◾ വിസി നിയമനത്തില്‍ മാറ്റം നിര്‍ദ്ദേശിക്കുന്ന യുജിസി കരട് മാര്‍ഗരേഖക്കെതിരെ ഐക്യകണ്‌ഠേനെ പ്രമേയം പാസാക്കി കേരള നിയമസഭ. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. സര്‍വകലാശാലകളുടെ സ്വകാര്യവത്കരണത്തിനും വര്‍ഗ്ഗീയ ആശയങ്ങളുടെ പ്രചാരണത്തിനും വേണ്ടിയാണ് മാര്‍ഗരേഖയെന്നാണ് പ്രമേയത്തിലെ വിമര്‍ശനം. സര്‍വകലാശാലകളില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഭരണഘടനാ വ്യവസ്ഥയെ പോലും കാറ്റില്‍പ്പറത്തിയാണ് മാര്‍ഗ്ഗേരഖയെന്നും കുറ്റപ്പെടുത്തുന്നു.
◾ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് അനൂപ് ജേക്കബ്ബ് ചോദിച്ചു. കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ പട്ടാപ്പകല്‍ പൊലീസ് നോക്കി നില്‍ക്കെ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷം. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷയെന്നും കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു. മൂവ്വാറ്റുപുഴ ഡിവൈഎസ്പി അടക്കം നോക്കി നില്‍ക്കെയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയതെന്നും ഹണി റോസ് കേസില്‍ ശര വേഗത്തില്‍ നടപടി സ്വീകരിച്ച പൊലീസ് ഈ കേസില്‍ മെല്ലെപ്പോക്കിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾ നിയമസഭയില്‍ പ്രകോപിതനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മറുപടി പറയുമ്പോള്‍ ഭരണപക്ഷം തടസ്സമുണ്ടാക്കിയതാണ് പ്രതിപക്ഷ നേതാവിനെ .നേതാവിനെ ചൊടിപ്പിച്ചത്. എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും ചോദിച്ച് കയ്യിലെ പേപ്പര്‍ വലിച്ചെറിഞ്ഞ് അദ്ദേഹം സീറ്റിലിരുന്നു. സ്പീക്കര്‍ ബഹളത്തിന് കൂട്ടുനില്‍ക്കുന്നു എന്നും വി.ഡി.സതീശന്‍ ആരോപിച്ചു.
◾ കെപിസിസി അധ്യക്ഷപദവി തനിക്ക് അലങ്കാരമല്ലെന്നും എഐസിസിക്ക് ആരേയും കെപിസിസി അധ്യക്ഷനാക്കാമെന്നും കെ സുധാകരന്‍. മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ ആഗ്രഹമില്ലെന്നും തന്റെ സ്ഥാനം ജനങ്ങളുടെ മനസിലാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീപ ദാസ് മുന്‍ഷി ഒറ്റക്ക് ഒറ്റക്ക് നേതാക്കന്മാരെ കാണുന്നത് നേതാക്കള്‍ക്കിടയില്‍ ഐക്യം ഇല്ലാത്തതുകൊണ്ടല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
◾ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നാളെ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്ന സിപിഐ അനുകൂല ജോയിന്റ് കൗണ്‍സിലിനെ പരിഹസിച്ച് സിപിഎം സംഘടന. സമരം നടത്തുന്നത് ആളില്ലാ സംഘടനകളാണെന്നും ചില അതി വിപ്ലവ കാരികള്‍ കൊങ്ങി സംഘികള്‍ക്കൊപ്പം തോളില്‍ കൈയിട്ട് സമരം നടത്തുന്നുവെന്നും. അന്തി ചന്തക്കു പോലും ആളില്ലാ സംഘടനകളാണ് സമരം നടത്തുന്നതെന്നും സെക്രട്ടറിയേറ്റ് എംപ്ലോയ്‌സ് അസോസിയേഷന്റെ ലഘുലേഖയില്‍ പറയുന്നു.
