Trending

സായാഹ്ന വാർത്തകൾ.

   18-09-2024

◾  പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കാന്‍  മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളും ചര്‍ച്ചയായി. കണക്കുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം ദോഷം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

◾  വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന്‍ കാരണം കേരളത്തിലെ  ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എന്നാല്‍ വയനാട് ദുരന്തത്തില്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നും റിയാസ് വ്യക്തമാക്കി. അതേസമയം ഇടത് സര്‍ക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാര്‍ത്ത നല്‍കുന്നുണ്ടെന്നും മറ്റിടങ്ങളില്‍ ദുരന്തം ഉണ്ടായപ്പോള്‍ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

◾  വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നൂറു കാരണങ്ങളുണ്ട്. എന്നിട്ടും പുതിയൊരു സംസ്‌കാരത്തിനാണ് പ്രതിപക്ഷം തുടക്കമിട്ടത്. മുഖ്യമന്ത്രിക്കുള്ള പ്രശ്നം ചില ആളുകളെ അമിതമായി വിശ്വസിക്കുന്നതാണ്. പ്രത്യേക ദുരിതാശ്വാസ ഫണ്ട് ലഭിക്കാനുള്ള ഹോംവര്‍ക്ക് സര്‍ക്കാര്‍ നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് വേണ്ടത് പ്രത്യേക പാക്കേജെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു . ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താല്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കില്ല. അങ്ങനെ ഒരു കാലത്തും സംസ്ഥാനത്തിന് പണം ലഭിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  സിപിഎമ്മിന്റെ നയം നടപ്പാക്കാന്‍ കേരളത്തിലെ ഭരണത്തിന് സാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭരണഘടനാപരമായ ഭരണകൂടത്തിന്റെ നയം വെച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആ നയം വെച്ചാണ് കേരളത്തിലെ പൊലീസിനെയും  ഭരണകൂട സംവിധാനത്തിനെയും എല്‍ഡിഎഫ് സര്‍ക്കാറിനെയും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ അവിടുത്തെ യൂട്യൂബേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്ന്  കെ മുരളീധരന്‍. നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരന്‍, എ. കെ. ആന്റണി, ഉമ്മന്‍ചാണ്ടി ഇവര്‍ മതിയാകുമായിരുന്നുവെന്നും, എന്നാല്‍ ഇന്ന് രാഹുല്‍ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോണ്‍ഗ്രസിലില്ലെന്നും അദ്ദേഹം പറഞ്ഞു. നട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടിയിയിലാണ് തന്നെ കയറ്റിവിട്ടതെന്നും തൃശൂരില്‍നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ടതാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തൃശ്ശൂരിലെ വോട്ടുകള്‍ ബിജെപിയിലേക്ക് പോയത് ഇപ്പോഴും കോണ്‍ഗ്രസ് വിദ്വാന്മാര്‍ അറിഞ്ഞിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസ്സാണെന്നും മുരളീധന്‍ പറഞ്ഞു. ഇന്നലെവരെ ഗാന്ധിജിയെ കൊന്നവര്‍ ഇന്ന് വലിയവര്‍ ആയിരിക്കുന്നുവെന്നും കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.

◾  പൊളിറ്റിക്കല്‍ ഇസ്ലാം വലിയ പ്രശ്നമാകുന്നുവെന്ന പി ജയരാജന്റെ പരാമര്‍ശം സ്വാഗതം ചെയ്ത് കത്തോലിക്കാ സഭാ മുഖപത്രം ദീപിക. ഇസ്ലാമിക തീവ്രവാദത്തിന്റെ മുഖംമൂടി മാറ്റാന്‍ ജയരാജനെപ്പോലെ ആരെങ്കിലും വരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഇസ്ലാമിക തീവ്രവാദത്തിന് മതേതര പാര്‍ട്ടികള്‍ വളംവെച്ചെന്ന വിമര്‍ശനം നിലനില്‍ക്കെ ജയരാജന്റെ തുറന്നുപറച്ചില്‍ പ്രസക്തമാണെന്നും സഭാ നിലപാടുകള്‍ സ്ഥിരീകരിക്കുന്നതാണ് ജയരാജന്റെ പ്രസ്താവനയെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.

