Trending

സായാഹ്ന വാർത്തകൾ.

◾  അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആറ് സ്ത്രീകള്‍ക്ക് കൈമാറി.  മുംബൈയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ആണവ ശാസ്ത്രജ്ഞയായ എലീന മിശ്ര, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയില്‍ ബഹിരാകാശ ശാസ്ത്രജ്ഞയായ ശില്‍പി സോണി, ഫ്രോണ്ടിയര്‍ മാര്‍ക്കറ്റ്സിന്റെ സ്ഥാപകയും സിഇഒയുമായ അജൈത ഷാ, ചെസ്സ് പ്രതിഭ വൈശാലി രമേശ്ബാബു, ബീഹാറിന്റെ കൂണ്‍ വനിത എന്നറിയപ്പെടുന്ന അനിത ദേവി , സാര്‍വത്രിക ആക്‌സസബിലിറ്റിക്കു വേണ്ടി വാദിക്കുന്ന പ്രസ്ഥാനത്തിന് ഒരു വഴികാട്ടിയായ ഡോ. അഞ്ജലി അഗര്‍വാള്‍ എന്നിവരാണ് ആ ആറു സ്ത്രീകള്‍.

◾  കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികകള്‍ കൊട്ടാരക്കരയിലും മൂന്നാറും. രണ്ടിടങ്ങളിലും യു വി ഇന്‍ഡക്സ് എട്ടാണ്. യു വി ഇന്‍ഡക്സ് എട്ട് മുതല്‍ 10 വരെയാണെങ്കില്‍ ഓറഞ്ച് അലര്‍ട്ടാണ് അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണണെന്നും ഗൗരവമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ യു വി ഇന്‍ഡക്സ് ഏഴും തൃത്താലയില്‍ യു വി ഇന്‍ഡക്സ് ആറുമാണ്.

◾  തൃശ്ശൂര്‍ പൂരം നടത്തിയതില്‍ പോലീസ് ഒഴികെ മറ്റുവകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ടുള്ള ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ടാണിത്.

◾  സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ ശൈലിക്കും നിലപാടിനും എതിരെ വലിയ വിമര്‍ശനം. പാര്‍ട്ടി സെക്രട്ടറിക്ക് നിലപാടുകളില്‍ വ്യക്തതയില്ലെന്നും ഒരേ കാര്യത്തില്‍ രാവിലെയും ഉച്ചക്കും വൈകീട്ടും പല അഭിപ്രായങ്ങള്‍ പറയുന്നത് പാര്‍ട്ടി അണികളില്‍ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയും ജാഗ്രത കാണിക്കണമെന്നും  പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ ഒന്നും വ്യക്തിപരമായി കാണുന്നില്ലെന്നാണ് എംവി ഗോവിന്ദന്റെ മറുപടി.

◾  പ്രായപരിധിയില്‍ ആര്‍ക്കും ഇളവുകൊടുക്കാന്‍ പാര്‍ട്ടി കരുതുന്നില്ലെന്നും അങ്ങനെ ഒരു നിര്‍ദേശവുമില്ലെന്നും സിപിഎം നേതാവ് തോമസ് ഐസക്. മുഖ്യമന്ത്രിയുടെ കാര്യം പാര്‍ട്ടി കോണ്‍ഗ്രസും പാര്‍ട്ടി പോളിറ്റ് ബ്യൂറോയും തീരുമാനിക്കേണ്ടതാണെന്നും എന്തായാലും സംസ്ഥാന ഘടകത്തില്‍ അങ്ങനെ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്നും പാര്‍ട്ടി സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾  സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിവസം സമ്മേളന നഗരയിലെത്തി നടനും എം.എല്‍.എയുമായ മുകേഷ്. കൊല്ലത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ സ്ഥലം എം.എല്‍.എയുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. രണ്ട് ദിവസം  സ്ഥലത്തില്ലായിരുന്നുവെന്നും  നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നുവെന്നും പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.

