണയശേഖരം കണ്ടെത്തിയത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

◾ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം 2014-ല്‍ യുക്രൈനില്‍ തകര്‍ന്നുവീണ് 298 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ റഷ്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജന്‍സി. ഓസ്‌ട്രേലിയയും നെതര്‍ലന്‍ഡ്‌സും ഉന്നയിച്ച വാദങ്ങള്‍ വസ്തുതാപരമാണെന്നും മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.

◾ പ്രതിദിനം യാത്ര ചെയ്യുന്നത് ശരാശരി ഒരു ലക്ഷം പേര്‍ എന്ന നാഴികക്കല്ലിലേക്ക് അടുക്കുന്ന കൊച്ചി മെട്രോയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. ജനങ്ങളുടെ ഇടയില്‍ കൊച്ചി മെട്രോ ഉണ്ടാക്കിയ സ്വാധീനം ഓരോ സ്റ്റേഷനുകള്‍ക്കും പേരിടാന്‍ കമ്പനികള്‍ മത്സരിക്കുന്നതില്‍ നിന്ന് വ്യക്തമാണ്. വാസ്തവത്തില്‍, ആലുവ-തൃപ്പൂണിത്തുറ റൂട്ടിലെ 25 മെട്രോ സ്റ്റേഷനുകളില്‍ 18 എണ്ണത്തിന്റെയും പേരിന്റെ അവകാശം കമ്പനികള്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ഏഴ് സ്റ്റേഷനുകള്‍ ഏറ്റെടുക്കലിന്റെ വക്കിലാണ്. കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന തൃപ്പൂണിത്തുറ ടെര്‍മിനല്‍, എറണാകുളം സൗത്ത്, എംജി റോഡ്, വൈറ്റില, കലൂര്‍, മഹാരാജാസ് കോളേജ്, കടവന്ത്ര എന്നിവ കോ-ബ്രാന്‍ഡിങ്ങിനായി തുറന്നിരിക്കുകയാണ്. ഇതില്‍, എറണാകുളം സൗത്തിന് പ്രതിവര്‍ഷം 52 ലക്ഷം രൂപയും എംജി റോഡ്, വൈറ്റില, കലൂര്‍, മഹാരാജാസ് കോളേജ് എന്നിവയ്ക്ക് 42 ലക്ഷം രൂപയും കടവന്ത്രയ്ക്ക് 37 ലക്ഷം രൂപയും തൃപ്പൂണിത്തുറ ടെര്‍മിനലിന് 30 ലക്ഷം രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ട്രെയിനുകള്‍ക്കുള്ളിലെ അനൗണ്‍സ്‌മെന്റ് വഴി ഒരു ദിവസം കുറഞ്ഞത് 480 തവണയെങ്കിലും കോ-ബ്രാന്‍ഡിങ് പേരുകള്‍ ഉപയോഗിച്ച് സ്റ്റേഷനുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നുണ്ട്.

◾ തമിഴ്‌നാട്ടിലെ ഹൊസൂരിലെ ഐഫോണ്‍ എന്‍ക്ലോഷര്‍ പ്ലാന്റിന്റെ ശേഷി ഇരട്ടിയാക്കാന്‍ ടാറ്റ ഗ്രൂപ്പ്. ഐഫോണുകളുടെ പുറം ചട്ടയെയാണ് എന്‍ക്ലോഷര്‍ എന്ന് വിളിക്കുന്നത്. നിലവിലെ 50,000 യൂണിറ്റ് ശേഷിയില്‍ നിന്നും ഒരുലക്ഷമായി ഉയര്‍ത്തും. ഇന്ത്യയെ ആപ്പിള്‍ ഉത്പന്നങ്ങളുടെ പ്രധാന നിര്‍മാണ കേന്ദ്രമാക്കുമെന്ന ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നീക്കം. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മിക്കുന്നവ ആകുമെന്നായിരുന്നു കുക്കിന്റെ പ്രഖ്യാപനം. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ ഇലക്ട്രോണിക്‌സിനാണ് പ്ലാന്റിന്റെ ചുമതല. അതിനിടെ ഏപ്രിലില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ 116 ശതമാനം വര്‍ധനയുണ്ടായി. ഏതാണ്ട് 17,219 കോടി രൂപയുടെ ഐഫോണുകളാണ് കഴിഞ്ഞ മാസം കടല്‍ കടന്നത്. തൊട്ടുമുന്‍ വര്‍ഷത്തെ സമാനകാലയളവിലിത് 7,971 കോടി രൂപയായിരുന്നു. സെപ്റ്റംബറില്‍ പുതിയ മോഡലുകള്‍ വരുമെന്നതിനാല്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഐഫോണുകളുടെ വില്‍പ്പന കുറവായിരിക്കും.