◾  പുതിയ സിനിമാ കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനില്‍ ആശയക്കുഴുപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങള്‍ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സില്‍ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം.

◾  സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരനായ യുവാവ്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പൊലീസില്‍ പരാതി നല്‍കി. രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയതിന് പിറകെ ഫോണ്‍ വഴിയും നേരിട്ടും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

◾  വയനാട് ദുരന്തത്തിലെ ദുഃഖം അനുഭവിക്കുന്നവര്‍ക്കുള്ള സാന്ത്വനമായാണ് ഇത്തവണത്തെ പുലിക്കളി സമര്‍പ്പിക്കുന്നതെന്ന് മേളപ്രാമാണികന്‍ പെരുവനം കുട്ടന്‍മാരാര്‍. പുലിയെ പേടിക്കേണ്ടാത്ത, മൃഗങ്ങളും മനുഷ്യരും ഒന്നാകുന്ന ദിവസമാണ് തൃശ്ശൂരിലെ പുലിക്കളി ദിവസമെന്നും കുട്ടന്‍മാരാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് മൂന്നുമണിയോടെ തൃശ്ശൂര്‍ റൗണ്ടിലേക്ക് പുലികള്‍ നീങ്ങിത്തുടങ്ങും. അഞ്ചിന് റൗണ്ടിലെ നായ്കനാല്‍ ജങ്ഷനില്‍ പാട്ടുരായ്കല്‍ പുലിസംഘത്തിന് ഫ്ളാഗ് ഓഫ് നല്‍കുന്നതോടെ പുലിക്കളിക്ക് തുടക്കമാകും.

◾  കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ എസ് ജാംദാറിനെ നിയമിക്കാനുള്ള നിര്‍ദ്ദേശം ആവര്‍ത്തിച്ച് സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തില്‍ കേന്ദ്രം നേരത്തെ എതിര്‍പ്പറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് 3 നിയമനങ്ങളില്‍ കൊളീജിയം മാറ്റം വരുത്തി. കേരളത്തിലേക്കുള്ള നിയമനത്തില്‍ മാറ്റം വേണ്ടെന്നാണ് തീരുമാനം.

◾  ഹേമ കമ്മിറ്റിയ്ക്ക് മുന്നില്‍ നല്‍കിയ സാക്ഷി മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത് പല ഭാഗങ്ങളിലായെന്ന് റിപ്പോര്‍ട്ട്. സാക്ഷി മൊഴികള്‍ മുഴുവനായി ആര്‍ക്കും നല്‍കിയില്ല. ഓരോ ഭാഗങ്ങളും ഓരോ ഉദ്യോഗസ്ഥര്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിവരാവകാശ പരിധിയില്‍ നിന്നും ഒഴിവാക്കിയ ഭാഗങ്ങള്‍ മുഴുവനായി എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. സാക്ഷി മൊഴികളുടെ പകര്‍പ്പ് അന്വേഷണ സംഘാംഗങ്ങള്‍ ഇന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറണം. ആരും പകര്‍പ്പെടുക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

◾  കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കമുള്ളവര്‍ക്കായി തെരച്ചില്‍ നടത്താന്‍ ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് കാര്‍വാര്‍ തുറമുഖത്തെത്തി. കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് തിരച്ചില്‍ പുന:രാരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍  ഉന്നത തല യോഗം ചേരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

◾  ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തില്‍  കാരിച്ചാല്‍ ചുണ്ടന്‍ ജേതാവായി. സമ്മേളനം ഫിഷറീസ് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. തോമസ് കെ തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജലമേള ജില്ലാ പോലീസ് മേധാവി മോഹന ചന്ദ്രന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മേല്പാടം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് കാരിച്ചാല്‍ ചുണ്ടന്‍ ജേതാവായത്.

