Trending

സായാഹ്ന വാർത്തകൾ.

◾  ആശാ പ്രവര്‍ത്തകരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. സന്തോഷ് കുമാര്‍ എം പി യുടെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ആശാ വര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച ജെപി നദ്ദ, എന്‍ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നുവെന്നും ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും വ്യക്തമാക്കി. കേരളത്തിന് എല്ലാ കുടിശികയും നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും കേരളത്തിന്റെ വിഹിതത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും ജെപി നദ്ദ പറഞ്ഞു.

◾  വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജന്‍. നിയമസഭയില്‍ ടി.സിദ്ദിഖ് എം എല്‍ എ കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിമാനകരമായ ദുരന്ത നിവാരണ പ്രക്രിയയിലാണ് സര്‍ക്കാരെന്നും കൃത്യം മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയതെന്നും 120 കോടി രൂപ ഉപയോഗിച്ച് റോഡുകള്‍ പുനര്‍നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

◾  വയനാട്ടിലെ ദുരിതബാധിതരുടെ അന്തിമ പട്ടിക തയ്യാറാക്കാന്‍ പോലും സര്‍ക്കാര്‍ കാലതാമസം വരുത്തുന്നുവെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണം. പുനരധിവാസം എങ്ങും എത്താത്ത സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും ദുരന്തമുണ്ടായിട്ട് എട്ട് മാസമായെന്നും ഉടുതുണിക്ക് മറുതുണി നഷ്ടമായവരാണ് ദുരിത ബാധിതരെന്നും ഇന്ത്യയിലല്ലേ കേരളം എന്ന് തോന്നും കേന്ദ്ര നിലപാട് കാണുമ്പോളെന്നും അദ്ദേഹം പറഞ്ഞു.

◾  വയനാടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്രം കാണിച്ചത് ക്രൂരമായ അവഗണനയാണെന്നും എന്നാല്‍ മന്ത്രിസഭക്ക് പ്രത്യേക തീരുമാനം എടുക്കാമായിരുന്നുവെന്നും കേന്ദ്രം സഹായിച്ചില്ലെങ്കില്‍ പകരം പദ്ധതി സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരുടെ സിബില്‍ സ്‌കോര്‍ താഴേക്ക് പോയതിനാല്‍ ഇനി ഒരു വായ്പയും കിട്ടാത്ത അവസ്ഥയാണെന്നും സംസ്ഥാന സര്‍ക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

◾  സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍ കെപിസിസി വേദിയില്‍ എത്തും. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷ പരിപാടിയിലാണ് ജി സുധാകരന്‍ പങ്കെടുക്കുന്നത്. മുന്‍മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരനും പരിപാടിയില്‍ പങ്കെടുക്കും. യുഗപുരുഷന്മാരുടെ സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും.

◾  വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഎസ്  സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരുമെന്നും മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾  സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താത്തതില്‍ നടത്തിയ പ്രതികരണം മയപ്പെടുത്തി പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവ് എ പത്മകുമാര്‍. പറഞ്ഞത് തെറ്റായിപ്പോയി എന്നും  അതിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്നും  അദ്ദേഹം പറഞ്ഞു. കേഡറിന് തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.

◾  പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാര്‍ കസ്റ്റഡിയില്‍. തിരുവന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിന്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ചികിത്സയിലാണെന്ന് പറഞ്ഞതിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

◾  കാസര്‍കോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ട് ഹാജരായി. പൊലീസ് കേസ് ഡയറിയും ഹാജരാക്കി. ഇരുവരുടേയും കോള്‍ റെക്കോര്‍ഡ്സ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി കൃത്യവിലോപം പൊലീസില്‍ നിന്നും ഉണ്ടായോയെന്നാണ് പരിശോധിക്കുന്നതെന്നും  വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മരണം സംഭവിച്ച് ദിവസങ്ങള്‍ കഴിഞ്ഞിരുന്നില്ലേ. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയത് എന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചോദിച്ചു.