◾ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും നാളെത്തെ പണിമുടക്കിനെ പരിഹസിച്ച സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് മറുപടിയുമായി ജോയിന്റ് കൗണ്‍സില്‍. അന്തി ചന്തക്ക് ആളുണ്ടോ ഇല്ലയോ എന്ന് നാളെ അറിയാമെന്നും, മുന്‍പ് നടന്ന സമരത്തെ കുറിച്ച് പോലീസ് നല്‍കിയ കോണ്‍ഫിഡനഷ്യല്‍ റിപ്പോര്‍ട്ട് സിഎമ്മിന്റെ ഓഫീസില്‍ ഉണ്ടെന്നും, സിപിഎം പോഷക സംഘടന ആളെ കൂട്ടുന്നത് ഭീഷണിപെടുത്തിയും ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് വിരട്ടിയുമാണെന്നും ജോയിന്റ് കൗണ്‍സില്‍ നേതാവ് ജയചന്ദ്രന്‍ കല്ലിങ്കല്‍ പറഞ്ഞു.
◾ ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ദുരന്തത്തില്‍ ഉള്‍പ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളരിമല വില്ലേജ് ഓഫീസര്‍, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്.
◾ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എന്‍എം വിജയന്‍ സുധാകരന് കത്തെഴുതിയത് കണക്കിലെടുത്താണ് സുധാകരനെ ചോദ്യം ചെയ്യുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും മൊഴിയെടുക്കാന്‍ വിളിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും കെ സുധാകരന്‍ പറഞ്ഞു. നാളെ എന്‍എം വിജയന്റെ വീട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും മാര്‍ത്തോമാ സഭയിലെ രാഷ്ട്രീയ ഭിന്നതയെ തുടര്‍ന്ന് ഒഴിവാക്കിയതെന്നാണ് സൂചന. എന്നാല്‍, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച് അറിയില്ലെന്നും സഭാ നേതൃത്വം അറിയിച്ചു. മാരാമണ്‍ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള പ്രധാന പരിപാടിയായ യുവവേദിലേക്ക് ആണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നത്.
◾ തൃണമൂല്‍ കോണ്‍ഗ്രസ് പി വി അന്‍വറിന്റെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് പ്രസിഡന്റ് സി ജി ഉണ്ണി. ഇല്ലാ കഥകള്‍ പറഞ്ഞ് ആളാവാനാണ് അന്‍വറിന്റെ ശ്രമമെന്നും സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാന്‍ അന്‍വറിന് ആരും അധികാരം കൊടുത്തിട്ടില്ലെന്നും അന്‍വറിന് നല്‍കിയ കണ്‍വീനര്‍ പോസ്റ്റ് താത്കാലികം മാത്രമാണെന്നും അന്‍വറിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കുമെന്നും സി ജി ഉണ്ണി കൂട്ടിച്ചേര്‍ത്തു.
◾ തലശ്ശേരി കലാപകാലത്ത് പിണറായി പാറപ്പുറത്തെ പള്ളി പൊളിച്ചതിലെ പ്രതി മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്‍ കുമാരനാണെന്ന് മുസ്ലിം ലീ?ഗ് നേതാവ് കെഎം ഷാജി. പയ്യന്നൂരിലെ പൊതുയോഗത്തിലാണ് ഷാജിയുടെ വിവാദ പരാമര്‍ശങ്ങള്‍. കഴിഞ്ഞ ദിവസം താനിത് പറഞ്ഞിരുന്നുവെന്നും താനെന്തെങ്കിലും പറയുമ്പോള്‍ കേസ് കൊടുക്കുമെന്നെല്ലാം പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി വരുമല്ലോയെന്നും എന്താണിപ്പോള്‍ മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചു.
◾ ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മില്‍ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ജില്ലയിലെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിലുള്ള അകലം സംബന്ധിച്ച് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ താത്ക്കാലിക തീരുമാനം നടപ്പാക്കും.
◾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' ഇന്ന് നിലവില്‍ വരും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവര്‍ത്തിക്കുക. കേരള വാര്‍ണിംഗ്സ് ക്രൈസിസ് ആന്റ് ഹസാര്‍ഡ്സ് മാനേജ്മെന്റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്.
◾ വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നല്‍കി. ആരോപണത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതി. സര്‍ക്കാര്‍ മരുന്ന് വിതരണ സംവിധാനത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമെന്നാണ് വകുപ്പ് സംശയിക്കുന്നത്.
