Trending

പ്രഭാത വാർത്തകൾ

2024  സെപ്റ്റംബർ 15 ഞായർ  
1200  ചിങ്ങം 30  തിരുവോണം 
1446  റ: അവ്വൽ 11
     

🌹  *ഇന്ന് തിരുവോണം.*
*ഗ്രൂപ്പിലെ ഏല്ലാവര്‍ക്കും തിരുവോണാശംസകള്‍.*

◾  മലയാളികള്‍ക്ക് ഓണസന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിനെ ചേര്‍ത്തു പിടിക്കണമെന്ന് മുഖ്യമന്ത്രി ഓണ സന്ദേശത്തില്‍ പറഞ്ഞു. ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിജീവിതപ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള വലിയ പരിശ്രമത്തിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

◾  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിനായി ദില്ലി എയിംസിന് കൈമാറി. ദില്ലി എകെജി ഭവനില്‍ നടത്തിയ പൊതുദര്‍ശനത്തില്‍ നിരവധി നേതാക്കള്‍ യെച്ചൂരിക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് വിലാപയാത്ര ആരംഭിച്ചത്. തുടര്‍ന്ന് യെച്ചൂരിയുടെ ഭൗതിക ശരീരം ദില്ലി എയിംസിന് കൈമാറി. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം.

◾  സിപിഎം ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ആര്‍ക്കും ഇപ്പോള്‍ നല്‍കില്ലെന്നും പാര്‍ട്ടി സെന്ററിലെ നേതാക്കള്‍ കൂട്ടായി ചുമതല നിര്‍വ്വഹിക്കുന്നതിനാണ് നിലവിലെ തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനം ചേരുന്ന പിബി, സിസി യോഗങ്ങള്‍ തുടര്‍കാര്യങ്ങള്‍ ആലോചിക്കുമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് വരെ നിലവിലെ സംവിധാനം തുടരുന്നത് ആലോചനയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾  മലപ്പുറം വണ്ടൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം. നിപ പോസിറ്റീവായതായി  കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പുണെ വൈറോളി ലാബിലെ ഫലം കൂടി ലഭ്യമായാലേ നിപ സ്ഥിരീകരിക്കാനാകൂ. കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത്.

◾  കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മൂന്നു പേര്‍  മരിച്ചു. വിവാഹത്തിന് പങ്കെടുക്കാനെത്തിയ കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ന ട്രെയിന്‍ മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

◾  സപ്ലൈക്കോ നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പഠിപ്പിച്ച ഓണക്കാലമാണ് ഇതെന്ന് മന്ത്രി ജി ആര്‍ അനില്‍. ഉത്രാടദിനത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ 16 കോടി രൂപയുടെ വില്‍പ്പനയാണ് ജില്ലാ ഫെയറുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും നടന്നത്. 24 ലക്ഷത്തിലധികം പേര്‍ സപ്ലൈക്കോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. അര്‍ഹരായ 92 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകളും സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങിയെന്നും മന്ത്രി അറിയിച്ചു.

◾  സഹകരണ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയിന്‍മേല്‍ ലോകായുക്തയുടെ ഉത്തരവ്. ഊരൂട്ടമ്പലം സഹകരണ ബാങ്കിനെതിരെയാണ് റസ്സല്‍പുരം സ്വദേശിയായ എണ്‍പത് വയസുകാരി പത്മാവതി അമ്മ പരാതി നല്‍കിയത്. ഒരു മാസത്തിനകം പണം കൊടുക്കണമെന്ന് ബാങ്ക് പ്രസിഡന്റിനോടും സെക്രട്ടറിയോടും ലോകായുക്ത നിര്‍ദേശിച്ചു.

◾  കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കി. ആശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍നടപടി എന്ന് പൊലീസ് അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് യോ?ഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റും അറിയിച്ചു.

◾  താനൂര്‍ കസ്റ്റഡി കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താമിര്‍ ജിഫ്രിയുടെ കുടുംബം സിബിഐക്ക് വീണ്ടും പരാതി നല്‍കി. അന്വേഷണത്തില്‍ ആശങ്ക പ്രകടിപ്പിച്ച കുടുംബം കേസ് നാലു പേരില്‍ ഒതുക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും താമിര്‍ ജിഫ്രിയുടെ കുടുംബം വ്യക്തമാക്കി.

