2025 ഏപ്രിൽ 19 ശനി
1200 മേടം 6 മൂലം
◾ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മുതല്‍ ഒരുവര്‍ഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ മൂന്ന് മണിക്കൂര്‍ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കെസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈന്‍ നല്‍കിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടന്‍ മൊഴി നല്‍കിയിരുന്നു.
◾ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2022 മാര്‍ച്ച് 2 ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്. 62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖയ്ക്ക് എതിരെ ആശ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ നല്‍കണമെന്നതും, ഹോണറേറിയും വര്‍ദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.
◾ സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം ശക്തമാക്കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സുപ്രധാന നേതാക്കള്‍ മാത്രമടങ്ങുന്ന കമ്മിറ്റിയെ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കാനാണ് നീക്കം. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കെപിസിസി ആസ്ഥാനത്ത് പോലും കെ സുധാകരന്‍ എത്തുന്നത് കുറവാണ്. സുധാകരന് പകരം മറ്റൊരു അധ്യക്ഷനെ കണ്ടെത്താനുള്ള ആലോചനകള്‍ തുടങ്ങിയതുമാണ്. പക്ഷേ പദവി ഒഴിയുന്നതില്‍ കെ.സുധാകരന്‍ അതൃപ്തനാണെന്നാണ് വിവരം. നിര്‍ബന്ധപൂര്‍വം മാറ്റുന്നതിന് പകരം സംഘടനയെ ചലിപ്പിക്കാന്‍ മറ്റ് മാര്‍ഗം എന്ന നിലയിലാണ് ഹൈപവര്‍ കമ്മിറ്റിയുടെ ആലോചന.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡിസിസി പ്രസിഡന്റ് വിഎസ് ജോയിക്ക് സാധ്യതയേറി. പിവി അന്‍വറിന് പുറമെ മറ്റ് ചില സംഘടനകള്‍ക്കും ആര്യാടന്‍ ഷൗക്കത്തിനോട് എതിര്‍പ്പുണ്ടെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത്തവണ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചാല്‍ യുഡിഎഫ് വോട്ട് ചോരുമെന്ന് നേതാക്കളുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ജോയിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.
◾ കെഎം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് ജോമോന്‍ പുത്തന്‍പുരക്കല്‍ പരാതി നല്‍കി. എബ്രഹാമിന്റെ ആരോപണങ്ങള്‍ തള്ളിയ ജോമോന്‍, എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് നിയമ വിരുദ്ധ നടപടിയാണെന്നും, തനിക്കെതിരായ എബ്രഹാമിന്റെ ആരോപണങ്ങള്‍ ഹൈക്കോടതി തള്ളിയതാണെന്നും ജോമോന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി തള്ളിയ ആരോപണങ്ങളില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണെന്നും ഗൂഢാലോചന സംബന്ധിച്ച അന്വേഷണം തനിക്ക് എതിരെയാണെന്നും ജോമോന്‍ പറയുന്നു
◾ പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന്റെ ജീവനെടുത്ത അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്ന് പ്രാഥമിക വിലയിരുത്തല്‍. കാലപ്പഴക്കം ചെന്ന കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥലത്ത് നിലനിര്‍ത്തിയത് അപകടകാരണമായി ചൂണ്ടിക്കാട്ടുന്നു. അതേസമയം, സംഭവത്തില്‍ കര്‍ശന നടപടിയും മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി.
◾ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ പൂര്‍ണമായും റദ്ദാക്കില്ല. ക്രമക്കേട് കണ്ടെത്തിയ കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് കോളേജിലെ പരീക്ഷ മാത്രം റദാക്കാനാണ് തീരുമാനം. അതോടൊപ്പം അണ്‍ എയ്ഡഡ് കോളേജുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കണ്ണൂര്‍ സര്‍വകലാശാല തീരുമാനിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു ജീവനക്കാരനെ കോളേജുകളിലേക്ക് പരീക്ഷാ ചുമതലയില്‍ നിയോഗിക്കാനാണ് തീരുമാനം.