◾ കൈക്കൂലിയും അഴിമതിയും മൂലം വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ ഗതാഗത വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണര്‍ സി.എച്ച്.നാഗരാജു. ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥര്‍ ചോദിക്കാതെ തന്നെ പണം നല്‍കുന്ന രീതിയുണ്ടെന്നും വെര്‍ച്ച്വല്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
◾ വിതുരയ്ക്ക് സമീപം ആദിവാസിയായ റബര്‍ ടാപ്പിങ് തൊഴിലാളിക്ക് കാട്ടാനയുടെ അക്രമണത്തില്‍ ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വിതുര പഞ്ചായത്തിലെ മണലി വാര്‍ഡില്‍ കൊമ്പ്രാന്‍കല്ല് പെരുമ്പറാടി ആദിവാസി മേഖലയില്‍ തടതരികത്ത് ശിവാ നിവാസില്‍ ശിവാനന്ദന്‍ കാണി(46) രാവിലെ ടാപ്പിംഗ് തൊഴിലിനു പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.
◾ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യവര്‍ഷവും നഗ്‌നതാ പ്രദര്‍ശനവും നടത്തിയ സംഭവത്തില്‍ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നടന്റെ മാപ്പ് പറച്ചില്‍. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് വിനായകന്‍ പറഞ്ഞത്. സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ തനിക്ക് പറ്റുന്നില്ലെന്നും വിനായകന്‍ വ്യക്തമാക്കുന്നു.
◾ തൃശൂരില്‍ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു. തൃശൂര്‍ വെള്ളപ്പായ ചൈന ബസാറില്‍ കര്‍ഷകന്‍ വെളപ്പായ സ്വദേശി രവിയുടെ നാലു പശുക്കളാണ് വിഷപ്പുല്ല് കഴിച്ച് ചത്തത്. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണ് വില്ലനായത്. ബ്ലൂമിയ അഥവാ വേനല്‍ പച്ചയിനത്തിലെ പുല്ല് അമിതമായി കഴിച്ചതാണ് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
◾ ആറ്റിങ്ങല്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആറ്റിങ്ങല്‍ സ്വദേശി അജിത്ത് (48) മരിച്ചു. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി 8 മണിയോടെ പൂവന്‍പാറ പാലത്തിന് സമീപമായിരുന്നു അപകടം. കഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ശ്രീജിത്ത് ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്.
◾ അഖില കര്‍ണാടക ബ്രാഹ്‌മണസഭയുടെ വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുത്ത് കര്‍ണാടകയിലെ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതും ജസ്റ്റിസ് ശ്രീശാനന്ദയും. ഭരണഘടനാ നിര്‍മാണത്തില്‍ ബ്രാഹ്‌മണരുടെ പങ്ക് നിസ്തുലമെന്ന് ജഡ്ജിമാര്‍ പരിപാടിക്കിടെ പറഞ്ഞു. ഭരണഘടനാ നിര്‍മാണസമിതിയില്‍ ഏഴ് പേരുണ്ടായിരുന്നതില്‍ മൂന്നും ബ്രാഹ്‌മണരായിരുന്നുവെന്ന് ജസ്റ്റിസ് ദീക്ഷിത് പറഞ്ഞു.
◾ മദ്ധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച മുന്‍ ജഡ്ജി രോഹിത് ആര്യയെ ബിജെപിയുടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പാനലിന്റെ കോഓര്‍ഡിനേറ്ററായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്താണ് ജസ്റ്റിസ് ആര്യയ്ക്ക് പുതിയ പാര്‍ട്ടി ചുമതല നല്‍കിയത്. വിരമിച്ച് മൂന്ന് മാസത്തിന് ശേഷം ഇക്കഴിഞ്ഞ ജൂലൈയിലാണ് ജസ്റ്റിസ് രോഹിത്ത് ആര്യ ബിജെപിയില്‍ ചേരുന്നത്.
◾ കര്‍ണാടകയിലെ ഗവിഗുഡ്ഡയിലെ വനമേഖലയില്‍ ഋഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ 1 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മൂലം പ്രദേശത്തെ വനപ്രദേശത്ത് വലിയ നാശനഷ്ടം ഉണ്ടായെന്ന് ആരോപണം. ഇവിടുത്തെ ജനവാസ മേഖലയിലെ പ്രാന്തപ്രദേശത്താണ് ഷൂട്ടിന് അനുമതി ലഭിച്ചതെങ്കിലും കാട് കയ്യേറി ഷൂട്ടിംഗ് നടത്തിയെന്നാണ് ആരോപണം.