◾  ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തെരച്ചില്‍  തുടരാന്‍ ഡ്രഡ്ജര്‍ ചൊവ്വാഴ്ച കാര്‍വാര്‍ തുറമുഖത്ത് എത്തിക്കാന്‍ തീരുമാനമായി. ഇന്ന് വൈകിട്ട് ഗോവ തീരത്ത് നിന്ന് ഡ്രഡ്ജര്‍ പുറപ്പെടും. ചൊവ്വാഴ്ച കാര്‍വാറില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

◾  കാര്‍ഷിക നിയമങ്ങളെ എതിര്‍ത്തവര്‍ കര്‍ഷകരെ കഴുത്തുഞെരിച്ച് കൊന്നിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച ദിവസം അടിയന്തരാവസ്ഥപോലെ ചരിത്രത്തില്‍ കുറിക്കപ്പെട്ട കിരാതദിനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വെള്ളായണിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ഥി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്.

◾  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു പോലെ തന്നെ എല്ലാ മേഖലയിലും സമാന കമ്മിറ്റി വരണമെന്നും സിനിമയില്‍ മാത്രമായി നടപടികള്‍ ഒതുങ്ങിപ്പോകരുതെന്നും കവിയും ഗാനരചയിതാവുമായ വൈരമുത്തു. പുതിയ ഇന്ത്യക്കുള്ള തുടക്കമാണ് ഹേമ കമ്മിറ്റി. സ്വയം പ്രതിരോധിക്കുന്നതിനെ കുറിച്ച് സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കണമെന്നും വൈരമുത്തു ആവശ്യപ്പെട്ടു.

◾  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച് ഗായിക ചിന്മയി ശ്രീപദ. വൈരമുത്തു ശരിക്കും ഇങ്ങനെ പറഞ്ഞോയെന്നാണ് ചിന്മയിയുടെ ചോദ്യം. വൈരമുത്തുവിനെതിരെ നേരത്തെ മീറ്റൂ ആരോപണം ഉന്നയിച്ചിരുന്ന വ്യക്തിയാണ് ചിന്‍മയി. വേട്ടക്കാര്‍ക്കൊപ്പമുള്ള കോണ്‍ക്ലേവ് നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ചിന്മയി ആവശ്യപ്പെട്ടു .

◾  എംപോക്സ് വാക്സിന് അനുമതി നല്‍കി ലോകാരോഗ്യസംഘടന. ബവേറിയന്‍ നോര്‍ഡിക് കമ്പനി പുറത്തിറക്കിയ വാക്സിനാണ് അനുമതി നല്‍കിയത്. ആഫ്രിക്കയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിലും എംപോക്സ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വാക്സിന് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്.

◾  ജമ്മുകശ്മീരിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയില്‍ ബിജെപി ഹാട്രിക് വിജയം നേടുമെന്ന് കുരുക്ഷേത്രയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു. കോണ്‍ഗ്രസ് ഭരണത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനെതിരെ  ജനവികാരം ശക്തമാണെന്നും മോദി പറഞ്ഞു.

◾  ജമ്മു കശ്മീരില്‍ തീവ്രവാദം അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പോലീസിനെയും സൈന്യത്തെയും ആക്രമിക്കാന്‍ നേരത്തെ ഉയര്‍ത്തിയ കല്ലുകള്‍ ഇപ്പോള്‍ പുതിയ ജമ്മു-കശ്മീര്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നുവെന്നും മോദി തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

◾  ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷും കേസ് ആദ്യം അന്വേഷിച്ച സ്റ്റേഷന്‍ ഹൗസ് ഓഫിസറും അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്.