◾  കേരളത്തില്‍ ഇത്തവണ വനിതാ ദിനത്തില്‍ ചെയ്യേണ്ട പ്രഥമകാര്യം ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തു തീര്‍ക്കുക എന്നതാണെന്ന് പ്രതിപക്ഷനേതാവായ വി.ഡി സതീശന്റെ കുറിപ്പ്. വാശിയും വൈരാഗ്യവും ഉപേക്ഷിച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണം, മുഖ്യമന്ത്രി തന്നെ നേരിട്ട് ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധികളെ കണ്ടു സംസാരിക്കണമെന്നും കേരളത്തിലെ ഓരോ വ്യക്തിയെയും കുടുംബത്തെയും നല്ല പ്രവര്‍ത്തനത്തിലൂടെ ചേര്‍ത്തു പിടിച്ച ഒരു തൊഴില്‍ മേഖലയേയും അവിടെ അഹോരാത്രം പണിയെടുക്കുന്ന അമ്മമാരെയും സഹോദരിമാരെയും വെയിലത്തും മഴയത്തും നിര്‍ത്തിയിട്ട് എന്തു വനിതാ ദിനമെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.

◾  ജീവിക്കാന്‍ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതയുണ്ടെന്ന ഫെയ്സ് ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ എന്ന കാരണം കൊണ്ട് അത് നിഷേധിക്കരുതെന്നും അത് നിഷേധിക്കാതിരിക്കുമ്പോള്‍ മാത്രമാണ് വനിതാദിനം സാധ്യമാകുന്നതെന്നും അദ്ദേഹം കുറിച്ചു.

◾  അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നുള്ള മില്‍മയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച. അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍ എന്നാണ് പോസ്റ്റില്‍ മില്‍മ പറയുന്നത്. വുമണ്‍സ് ഡേ പോസ്റ്റ് ചെയ്തെങ്കില്‍ ഞങ്ങള്‍ മെന്‍സ് ഡേ പോസ്റ്റും ഒഴിവാക്കില്ല. കാരണം സ്ത്രീകള്‍ക്കൊപ്പം തുല്യത പുരുഷന്മാര്‍ക്കും വേണമെന്നും മില്‍മയുടെ പോസ്റ്റില്‍ പറയുന്നു.

◾  സിറാജ് ദിനപത്രത്തിന്റെ  തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ  ചീഫ് സെക്രട്ടറിക്കു കെ.എം. ബഷീര്‍ നിയമസഹായസമിതി കണ്‍വീനറും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ജമാല്‍ കരുളായി  പരാതി നല്‍കി. വിചാരണനേരിടുന്ന ശ്രീറാം വെങ്കിട്ടരാമന് അഖിലേന്ത്യാ ജീവനക്കാര്‍ക്ക് ബാധകമായ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയായി പ്രമോഷന്‍ നല്‍കിയെന്നാണ് പരാതി.

◾  മലപ്പുറം കൊഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അബ്ദുല്‍ ലത്തീഫിനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ക്ക് എതിരെ നരഹത്യ ചുമത്തി കേസെടുത്തു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദ്ദിച്ചതിനു പിന്നാലെ ഉണ്ടായ മാനസിക സംഘര്‍ഷം പ്രത്യാഘാതത്തിലേക്ക് നയിച്ചു എന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

◾  താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവത്തില്‍ ഒപ്പം ഉണ്ടായിരുന്ന യുവാവ് എടവണ്ണ സ്വദേശി റഹിം അസ്ലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മുംബൈയില്‍ നിന്ന് രാവിലെ നാട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികള്‍ നാടുവിട്ടതില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ റഹിം അസ്ലത്തിനെ പൊലീസ് അറസ്റ്റ് ചെയ്യും.

◾  താനൂരില്‍ നിന്ന് നാടുവിട്ടു പോയി പൂനെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു. മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നാണ് കുട്ടികളെ സ്വീകരിച്ചത്. കുട്ടികള്‍ക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടികള്‍ നാടുവിട്ടത്. പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഇവര്‍ പരീക്ഷയുടെ തലേന്നാണ് നാടുവിട്ടത്.

◾  പാലക്കാട്  നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്തു. തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ഭാര്യ മൊഴി നല്‍കി. സഹികെട്ടാണ് വീട്ടില്‍ നിന്നിറങ്ങിപ്പോയതെന്നും ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാന്‍ പോലും താത്പര്യമില്ലെന്നും അയല്‍വാസികളോട് മോശമായാണ് ചെന്താമര പെരുമാറിയിരുന്നതെന്നും ഭാര്യ മൊഴി നല്‍കി.

◾  കളമശ്ശേരിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. കളമശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പിന്‍വശത്തുള്ള കിടക്കക്കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്.  വലിയ തോതില്‍ ഉയര്‍ന്ന തീ കാരണം പരിസരമാകെ പുകയില്‍ മൂടി. ഏലൂര്‍, തൃക്കാക്കര യൂണിറ്റുകളില്‍നിന്നു ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.

