Trending

സായാഹ്ന വാർത്തകൾ.

11-09-2024

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാന്‍ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണം, എസ്‌ഐടി അന്വേഷണത്തിന്റെ പേരില്‍ സ്വകര്യത ലംഘനം ഉണ്ടാവരുത്, വനിതകള്‍ക്ക് ലൊക്കേഷനില്‍ സൗകര്യത ഉറപ്പാക്കണം, ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഡബ്ല്യുസിസി മുഖ്യമന്ത്രിയെ അറിയിച്ചു. ദീദി ദാമോദരന്‍, റിമ കല്ലിങ്കല്‍, ബീനാ പോള്‍, രേവതി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്നും കോടതിയുടേത് ഉചിതമായ നിലപാടാണെന്നും അതിനെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◾ ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയില്‍ എ.ഡി.ജി.പി അജിത്കുമാര്‍ കണ്ടത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

◾ എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ കടുത്ത വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കറും സിപിഐ നേതാവുമായ ചിറ്റയം ഗോപകുമാര്‍. ആര്‍എസ്എസിനെ ന്യായീകരിച്ചത് ശരിയായില്ലെന്നും സ്പീക്കറുടെ നിലപാടിനോട് യോജിക്കാനാവില്ലെന്നും ചിറ്റയം ഗോപകുമാര്‍ വ്യക്തമാക്കി.

◾ അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എഡിജിപി അജിത്കുമാര്‍. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. പി.വി.അന്‍വര്‍ ആരോപണം ഉന്നയിച്ച മലപ്പുറം എസ്പി ഉള്‍പ്പെടെ മലപ്പുറത്തെ എല്ലാ ഉദ്യോഗസ്ഥരെയും ഇന്നലെ രാത്രി സ്ഥലം മാറ്റിയിരുന്നു.

◾ പി.വി. അന്‍വറിന്റെ ആരോപണങ്ങളുണ്ടാക്കിയ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സമവായ ഫോര്‍മുലയുമായി സി.പി.എമ്മും സര്‍ക്കാരുമെന്ന് റിപ്പോര്‍ട്ടുകള്‍. എ.ഡി.ജി.പി. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ കാര്യമായ അന്വേഷണം ഉണ്ടാകും. എന്നാല്‍ അന്‍വര്‍ ഇനി അധികം മിണ്ടരുതെന്നാണ് സിപിഎം മുന്നോട്ടുവെക്കുന്ന നിര്‍ദേശം. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ മാറ്റുമെന്നും അന്‍വറിനെ അറിയിച്ചതായാണ് വിവരം.

◾ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദം മുറുകുമ്പോഴും എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റുന്നത് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. സിപിഐ മന്ത്രിമാരടക്കം പ്രശ്നം ഉന്നയിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍.

◾ എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും. അജിത്കുമാറിനോട് മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്.

◾ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. ആര്‍എസ്എസ്-എഡിജിപി ചര്‍ച്ചയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും ചേര്‍ന്ന് പൂഴ്ത്തി വെച്ചെന്നാണ് പി വി അന്‍വര്‍ ആരോപിക്കുന്നത്.

◾ ആര്‍എസ്എസ് നേതാവ് റാം മാധവുമായി എഡിജിപിക്കൊപ്പം കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നാരായണന്‍. ആര്‍എസ്എസ് നേതാവിനെ കാണേണ്ട ആവശ്യമില്ലെന്നും പ്രചരിക്കുന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും ജിഗീഷ് പ്രതികരിച്ചു.

◾ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എംഎല്‍എ മുകേഷിനെതിരെ പീഡന പരാതി നല്‍കിയ നടി. അന്വേഷണ സംഘം നിരന്തരം ശല്യം ചെയ്യുന്നുവെന്നും തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കാന്‍ പോലും അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്നും വാട്സ്ആപ്പ് ഗ്രൂപ്പില്‍ നടി പങ്കുവെച്ച ശബ്ദ സന്ദേശത്തില്‍ ആരോപിക്കുന്നുണ്ട്.

