Trending

അതിർത്തി ശാന്തം; ചോദ്യമുനയിൽ കേന്ദ്രം.

ന്യൂഡൽഹി : ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണയിൽ എത്തിയതോടെ അതിർത്തി മേഖലകൾ സാധാരണ നിലയിലേക്ക്‌. ശനിയാഴ്‌ച രാത്രി മുതൽ വെടിയൊച്ച നിലച്ചമട്ടാണ്‌. വീടുവിട്ട്‌ ദൂരെസ്ഥലങ്ങളിൽ അഭയംതേടിയ കുടുംബങ്ങൾ തിരികെ ഗ്രാമങ്ങളിലേക്ക്‌ എത്തി.

ദിവസങ്ങൾ നീണ്ട സംഘർഷം അടങ്ങിയതോടെ രാജ്യത്തോട്‌ കേന്ദ്രസർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ്‌ ഉയരുന്നത്‌. വെടിനിർത്തലിന്‌ മൂന്നാംകക്ഷി ഇടപെട്ടിരുന്നോ എന്നതാണ്‌ ആദ്യ ചോദ്യം. വെടിനിർത്തൽ സംബന്ധിച്ച്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണൾഡ്‌ ട്രംപിന്റെ അവകാശവാദം ഇതിലേക്ക്‌ വിരൽചൂണ്ടുകയും ചെയ്യുന്നു.

ചർച്ചകൾക്കുപുറമെ അമേരിക്കയെ മൂന്നാംകക്ഷിയാക്കി കേന്ദ്രസർക്കാർ മധ്യസ്ഥത തേടിയോ എന്നതാണ്‌ മറ്റൊരു പ്രധാന ചോദ്യം. സൈനികതലത്തിൽ നടത്തിയ ചർച്ചകളിലാണ്‌ ധാരണ ഉണ്ടായതെന്ന്‌ പറയുന്നുണ്ടെങ്കിലും ‘ട്രംപ്‌ റോൾ’ സർക്കാർ നിഷേധിച്ചിട്ടില്ല. സുദീർഘ ചർച്ചകളിലൂടെ സമാധാനം ഉറപ്പാക്കിയത്‌ തങ്ങളാണെന്ന അമേരിക്കയുടെ അവകാശവാദത്തിനും മറുപടിയില്ല. 

കശ്‌മീർ പ്രശ്‌നം പരിഹരിക്കാൻ ഇടപെടാമെന്ന ട്രംപിന്റെ പുതിയ വീമ്പിളക്കലിനെ ചോദ്യംചെയ്യാനും തയ്യാറായിട്ടില്ല. കശ്‌മീർ വിഷയത്തിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ വേണ്ടെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിനോടുള്ള പരസ്യ വെല്ലുവിളിയാണ്‌ ട്രംപിന്റേതെന്ന വിമർശമാണുയരുന്നത്‌.

പഹൽഗാം ആക്രമണമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും ഭീകരരെ പിടികൂടാനായിട്ടില്ല. ഭീകരരെയും അവരെസംബന്ധിച്ച വിവരങ്ങളും കൈമാറണമെന്ന്‌ ആക്രമണത്തിന്‌ തൊട്ടുപിന്നാലെതന്നെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
വെടിനിർത്തൽ ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നോ. തിരച്ചിൽ തുടരുന്നുവെന്ന വിശദീകരണത്തിൽ ഏറെനാൾ കടിച്ചുതൂങ്ങാനാവില്ല. ഒരാളെയെങ്കിലും ജീവനോടെ പിടികൂടി പാക്‌ബന്ധം സ്ഥിരീകരിച്ചാൽ അന്താരാഷ്ട്രതലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താനാകും. കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിൽകൊണ്ടുവരാനുള്ള കാലതാമസം എന്താണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയും വരും. 

പഹൽഗാമിലെ ഇന്റലിജൻസ്‌, സുരക്ഷാവീഴ്‌ചകളെക്കുറിച്ച്‌ വിശദമായി അന്വേഷിക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്ത്‌ അന്വേഷണം നടത്തി, ഉത്തരവാദികൾക്കെതിരെ എന്ത്‌ നടപടിയെടുത്തു എന്നീ ചോദ്യങ്ങൾക്കും മറുപടിയില്ല. ആക്രമണത്തിനു പിന്നാലെ പാകിസ്ഥാനുമായുള്ള നദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. വെടിനിർത്തിയ സാഹചര്യത്തിൽ ഇന്ത്യ ഈ നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്നും വ്യക്തമാക്കേണ്ടതുണ്ട്‌.

അതിർത്തിയിൽ സേന ശക്തമായ ജാഗ്രത തുടരുകയാണ്‌. ജനവാസ മേഖലകളിൽ ജനജീവിതം സാധാരണനിലയിലെത്തി. കടകമ്പോളങ്ങൾ തുറന്നു. കൃഷിയിടങ്ങളും സജീവമായി. വെടിനിർത്തലിനുശേഷവും പാക്‌ സേന പ്രകോപനം തുടർന്നത്‌ ആശങ്ക സൃഷ്‌ടിച്ചിരുന്നു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതോടെ ശനി അർധരാത്രിക്കുശേഷം പുതിയ ആക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്നാണ്‌ റിപ്പോർട്ട്‌. 

പഞ്ചാബിലെ അമൃത്‌സറിൽ റെഡ്‌ അലർട്ട്‌ തുടരുകയാണെങ്കിലും പഠാൻകോട്ട്‌, ഫിറോസ്‌പുർ തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥിതി ശാന്തം. ഗുജറാത്തിലെ കച്ച്‌, രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, ബാർമേർ തുടങ്ങിയ പ്രദേശങ്ങളിലും ആശങ്ക ഒഴിഞ്ഞു.
Previous Post Next Post
3/TECH/col-right