◾ ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശവുമായി പി ജെ കുര്യന്‍. ദിവ്യ പൊതുവിടത്തില്‍ അഭിപ്രായം പറഞ്ഞുവെന്നും അതിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പറയുന്നത് ദിവ്യയുടെ ധാര്‍ഷ്ട്യമാണെന്നും പി ജെ കുര്യന്‍ പറഞ്ഞു. കുടുംബത്തിലെ അംഗത്തെ പുകഴ്ത്തി എന്നാണ് ദിവ്യ പറയുന്നത് ഭരണവര്‍ഗം മാത്രമാണോ കുടുംബമെന്നും ബാക്കിയുള്ളവരൊക്കെ കുടുംബത്തിന് പുറത്താണോയെന്നും ചോദിച്ച പി ജെ കുര്യന്‍ വികലമായ കാഴ്ചപ്പാടാണിതെന്നും പറഞ്ഞു.
◾ നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യമാണെന്ന് ഉണ്ണി മുകുന്ദന്‍. അത് വ്യക്തിപരമായ വിഷയം കൂടിയാണെന്നും ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ടെന്നും സിനിമാ മേഖലയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
◾ പൊലീസിനെതിരെ കൊലവിളി നടത്തിയ പാലക്കാട് കൂറ്റനാട് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. ചാലിശ്ശേരി പാലയ്ക്കല്‍ പീടികയില്‍ മുഹമ്മദ് അലി (45)യെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ പൊലീസിനെ വെല്ലുവിളിച്ചും പ്രകോപനം സൃഷ്ടിച്ചും പോസ്റ്റിട്ടതിനാണ് നടപടി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് നടപടി.
◾ നിക്ഷേപത്തുക തിരികെ നല്‍കാത്തതില്‍ പരാതി ഉയര്‍ന്നതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ കേസെടുത്ത് പൊലീസ്. പറണ്ടോട് നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ബാങ്കിനെതിരെയാണ് ആര്യനാട് പൊലീസ് കേസെടുത്തത്. നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ലെന്ന പറണ്ടോട് മരുതുംമൂട് സ്വദേശി അനില്‍ കുമാര്‍ (59), വിതുര കല്ലാര്‍ സ്വദേശി അബ്ബാസ് (64) എന്നിവരുടെ പരാതിയിലാണ് കേസ്.
◾ കോട്ടയം അയര്‍ക്കുന്നത് ആത്മഹത്യ ചെയ്ത ജിസ്മോളുടേയും മക്കളുടെയും സംസ്‌കാരം ഇന്ന്. വൈകിട്ട് മൂന്ന് മണിക്ക് ചെറുകര സെന്റ് മേരിസ് ക്നാനായ പള്ളിയിലാണ് സംസ്‌കാരം. രാവിലെ ജിസ്മോളുടെ ഭര്‍ത്താവിന്റെ ഇടവക പള്ളിയായ നീറിക്കാട് ലൂര്‍ദ് മാതാ പള്ളി ഓഡിറ്റോറിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നാണ് മൂന്ന് മൃതദേഹവും ജിസ്മോളുടെ ഭര്‍ത്താവിന്റെ ഇടവകയായ നീറികാഡ് ലൂര്‍ദ് മാതാ പള്ളിയിലേക്ക് എത്തിച്ചത്.
◾ തഹാവൂര്‍ റാണയില്‍ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങി എന്‍ഐഎ. ഇതിനായി എന്‍ഐഎ അമേരിക്കയുടെ സഹായം തേടാനൊരുങ്ങുകയാണ് . നിലവില്‍ അമേരിക്കയില്‍ ജയിലിലാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി.
◾ എട്ട് ചീറ്റകളെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ തീരുമാനം. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, കെനിയ എന്നിവിടങ്ങളില്‍ നിന്ന് ചീറ്റകളെ കൊണ്ടുവരാനാണ് നീക്കം. രണ്ട് ഘട്ടങ്ങളിലായാണ് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുക. ഭോപ്പാലില്‍ നടന്ന ചീറ്റ പദ്ധതിയുടെ അവലോകന യോഗത്തില്‍ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി ഭൂപേന്ദര്‍ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും പങ്കെടുത്തു.