◾ ഷൈന്‍ ടോം ചാക്കോയും വിന്‍ സി. അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന 'സൂത്രവാക്യം' സിനിമയുടെ ടീസര്‍ എത്തി. ഈ സിനിമയുടെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍ സി.യുടെ ആരോപണം വലിയ വിവാദമായിരുന്നു. സിനിമയുടെ ടീസര്‍ തുടങ്ങുന്നതും ലഹരിക്കെതിരായ സന്ദേശം പങ്കുവച്ചുകൊണ്ടാണ്. ഇതുപോലൊരു 'ബ്രില്യന്‍സ്' മറ്റൊരു മലയാള സിനിമയുടെ ടീസറിലും കണ്ടിട്ടില്ലെന്നാണ് പ്രേക്ഷക കമന്റുകള്‍. പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയി ഷൈന്‍ ഈ ചിത്രത്തിലെത്തുന്നു. സസ്പെന്‍സ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യൂജിന്‍ ജോസ് ചിറമേല്‍ ആണ് സംവിധാനം. നിര്‍മാണം നിര്‍വഹിക്കുന്നത് ശ്രീകാന്ത് കന്ദ്രഗുല ആണ്. യുജീന്‍ ജോസ് ചിറമ്മലിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് പെന്‍ഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിന്‍ എസ് ബാബുവാണ്.

◾ റിമ കല്ലിങ്കല്ലിനെ പ്രധാന കഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രം 'തിയറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' ആദ്യ ടീസര്‍ എത്തി. ഇന്നത്തെ ലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു യാഥാര്‍ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. റിമ കല്ലിങ്കല്‍, സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്,കൃഷ്ണന്‍ ബാലകൃഷ്ണന്‍,മേഘ രാജന്‍,ആന്‍ സലിം, ബാലാജി ശര്‍മ,ഡി രഘൂത്തമന്‍,അഖില്‍ കവലയൂര്‍,അപര്‍ണ സെന്‍,ലക്ഷ്മി പത്മ, മീന രാജന്‍,ആര്‍ ജെ അഞ്ജലി,മീനാക്ഷി രവീന്ദ്രന്‍,അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു.

◾ 1.43 ലക്ഷം യൂണിറ്റുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്ത് ഹോണ്ട നവി സ്‌കൂട്ടര്‍. ഇത് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം സ്‌കൂട്ടറുകളുടെ 25 ശതമാനമാണ്. ആകെ 1,43,583 യൂണിറ്റ് ഹോണ്ട നവികള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. രാജ്യത്ത് നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന മികച്ച 10 സ്‌കൂട്ടറുകളില്‍ മൂന്നെണ്ണം ഹോണ്ടയുടേ സ്‌കൂട്ടറുകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കയറ്റുമതിയേക്കാള്‍ 11 ശതമാനം കൂടുതലാണിത്. ആ സമയത്ത് രാജ്യത്ത് നിന്ന് 5,12,347 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. രാജ്യത്ത് നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന സ്‌കൂട്ടര്‍ ഹോണ്ട നവി ആണ്. കയറ്റുമതി 1,15,886 യൂണിറ്റില്‍ നിന്ന് 24 ശതമാനം വര്‍ദ്ധിച്ച് 1,43,583 യൂണിറ്റായി. ഹോണ്ട ഡിയോയുടെ കയറ്റുമതി 91 ശതമാനം വര്‍ദ്ധിച്ചു. 66,690 യൂണിറ്റില്‍ നിന്ന് 1,27,366 യൂണിറ്റായി വര്‍ദ്ധിച്ചു. ഇതിനുപുറമെ. യമഹ റേ മൂന്നാം സ്ഥാനത്താണ്, അവരുടെ കയറ്റുമതി 40,605 യൂണിറ്റില്‍ നിന്ന് 68,231 യൂണിറ്റായി വര്‍ദ്ധിച്ചു.