◾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരേ കടുത്ത വിമര്‍ശനവുമായി നിര്‍മാതാവ് സാന്ദ്രാ തോമസ്. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരം മാത്രമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നും സാന്ദ്രാ തോമസ് പറഞ്ഞു.

◾ തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നില്‍ ഗൂഢാലോചന സംശയിച്ച് നടന്‍ നിവിന്‍ പോളി. സിനിമയില്‍നിന്നുള്ളവര്‍ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നിവിന്‍ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

◾ നിവിന്‍ പോളിയ്ക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന കാര്യം അന്വേഷിച്ച് തെളിയിക്കേണ്ടതാണെന്ന് നിര്‍മാതാവ് സജി നന്ത്യാട്ട്. നിവിന്‍ പോളിയുടെ ഭാഗത്ത് സത്യമുണ്ടെന്നാണ് വിശ്വസിക്കുന്നത്. കാരണം, ആരോപണം വന്നപ്പോള്‍ത്തന്നെ വാര്‍ത്താ സമ്മേളനംവിളിച്ച് അദ്ദേഹം സധൈര്യം മുന്നോട്ടുവന്നുവെന്നും സജി നന്ത്യാട്ട് പറഞ്ഞു.

◾ ഇന്നത്തെ നവമുതലാളിമാര്‍ പഴയ കമ്യൂണിസ്റ്റുകളാണെന്നും അവര്‍ കടന്നുവന്ന വഴി മറന്നവരാണെന്നും സാഹിത്യകാരന്‍ എം. മുകുന്ദന്‍. അവരെ കമ്യൂണിസത്തിലേക്ക് എങ്ങനെ തിരിച്ചുകൊണ്ടുവരാം എന്നാണ് നാം ആലോചിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

◾ ആനമതില്‍ നിര്‍മാണത്തിന്റെ പേരില്‍ കണ്ണൂര്‍ ആറളം വന്യജീവി സങ്കേതത്തിനുളളിലെ പതിനേഴ് മരങ്ങള്‍ മുറിച്ചു. വനാതിര്‍ത്തി കൃത്യമായി നിര്‍ണയിക്കാതെ മരം മുറിക്കാന്‍ അനുമതി നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വന്യജീവി സങ്കേതത്തില്‍ നിന്ന് തേക്കുള്‍പ്പെടെ 17 മരങ്ങള്‍ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം മുറിച്ചെന്ന് കണ്ണൂര്‍ ഫ്ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പൊലീസ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് ഇന്ന് ലഭിക്കും. ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുളളവ പൊലീസിന് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ടിലെ മൊഴികള്‍ പരിശോധിച്ച് നിയമോപദേശം തേടാനാണ് എസ് ഐ ടിയുടെ ആദ്യ നീക്കം. അതിനുശേഷം മൊഴി നല്‍കിയവരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിക്കും. കേസുമായി മുന്നോട്ടുപോകാന്‍ തയാറാണെങ്കില്‍ കേസെടുത്ത് നടപടി തുടങ്ങും.

◾ മലപ്പുറം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരിലെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ മുസ്ലിം ലീഗ്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് എല്ലാവരെയും സ്ഥലം മാറ്റിയതെന്നു ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ഈ നടപടിയിലൂടെ തെറ്റായ സന്ദേശമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. എഡിജിപിക്കെതിരെ നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ പരാതിയുമായി പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ യുവതിയോട് മോശമായി പെരുമാറിയ ഡിവൈ.എസ്.പി.ക്ക് സസ്പെന്‍ഷന്‍. പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.വി. മണികണ്ഠനെയാണ് സസ്പെന്‍ഡു ചെയ്തത്. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് നടപടി.