◾ കോംഗോ നദിയില്‍ വെച്ച് ബോട്ടിന് തീപിടിച്ചതിനെ തുടര്‍ന്ന് 143 പേര്‍ മരിക്കുകയും നിരവധിപ്പേരെ കാണാതാവുകയും ചെയ്തു. കോംഗോയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ ഇക്വേറ്റര്‍ പ്രവിശ്യയിലെ എംബണ്ടക നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. ബോട്ടില്‍ അഞ്ഞൂറിലേറെപ്പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
◾ യുഎഇയിലെ ഉമ്മുല്‍ഖുവൈനിലുള്ള ഫാക്ടറിയില്‍ തീപിടുത്തം. ഇന്നലെ വൈകിട്ട് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. തീപിടുത്തത്തെ തുടര്‍ന്ന് ഫാക്ടറിയില്‍ നിന്നും മണിക്കൂറോളം കനത്ത പുക ഉയര്‍ന്നിരുന്നു. എമിറേറ്റിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
◾ ഡല്‍ഹിയിലെ മുസ്തഫാബാദില്‍ 4 നില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു.14 പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്), ഡല്‍ഹി ഫയര്‍ ഫോഴ്സും, ഡല്‍ഹി പോലീസ് സംഘവും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.
◾ റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ മോസ്‌കോ സന്ദര്‍ശനം. ഇരു രാജ്യങ്ങളും ചേര്‍ന്ന് രണ്ട് ബില്യണ്‍ യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിന് ധാരണയായി. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീറിന് ഊഷ്മള വരവേല്‍പ്പാണ് മോസ്‌കോയില്‍ ലഭിച്ചത്.
◾ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കാന്‍ ശ്രമിച്ച അധ്യാപകനെതിരെ നടപടി. കുട്ടികളെ മുന്നിലിരുത്തി മദ്യപിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ സസ്പെന്റ് ചെയ്തു. മധ്യപ്രദേശിലെ കാറ്റ്നി ജില്ലയിലെ ഖിര്‍ഹാനി ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനായ ലാല്‍ നവീന്‍ പ്രതാപ് സിംഗിനെതിരെയാണ് നടപടിയെടുത്തത്.
◾ അരക്കു, ദുംബ്രിഗുഡ മേഖലകളിലെ പര്യടനത്തിനിടെ ചെരിപ്പില്ലാത്ത ഗ്രാമീണര്‍ക്ക് ചെരിപ്പ് വിതരണം ചെയ്ത് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. പെഡപാഡു ഗ്രാമവാസികള്‍ക്കാണ് അദ്ദേഹം ചെരിപ്പ് വിതരണം ചെയ്തത്. ഗ്രാമത്തില്‍ 350 താമസക്കാരുണ്ടെന്ന് അറിഞ്ഞപ്പോള്‍, എല്ലാവര്‍ക്കും പാദരക്ഷകള്‍ എത്തിക്കാനും വിതരണം ചെയ്യാനും അദ്ദേഹം ഏര്‍പ്പാട് ചെയ്യുകയായിരുന്നു.
◾ പൊതുപ്രവേശന പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ പൂണൂല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ വിവാദം. ശിവമോഗ ജില്ലയിലെ ശരാവതിനഗരയിലുള്ള ആദിചുഞ്ചനഗിരി സ്‌കൂളില്‍ പരീക്ഷക്കെത്തിയ സിഇടി പരീക്ഷാ നടത്തിപ്പ് ഉദ്യോഗസ്ഥനെതിരെയാണ് ആരോപണമുയര്‍ന്നത്. പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
◾ കൊതുക് കടിയേറ്റ ഒന്‍പത് വയസ്സുകാരിക്ക് അപൂര്‍വ അണുബാധ സ്ഥിരീകരിച്ചു. കുട്ടി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ എത്തിയെന്ന് അമ്മ പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലാണ് സംഭവം. കൊതുക് കടിയേറ്റത് കാല്‍മുട്ടിലെ ഒരു സന്ധിയിലായതിനാല്‍ അണുബാധയുണ്ടായിട്ടുണ്ടാവെന്ന് ഡോക്ടര്‍ പറഞ്ഞു.