◾  പൊലീസിനെ കണ്ടു കൈയില്‍ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടര്‍ന്ന് യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ കോഴിക്കോട് താമരശ്ശേരിയില്‍ വെച്ച് പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയില്‍ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

◾  യാത്രക്കാരില്‍ ആരോ ഡബിള്‍ ബെല്ലടിച്ചതിനാല്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറില്ലാതെ കിലോമീറ്ററോളം ഓടി. പത്തനംതിട്ട കരിമാന്‍തോട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണ് സംഭവം. ബസ് പുനലൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് യാത്രക്കാരില്‍ ആരോ ഡബിള്‍ അടിച്ചത്. ഇതോടെ ഡ്രൈവര്‍ ബസ് എടുക്കുകയായിരുന്നു. വാഹനം കരവാളൂര്‍ എത്തിയപ്പോഴാണ് കണ്ടക്ടര്‍ ബസ്സില്‍ ഇല്ല എന്ന് തിരിച്ചറിഞ്ഞത്.

◾  ആര്യനാട് ചെമ്പകമംഗലം ക്ഷേത്രത്തില്‍ ഉത്സവപ്പറമ്പിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ഉത്സവപ്പറമ്പില്‍ താല്കാലിക ഫാന്‍സി സ്റ്റാള്‍ നടത്തി വന്നിരുന്ന ഉടമ മലയിന്‍കീഴ് മൂങ്ങോട് കൂത്താകോട് മിനി ഭവനില്‍ ഹരികുമാറിനാണ്(51) വയറില്‍ മാരകമായി കുത്തേറ്റത്. ഉത്സവവുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി നടത്തി വന്നിരുന്ന ഹരികുമാറിന്റെ സ്റ്റാളില്‍ സഹായിയായി നിന്നിരുന്ന  പൂജപ്പുര മുടവന്‍മുകള്‍ സരിത ഭവനില്‍ ബൈജുവിനെയാണ് (48) പൊലീസ് അറസ്റ്റ് ചെയ്തത്.

◾  നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ  കണ്ണൂര്‍ തലശ്ശേരി സ്വദേശി ഫാത്തിമ ഹബീബ(27)യെ കാപ്പ ചുമത്തി നാടുകടത്തി. നിരവധി ലഹരികേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍പ്പെട്ടയാളുമാണ് ഫാത്തിമ. കണ്ണൂര്‍ ജില്ലാ പൊലീസ് കമ്മീഷണറുടെ കാപ്പാ പട്ടിക പ്രകാരമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

◾  കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ ലോഡ്ജില്‍ ലഹരി വില്പനക്കിടെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ആണ് ഇരുവരെയും പിടികൂടിയത്.

◾  ദില്ലിയിലെ വനിതകള്‍ക്ക് മാസം 2500 രൂപ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മഹിളാ സമൃദ്ധി യോജന പദ്ധതിയുടെ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദില്ലി സര്‍ക്കാര്‍ ഇന്ന് ക്യാബിനറ്റ് യോഗം ചേരും. ഗുണഭോക്താക്കളായ വനിതകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തുക.

◾  പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്ന റോഡില്‍ അബദ്ധത്തില്‍ സൈക്കിള്‍ ഓടിച്ചു കയറ്റിയ 17 വയസുകാരന്റെ മുടി പിടിച്ച് തിരിച്ച് പൊലീസ്. വ്യാഴാഴ്ച രത്തന്‍ ചൗക്കിലാണ് സംഭവം.

◾  വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ 15 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി വധശിക്ഷ നടപ്പിലാക്കി അമേരിക്ക. 15 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പിലാക്കുന്നത്. 67കാരനായ ബ്രാഡ് സിഗ്മണ്‍ എന്നയാളെയാണ് ഫയറിംഗ് സ്‌ക്വാഡ് വെടിവച്ച് കൊലപ്പെടുത്തിയത്.  