◾  ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെയല്ല സുപ്രീംകോടതിയെ സമീപിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം കമ്മീഷണറെ നിയമിക്കുന്നതിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന ദേവസ്വം ബഞ്ചിന്റെ ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയതെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിക്കുന്നു.

◾  റബ്ബര്‍ വില ഇടിഞ്ഞു. കഴിഞ്ഞ മാസം 255 രൂപ വരെ ഉയര്‍ന്ന വിലയാണ് 221ലേക്ക് കൂപ്പുകുത്തിയത്. ഉത്പാദനം കൂടിയതോടെ വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. അപ്രതീക്ഷിതമായി ഉയര്‍ന്ന റബ്ബര്‍ വിലയാണ് അതിവേഗത്തില്‍ കുറയുന്നത്.

◾  റേഷന്‍ കാര്‍ഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ് പുനരാരംഭിച്ചു. ആദ്യ ഘട്ടത്തില്‍  ഈ മാസം 24വരെ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിങ്ങ് നടക്കുക. രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍  ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 1 വരെയും മസ്റ്ററിങ്ങ് നടത്തും. അതിനു ശേഷം മൂന്നാം ഘട്ടത്തില്‍ പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍  ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെയും മസ്റ്ററിങ്ങ് നടത്തും.

◾  നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും കാണാതായ 3 പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പാലക്കാട് എസ് പി ആര്‍. ആനന്ദ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുട്ടികള്‍ എവിടെയൊക്കെ പോയി എന്ന കാര്യം വ്യക്തമായിട്ടുണ്ടെന്നും രാവിലെ പ്രത്യേക റിവ്യൂ മീറ്റിങ്ങ് നടത്തി പുരോഗതി വിലയിരുത്തിയെന്നും എസ് പി പറഞ്ഞു.  

◾  ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് കേരള ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്നും സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗര്‍മാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതോടൊപ്പം ക്ഷേത്രം നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

◾  താമരശ്ശേരിയില്‍ യുവതിയോട് നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ട രണ്ട് പേര്‍ അറസ്റ്റില്‍. നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ടത് ഭര്‍ത്താവിന്റെ സുഹൃത്തായ പ്രകാശനാണെന്നും ഭര്‍ത്താവിന്റെ മേല്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു. നഗ്നപൂജ നടത്തിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞുവെന്നും മുമ്പ് പലയിടത്തും ഇത്തരത്തില്‍ പൂജ നടത്തിയെന്നാണ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കാന്‍ ശ്രമിച്ച സാഹചര്യത്തിലാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഭര്‍ത്താവ് മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

◾  കോതമംഗലത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടില്‍  ജിയാസിന്റെ മകന്‍ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍ എല്ലാവരും ഒത്തുകൂടിയിരുന്നു. അതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

◾  ആലപ്പുഴയില്‍ ബൈക്ക് ഓടയില്‍ വീണ് 51കാരന് ദാരുണാന്ത്യം. വളവു തിരിയുന്നതിനിടെ ബൈക്ക് തെന്നി ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുതുകുളം വടക്ക് അനി ഭവനത്തില്‍ ഡി. അനൂപ്(51) ആണ് മരിച്ചത്.