◾ ആത്മവേദനയുടെ അഗ്നിദ്രാവകംകൊണ്ട് എഴുതിയ അമാവാസി, പ്രേമദുഃഖത്തിന്റെ ശ്യാമരക്തത്തില്‍ കുറിച്ചിട്ട സന്ദര്‍ശനം, രതിയുടെ ആവേഗമുഹൂര്‍ത്തത്തെ മനുഷ്യസംസ്‌കാരത്തിന്റെ ചരിത്രവേഗവുമായി സമന്വയിക്കുന്ന ആദ്യരാത്രി, റിയലിസത്തിന്റെ പരുക്കന്‍ഭാഷയില്‍ രചിച്ച ഒരു കൂലിപ്പണിക്കാരന്റെ ചിരി, പിറക്കാത്ത മകന് തുടങ്ങി പ്രസിദ്ധങ്ങളായ പതിനെട്ടു കവിതകളാണ് ഈ സമാഹാരത്തില്‍. അനുബന്ധമായി ഡോ. എം. ലീലാവതിയുടെ പഠനവും. 'അമാവാസി'. 12-ാം പതിപ്പ്. ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഡിസി ബുക്സ്. വില 76 രൂപ.

◾ ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യമായ ധാതുവാണ് പൊട്ടാസ്യം. ഇത് ഞരമ്പുകള്‍, പേശികള്‍, ഹൃദയം എന്നിവ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ ശരീരകോശങ്ങള്‍ക്ക് ചുറ്റും പോഷകങ്ങളും മാലിന്യങ്ങളും നീക്കാനും സഹായിക്കുന്നു. ഭക്ഷണത്തില്‍ ശരിയായ അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നത് ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മധുരക്കിഴങ്ങില്‍ പൊട്ടാസ്യം മാത്രമല്ല മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ചീര പോലുള്ള ഇലക്കറികളില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തിനും സഹായിക്കുക ചെയ്യുന്നു. വെണ്ടയ്ക്കയില്‍ പൊട്ടാസ്യം മാത്രമല്ല ഫൈബറും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. അത് ദഹനാരോഗ്യത്തിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. ഓറഞ്ചും മറ്റ് സിട്രസ് പഴങ്ങളും പൊട്ടാസ്യത്തിന്റെ നല്ല ഉറവിടങ്ങളാണ്. ഇത് ശരീരത്തിന്റെ ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും പേശികളുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും ചെയ്യും. ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പുഷ്ടമായ പഴങ്ങളിലൊന്നാണ് അവോക്കാഡോ. മാത്രമല്ല ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് സാല്‍മണ്‍ മത്സ്യം. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്, കൂടാതെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും ഇത് സഹായിക്കുന്നു. 100 ഗ്രാം ചോളത്തില്‍ ഏകദേശം 218 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ ചോളം ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.32, പൗണ്ട് - 112.71, യൂറോ - 94.73, സ്വിസ് ഫ്രാങ്ക് - 101.49, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.63, ബഹറിന്‍ ദിനാര്‍ - 226.35, കുവൈത്ത് ദിനാര്‍ -277.45, ഒമാനി റിയാല്‍ - 221.63, സൗദി റിയാല്‍ - 22.75, യു.എ.ഇ ദിര്‍ഹം - 23.19, ഖത്തര്‍ റിയാല്‍ - 23.43, കനേഡിയന്‍ ഡോളര്‍ - 60.99.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right