◾ ഛത്തീസ്ഗഢ്-ഒഡിഷ അതിര്‍ത്തിയില്‍ ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോവാദികളെ സുരക്ഷാസേന വധിച്ചു. സെല്‍ട്രല്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗവും മാവോവാദി നേതാവുമായ ചലപതി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു.
◾ സ്റ്റാര്‍ഷിപ്പ് സൂപ്പര്‍-ഹെവി മെഗാ റോക്കറ്റിന്റെ ഏഴാം പരീക്ഷണ പരാജയത്തിന് ശേഷമുള്ള ആദ്യ വിക്ഷേപണം വിജയിപ്പിച്ച് സ്‌പേസ് എക്‌സ്. ഫ്‌ലോറിഡയിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന ഫാല്‍ക്കണ്‍ 9 ലോഞ്ച് വെഹിക്കിള്‍ 21 സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റുകള്‍ വിജയകരമായി വിക്ഷേപിച്ചു.
◾ അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം സായുധ സേനാ അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ ഡോണള്‍ഡ് ട്രംപ് ചുവടുവെയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. അമേരിക്കന്‍ സൈന്യത്തിന്റെ തീം അടിസ്ഥാനമാക്കി തയ്യാറാക്കിയ കേക്ക് മുറിച്ചുകൊണ്ടാണ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
◾ ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ തയ്യാറായി ട്രംപിന്റെ കമ്പനി. 15000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ട്രംപ് ടവറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് നീക്കം. പദ്ധതിക്ക് അന്തിമ രൂപം നല്കാന്‍ ട്രംപിന്റെ മക്കള്‍ വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
◾ കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ 7.4% വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ ടെലികോം വിഭാഗമായ ജിയോയും റീട്ടെയ്ല്‍ വിഭാഗങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. റിലയന്‍സ് ജിയോയുടെ അറ്റാദായത്തില്‍ 24% വര്‍ധനയുണ്ടായി. മൊത്ത അറ്റാദായം 18,540 കോടി രൂപയാണ്. പ്രതിഓഹരിക്ക് 13.70 രൂപ. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 17,265 കോടി രൂപയായിരുന്നു ആകെ അറ്റാദായം. ജൂലൈ- സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 16563 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.43 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2023 ഒക്ടോബര്‍ -ഡിസംബര്‍ പാദത്തില്‍ ഇത് 2.27 ലക്ഷം കോടി രൂപയായിരുന്നു.
◾ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. കമ്പനിയുടെ പ്രാരംഭ ഓഹരി വില്‍പ്പനക്ക് മുമ്പ് നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് പദ്ധതി. ജിയോക്ക് പിന്നാലെ മറ്റ് ടെലികോം കമ്പനികളും നിരക്ക് വര്‍ധന പ്രഖ്യാപിക്കാനാണ് സാധ്യത. രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ജൂണിലാണ് ജിയോ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. നിരക്ക് വര്‍ധനക്ക് പിന്നാലെ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ജിയോ സേവനങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ഇതൊഴിവാക്കാന്‍ പ്രീമിയം സേവനങ്ങള്‍ക്ക് മാത്രം വില വര്‍ധിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ റിലയന്‍സ് ജിയോക്ക് 48.2 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തിലെ സമാനകാലയളവില്‍ 47.1 കോടി ഉപയോക്താക്കളും സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 47.9 കോടിയും ആയിരുന്നു ജിയോക്കുണ്ടായിരുന്നത്. 10 ലക്ഷം കോടി രൂപ (120 ബില്യന്‍ ഡോളര്‍) മൂല്യം ലക്ഷ്യം വച്ചാണ് കമ്പനി ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. 40,000 കോടി രൂപയോളം ഐ.പി.ഒ വഴി വിപണിയില്‍ നിന്നും സമാഹരിക്കാനാണ് ജിയോയുടെ പദ്ധതി.