◾  വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന്  റോഡരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ 9 മണിയോടെയാണ് കഴുത്തില്‍ തുണി മുറുക്കിയ നിലയില്‍ മൃതദേഹം വടകരയില്‍ കണ്ടെത്തുന്നത്. വടകരയിലും പരിസരത്തും ഭിക്ഷയെടുക്കുന്ന ആളുടേതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

◾  തമിഴ്നാട്ടില്‍ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ച് ഡിഎംകെ.  സ്റ്റാലിന്റെ കുടുംബത്തില്‍ ഇതുസംബന്ധിച്ച ധാരണയായെന്നും ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് സൂചന. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ സ്റ്റാലിനോട് മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിന് നിങ്ങള്‍ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

◾  അരവിന്ദ് കെജ്രിവാളിന് പകരം എഎപി ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത അതിഷി മര്‍ലേനക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് സ്വാതി മലിവാള്‍. അടുത്തിടെ എഎപി വിട്ട, പാര്‍ട്ടിയുടെ രാജ്യസഭാംഗം കൂടിയായ സ്വാതി മലിവാളിനോട് രാജിവെക്കാന്‍ എഎപി നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. പാര്‍ലമെന്റ് ആക്രമണ കേസ് പ്രതികളുമായി അതിഷിയുടെ കുടുംബത്തിന് ബന്ധമുണ്ടെന്ന ആരോപണമാണ് സ്വാതി മലിവാള്‍ ആവര്‍ത്തിച്ചത്.

◾  ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് രൂക്ഷമായ ശിക്ഷയുമായി പ്രിന്‍സിപ്പല്‍. അവശനിലയിലായ 70 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയിലായി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ റമ്പച്ചോടവാരത്തിന് സമീപത്തെ ട്രൈബല്‍ വെല്‍ഫെയര്‍ ഗുരുകുല്‍ കോളേജിലാണ് സംഭവം. ചെറിയ തെറ്റുകള്‍ക്ക് പോലും ദിവസങ്ങളോളം നീളുന്ന ശിക്ഷാ രീതിയായിരുന്നു വനിതാ പ്രിന്‍സിപ്പലിന്റെ രീതിയെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നത്.

◾  കൊവിഡിന്റെ പുതിയ വകഭേദം യൂറോപ്പില്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. എക്‌സ്ഇസി (XEC) എന്ന കൊവിഡ് വകഭേദമാണ് പടരുന്നത്. ജൂണില്‍ ജര്‍മ്മനിയിലാണ് പുതിയ വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം, യുകെ, യുഎസ്, ഡെന്‍മാര്‍ക്ക് തുടങ്ങി നിരവധി രാജ്യങ്ങളില്‍ XEC വേരിയന്റ് അതിവേഗം പടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

◾  ദില്ലിയിലെ കരോള്‍ബാഗിലെ ബാപ്പാ നഗര്‍ കോളനിയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ദില്ലി പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതുവരെ 12 പേരെ രക്ഷപ്പെടുത്തിയതായി ദില്ലി പൊലീസ് പറഞ്ഞു. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു എന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ നടപടികളും ചെയ്യാന്‍ ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടു.

◾  രാഹുല്‍ ഗാന്ധിക്കെതിരേ എന്‍.ഡി.എ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുലിന്റെ സുരക്ഷയെ അപകടപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചുള്ളതാണ് പരാമര്‍ശങ്ങളെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ എ.ഐ.സി.സി വക്താവ് അജയ് മാക്കനാണ് പരാതി നല്‍കിയത്.

◾  യുദ്ധങ്ങളുടെ ചരിത്രത്തില്‍ തന്നെ അസാധാരണമായൊരു സംഭവമാണ് ലെബനോനിലെ പേജര്‍ സ്ഫോടനമെന്ന് വിദഗ്ദര്‍. ആക്രമണ രീതി സാധ്യമാക്കിയതിന് രണ്ട് സാധ്യതകളാണ് വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നത്. നിര്‍മ്മാണ സമയത്തോ, പേജര്‍ ഹിസ്ബുല്ലയുടെ കയ്യില്‍ എത്തുന്നതിന് മുമ്പോ പേജറുകള്‍ക്ക് അകത്ത് ചെറിയ അളവില്‍ സ്ഫോടനവസ്തു ഉള്‍പ്പെടുത്തി എന്നതാണ് ആദ്യ സാധ്യത. പേജറിനെ ഹാക്ക് ചെയ്ത്, അതിലെ ബാറ്ററിയെ ചൂടാക്കി പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതാകാമെന്നതാണ് രണ്ടാമത്തെ സാധ്യതയെന്നാണ് വിലയിരുത്തല്‍.