◾ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാവരും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം കല്‍പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് ജെന്‍സണ് പരിക്കേറ്റത്. ജെന്‍സന്റെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ എല്ലാ ഉപകരണസഹായവും നല്‍കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

◾ രണ്ട് മാസം മുന്‍പ് സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന കണ്‍വെന്‍ഷനിലാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.

◾ കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്നു മാത്യുവിന്റെ മാതാപിതാക്കള്‍. കല്യാണത്തിന് ശര്‍മിളയ്ക്കൊപ്പം സുഭദ്ര ഉണ്ടായിരുന്നുവെന്നും, ശര്‍മിളയും സുഭദ്രയും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനാല്‍ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായെന്നും ഈ പണം തിരികെ ലഭിക്കാന്‍ സുഭദ്ര വീട്ടിലെത്തി ബഹളം വച്ചുവെന്നും അവര്‍ പറഞ്ഞു.

◾ വെള്ളറടയില്‍ ബൈക്കിടിച്ച് പരിക്കേറ്റയാളെ മുറിയിലുപേക്ഷിച്ച് കടന്നുകളഞ്ഞവര്‍ നാട്ടുകാര്‍ തന്നെയായിരിക്കുമെന്ന നിഗമനത്തില്‍ പൊലീസ്. മരിച്ച സുരേഷിനെ പരിചയമുള്ളവരാകാം ഇടിച്ചിട്ടതെന്നും അതുകൊണ്ടാകാം മുറിയിലുപേക്ഷിച്ച ശേഷം സ്ഥലം വിട്ടതെന്നും വെള്ളറട സിഐ പ്രമോദ് പറഞ്ഞു.

◾ കണ്ണൂരില്‍ ക്ഷേത്ര ഓഫീസ് കെട്ടിടത്തില്‍ സിപിഎം ബ്രാഞ്ച് സമ്മേളനം ചേര്‍ന്നതിനെച്ചൊല്ലി തര്‍ക്കം. തൊടീക്കളത്തെ ക്ഷേത്ര കെട്ടിടത്തില്‍ നടന്ന സമ്മേളനം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ തൊട്ടടുത്ത വീട്ടിലേക്ക് സിപിഎം സമ്മേളനം മാറ്റി.

◾ തിരുവനന്തപുരം വെണ്‍പാലവട്ടം കുമാര്‍ ടിഫിന്‍ സെന്ററില്‍ നിന്നുള്ള ഉഴുന്നുവടയില്‍ ബ്ലേഡ്. പേട്ട പൊലീസും ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയില്‍ പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചു.

◾ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദമായി ശക്തി കുറഞ്ഞ് കിഴക്കന്‍ മധ്യപ്രദേശിന് മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും നാളെ മധ്യപ്രദേശിനും ഉത്തര്‍പ്രദേശിനും മുകളിലെത്തി വീണ്ടും തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. കേരളത്തിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

◾ മദ്യനിരോധിതമേഖലയായ ലക്ഷദ്വീപിലേക്ക് ഇന്ത്യന്‍നിര്‍മിത വിദേശമദ്യവും ബിയറും വിദേശനിര്‍മിത വിദേശമദ്യവും കയറ്റി അയക്കാന്‍ ബിവറജസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുമതി നല്‍കി. ലക്ഷദ്വീപില്‍ മദ്യവില്‍പ്പനയില്ലെങ്കിലും ബങ്കാരം ദീപിലെ വിനോദസഞ്ചാരികള്‍ക്ക് വേണ്ടിയാണ് മദ്യം കൊണ്ടുപോകുന്നത്. പുറം വില്‍പ്പനയുണ്ടാകില്ല.

◾ ഉത്തര്‍പ്രദേശില്‍ വീണ്ടും ചെന്നായയുടെ ആക്രമണം. ഇത്തവണ 11 വയസുകാരിയെയാണ് ചെന്നായ ആക്രമിച്ചത്. ചെന്നായയുടെ ആക്രമണത്തില്‍ ഇതുവരെ 36 പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. കുട്ടിയെ ആക്രമിച്ച ചെന്നായെ പിടികൂടാനായി വനംവകുപ്പും പ്രദേശവാസികളും തെരച്ചില്‍ തുടങ്ങി.