◾ എലോണ്‍ മസ്‌കിനോട് ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും- യുഎസും തമ്മിലുള്ള തീരുവയിലെ അതൃപ്തികള്‍ പരിഹരിക്കാനും വ്യാപാര കരാറിലേക്ക് ചേരാനും ശ്രമിക്കുന്ന നിര്‍ണായക സമയത്താണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. സാങ്കേതികവിദ്യയിലും ഇന്നൊവേഷനുകളിലും ഇരു രാജ്യങ്ങളും സഹകരണത്തിനുള്ള സാധ്യതകള്‍ വരെ ചര്‍ച്ച ചെയ്തതായും മോദി പറഞ്ഞു.
◾ യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മോസ്‌കോയില്‍ നിന്നും കൈവില്‍ നിന്നുമുള്ള ചര്‍ച്ചകളിന്മേല്‍ ഉടന്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ വാഷിംഗ്ടണില്‍ നിന്നുമുള്ള മധ്യസ്ഥത ഉപേക്ഷിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനം സാധ്യമല്ലെങ്കില്‍ അമേരിക്ക ചര്‍ച്ചകളുപേക്ഷിച്ച് മുന്നോട്ടു പോകുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ പാരീസില്‍ പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
◾ ഐപിഒ യിലേക്ക് ചുവടു വെക്കുന്ന, രാജ്യത്തെ മുന്‍നിര ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേയുടെ പേര് മാറി. 'ഫോണ്‍പേ പ്രൈവറ്റ് ലിമിറ്റഡ്' എന്ന നിലവിലുള്ള പേര് 'ഫോണ്‍പേ ലിമിറ്റഡ്' എന്നായാണ് മാറുന്നത്. വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള 1,200 കോടി ഡോളര്‍ (1.02 ലക്ഷം കോടി രൂപ) മൂല്യമുള്ള ഫോണ്‍പേ ഇന്ത്യയില്‍ ബിസിനസ് വിപുലീകരണത്തിന്റെ പാതയിലാണ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ കമ്പനി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള നിയമപരമായ ആവശ്യകതയാണ് പേര് മാറ്റത്തിന് പിന്നില്‍. ഐപിഒക്ക് മുന്നോടിയായി കൊട്ടക്ക് മഹിന്ദ്ര കാപ്പിറ്റല്‍, ജെ.പി മോര്‍ഗന്‍, മോര്‍ഗന്‍ സ്റ്റാന്‍ലി തുടങ്ങിയ പ്രമുഖ കമ്പനികളെ ഫണ്ട് അഡൈ്വസര്‍മാരായി നിയമിച്ചിട്ടുണ്ട്. 1,500 കോടി ഡോളറാണ് കമ്പനി മൂല്യം കണക്കാക്കുന്നത്. 2022 ല്‍ ഫോണ്‍പേ സിംഗപ്പൂരില്‍ നിന്ന് ബെംഗളൂരിവിലേക്ക് പ്രവര്‍ത്തനം മാറ്റുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 73 ശതമാനം വളര്‍ച്ചയാണ് നേടിയത്. വരുമാനം 5,064 കോടി രൂപയില്‍ എത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 738 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കമ്പനി കഴിഞ്ഞ വര്‍ഷം 197 കോടി രൂപ ലാഭം കണ്ടെത്തി. ഇന്ത്യന്‍ യുപിഐ വിപണിയില്‍ 48 ശതമാനം സാന്നിധ്യമാണ് അവര്‍ക്കുള്ളത്. 37 ശതമാനം വിപണി സാന്നിധ്യമുള്ള ഗൂഗ്ള്‍പേ ആണ് രണ്ടാം സ്ഥാനത്ത്.