◾  മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിയുമെന്ന് എഎപി. ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലെ ഔദ്യോഗിക വസതി  ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിയുമെന്ന് എഎപി എംപി സഞ്ജയ് സിങ് വ്യക്തമാക്കി.

◾  ബെംഗളൂരുവിലെ ശോച്യാവസ്ഥയിലുള്ള റോഡുകള്‍ നന്നാക്കാന്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ 15 ദിവസത്തെ സമയപരിധി നല്‍കിയതിന് പിന്നാലെ, ബിബിഎംപി ഏകദേശം 6,000 കുഴികള്‍ നികത്തുകയും 32,200 ചതുരശ്ര മീറ്റര്‍ തകര്‍ന്ന റോഡ് നന്നാക്കുകയും ചെയ്തെന്ന് അറിയിച്ചു. രണ്ട് ദിവസത്തിനകം റോഡിലെ കുഴികളെക്കുറിച്ചുള്ള പരാതികള്‍ക്ക് പരിഹാരമാകുമെന്ന് ബിബിഎംപി അധികൃതര്‍ ഉറപ്പുനല്‍കി.

◾  അടുത്ത ആഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ്. മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. മിഷിഗണിലെ പ്രചാരണത്തിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ 'ഫന്റാസ്റ്റിക് മാന്‍' എന്ന് വിശേഷിപ്പിച്ച ട്രംപ് കനത്ത ഇറക്കുമതി തീരുവ ഈടാക്കുന്ന ഇന്ത്യ,വ്യാപാര ബന്ധങ്ങള്‍ വലിയതോതില്‍ ദുരുപയോഗം ചെയ്യുന്നുവെന്നും വിമര്‍ശിച്ചു.

◾  ആനകളെ കൊന്ന് ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാന്‍ സിംബാബ്വെ. നാല് ദശാബ്ദത്തിനിടയിലുണ്ടായ ഏറ്റവും രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന സിംബാബ്വെയിലാണ് പട്ടിണിക്ക് പരിഹാരമായി ആനകളെ കൊല്ലാനൊരുങ്ങുന്നത്. ആഫ്രിക്കയുടെ തെക്കന്‍ മേഖലയിലുള്ള സിംബാബ്വെയിലെ വിളകളെല്ലാം വരള്‍ച്ചാ ഭീഷണി നേരിട്ടതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം.