◾ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി മമത ബാനര്‍ജിയേയും വിമര്‍ശിച്ച് കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് രംഗത്ത്. മകള്‍ക്ക് നീതി ലഭിക്കുന്നതില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നടപടികളില്‍ അതൃപ്തിയും നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു.

◾ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു വൈകാതെ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വിവരം ലഭിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും അനുയോജ്യമായ സമയത്ത് മുയിസു ഇന്ത്യയില്‍ എത്തിയേക്കുമെന്നാണ് പ്രസിഡന്റ് ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

◾ രാഹുല്‍ ഗാന്ധിക്കെതിരേ ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് രാഹുലും കോണ്‍ഗ്രസും ശീലമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദേശത്തുപോയി ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തുന്നുവെന്നും രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമമെന്നും അമിത് ഷാ ആരോപിച്ചു.

◾ ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം. നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായ സാഹചര്യത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

◾ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസും നേര്‍ക്കുനേര്‍. കമല പ്രസിഡന്റ് ആയാല്‍ അമേരിക്കയുടെ സഖ്യരാജ്യമായ ഇസ്രയേല്‍ ഇല്ലാതാകുമെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍ ട്രംപ് അമേരിക്കന്‍ ജനങ്ങളെ വിഭജിക്കുകയാണെന്ന് കമല തിരിച്ചടിച്ചു .

◾ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ പാരീസിലും രാഷ്ട്രീയം കളിച്ചെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പി.ടി.ഉഷയില്‍ നിന്ന് ആത്മാര്‍ഥമായ യാതൊരു പിന്തുണയും തനിക്ക് ലഭിച്ചില്ലെന്ന് വിനേഷ് പറഞ്ഞു. രാഷ്ട്രീയത്തില്‍ പല കാര്യങ്ങളും നടക്കുന്നത് തിരശ്ശീലയ്ക്ക് പിന്നിലാണ്. അതുപോലെ പാരീസിലും രാഷ്ട്രീയമാണ് നടന്നത്. അതാണ് എന്റെ ഹൃദയം തകര്‍ത്തത്. ഗുസ്തി വിടരുതെന്ന് ഒരുപാട് ആളുകള്‍ പറഞ്ഞു. എല്ലായിടത്തും ഈ രാഷ്ട്രീയമുള്ളപ്പോള്‍ ഞാനെന്തിന് ഗുസ്തിയില്‍ തുടരണമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

◾ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് വര്‍ധനവുണ്ടായത്. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6715 രൂപയാണ്. 18 കാരറ്റ് സ്വര്‍ണ വിലയും 25 രൂപ വര്‍ധിച്ച് ഗ്രാമിന് 5,565 രൂപയായി. വെള്ളി വില ഗ്രാമിന് ചെറിയൊരു ഇടവേളയ്ക്ക് ശേഷം 90 രൂപയിലേക്ക് തിരിച്ചു കയറി. ഇന്ന് ഒരു രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര സ്വര്‍ണ വില കഴിഞ്ഞ രണ്ട് ദിവസമായി മുന്നേറ്റത്തിലാണ്. ഇന്ന് 0.08 ശതമാനം ഉയര്‍ന്ന് ഔണ്‍സ് വില 2.518.15 ഡോളറിലെത്തി. മാസാദ്യത്തില്‍ പവന്‍ വില 53,560 രൂപയില്‍ എത്തിയിരുന്നു. പിന്നീട് കുറഞ്ഞും, മാറ്റമില്ലാതെയും തുടര്‍ന്ന വില ഈ മാസം ആറിന് ഈ മാസത്തെ ഏറ്റവും വലിയ വര്‍ധനവായ 53,760 രൂപയെന്ന ഉയര്‍ന്ന പോയന്റില്‍ എത്തിയിരുന്നു.