◾  നര്‍മദ നദിക്കരയിലെ തീര്‍ഥാടന കേന്ദ്രങ്ങളിലും അതിനോട് ചേര്‍ന്നുള്ള പട്ടണങ്ങളിലും മദ്യ, മാംസ നിരോധനം ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. നര്‍മദ ഉത്ഭവിക്കുന്ന അമര്‍കാണ്ഡകിലെ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

◾  അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി അധികാരത്തിലേറുകയാണെങ്കില്‍ സംസ്ഥാനത്തെ സമ്പൂര്‍ണ മദ്യനിരോധനം എടുത്തുകളയുമെന്ന് ജന്‍ സുരാജ് കണ്‍വീനര്‍ പ്രശാന്ത് കിഷോര്‍. മഹാത്മഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് തന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി  പിറവിയെടുക്കുമെന്നും പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

◾  ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേര്‍ മുങ്ങി മരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ മേസ്വോ നദിയില്‍ വെള്ളിയാഴ്ചയാണ് അപകടം.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

◾  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജയില്‍മോചനം ആഘോഷിക്കാന്‍ വീടിനു പുറത്ത് പടക്കം പൊട്ടിച്ചതിനെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്. നോര്‍ത്ത് ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള കെജ്രിവാളിന്റെ വീടിന് മുമ്പില്‍ പടക്കം പൊട്ടിച്ചതിനെതിരെയാണ് കേസ്. അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ പടക്കങ്ങളുടെ ഉപയോഗം നിരോധിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ലംഘിച്ചതിലാണ് കേസ് എടുത്തിരിക്കുന്നത്.

◾  റോബോട്ട് സാങ്കേതികവിദ്യയിലൂടെ ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി റിയാദിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍. ഗ്രേഡ് നാല് ഹൃദയസ്തംഭനത്തോളം ഗുരുതാവസ്ഥയിലായ 16 വയസുള്ള കൗമാരക്കാരനായിരുന്നു രോഗി. മെഡിക്കല്‍ വെല്ലുവിളികളും സങ്കീര്‍ണതകളും മറികടന്നാണ് ഗുരുതര ഹൃദ്രോഗബാധിതനായ രോഗിയില്‍ വിജയകരമായ ഹൃദയം മാറ്റിവെക്കല്‍ നടത്തിയത്.

◾  ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍താരം നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. കടുത്തപോരാട്ടത്തിനൊടുവില്‍ 0.01 മീറ്റര്‍ വ്യത്യാസത്തിലാണ് നീരജിന് ഡയമണ്ട് ട്രോഫി നഷ്ടമായത്. ഗ്രനഡയുടെ അന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് ഒന്നാമതും ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ മൂന്നാമതും എത്തി.  

◾  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ രണ്ടാം മത്സരത്തില്‍ ഒഡിഷ എഫ്.സി.യെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ചെന്നൈയിന്‍ എഫ്.സി. മൂന്നാമത്തെ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു എഫ്.സി തോല്‍പിച്ചു.

◾  ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഇഷ്ടപ്പെട്ട ഭക്ഷണശാലകളില്‍ നിന്നും ആഹാരം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനത്തിന് കൈകോര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയും. ഈ സംവിധാനം നിലവില്‍ രാജ്യത്തെ 88 നഗരങ്ങളില്‍ ലഭ്യമാണ്. ഈ സംവിധാനം ഉപയോഗിക്കുന്നതിന് സൊമാറ്റോ ആപ്പ് തുറന്ന് ട്രെയിന്‍ എന്ന് സെര്‍ച്ച് ചെയ്യണം. തുടര്‍ന്ന് പി.എന്‍.ആര്‍ നമ്പര്‍ നല്‍കിയാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. പി.എന്‍.ആര്‍ നമ്പറിലൂടെ യാത്രക്കാരുടെ സീറ്റ് നമ്പര്‍ മനസിലാക്കി കൃത്യമായി ഡെലിവറി നടത്തും. കൃത്യമായി ഡെലിവറി ചെയ്തില്ലെങ്കില്‍ 100 ശതമാനം റീഫണ്ട് നല്‍കുമെന്നും സൊമാറ്റോ പറയുന്നു. യാത്രയ്ക്ക് നാല് ദിവസം മുമ്പ് വരെ ഭക്ഷണം അഡ്വാന്‍സായി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനവുമുണ്ട്.