◾  മലപ്പുറം തിരുവാലി വില്ലേജ് ഓഫീസില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ കൂടി അറസ്റ്റിലായി. സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശരത്തിനെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂര്‍ സ്വദേശി റഹ്‌മത്തുള്ള നേരത്തെ പിടിയിലായിരുന്നു. കുഴിമണ്ണ സ്വദേശിയുടെ  60 സെന്റ് സ്ഥലത്തിന്റെ പട്ടയത്തിലെ തെറ്റുകള്‍ തിരുത്തി നല്‍കാനായി ഏഴ് ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

◾  ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന ആരോപണത്തില്‍ പ്രതികരണവുമായി തന്ത്രി പ്രതിനിധി. ക്ഷേത്ര വിശ്വാസികളെ ഭിന്നിപ്പിക്കാന്‍ വേണ്ടിയുള്ള നീചമായ പ്രചാരണം അവസാനിപ്പിക്കണമെന്ന്  നെടുമ്പിളളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില തല്‍പ്പര കക്ഷികള്‍ നീചമായ പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

◾  ഇടുക്കി പരുന്തുംപാറയില്‍ വന്‍കിട കൈയേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ കുരിശ് സ്ഥാപിച്ച ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിനെതിരെ  കേസെടുത്തു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. ജില്ലാ കളക്ടറുടെ നിരോധനാജ്ഞ ലംഘിച് നിര്‍മാണം നടത്തിയതിനാണ് സജിത് ജോസഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

◾  കൊല്ലത്ത് പള്ളിവളപ്പില്‍  ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപം  സൂട്ട്കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലായി. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

◾  പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. വെളിച്ചം മുഖത്തേക്ക് അടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവര്‍ക്കാണ് കുത്തേറ്റത്. 10 പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

◾  തിരുവനന്തപുരം മൃഗശാലയിലെ മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗശാലയില്‍ ഞായറാഴ്ച ചത്ത മ്ലാവ് വര്‍ഗത്തില്‍പ്പെടുന്ന സാമ്പാര്‍ ഇനത്തില്‍ പെട്ട മാനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മൃഗശാലയില്‍ വെച്ച് നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കുശേഷം പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസില്‍ നടത്തിയ വിശദ പരിശോധനയിലാണ് മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചത്.

◾  തിരുവനന്തപുരം നഗരത്തില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ സംഭവത്തില്‍ യുവതിയടക്കം മൂന്നു പേര്‍ പിടിയിലായി. തിരുവനന്തപുരം കരമനയിലാണ് വയോധിക സഹോദരിമാരെ വീട്ടില്‍ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാലകള്‍ കവര്‍ന്നത്. സംഭവത്തില്‍ കോട്ടയ്ക്കകം പേരകം സ്വദേശികളായ അനീഷ്, അജിത്, ഇവരുടെ സുഹൃത്തായ കാര്‍ത്തിക എന്നിവരാണ് പിടിയിലായത്.

◾  കഞ്ചാവ് കടത്താന്‍ സമ്മതിക്കാത്ത ഓട്ടോ ഡ്രൈവര്‍ക്ക് പാലക്കാട് ക്രൂര മര്‍ദനം. കൊല്ലങ്കോട് സ്വദേശി അബ്ബാസിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്നുപേരെ പിടികൂടി.ചന്ദ്രനഗര്‍ സ്വദേശികളായ സ്മിഗേഷ്, ജിതിന്‍, അനീഷ് എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

◾  മ്യാന്‍മര്‍, തായ്ലന്‍ഡ് അതിര്‍ത്തിയില്‍ ജോലി തട്ടിപ്പിന് ഇരയായി കുടുങ്ങിയ 283 പേരെ  വ്യോമസേനയുടെ വിമാനത്തില്‍ തിരിച്ചെത്തിച്ചു. വ്യാജ ജോലി വാഗ്ദാനം നല്‍കി സൈബര്‍ കുറ്റകൃത്യങ്ങളുടെ ശൃംഖലയില്‍ കുടുങ്ങിയ ഏകദേശം 540 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇതില്‍ 283 പൗരന്മാരെയാണ് തിരിച്ചെത്തിച്ചത്. വ്യാജ ഏജന്‍സികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