◾ ബജറ്റ് ഫോണായി റിയല്‍മി പുറത്തിറക്കിയ ഫോണാണ് പി3. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റ് സപ്പോര്‍ട്ടും 200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.67 ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത. അമോള്‍ഡ് ഡിസ്‌പ്ലേ മൊത്തത്തിലുള്ള കാഴ്ചാനുഭവം മെച്ചപ്പെടുത്തുന്ന സമ്പന്നമായ കറുപ്പും ഉജ്ജ്വലമായ നിറങ്ങളും നല്‍കുന്നു. പ്ലാസ്റ്റിക് ഫ്രെയിം കാരണം പ്രത്യേകിച്ച് ഉയര്‍ന്ന നിലവാരമുള്ള അനുഭവം ഇല്ലെങ്കിലും ഫോണ്‍ കൈകാര്യം ചെയ്യാന്‍ സുഖകരമാണ്. ട്രിപ്പിള്‍ ഐപി ക്ലാസിഫിക്കേഷനുകള്‍ പൊടി, വെള്ളം, ഉയര്‍ന്ന മര്‍ദ്ദമുള്ള ജെറ്റുകള്‍ എന്നിവയ്‌ക്കെതിരെ ശക്തമായ പ്രതിരോധം നല്‍കുന്നു. ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 4 സോക് ആണ് റിയല്‍മി പി3യെ ശക്തിപ്പെടുത്തുന്നത്, ഇതില്‍ 256ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഉണ്ട്, ഇത് മൈക്രോ എസ്ഡി കാര്‍ഡ് വഴി 1ടിബി വരെ വികസിപ്പിക്കാം. 45വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 6,000എംഎഎച്ച് ബാറ്ററിയും ഈ ഫോണിനൊപ്പം ലഭ്യമാണ്.
◾ ബിഎസ്എഫ് ജവാന്‍മാര്‍ക്കായി ഇമ്രാന്‍ ഹാഷ്മിയുടെ പുതിയ ചിത്രം 'ഗ്രൗണ്ട് സീറോ' പ്രത്യേക പ്രദര്‍ശനം നടന്നു. ഇമ്രാന്‍ ഹാഷ്മി, സായ് തംഹങ്കര്‍, സംവിധായകന്‍ തേജസ് പ്രഭ വിജയ് ദിയോസ്‌കര്‍, നിര്‍മ്മാതാക്കളായ റിതേഷ് സിദ്ധ്വാനി, ഭാര്യ ഡോളി സിദ്ധ്വാനി, ഫര്‍ഹാന്‍ അക്തര്‍, ഭാര്യ ഷിബാനി ദണ്ഡേക്കര്‍, സഹനിര്‍മ്മാതാവ് അര്‍ഹാന്‍ ബഗതി എന്നിവരുള്‍പ്പെടെ 'ഗ്രൗണ്ട് സീറോ'യുടെ മുഴുവന്‍ ടീമിന്റെയും സാന്നിധ്യത്തിലാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ചിത്രം കണ്ടത്. ചിത്രത്തില്‍ ബിഎസ്എഫ് കമാന്‍ഡന്റ് നരേന്ദ്ര നാഥ് ധര്‍ ദുബെയുടെ വേഷത്തിലാണ് ഇമ്രാന്‍ ഹാഷ്മി എത്തുന്നത്. ഗ്രൗണ്ടില്‍ സായ് തംഹങ്കര്‍ ഇമ്രാന്‍ ഹാഷ്മിയുടെ ഭാര്യയുടെ വേഷത്തിലാണ് എത്തുന്നത്. ഏപ്രില്‍ 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. 2000കളുടെ തുടക്കത്തില്‍ കശ്മീരിന്റെ പാശ്ചത്തലത്തിലാണ് സിനിമ നടക്കുന്നത്. അന്ന് നിരവധി തീവ്രവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ഗാസി ബാബയെ ഇല്ലാതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബിഎസ്എഫ് ഓഫീസര്‍ നരേന്ദ്ര നാഥ് ദുബെ നയിച്ച ഒരു നിര്‍ണായക ദൗത്യത്തെയാണ് സ്‌ക്രീനില്‍ എത്തിക്കുന്നത്.