◾  ആരാധകര്‍ കാത്തിരുന്ന ദളപതി വിജയ്യുടെ അവസാന ചിത്രത്തിന്റെ പ്രഖ്യാപനം എത്തി. 'ദളപതി 69' എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് പ്രഖ്യാപനം നടത്തിയത്. ദീപശിഖയും പിടിച്ച് നില്‍ക്കുന്ന കയ്യാണ് പോസ്റ്ററിലുള്ളത്. 'ജനാധിപത്യത്തിന്റെ ദീപ വാഹകന്‍' എന്ന ടാഗ് ലൈനിലാണ് പോസ്റ്റര്‍. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയറ്ററിലേക്കെത്തും. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണ ആണ് ചിത്രം നിര്‍മിക്കുന്നത്. ദളപതി 69ന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനുള്ള തീരുമാനത്തിലാണ് താരം.

◾  തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ചിമ്പു. ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രത്തിന് 'എസ്ടിആര്‍ 48' എന്നാണ് വിശേഷണപ്പേര്. യാഷിന്റെ കെജിഎഫിലൂടെ സംഗീത സംവിധായകന്‍ രവി ബസ്രുറും ചിമ്പു നായകനായി എത്തുന്ന എസ്ടിആര്‍ 48ന്റെ ഭാഗമാകുന്നു. സംവിധായകന്‍ ഡെസിംങ്ക് പെരിയസ്വാമിയുടെ പുതിയ ചിത്രത്തില്‍ ചിമ്പു നായകനാകുമ്പോള്‍ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മാണം. എസ്ടിആര്‍ 48ന്റെ ബജറ്റ് 100 കോടി ആണെന്നാണ് റിപ്പോര്‍ട്ട്. ആരൊക്കെ എസ്ടിആര്‍ 48ല്‍ വേഷമിടുന്നുവെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

◾  ടൊയോട്ടയുടെ ഹൈറൈഡര്‍ സ്വന്തമാക്കി മിനിസ്‌ക്രീന്‍ താരം സ്നേഹ ശ്രീകുമാര്‍. സ്പോര്‍ട്ടിന്‍ റെഡ് വിത് മിഡ്‌നെറ്റ് ബ്ലാക്ക് നിറമാണ് വാഹനത്തിന്റേത്. ടൊയോട്ട ഹൈറൈഡര്‍ ഹൈബ്രിഡിന് 18.99 ലക്ഷം രൂപയാണ് വില. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും സമാസമം ചേരുന്ന സാങ്കേതികതയാണ് ഹൈബ്രിഡ്. ഇലക്ടിക് കാറുകളില്‍നിന്നു വ്യത്യസ്തമായി ചെറിയൊരു ബാറ്ററി പാക്ക് ഹൈബ്രിഡിനുണ്ടാവും. നോര്‍മല്‍, ഇക്കോ, സ്പോര്‍ട്ടി മോഡുകളുണ്ട്. സ്പോര്‍ട്ട് മോഡില്‍ 116 ബിഎച്ച്പി വരെയെത്തും. 100 കി.മി വേഗമെത്താന്‍ 12.10 സെക്കന്‍ഡ് മതി. നാലു വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്കുകളാണ്. സ്ട്രോങ് ഹൈബ്രിഡ് വേണ്ടാത്തവര്‍ക്ക് സെമി ഹൈബ്രിഡ് മോഡലുമുണ്ട്. 15 ലക്ഷത്തില്‍ വിലയാരംഭിക്കുന്ന ആ മോഡലിന് 21 കി.മി ഇന്ധനക്ഷമതയും പ്രതീക്ഷിക്കാം.

◾  ജിഷ്ണുവിന്റെ കവിതകള്‍ വലിയൊരളവോളം കാവ്യതന്ത്രമായിത്തന്നെ ഇന്ദ്രിയശീലങ്ങളുടെ അപനിര്‍മ്മിതി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ അപനിര്‍മ്മിതികളാകട്ടെ ഒരു നവീന ഭൗതികവാദത്തെയാണ് ആദര്‍ശമായി സ്വീകരിക്കുന്നത്. ലോകാനുരാഗത്തിന്റെ ഈ കവിതാവഴി മാനുഷികതയുടെ സകല സങ്കീര്‍ണതകളിലേക്കും വികസിക്കുന്ന കാലം വരും. ആത്മനിഷേധമോ ആനന്ദനിഷേധമോ അല്ല. ആ വഴി. ആത്മാനുരാഗത്തില്‍നിന്ന് ലോകാനുരാഗത്തിലേക്കുതന്നെയാണ് അത് വിപുലപ്പെടുന്നത്. 'കാഴ്ചകളുടെ ചെരിവുകള്‍'. ജിഷ്ണു കെ.എസ്.  ഡിസി ബുക്സ്. വില 171 രൂപ.