◾ അജിത് നായകനായെത്തുന്ന ബ്രഹ്‌മാണ്ഡചിത്രം 'വിടാമുയര്‍ച്ചി'യിലെ പുതിയ ഗാനം പുറത്ത്. അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട ഗാനം ട്രെന്‍ഡിങ്ങില്‍ മുന്നിലെത്തി. റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ 13 ലക്ഷം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. അനിരുദ്ധും യോഗി ശേഖറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു എടവന്റേതാണ് വരികള്‍. അമോഘ് ബാലാജിയാണ് റാപ്പ് ഒരുക്കിയത്. ആക്ഷന്‍, ത്രില്‍, സസ്പെന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത് ചിത്രമാണ് വിടാമുയര്‍ച്ചി. അജിത്തിനു പുറമെ അര്‍ജുന്‍, തൃഷ, റെജീന കസാന്‍ഡ്ര എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലെത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിക്കുന്ന ഈ വമ്പന്‍ ചിത്രത്തില്‍ ആരവ്, നിഖില്‍, ദസാരഥി, ഗണേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത് വിടാമുയര്‍ച്ചിയുടെ സാറ്റലൈറ്റ് അവകാശം സണ്‍ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും വമ്പന്‍ തുകയ്ക്കാണ് നേടിയെടുത്തത്.
◾ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'എമ്പുരാനി'ലെ ടൊവിനോ തോമസിന്റെ ലുക്ക് പുറത്ത്. ടൊവിനോയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റര്‍ റിലീസ് ചെയ്തത്. ''അധികാരം ഒരു മിഥ്യയാണ്'' എന്നതാണ് ജതിന്‍ രാംദാസിന്റെ ടാഗ്ലൈന്‍. ലൂസിഫറില്‍ അതിഥിവേഷത്തിലെത്തിയ 'ജതിന്‍ രാംദാസ്' എമ്പുരാനില്‍ മുഴുനീള വേഷത്തിലാകും എത്തുക. കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറിയ ജതിന്‍ രാംദാസ് എമ്പുരാനിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നാണ്. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യങ്ങളാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസും ലൈകാ പ്രൊഡക്ഷനും ചേര്‍ന്നാണ്.
◾ ഇടവേളക്കു ശേഷം ഇന്ത്യയില്‍ വീണ്ടും ഡീസല്‍ കാര്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി സ്‌കോഡ. അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷമുള്ള ഡീസല്‍ കാര്‍ മോഡലായ സൂപ്പര്‍ബ് 4ണ്മ4 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായെത്തുന്ന സൂപ്പര്‍ബ് 193എച്ച്പി കരുത്തും 400എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമാണ്. ഇന്ത്യയില്‍ ആദ്യം എത്തിയപ്പോള്‍ ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ പ്രധാനമായും ഡീസല്‍ മോഡലുകളാണ് അവതരിപ്പിച്ചത്. ആദ്യ തലമുറ ഒക്ടാവിയ, സൂപ്പര്‍ബ്, റാപ്പിഡ്... എന്നിങ്ങനെയുള്ള ഡീസല്‍ മോഡലുകളാണ് സ്‌കോഡയുടെ വില്‍പനയില്‍ വലിയ പങ്കും വഹിച്ചത്. ഫോക്‌സ്വാഗണ്‍ ഗ്രൂപ്പിന്റെ കുപ്രസിദ്ധമായ ഡീസല്‍ഗേറ്റ് അഴിമതി നടന്ന് പത്തുവര്‍ഷത്തിനു ശേഷമാണ് ഡീസല്‍ മോഡലുകളുമായി സ്‌കോഡ എത്തുന്നത്. രേഖകളിലുള്ളതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ മലിനീകരണം ചില ഡീസല്‍ മോഡല്‍ കാറുകള്‍ നടത്തുന്നുവെന്നതായിരുന്നു 2015ല്‍ പുറത്തുവന്ന ഡീസല്‍ഗേറ്റ് അഴിമതിയുടെ കണ്ടെത്തല്‍.
◾ നാലരപ്പതിറ്റാണ്ടിലേറെയായി സാഹിത്യസപര്യയിലേര്‍പ്പെട്ടിരിക്കുന്ന ഒരെഴുത്തുകാരന്റെ മാസ്റ്റര്‍പീസ് എന്നു വിളിക്കാവുന്ന കൃതിയാണ് 'പ്രാന്തങ്ങാടി'. ഈ നോവലിലൂടെ കടന്നുപോകുമ്പോള്‍ നാം മറന്നു വെച്ച പഴയ ഒരു ദേശം നമ്മെ അന്വേഷിച്ചെത്തുന്നു. ഒരുവേള നാം മറന്ന പിരാന്തന്‍ കുഞ്ഞറമ്മൂട്ടിയും ബീവിക്കുട്ടിയും മായന്‍ ഹാജിയും ഒരു ആര്‍കൈവ്‌സ് മൂല്യമായി നമ്മുടെ മുന്നിലെത്തുന്നു. ജിന്നുകള്‍ നിരന്തരം അനുധാവനം ചെയ്യുന്നു, നിഗൂഢതകള്‍ നിറഞ്ഞ പള്ളിക്കാടുകളും കണ്ടുമറന്ന മണ്‍പാതകളും നിഗൂഢ രാത്രികളും നമ്മിലേക്ക് വീണ്ടും എത്തുന്നു. പ്രാന്തങ്ങാടി മലയാള സാഹിത്യത്തിന് ഒരു ദേശത്തെക്കൂടി സംഭാവന ചെയ്തിരിക്കുന്നു. ഭൂതകാലവും ചരിത്രവും വര്‍ത്തമാനവും ഇഴചേരുന്ന നോവല്‍. 'പ്രാന്തങ്ങാടി'. ഹംസ കയനിക്കര. മാതൃഭൂമി. വില 212 രൂപ.