◾  മ്യാന്‍മാര്‍ തായ്ലാന്‍ഡ് അതിര്‍ത്തിയില്‍ നിന്ന് തിരികെ എത്തിച്ചവരില്‍ എട്ടു മലയാളികളും ഉള്‍പ്പെടുന്നതായി വിവരം. ഒരു വനിതയടക്കമാണ് തിരികെ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ കണ്ട ജോലി അവസരം വഴിയാണ് തായ്ലാന്‍ഡില്‍ എത്തിയതെന്നും ബാങ്കോക്കില്‍ എത്തിച്ചതിന് ശേഷം പിന്നീട് തായിലാന്‍ഡ് അതിര്‍ത്തിയില്‍ എത്തിച്ച് മ്യാന്‍മാറിലേക്ക് കടത്തുകയായിരുന്നെന്നും ജോലി ഓഫര്‍ നല്‍കി മനുഷ്യക്കടത്തിന് ഇരയാക്കിയെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു.

◾  രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. പന്ത്രണ്ടാം തീയ്യതി നടക്കുന്ന മൗറീഷ്യസിന്റെ അന്‍പത്തിയാറാം ദേശീയ ദിനാഘോഷത്തില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നാണ് വിവരം.

◾  യുഎഇയില്‍ ഇടിമിന്നലോട് കൂടിയ മഴ. തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥ കേന്ദ്രം ഇന്നും മഴയ്ക്ക് സാധ്യത പ്രവചിച്ചുണ്ട്.

◾  ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ ഖുലാബാദില്‍ സ്ഥിതി ചെയ്യുന്ന മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യത്തെ പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശവകുടീരം ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യക്ക് കൈമാറി സംരക്ഷിച്ചതിനാല്‍ നിയമപരമായി മാത്രമേ ശവകുടീരം നീക്കം ചെയ്യാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

◾  ഉത്തര്‍പ്രദേശിലെ സംഭലില്‍ ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തി. ഗുല്‍ഫാം സിംഗ് യാദവ് എന്ന ഗ്രാമമുഖ്യനാണ് കൊല്ലപ്പെട്ടത്.  ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് കൊല നടത്തിയതെന്നാണ് വിവരം. അലിഗഡിലെ ആശുപത്രിയിലേക്ക്  കൊണ്ടുപോകും വഴി ഗുല്‍ഫാം സിംഗ് യാദവ്  മരിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

◾  ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയിലെന്ന് സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ട്. ബാക്കി ഏഴില്‍ ആറും ഏഷ്യന്‍ രാജ്യങ്ങളില്‍ തന്നെയാണ്. ഇതില്‍ നാലു നഗരങ്ങള്‍ പാകിസ്താനിലും, ചൈനയിലും കസാകിസ്താനിലും ഓരോ നഗരങ്ങളും ഉള്‍പ്പെടുന്നു. ആഫ്രിക്കന്‍ നഗരമായ ഇന്‍ജമിനയാണ് 20-ല്‍ ഏഷ്യക്ക് പുറത്തുള്ള ഏക നഗരം.

◾  ബാങ്കിംഗ് മേഖലാ തലത്തില്‍ ഡിജിറ്റല്‍ പരിവര്‍ത്തന പ്രക്രിയകള്‍ ത്വരിതപ്പെടുത്തിയതായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് സ്ഥിരീകരിച്ചു. ചില ഇലക്ട്രോണിക് ഇടപാടുകള്‍ക്കും സാമ്പത്തിക കൈമാറ്റങ്ങള്‍ക്കും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ചുമത്താനുള്ള ബാങ്കിംഗ് നിര്‍ദ്ദേശത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്  നിഷേധിച്ചു.

◾  ഇറക്കുമതി തീരുവയില്‍ ഇന്ത്യ അമേരിക്കക്കക്ക് ഒരിളവും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ രണ്ടിന് ഇന്ത്യക്ക് മേല്‍ ട്രംപ് പകരം തീരുവ ചുമത്താന്‍ സാധ്യതയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകാന്‍ സമയം എടുക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്വാള്‍ പറഞ്ഞു.

◾  ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അവഗണിച്ചെന്ന ആക്ഷേപത്തില്‍ വിശദീകരണവുമായി ഐസിസി. ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി ഉള്‍പ്പടെയുളള പി സി ബി ഭാരവാഹികളെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും ഐസിസി വ്യക്തമാക്കി. പാകിസ്ഥാനില്‍ കളിക്കാന്‍ ബിസിസിഐ വിസമ്മതിച്ചതിനാലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തിയത്.  