◾  അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാന്‍ നൂറ് കോടിയിലധികം രൂപ ചെലവ് വരുമെന്ന് മന്ത്രി അബ്ദുറഹിമാന്‍.. ഡല്‍ഹിയിലെ കളിയില്‍നിന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മാറാന്‍ കാരണം ഇത്രയധികം ചെലവ് വരുമെന്നുള്ളതുകൊണ്ടാണെന്നും കേരളം പോലൊരു സംസ്ഥാനത്ത് അതിന് നമുക്ക് ശ്രമിക്കാമെന്നും പ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾  രാജ്യത്ത് സ്വര്‍ണ ഇറക്കുമതി കഴിഞ്ഞമാസം 221.41 ശതമാനം കുതിച്ചുയര്‍ന്ന് 10.06 ബില്യണ്‍ ഡോളറിലെത്തി. ജൂലൈയില്‍ 3.13 ബില്യണ്‍ ഡോളറില്‍ നിന്നാണ് ഇറക്കുമതി കുത്തനെ വര്‍ധിച്ചത്. 2013 ഓഗസ്റ്റില്‍ 4.93 ഡോളറിന്റെ ഇറക്കുമതിയായിരുന്നു നടന്നത്. ജൂണില്‍ ഇറക്കുമതി 3.06 ബില്യണ്‍ ഡോളറിന്റേതായിരുന്നു. 2018-19ല്‍ 33.6 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ ഇറക്കുമതി നടന്നത് 2023-24ല്‍ 48.8 ബില്യണ്‍ ഡോളറിന്റേതായി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 315 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം സമാന കാലഘട്ടത്തിലെ 318 ടണ്ണുമായി നോക്കുമ്പോള്‍ ഇത് കുറവാണ്. സ്വിറ്റസര്‍ലന്‍ഡില്‍ നിന്നാണ് സ്വര്‍ണ ഇറക്കുമതിയുടെ 40 ശതമാനവും വന്നത്. യു.എ.ഇ ആണ് 16 ശതമാനം വിഹിതവുമായി രണ്ടാം സ്ഥാനത്ത്. സൗത്ത് ആഫ്രിക്ക 10 ശതമാനം വിഹിതവുമായി മൂന്നാം സ്ഥാനത്താണ്. രാജ്യത്തേക്കുള്ള മൊത്തം ഇറക്കുമതിയുടെ 5 ശതമാനത്തിലധികവും മഞ്ഞലോഹമാണ്. ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് സ്വര്‍ണ ഉപയോഗത്തില്‍ ഇന്ത്യ.

◾  മനുഷ്യന് മണിക്കൂറുകളെടുത്ത് മാത്രം പരിഹരിക്കാവുന്ന ഗണിത പ്രശ്‌നങ്ങള്‍ക്ക് വളരെ വേഗത്തില്‍ ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന എ.ഐ മോഡലുകള്‍ പുറത്തിറക്കി ഓപ്പണ്‍ എ.ഐ. സ്‌ട്രോബറി സീരീസ് എന്ന പേരില്‍ പുറത്തിറക്കിയ മോഡലുകള്‍ക്ക് സയന്‍സ്, കോഡിംഗ്, മാത്തമാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പോലും വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയും. 01 , 01 മിനി എന്നീ പേരുകളിലാണ് ഇവ ലഭ്യമാവുക. ചാറ്റ് ജി.പി.ടിയുടെ നിര്‍മാതാക്കളാണ് ഓപ്പണ്‍ എ.ഐ. പുതിയ സ്‌ട്രോബറി സീരീസിലെ 01 മോഡല്‍ മാത്ത് ഒളിമ്പ്യാഡിലെ യോഗ്യതാ പരീക്ഷയില്‍ 83 ശതമാനം മാര്‍ക്ക് നേടി. ഏറ്റവും കഠിനമായ സയന്‍സ് പ്രോബ്ലംസ് പരിഹരിക്കാന്‍ പി.എച്.ഡി നിലവാരത്തിന് മുകളിലുള്ള പ്രകടനം പുറത്തെടുക്കാനും സ്‌ട്രോബറി മോഡലുകള്‍ക്ക് കഴിഞ്ഞു. വലിയ പ്രശ്‌നങ്ങളെ ചെറിയ ലോജിക്കല്‍ യൂണിറ്റുകളാക്കി ചിന്തയുടെ ഒരു ശൃംഖല തീര്‍ത്താണ് സ്‌ട്രോബറി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

◾  ബിജു മേനോനും മേതില്‍ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന 'കഥ ഇന്നുവരെ' ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. സെപ്തംബര്‍ 20നാണ് റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. 'മേപ്പടിയാന്‍' എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മേതില്‍ ദേവികയുടെ ആദ്യ സിനിമയാണിത്. റിലീസിന് ഒരുങ്ങുന്ന ചിത്രത്തില്‍ നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിരക്കഥ എഴുതുന്നതും വിഷ്ണു മോഹനാണ്. ഛായാഗ്രഹണം ജോമോന്‍ ടി ജോണാണ്. സംഗീതം അശ്വിന്‍ ആര്യന്‍ നിര്‍വഹിക്കുന്നു.