◾  ഇറാനില്‍  ഹിജാബ് ധരിക്കാതെ പുറത്തിറങ്ങാന്‍ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്ന ഗാനം തയ്യാറാക്കിയ പ്രമുഖ ഗായകന് ചാട്ടവാറടി ശിക്ഷ. മെഹ്ദി യാറാഹി എന്ന പ്രമുഖ ഇറാന്‍ ഗായകനാണ് ബുധനാഴ്ച ഇറാന്‍ ചാട്ടവാറടി ശിക്ഷ നല്‍കിയത്. എന്നാല്‍ മദ്യം കഴിച്ചതിനും മദ്യം കൈവശം സൂക്ഷിച്ചതിനുമാണ് ശിക്ഷയെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

◾  അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി കുറയ്ക്കാന്‍ ഇന്ത്യ തയാറായിട്ടുണ്ടെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താരിഫ് നയങ്ങളെ വിമര്‍ശിച്ച ട്രംപ്, ഉയര്‍ന്ന നികുതി കാരണം ഇന്ത്യയില്‍ ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാനാവുന്നില്ലെന്നും പറഞ്ഞു. നികുതി നിരക്കിലെ മാറ്റങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ വന്നതോടെയാണ് നിരക്കുകള്‍ കുറയ്ക്കാന്‍ ഇന്ത്യ തയാറായതെന്നും ട്രംപ് പറഞ്ഞു.

◾  ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ജലവേട്ടയ്ക്കായി നാസയുമായി ചേര്‍ന്ന് സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീന്‍സ് അയച്ച രണ്ടാമത്തെ പേടകത്തിന്റെ ലാന്‍ഡിംഗും പരാജയം. പതിറ്റാണ്ടുകള്‍ക്ക് ശേഷം ചന്ദ്രനെ മനുഷ്യനിലിറക്കാനുള്ള ആര്‍ട്ടെമിസ് ദൗത്യത്തിന് നിര്‍ണായക വിവരങ്ങള്‍ സംഭാവന നല്‍കുമെന്നും കരുതിയ അഥീന ലാന്‍ഡറിന് അന്ത്യം സംഭവിച്ചതായി ഇന്റ്യൂറ്റീവ് മെഷീന്‍സ് സ്ഥിരീകരിച്ചു  

◾  സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ കേരളം മുന്നേറുകയാണെന്ന് നീതി ആയോഗിന്റെ പഠന റിപ്പോര്‍ട്ട്. വായ്പയുടെ തിരിച്ചടവും ക്രെഡിറ്റ് സ്‌കോറുമൊക്കെ സ്വയം കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കേരളം ആറാം സ്ഥാനത്താണ്. സ്ത്രീ സാമ്പത്തിക ശാക്തീകരണത്തെക്കുറിച്ചുള്ള നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം, സംസ്ഥാനത്ത് സ്വയം നിരീക്ഷണത്തിലൂടെയും ക്രെഡിറ്റ് മാനേജ്മെന്റിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായെന്നാണ് വ്യക്തമാക്കുന്നത്. വായ്പകള്‍ നേടിയിട്ടുള്ള വനിതകളുടെ എണ്ണത്തില്‍ 2024 ലെ കണക്കുകള്‍ പ്രകാരം കേരളം ആറാം സ്ഥാനത്തായിരുന്നു. വായ്പകള്‍ സംബന്ധിച്ച ദേശീയ കണക്കുകള്‍ പ്രകാരം ആകെ വനിതകളില്‍ ആറ് ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയാണ് പട്ടികയില്‍ ഒന്നാമത്. രാജ്യത്തെ മൊത്തത്തിലുള്ള വനിതാ കടമെടുപ്പുകാരില്‍ 15 ശതമാനവും മഹാരാഷ്ട്രയിലാണ്. തമിഴ്‌നാട് 11, കര്‍ണാടക 9, ഉത്തര്‍ പ്രദേശ് 7 തെലങ്കാന 6 എന്നിങ്ങനെയാണ് കേരളത്തിന് മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. ആന്ധ്ര പ്രദേശ്, ഗുജറാത്ത് പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ കേരളത്തിന് പിറകിലാണെന്നും കണക്കുകള്‍ പറയുന്നു.