◾ വിവാദങ്ങള്‍ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. 'ദി പ്രൊട്ടക്ടര്‍' എന്നാണ് ചിത്രത്തിന്റെ പേര്. 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന ബൈബിള്‍ വാചകത്തോടൊപ്പമാണ് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. സിഗരറ്റ് വലിച്ച് നില്‍ക്കുന്ന ഷൈനിനെയാണ് പോസ്റ്ററില്‍ കാണാനാവുക. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദ പ്രൊട്ടക്ടര്‍. ജി എം മനു സംവിധാനം ചെയ്യുന്ന ചിത്രം അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യുവാണ് നിര്‍മിക്കുന്നത്. തലൈവാസില്‍ വിജയ്, സുധീര്‍ കരമന, ശിവജി ഗുരുവായൂര്‍, സജി സോമന്‍, മണിക്കുട്ടന്‍, ഉണ്ണിരാജാ, ബോബന്‍ ആലുംമൂടന്‍, ദേവി ചന്ദന, ശാന്തകുമാരി, ശരത് ശ്രീഹരി, മാത്യൂസ്, മൃദുല്‍, ജയരാജ് നീലേശ്വരം, ജീമോന്‍ ജോര്‍ജ്, ഗിരീഷ് പാലമൂട്ടില്‍, കാജല്‍ ജോണ്‍സണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പുതുമുഖം ഡയാനയാണ് ഈ ചിത്രത്തിലെ നായിക. അജേഷ് ആന്റണി, സെപ്സന്‍ നോബല്‍, കിരണ്‍ രാജ എന്നിവരുടേതാണു തിരക്കഥ. റോബിന്‍ അമ്പാട്ടിന്റെ ഗാനങ്ങള്‍ക്ക് ജിനോഷ് ആന്റണി ഈണം പകര്‍ന്നിരിക്കുന്നു.
◾ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ സൂപ്പര്‍ പ്രീമിയം സ്‌പോര്‍ട്‌സ് ബൈക്കായ അപ്പാച്ചെ ആര്‍ആര്‍ 310 ന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. ഈ പുതിയ അപ്പാച്ചെ ആര്‍ആര്‍ 310 ശക്തമായ പ്രകടനത്തോടൊപ്പം നൂതന സാങ്കേതികവിദ്യയുടെയും മികച്ച സംയോജനം വാഗ്ദാനം ചെയ്യുന്നു. ഈ ബൈക്കിനുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 വെറുമൊരു ബൈക്ക് മാത്രമല്ല, വേഗതയുടെയും സാങ്കേതികവിദ്യയുടെയും പ്രതീകമാണ്. ടിവിഎസിന്റെ 43 വര്‍ഷത്തെ റേസിംഗ് പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 1:49.742 സെക്കന്‍ഡ് ലാപ് സമയവും മണിക്കൂറില്‍ 215.9 കിലോമീറ്റര്‍ വേഗതയും നേടി ഇത് റെക്കോഡുകള്‍ സ്ഥാപിച്ചു. അപ്പാച്ചെ ആര്‍ആര്‍ 310 ന് 38 ബിഎച്പി പവറും 29 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള, പരിഷ്‌കരിച്ച 312.2 സിസി ഡോക്, റിവേഴ്സ്-ഇന്‍ക്ലൈന്‍ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. ബൈക്കിന് നാല് റൈഡിംഗ് മോഡുകള്‍ ഉണ്ട് - ട്രാക്ക്, സ്പോര്‍ട്, അര്‍ബന്‍, റെയിന്‍ മോഡ്, അതിനാല്‍ നിങ്ങളുടെ ആവശ്യാനുസരണം പ്രകടനം തിരഞ്ഞെടുക്കാം. ഈ ബൈക്കിനെ കൂടുതല്‍ സവിശേഷമാക്കുന്നതിനായി മൂന്ന് കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്.
◾ കൈത്തോടിനരികില്‍ റോഡില്‍ ഒരു ചുവന്ന കാര്‍ വന്നുനിന്നത് ഷീബ മുറ്റത്ത് മടലുകള്‍ കീറിക്കൊണ്ടുനില്‍ക്കുമ്പോഴേ കണ്ടു. അവള്‍ ഒന്നു നിവര്‍ന്നു. ജിമ്മിച്ചന്റെ കാറല്ലേ അത്. വിശ്വാസം വരാതെ അവള്‍ വീണ്ടും വീണ്ടും നോക്കി. ജിമ്മിച്ചന്‍ കാറില്‍ നിന്ന് ഇറങ്ങുന്നതു കണ്ടപ്പോള്‍ അവളുടെ ഹ്യദയ ത്തില്‍ ഒരാളിക്കത്തലുണ്ടായി. ജിമ്മിച്ചന്‍ പോയില്ലേ? അതോ പോയിട്ട് വീണ്ടും വന്നതോ? എന്തിന്? അവന്‍ തന്റെ വീടിനു നേര്‍ക്ക് നോക്കുന്നതു കണ്ടു. ഷീബയ്ക്ക് പിന്നെ അവിടെ നില്‍ക്കാന്‍ സാധിച്ചില്ല. മിന്നല്‍പിണര്‍ പോലെ അവള്‍ താഴേക്ക് ഓടി. കൈത്തോടിന്റെ കുറുകേയുള്ള ഒറ്റത്തെങ്ങിന്‍ത്തടിപ്പാലത്തിനപ്പുറത്ത് അവള്‍ കിതച്ചുകൊണ്ട് അവനെ ഉറ്റുനോക്കിനിന്നു. ഇപ്പോള്‍ തന്റെ നിസ്സഹായതയോ തന്റെ വേഷത്തിന്റെ ദൈന്യതയോ ഒന്നും അവളെ തീരെ അലട്ടിയില്ല. സ്നേഹത്തിന്റെ മഹാപ്രവാഹം അവളുടെ കുറച്ചിലുകളെ ഇല്ലാതാക്കിയിരുന്നു. സി.വി. നിര്‍മ്മലയുടെ ഏറ്റവും ഹ്യദ്യമായ നോവല്‍. 'ഇലവീഴാപൂഞ്ചിറ'. സിഐസിസി ബുക് ഹൗസ്. വില 228 രൂപ.