◾ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിളില്‍ ആയിരം 4 ജി ടവറുകള്‍ സ്ഥാപിച്ച് പുതിയ നാഴികക്കല്ല് തൊട്ടു. ഇന്ത്യയില്‍ ആദ്യമായി ബി.എസ്.എന്‍.എല്‍ 4ജി സേവനം ആരംഭിച്ചത് കേരള സര്‍ക്കിളിലാണ്. കഴിഞ്ഞ തവണ ബി.എസ്.എന്‍.എല്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് 25,000ല്‍ അധികം ടവറുകളില്‍ 4 ജി സേവനങ്ങള്‍ ലഭ്യമാണ്. അടുത്ത ദീപാവലിയോടെ രാജ്യത്ത് 75,000 ടവറുകള്‍ തുറക്കാനാണ് ബി.എസ്.എന്‍.എല്‍ ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം (2024-25) ഇത് ഒരു ലക്ഷം ആയി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. 5 ജി നെറ്റ്വര്‍ക്കിലേക്ക് എളുപ്പത്തില്‍ മാറാവുന്ന തരത്തിലാണ് ഈ ടവറുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിരക്കു കൂട്ടിയതോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ഉപയോക്താക്കള്‍ ധാരാളമായി അടുത്ത കാലത്ത് ബി.എസ്.എന്‍.എല്ലിലേക്ക് ചേക്കേറുന്നുണ്ട്. ജിയോയ്ക്കും വിഐക്കും എയര്‍ടെല്ലിനും വെല്ലുവിളി ഉയര്‍ത്തിയാണ് ബി.എസ്.എന്‍.എല്ലിന്റെ മുന്നേറ്റം.

◾ യുവതാരം ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടല്‍' റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 13-നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കടലിന്റെയും തീരദേശ ജീവിതത്തിന്റ്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ, ടീസര്‍, ട്രെയിലര്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. കന്നഡ താരം രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

◾ ജയം രവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് 'ജീനി'. സംവിധാനം നിര്‍വഹിക്കുന്നത് ഭുവനേശ് അര്‍ജുനനാണ്. ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടതില്‍ താരത്തെ ഒറ്റ നോട്ടത്തില്‍ മനസ്സിലാകുന്നില്ലെന്നാണ് അഭിപ്രായങ്ങള്‍. കൃതി ഷെട്ടിക്കും കല്യാണി പ്രിയദര്‍ശനുമൊപ്പം ചിത്രത്തില്‍ വാമിഖ ഖുറേഷിയും ഒരു നിര്‍ണായക വേഷത്തില്‍ എത്തുമ്പോള്‍ ഇഷാരി ഗണേഷാണ് നിര്‍മാതാവ്. ജയം രവിയുടെ വന്‍ ബജറ്റ് ചിത്രമായിട്ടാണ് ജീനിയെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ജീനിയുടെ ബജറ്റ് 100 കോടിയാണ്. ഛായാഗ്രാഹണം മഹേഷ് മുത്തുസ്വാമിയാണ്. സംഗീതം എ ആര്‍ റഹ്‌മാനാണ്.

◾ മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിന്റെ പെട്രോള്‍ പതിപ്പ് പുറത്തിറക്കിയതിന് പിന്നാലെ കമ്പനി ഇപ്പോള്‍ സ്വിഫ്റ്റ് സിഎന്‍ജി മോഡലും പുറത്തിറക്കാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം സെപ്റ്റംബര്‍ 12ന് ലോഞ്ച് ചെയ്യും. പെട്രോള്‍ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, സിഎന്‍ജി വേരിയന്റിന് 80,000 മുതല്‍ 90,000 വരെ വില കൂടുതലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ 2024 സ്വിഫ്റ്റ് മോഡലിന്റെ എക്സ്-ഷോറൂം വില 8.34 ലക്ഷം രൂപ മുതല്‍ 13.98 ലക്ഷം രൂപ വരെയാണ്.