◾  2025 ജനുവരിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഇടിവ്. മാന്ദ്യം ഉണ്ടായിരുന്നിട്ടും, ആപ്പിളും ഒപ്പോയും ഈ കാലയളവില്‍ വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ഐഡിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024ല്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി നാല് ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്ത ശേഷമാണ് ഈ മാന്ദ്യം ഉണ്ടാകുന്നത്. അതേസമയം ശക്തമായ ഷിപ്പിംഗ് നമ്പറുകള്‍ കാരണം ടെക് ഭീമനായ ആപ്പിളിന് ജനുവരിയില്‍ വിപണിയില്‍ ആദ്യ അഞ്ച് സ്ഥാനം നേടാന്‍ കഴിഞ്ഞു. കയറ്റുമതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11.7 ശതമാനം വളര്‍ച്ച ആപ്പിള്‍ നേടി. സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ജനുവരിയില്‍ മൊത്തം 11.1 ദശലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു, 2024-ലെ ഇതേ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 9.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതേ കാലയളവില്‍ വിവോയ്ക്ക് 8.1 ശതമാനം വാര്‍ഷിക ഇടിവും റിയല്‍മിക്ക് 5.3 ശതമാനം വാര്‍ഷിക ഇടിവും രേഖപ്പെടുത്തി. ജനുവരിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 5.3 ശതമാനം വര്‍ധനവോടെ പോസിറ്റീവ് വാര്‍ഷിക കയറ്റുമതി നടത്തിയ മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ഓപ്പോ മാത്രമാണ്.

◾  വിനീത് ശ്രീനിവാസന്‍ ചിത്രം 'ഒരു ജാതി ജാതകം' ഇനി ഒ.ടി.ടിയിലേക്ക്.  മനോരമ മാക്‌സില്‍ മാര്‍ച്ച് 14ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. 4.55 കോടി ബജറ്റില്‍ എത്തിയ ചിത്രം തിയേറ്ററുകളില്‍ നിന്നും 9.23 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറഞ്ഞത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സിനിമ വിവാദത്തിലാക്കിയിരുന്നു. അതിനാല്‍ ഒ.ടി.ടിയില്‍ എത്തുന്ന പതിപ്പ് മാറ്റങ്ങളോടെയാകും എത്തുക. അതേസമയം, വര്‍ണച്ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിച്ച ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത് വിശ്വജിത് ഒടുക്കത്തില്‍ ആണ്. ഗാനരചന മനു മഞ്ജിത്ത്, സംഗീതം ഗുണ ബാലസുബ്രഹ്‌മണ്യം. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണന്‍, മൃദുല്‍ നായര്‍, ഇഷ തല്‍വാര്‍, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹര്‍, രഞ്ജി കങ്കോല്‍, അമല്‍ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വര്‍ഷ രമേശ്, പൂജ മോഹന്‍രാജ്, ഹരിത പറക്കോട്, ഷോണ്‍ റോമി, ശരത്ത് ശഭ, നിര്‍മല്‍ പാലാഴി, വിജയകൃഷ്ണന്‍, ഐശ്വര്യ മിഥുന്‍ കൊറോത്ത്, അനുശ്രീ അജിതന്‍, അരവിന്ദ് രഘു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

◾  സംഗീതപ്രേമികള്‍ക്കിടയില്‍ തരംഗമായി ഹനുമാന്‍ കൈന്‍ഡിന്റെ പുത്തന്‍ സംഗീത വിഡിയോ. 'റണ്‍ ഇറ്റ് അപ്പ്' എന്ന പേരിലൊരുക്കിയ ഗാനത്തിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തെയും കലാവൈവിധ്യത്തെയും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയാണ് ഹനുമാന്‍ കൈന്‍ഡ്. വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോര്‍ത്തിണക്കിയൊരുക്കിയ ഗാനം ചുരുങ്ങിയ സമയത്തിനകം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ ആയോധന കലാരൂപമായ മര്‍ദാനി ഖേല്‍, കേരളത്തിന്റെ കളരി തുടങ്ങിയവയുടെ ദൃശ്യങ്ങളും പാട്ട് ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നു. പഞ്ചാബിന്റെ ഗട്ക, മണിപ്പൂരിലെ താങ്ത, കേരളത്തിന്റെ ഗരുഡന്‍ തൂക്കം, മലബാറിന്റെ കണ്ടന്നാര്‍ കേളന്‍, വെള്ളാട്ടം തുടങ്ങിയവ മനോഹരമായി ഗാനരംഗത്തില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. ചെണ്ടമേളത്തിന്റെ അകമ്പടി പാട്ടിന്റെ മികവ് കൂട്ടുന്നു. ബിജോയ് ഷെട്ടിയാണ് 'റണ്‍ ഇറ്റ് അപ്പ്' സംവിധാനം ചെയ്തിരിക്കുന്നത്. കല്‍മി ഈണൊമൊരുക്കി. ജന്മജ്‌ലിയ ഡറോസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബ്രൗണ്‍ ക്രൂ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ വാസിം ഹൈദറും അനമയ് പ്രകാശും ചേര്‍ന്ന് മ്യൂസിക് വിഡിയോ നിര്‍മിച്ചിരിക്കുന്നു.