◾ വീട്ടിലെ ഇളയകുട്ടികളെ അപേക്ഷിച്ച് മൂത്തകുട്ടികള്‍ അല്‍പം ഉയര്‍ന്ന ഐക്യു പ്രകടിപ്പിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. സ്‌കോട്ലാന്‍ഡിലെ എഡിന്‍ബറോ സര്‍വകലാശാല നടത്തിയ പഠനത്തില്‍ മൂത്തകുട്ടികള്‍ ഒരു വയസ്സില്‍ തന്നെ സഹോദരങ്ങളെക്കാള്‍ ഐക്യു ടെസ്റ്റുകളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്നുവെന്ന് കണ്ടെത്തി. ഇവര്‍ ഇളയ സഹോദരങ്ങളെക്കാള്‍ സ്‌കൂളില്‍ മികച്ച പ്രകടനവും മാര്‍ക്കും വാങ്ങുന്നുവെന്ന് പഠനത്തില്‍ പറയുന്നു. വായനയും ചിത്രരചനയും വിലയിരുത്തിയുള്ള പരിശോധനയില്‍ മൂത്തകുട്ടികള്‍ ഉയര്‍ന്ന സ്‌കോര്‍ നേടി. ആദ്യ കുട്ടി ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധയും പിന്തുണയും കൂടുതല്‍ ലഭിക്കുന്നു. ഇത് അവരുടെ ചിന്താശേഷി വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഇത് പ്രശ്ന പരിഹാര കഴിവ്, വായന, ഗ്രഹണ കഴിവുകള്‍ എന്നിവയില്‍ പ്രതിഫലിച്ചു. എന്നാല്‍ ഇളയകുട്ടികള്‍ക്ക് താരതമ്യേന മാതാപിതാക്കളുടെ ശ്രദ്ധ കുറയുമെന്ന് പഠനം പറയുന്നു. ഇളയകുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതും അവര്‍ക്ക് മാനസിക ഉത്തേജനം നല്‍കുന്നതും കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു. എസെക്സ് സര്‍വകലാശാല നടത്തിയ മറ്റൊരു പഠനത്തില്‍ മൂത്തകുട്ടികള്‍ ഇളയസഹോദരങ്ങളെ അപേക്ഷിച്ച് 16 ശതമാനം കൂടുതല്‍ അക്കാദമിക് മികവ് പുലര്‍ത്താന്‍ സാധ്യതയുണ്ടെന്നും, മൂത്ത പെണ്‍മക്കള്‍ മൂത്ത ആണ്‍മക്കളെ അപേക്ഷിച്ച് നാല് ശതമാനം കൂടുതല്‍ ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു. എന്നാല്‍ പഠനങ്ങള്‍ ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള പരസ്പരബന്ധം സൂചിപ്പിക്കുന്നുണ്ടെങ്കിലും വ്യത്യാസങ്ങള്‍ താരതമ്യേന നിസ്സാരമാണ്. കുട്ടികളുടെ വളര്‍ച്ചയില്‍ വിവിധ പാരിസ്ഥിതിക ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
Tags:
KERALA