◾ അത്രമേല്‍ ദുരൂഹമാണ് മനുഷ്യ ജീവിതം ഇനിയും വായിക്കപ്പെടാത്ത ഒരാദിമലിപിസഞ്ചയംപോലെ അതു നമ്മെ അമ്പരപ്പിച്ചുകൊണ്ടയിരിക്കുന്നു. മായാതെ നില്‍ക്കുന്ന ഒരു കഷ്ടരാത്രിയുടെ ഓര്‍മ്മയില്‍ കനലൊടുങ്ങാത്ത ഒരാത്മാവുപോലെ തപോമയിയുടെ അച്ഛന്‍ വേരുകള്‍ ഉറപ്പിക്കാനാവാത്ത സ്നേഹത്തിന്റെ അഭയാര്‍ത്ഥി. ജന്മദീര്‍ഘമായ അഭയസഞ്ചാരങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളെ ആവിഷ്‌കരിക്കുന്ന നോവല്‍. 'തപോമയിയുടെ അച്ഛന്‍'. ഇ സന്തോഷ്‌കുമാര്‍. ഡിസി ബുക്സ്. വില 379 രൂപ.

◾ തെക്കേ ഇന്ത്യയില്‍ ഒഴിച്ചു കൂടാനാകാത്ത വിഭവമാണ് സാമ്പാര്‍. പ്രാതലിനൊപ്പവും ഉച്ചയ്ക്ക് ഊണിനൊപ്പവും കഴിക്കാന്‍ പറ്റുന്ന ഒരു ഓള്‍ റൗണ്ടറാണ് നമ്മുടെ സാമ്പാര്‍. എന്നാല്‍ ഇതുമാത്രമല്ല ഇന്ന് നമ്മുടെ സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന കാന്‍സറിനെ പ്രതിരോധിക്കാനും സാമ്പാറിന് സാധിക്കും. കാന്‍സര്‍ തടയാനുള്ള സാമ്പാറിന്റെ കഴിവിനെ കുറിച്ച് മണിപ്പാല്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനഫലം ഫാര്‍മകൊഗ്‌നോസി മാഗസിനിലാണ് പ്രസിദ്ധികരിച്ചുവന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് സാമ്പാര്‍ വന്‍ കുടലിലെ കാന്‍സറിനെ പ്രതിരോധിക്കും എന്ന് കണ്ടെത്തിയത്. സുഗന്ധ വ്യഞ്ജനങ്ങളുടെയും നാരുകളടങ്ങിയ പച്ചക്കറികളുടെയും ഒരു കൂട്ടാണ് സാമ്പാര്‍, മല്ലി, ഉലുവ, മഞ്ഞള്‍, കുരുമുളക്, ജീരകം എന്നിവയടങ്ങിയ സാമ്പാറിന് കാന്‍സര്‍ രൂപീകരണം തടയാന്‍ സാധിക്കുമത്രെ. മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്നതിലൂടെ സാമ്പാര്‍ ഡൈമീധൈല്‍ ഹൈഡ്രസിന്‍ ശരീരത്തില്‍ രൂപപ്പെടുന്നത് തടയും. വന്‍ കുടലിലെ കാന്‍സറിന് കാരണമാകുന്ന പ്രധാന രാസ പദാര്‍ത്ഥം ഇതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.95, പൗണ്ട് - 109.83, യൂറോ - 92.72, സ്വിസ് ഫ്രാങ്ക് - 99.29, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.92, ബഹറിന്‍ ദിനാര്‍ - 222.75, കുവൈത്ത് ദിനാര്‍ -274.81, ഒമാനി റിയാല്‍ - 218.09, സൗദി റിയാല്‍ - 22.37, യു.എ.ഇ ദിര്‍ഹം - 22.85, ഖത്തര്‍ റിയാല്‍ - 22.98, കനേഡിയന്‍ ഡോളര്‍ - 61.77.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right