◾  സൈബര്‍ തട്ടിപ്പുകള്‍ മൂലം കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി നഷ്ടപ്പെട്ടത് 177.05 കോടി രൂപയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സൈബര്‍ സാമ്പത്തിക കുറ്റങ്ങളുടെ എണ്ണം 10 മടങ്ങാണ് വര്‍ധിച്ചത്. 2014-15 വര്‍ഷത്തില്‍ 18.46 കോടി രൂപയാണ് സൈബര്‍ ക്രിമിനലുകള്‍ തട്ടിയത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 107.21 കോടി രൂപ നഷ്ടമായി. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ പണം നഷ്ടപ്പെടുന്ന കേസുകളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓഡിനേഷന്‍ സെന്ററിന്റെ കണക്കുകളില്‍ പറയുന്നു. 2014 ല്‍ ഇത്തരം കേസുകളുടെ എണ്ണം 815 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 29,082 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് വര്‍ധിക്കുന്നതിനൊപ്പം തന്നെ ഡിജിറ്റല്‍ തട്ടിപ്പുകളും വര്‍ധിക്കുകയണ്. രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ തുടരുമെന്നാണ് സൈബര്‍ ക്രൈം കോഓഡിനേഷന്‍ സെന്റര്‍ കണക്ക് കൂട്ടുന്നത്. തട്ടിപ്പിന് ഇരയാകുന്നവരെ നിയമപരമായി സഹായിക്കാന്‍ കേന്ദ്ര ധനകാര്യ വകുപ്പ് പ്രത്യേക വെബ് പോര്‍ട്ടലുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. 1930 എന്ന ടോള്‍ ഫ്രീ നമ്പറിലും സേവനം ലഭിക്കും. സൈബര്‍ തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ സഞ്ചാര്‍ സാഥി വെബ്‌സൈറ്റിലും സൗകര്യമൊരുക്കിയിട്ടുണ്ട്.

◾  പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 15 സീരീസ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍. 15 സീരീസില്‍ വരുന്ന ഷവോമി 15, ഷവോമി 15 അള്‍ട്രാ എന്നിവ ലൈക്ക കാമറ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ് തുടങ്ങിയ ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക. ആമസോണ്‍ ഇന്ത്യ, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മറ്റ് റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവയില്‍ ഫോണുകള്‍ ലഭ്യമാകും. ഷവോമി 15 മൂന്ന് നിറങ്ങളില്‍ ലഭ്യമാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കറുപ്പ്, പച്ച, വെള്ള നിറങ്ങളിലാണ് വിപണിയില്‍ എത്തുക. അതേസമയം ഷവോമി 15 അള്‍ട്രാ സില്‍വര്‍ ക്രോം നിറത്തില്‍ മാത്രമേ ലോഞ്ച് ചെയ്യാന്‍ സാധ്യതയുള്ളൂ. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1.5കെ റെസല്യൂഷനുമുള്ള 6.36 ഇഞ്ച് എല്‍ടിപിഒ ഒലെഡ് ഡിസ്പ്ലേയുമായാണ് ഷവോമി 15 വരിക. 5,500 എംഎഎച്ച് ബാറ്ററി ശേഷിയും പ്രതീക്ഷിക്കുന്നു. ഷവോമി 15 അള്‍ട്രായ്ക്ക് 120 ഹെര്‍ട്സ്  റിഫ്രഷ് റേറ്റും 2കെ റെസല്യൂഷനുമുള്ള 6.73 ഇഞ്ച് ക്വാഡ്കര്‍വ്ഡ് എല്‍ടിപിഒ ഒലെഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 6,100 എംഎഎച്ച്  ശേഷിയുള്ള ബാറ്ററിയായിരിക്കും ഫോണിന്റെ മറ്റൊരു കരുത്ത്. രണ്ടിലും വിപുലമായ ലൈക്ക കാമറ സംവിധാനമുണ്ടായിരിക്കും.