◾  കളക്ഷനില്‍ ഓരോ ദിവസവും ഞെട്ടിക്കുകയാണ് ആസിഫ് അലിയുടെ 'കിഷ്‌കിന്ധാ കാണ്ഡം'. ചിത്രത്തിന്റെ ആദ്യ ദിനം 45 ലക്ഷം കളക്ഷന്‍ നേടിയ ചിത്രം ഇപ്പോള്‍ കോടികളിലാണ് എത്തി നില്‍ക്കുന്നത്. ഓണം റിലീസായി സെപ്റ്റംബര്‍ 12ന് ആണ് കിഷ്‌കിന്ധാ കാണ്ഡം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യ ദിനം നാല്പത്തി അഞ്ച് ലക്ഷം രൂപയായിരുന്നു പിന്നീട്, യഥാക്രമം 65 ലക്ഷം, 1.40 കോടി, 1.85 കോടി,  2.57 കോടി എന്നിങ്ങനെയാണ് നേടിയത്. ആറാം ദിനമായ ഇന്ന് ചിത്രം രണ്ട് കോടിയിലേറെ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. വൈകാതെ ചിത്രം പത്ത് കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ ബോക്സ് ഓഫീസില്‍ കണക്ക് പുറത്ത് വരുമ്പോള്‍ റിലീസ് ചെയ്ത് അഞ്ച് ദിവസത്തെ കണക്ക് പ്രകാരം ഏഴ് കോടിയാണ് കേരള ബോക്സ് ഓഫീസില്‍ നിന്നും കിഷ്‌കിന്ധാ കാണ്ഡം നേടിയിരിക്കുന്നത്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയരാഘവന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

◾  ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ വേരിവോ സിആര്‍എക്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് വേരിവോ മോട്ടോര്‍. ഇതിന്റെ വില വെറും 79,999 രൂപയാണ്.  ഈ സ്‌കൂട്ടറിന് വലുതും സൗകര്യപ്രദവുമായ സീറ്റ്, യുഎസ്ബി-ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, സീറ്റിനടിയില്‍ 42 ലിറ്റര്‍ സ്റ്റോറേജ് സ്‌പെയ്‌സ് എന്നിവയുണ്ട്. പോപ്പി റെഡ്, വിന്റര്‍ വൈറ്റ്, ലക്‌സ് ഗ്രേ, ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, റേവന്‍ ബ്ലാക്ക് എന്നിങ്ങനെ ആകര്‍ഷകമായ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് വേരിവോ സിആര്‍എക്സ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വില്‍പ്പന ഉടന്‍ ആരംഭിക്കും. സ്‌കൂട്ടറിന് 2.3 കിലോവാട്ട് ബാറ്ററിയുണ്ട്. അത് ഇക്കോ മോഡില്‍ 85-90 കിലോമീറ്റര്‍ വരെയും പവര്‍ മോഡില്‍ 70-75 കിലോമീറ്റര്‍ വരെയും ഫുള്‍ ചാര്‍ജില്‍ റേഞ്ച് നല്‍കാന്‍ പ്രാപ്തമാണ്.