◾ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒരു സൂപ്പര്‍ഫുഡ് ആണ് റവ. കാലറി വളരെ കുറഞ്ഞ, പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ റവ, രുചിയുള്ളതും ആരോഗ്യകരവുമാണ്. റവയില്‍ കാര്‍ബോഹൈഡ്രേറ്റ്, ഭക്ഷ്യനാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍, വൈറ്റമിനുകളായ വൈറ്റമിന്‍ എ, തയാമിന്‍ (ബി1), റൈബോഫ്ലേവിന്‍ (ബി2), നിയാസിന്‍ (ബി3), വൈറ്റമിന്‍ ബി6, ഫോളേറ്റ് (ബി9), വൈറ്റമിന്‍ ബി12, വൈറ്റമിന്‍ സി ഇവ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം, സിങ്ക് തുടങ്ങിയ ധാതുക്കളും റവയിലുണ്ട്. നാരുകളും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റും റവയിലുണ്ട്. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ സാവധാനത്തിലേ ദഹിക്കുകയുള്ളൂ. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം പ്രഭാതഭക്ഷണമായി റവ ഉള്‍പ്പെടുത്തുന്നത് ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കാനും സഹായിക്കും. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ കഴിക്കാവുന്ന റവ ദഹിക്കാനും എളുപ്പമാണ്. ബവല്‍ മൂവ്മെന്റുകളെ നിയന്ത്രിക്കാന്‍ റവ സഹായിക്കും. മലബന്ധം അകറ്റുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. റവയില്‍ മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുണ്ട്. ഇതുമൂലം നാഡീ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ റവയ്ക്കു കഴിയും. നാഡീസംവിധാനത്തിന്റെ തകരാറ്, ഹെമറേജ്, വാസ്‌ക്കുലാര്‍ ഡിസീസ് മറ്റ് ഗുരുതരമായ അണുബാധകള്‍ ഇവയ്ക്ക് കാരണമാകും. ഇവ തടയാന്‍ റവയ്ക്ക് കഴിയും. റവയ്ക്ക് ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവാണ്. അതുകൊണ്ടു തന്നെ റവ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്‍സുലിന്‍ പ്രതിരോധം ഒഴിവാക്കാനും റവ മികച്ച ഒരു ഭക്ഷണമാണ്. പൊണ്ണത്തടി, ശരീരഭാരം കൂടുക ഇവയ്ക്കെല്ലാം കാരണം ഇന്‍സുലിന്‍ പ്രതിരോധമാണ്. ഭക്ഷണത്തില്‍ റവ ഉള്‍പ്പെടുത്തുന്നത് ഊര്‍ജം നിലനിര്‍ത്താനും അനാരോഗ്യഭക്ഷണങ്ങളോടുള്ള ആസക്തി തടയാനും സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 86.53, പൗണ്ട് - 106.04. യൂറോ - 89.68, സ്വിസ് ഫ്രാങ്ക് - 95.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.94, ബഹറിന്‍ ദിനാര്‍ - 229.56, കുവൈത്ത് ദിനാര്‍ -280.65, ഒമാനി റിയാല്‍ - 224.77, സൗദി റിയാല്‍ - 23.06, യു.എ.ഇ ദിര്‍ഹം - 23.56, ഖത്തര്‍ റിയാല്‍ - 23.81, കനേഡിയന്‍ ഡോളര്‍ - 59.92.
➖➖➖➖➖➖➖➖
Tags:
KERALA