◾  നിത്യഹരിതനായകന്‍' എന്ന ചിത്രത്തിന് ശേഷം ബിനുന്‍ രാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കന്‍ തേരോട്ടം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു റൊമാന്റിക് ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്നര്‍ ആണ് ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ധ്യാന്‍ ശ്രീനിവാസനും പുതുമുഖ നായിക ദില്‍ന രാമകൃഷ്ണനുമാണ് പോസ്റ്ററിലുള്ളത്. ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ സനു അശോക് ആണ് നിര്‍വഹിക്കുന്നത്. മാളവിക മേനോന്‍, സുധീര്‍ പറവൂര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലിം ഹസന്‍, വിജയകുമാര്‍, ദിലീപ് മേനോന്‍, കോഴിക്കോട് നാരായണന്‍ നായര്‍, ദിനേശ് പണിക്കര്‍ എന്നിവരെ കൂടാതെ തെലുങ്കില്‍ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. മധ്യവേനല്‍ അവധിക്ക് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

◾  തെലുങ്കിന്റെ ചിരഞ്ജീവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് 'വിശ്വംഭര'. ചിരഞ്ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്ഠ മല്ലിഡിയാണ്. ചിരഞ്ജീവിയുടെ ജോഡിയായി തൃഷ എത്തുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക ഓഗസ്റ്റ് 22ന് ആയിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. രമ്യ പശുപലേടി ചിരഞ്ജീവിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. വസിഷ്ഠ മല്ലിഡിക്കും ചിരഞ്ജീവിക്കും നന്ദിയും പറഞ്ഞിരുന്നു രമ്യ. മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രം ഗുണ്ടൂര്‍ കാരത്തിനായി വലിയൊരു വീടിന്റെ സെറ്റ് നിര്‍മിച്ചിരുന്നു. ആ സെറ്റിലാണ് വിശ്വംഭരത്തിന്റെ ഗാന രംഗത്ത് ചിരഞ്ജീവിയും നായിക തൃഷയും പ്രത്യക്ഷപ്പെടുന്നത് എന്നൊരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിരഞ്ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക എന്നും ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നുമാണ് റിപ്പോര്‍ട്ട്.

◾  ഫോര്‍ച്ച്യൂണര്‍ ലെജന്‍ഡര്‍ 4ഃ4 മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡല്‍ പുറത്തിറക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. 46.36 ലക്ഷം രൂപക്കാണ് ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ 4ഃ4 എംടി പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ ഫോര്‍ച്യൂണറിന് 4ഃ4 ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍, 4ഃ2 മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിവയടക്കം മൂന്ന് മോഡലുകളായി. ഓട്ടമാറ്റിക് ട്രാന്‍സ്മിഷനെ അപേക്ഷിച്ച് 4ഃ4 മാനുവല്‍ ട്രാന്‍സ്മിഷന് 1.73 ലക്ഷം രൂപ കുറവാണ്. ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ 4ഃ2 എടി മോഡലിനാണ് ഏറ്റവും കുറഞ്ഞ വില (44.11 ലക്ഷം രൂപ). ലെജന്‍ഡര്‍ 4ഃ4 മാനുവല്‍ ട്രാന്‍സ്മിഷന് 46.36 ലക്ഷം രൂപയും ഓട്ടമാറ്റിക് ട്രാന്‍സ്മിഷന് 48.09 ലക്ഷം രൂപയുമാണ് വില. 2.8 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദങ്ങളിലെല്ലാമുള്ളത്. 204എച്ച്പി കരുത്തും പരമാവധി 500 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. അതേതസമയം 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് വകഭേദത്തിലേക്കെത്തുമ്പോള്‍ 204 എച്ച്പി കരുത്ത് തന്നെ ലഭിക്കുമെങ്കിലും ടോര്‍ക്ക് 420 എന്‍എം ആയി കുറയും.

◾  കുട്ടികള്‍ക്കെന്നും പ്രിയപ്പെട്ടതാണ് ആനക്കഥകള്‍. ഈ പുസ്തകത്തിലൂടെ പുതിയ കുറച്ച് ആനകളെ നമുക്ക് പരിചയപ്പെടാം. ഈ ആനകളും പാപ്പാന്മാരും നമ്മെ രസിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. കുട്ടികള്‍ക്ക് നര്‍മ്മത്തില്‍ ചാലിച്ച രസകരമായ ഒരു വായനാനുഭവ മായിരിക്കും ഈ കഥകള്‍. 'എലിപണ്ടാന ആനക്കഥകള്‍'. ശിവപ്രസാദ് പാലോട്. ടെല്‍ബ്രയ്ന്‍ ബുക്സ്. വില 114 രൂപ.