◾  നൈല്‍ എന്ന ഫ്രീലാന്‍സ് ജേണലിസ്റ്റിനെ കാണാതാകുന്നു. ഏകസഹോദരനായ തപന്‍ ജോണ്‍ ആശങ്കകളോടെ അവനെത്തിരഞ്ഞിറങ്ങുന്നു. തപന്റെ ഭാര്യ
സ്‌നേഹ മാത്യൂസും അയാളോടൊപ്പം ചേരുന്നു. ആ യാത്രയില്‍ ഓരോ നിമിഷവും തപനും സ്‌നേഹയ്ക്കും പുതിയ പുതിയ സൂചനകള്‍ ലഭിക്കുകയാണ്. എന്നാല്‍, അവയൊന്നുംതന്നെ നൈലിലേക്കല്ല അവരെയെത്തിച്ചത്. നൈലിന്റെ വഴികള്‍ നിഗൂഢങ്ങളായിരുന്നു; അവന്റെ ലക്ഷ്യങ്ങള്‍പോലെ. പ്രണയത്തിന്റെയും വിശ്വാസവഞ്ചനകളുടെയും തിരസ്‌കാരങ്ങളുടെയും തീവ്രവാദത്തിന്റെയും ആസക്തികളുടെയും ഒരിക്കലും അവസാനിക്കാത്ത കഥ പറയുന്ന നോവല്‍. 'നൈല്‍'. സ്വരണ്‍ദീപ്.  മാതൃഭൂമി. വില 212 രൂപ.

◾  കോവിഡിന്റെ പുതിയ വകഭേദം യൂറോപ്പില്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. എക്‌സ്ഇസി എന്ന് വിളിക്കുന്ന കോവിഡ് വകഭേദം ജൂണില്‍ ജര്‍മനിയിലാണ് ആദ്യം കണ്ടെത്തിയത്. നിലവില്‍ യുകെ, ഡെന്മാര്‍ക്ക് പോലുള്ള യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ അമേരിക്കയിലും രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്. വൈകാതെ തന്നെ രോഗവ്യാപനത്തിന് കാരണമാകുന്ന പ്രബല വകഭേദമായി ഇത് മാറിയേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഒമൈക്രോണ്‍ വേരിയന്റിന്റെ ഉപവിഭാഗമായ പുതിയ വകഭേദം ഈ ശരത്കാലത്തില്‍ കൂടുതല്‍ പടരാനാണ് സാധ്യതയുണ്ട്. ഇതിന് സഹായകമായ ചില പുതിയ മ്യൂട്ടേഷനുകള്‍ വകഭേദത്തിന് സംഭവിച്ചിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വാക്‌സിനുകള്‍ കേസുകള്‍ ഗുരുതരമാകുന്നത് തടയാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ യൂറോപ്പില്‍ പ്രബലമായ കെഎസ്.1.1, കെപി.3.3 എന്നി മുന്‍കാല ഒമൈക്രോണ്‍ സബ് വേരിയന്റുകളുടെ ഒരു സങ്കരയിനമാണ് എക്‌സ്ഇസി വേരിയന്റ്. ഇതുവരെ, പോളണ്ട്, നോര്‍വേ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ചൈന എന്നിവയുള്‍പ്പെടെ 27 രാജ്യങ്ങളില്‍ നിന്നുള്ള 500 സാംപിളുകളില്‍ എക്‌സ്ഇസി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡെന്മാര്‍ക്ക്, ജര്‍മ്മനി, യുകെ, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ പുതിയ കോവിഡ് വകഭേദം കൂടുതല്‍ പടരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പനി, തൊണ്ടവേദന, ചുമ, ഗന്ധമില്ലായ്മ, വിശപ്പില്ലായ്മ, ശരീരവേദന എന്നിവ ഉള്‍പ്പെടെയുള്ള മുന്‍ കോവിഡ് വേരിയന്റുകളുടേതിന് സമാനമാണ് ലക്ഷണങ്ങളാണ് എക്‌സ്ഇസി വേരിയന്റിനുമുള്ളത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.71, പൗണ്ട് - 110.54, യൂറോ - 93.18, സ്വിസ് ഫ്രാങ്ക് - 99.15, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.75, ബഹറിന്‍ ദിനാര്‍ - 222.13, കുവൈത്ത് ദിനാര്‍ -274.56, ഒമാനി റിയാല്‍ - 217.48, സൗദി റിയാല്‍ - 22.30, യു.എ.ഇ ദിര്‍ഹം - 22.79, ഖത്തര്‍ റിയാല്‍ - 22.93, കനേഡിയന്‍ ഡോളര്‍ - 61.60.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right