◾  മെഴ്സിഡീസ് ബെന്‍സ് എസ്-ക്ലാസ് സെഡാന്‍ സ്വന്തമാക്കി തെന്നിന്ത്യന്‍ നടി രശ്മിക മന്ദാന. ഏകദേശം 1.89 കോടി രൂപ എക്സ്ഷോറും വില ആരംഭിക്കുന്ന എസ്450 എന്ന പെട്രോള്‍ മോഡലാണ് രശ്മിക മന്ദാന വാങ്ങിയത്. എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പനോരമിക് സണ്‍റൂഫ്, കീലെസ് ഗോ, ലൈറ്റ് വെയ്റ്റ് അലോയ് വീലുകള്‍, സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ലെതര്‍ അപ്ഹോള്‍സ്റ്ററി, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നീ ഫീച്ചറുകളുണ്ട്. പിന്‍സീറ്റ് യാത്രക്കാര്‍ക്കായി രണ്ട് എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനുകള്‍, എല്ലാ സീറ്റുകള്‍ക്കും മസാജ്, വെന്റിലേഷന്‍ ക്രമീകരണങ്ങള്‍, ആംബിയന്റ് ലൈറ്റുകള്‍ തുടങ്ങി പ്രീമിയം ഫീച്ചറുകള്‍ ധാരാളമുണ്ട് കാറില്‍. എസ്450-ന് 3.0 ലീറ്റര്‍, 6-സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കാറില്‍. 360 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

◾  ചിന്നബുദ്ധന്‍, തമാലം, അലിഖിതം, ഇതരവൃത്താന്തങ്ങള്‍, ചരിത്രാതീതകാലത്തെ അപ്പാപ്പന്‍ അഥവാ ഭഗവാനും തങ്ങളുപ്പാപ്പയും,  പുസ്തകങ്ങളുടെ വീട്, യക്ഷിരാത്രി... തുടങ്ങി ഏക്കാലത്തെയും മനുഷ്യവ്യഥകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെല്ലാം പുത്തന്‍ലോകത്തിന്റെ വ്യാഖ്യാനങ്ങളായിത്തീരുന്ന ഒന്‍പതു രചനകള്‍. ഷാഹിന ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം. 'പുസ്തകങ്ങളുടെ വീട്'. മാതൃഭൂമി. വില 144 രൂപ.

◾  കോശങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഒരു പോലെ വേണ്ട ഒന്നാണ് വിറ്റാമിന്‍ ഇ. വിറ്റാമിന്‍ ഇയുടെ കുറവു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ ഇയുടെ കുറവ് മൂലം ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിന്‍ ഇ യുടെ കുറവു മൂലവും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അകാരണമായി ചര്‍മ്മം വരളുക, ഹൈപ്പര്‍പിഗ്മെന്റേഷന്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും വിറ്റാമിന്‍ ഇയുടെ കുറവിന്റെ സൂചനയാകാം. വിറ്റാമിന്‍ ഇ യുടെ കുറവു മൂലം ചിലരില്‍ തലമുടി കൊഴിച്ചിലും ഉണ്ടാകാം. വിറ്റാമിന്‍ ഇ യുടെ അളവ് കുറയുമ്പോള്‍ ചിലരില്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയും ഉണ്ടാകാം. വിറ്റാമിന്‍ ഇ യുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി ദുര്‍ബലമാകാം. ബദാം, നിലക്കടല, സൂര്യകാന്തി വിത്തുകള്‍, പപ്പായ, ചീര, കിവി, അവക്കാഡോ, റെഡ് കാപ്സിക്കം, മാമ്പഴം, ഒലീവ് ഓയില്‍ തുടങ്ങിയവയിലൊക്കെ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 87.15, പൗണ്ട് - 112.61, യൂറോ - 94.37, സ്വിസ് ഫ്രാങ്ക് - 98.83, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.94, ബഹറിന്‍ ദിനാര്‍ - 231.19, കുവൈത്ത് ദിനാര്‍ -282.87, ഒമാനി റിയാല്‍ - 226.37, സൗദി റിയാല്‍ - 23.23, യു.എ.ഇ ദിര്‍ഹം - 23.72, ഖത്തര്‍ റിയാല്‍ - 23.94, കനേഡിയന്‍ ഡോളര്‍ - 60.60.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right