◾  വെള്ളം മാത്രം കുടിച്ചതു കൊണ്ട് ചൂടിനെ പ്രതിരോധിക്കാനാകില്ല. വേനല്‍ക്കാലത്ത് കൂള്‍ ആകാന്‍ എന്താണ് വഴിയെന്നാണോ ആലോചന? രണ്ട് ചേരുവകള്‍ നിങ്ങളുടെ ഡയറ്റില്‍ ചേര്‍ക്കുന്നതോടെ ഈ ചുട്ടുപൊള്ളുന്ന ചൂടിലും സൂപ്പര്‍ കൂള്‍ ആകാം. ചൂടിനെ ഉള്ളില്‍ നിന്നും പുറമേ നിന്നും പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒരു സൂപ്പര്‍ ഫുഡ് ആണ് കുക്കുമ്പര്‍ അഥവാ കക്കിരി. ഇതില്‍ 96 ശതമാനവും ജലാംശമാണ്. വേനല്‍ക്കാലത്ത് സലാഡായും അല്ലെതെയുമൊക്കെ കുക്കുമ്പര്‍ നമ്മുടെ ഡയറ്റില്‍ വളരെ എളുപ്പത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇതില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകളും ഇലക്ട്രോലറ്റുകളും ശരീരതാപനില ക്രമീകരിക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ സാലിക്ക എന്ന സംയുക്തം ചൂടുകാരണമുണ്ടാകുന്ന ചര്‍മത്തിലെ വരള്‍ച കുറയ്ക്കാന്‍ സഹായിക്കും. കുക്കുമ്പര്‍ ചര്‍മത്തില്‍ പുരട്ടുന്നത് സണ്‍ബേണ്‍ കുറയ്ക്കാനും കണ്ണിന് ചുറ്റുമുള്ള ഡാര്‍ക്ക് സര്‍ക്കിള്‍ നീക്കാനും സഹായിക്കും. വേനല്‍ ചൂടിനോട് പൊരുതാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ഉള്ളി. ചുവന്നുള്ളിയില്‍ ക്വെര്‍സെറ്റിന്‍ എന്ന ആന്റി-ഓക്‌സിഡന്റി അടങ്ങിയിട്ടുണ്ട്. ഇത് സൂര്യതാപത്തില്‍ നിന്നും ചൂടില്‍ നിന്നുള്ള സമ്മര്‍ദത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിയര്‍ക്കുക എന്നതാണ് ശരീരതാപനില ക്രമീകരിക്കാനുള്ള പ്രധാന മാര്‍ഗം. ഉള്ളിയില്‍ അടങ്ങിയ സള്‍ഫര്‍ സംയുക്തങ്ങള്‍ രക്തചംക്രമണം വര്‍ധിപ്പിക്കുകയും ശരീരം വിയര്‍ക്കാനും സഹായിക്കും. കൂടാതെ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിനും ഹീറ്റ് സ്ട്രോക്ക്, നിര്‍ജ്ജലീകരണം എന്നിവ തടയുന്നതിനും ഉള്ളി സഹായിക്കും. കൂടാതെ ആന്റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഉള്ളി അമിതമായ ചൂടുകാരണം ദുര്‍ബലമാകുന്ന രോഗപ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 87.20, പൗണ്ട് - 112.69, യൂറോ - 95.10, സ്വിസ് ഫ്രാങ്ക് - 99.19, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.83, ബഹറിന്‍ ദിനാര്‍ - 231.35, കുവൈത്ത് ദിനാര്‍ -283.09, ഒമാനി റിയാല്‍ - 226.49, സൗദി റിയാല്‍ - 23.25, യു.എ.ഇ ദിര്‍ഹം - 23.76, ഖത്തര്‍ റിയാല്‍ - 23.94, കനേഡിയന്‍ ഡോളര്‍ - 60.50.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right