◾  സ്ത്രീകള്‍ നാല്‍പ്പത് കഴിയുമ്പോള്‍ അവരുടെ ശരീരത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള കഴിവ് മാറിയേക്കാം. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കാന്‍ കാരണമാകുന്നു. ചില വിറ്റാമിനുകള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതിന്റെ പ്രാധാന്യം ഈ സാഹചര്യം വര്‍ധിപ്പിക്കുന്നു. സ്ത്രീകള്‍ കഴിക്കേണ്ട 5 വിറ്റാമിനുകള്‍ ഏതൊക്കെ എന്ന് നോക്കാം. വിറ്റാമിന്‍ ഡി - സ്ത്രീകള്‍ പ്രായമാകുമ്പോള്‍ അവരുടെ എല്ലുകളുടെ സാന്ദ്രയിലും പേശികളുടെ പിണ്ഡത്തിലും ഗണ്യമായ കുറവുണ്ടാകുന്നു. ശാരീരികമായി സജീവമല്ലാത്തവരിലാണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഇത് അസ്ഥി സംബന്ധമായ അസുഖങ്ങള്‍ക്കും പരിക്കുകള്‍ക്കും സാധ്യത വര്‍ധിപ്പിക്കുന്നു. ഇരുമ്പ് - പ്രായമാകുമ്പോള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ ചക്രത്തിലും ഹോര്‍മോണ്‍ ബാലന്‍സിലും മാറ്റം ഉണ്ടാകാം. ഇത് ഇരുമ്പിന്റെ കുറവിലേക്ക് നയിച്ചേക്കാം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം ഗര്‍ഭിണികളല്ലാത്ത പ്രായമായ സ്ത്രീകളില്‍ വിളര്‍ച്ച ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാല്‍സ്യം - നാല്‍പ്പതു കഴിഞ്ഞാല്‍ സ്ത്രീകളില്‍ കാല്‍സ്യം അഭാവത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. എല്ലുകളെ കരുത്തുള്ളതും ആരോഗ്യകരവുമാക്കാന്‍ കാല്‍സ്യം അനിവാര്യമാണ്. അതിനാല്‍ മുതിര്‍ന്ന സ്ത്രീകള്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ഫോളേറ്റ് - ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു ബി വിറ്റാമിന്‍ ആണ് ഫോളേറ്റ്. ഇത് സ്ത്രീകളില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും. നവജാതശിശുക്കളില്‍ ജനന വൈകല്യങ്ങള്‍ തടയാനും ഫോളേറ്റ് സഹായിക്കുന്നു. വിറ്റാമിന്‍ ബി 12 - നാല്‍പ്പതു കഴിഞ്ഞ സ്ത്രീകളില്‍ വിറ്റാമിന്‍ ബി 12 വളരെ പ്രധാനപ്പെട്ട മറ്റൊരു പോഷകമാണ്. ഇത് പ്രായമായ സ്ത്രീകളില്‍ ഉണ്ടാകുന്ന അനീമിയ, ഓര്‍മക്കുറവ്, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
1994 ലാണ് കെ കെ അബ്ദുള്‍ഖാദര്‍ ഒരു ചെറിയ പലചരക്ക് കട തുടങ്ങിയത്.  പല ബ്രാന്റിന്റേയും പ്രോഡക്ട് വില്‍ക്കുന്നതിന് പകരം സ്വന്തമായി ഉണ്ടാക്കിയ പ്രോഡക്ട് വില്‍ക്കുന്നതല്ലേ നല്ലത് എന്ന ചിന്തയില്‍ നിന്നാണ് അബ്ദുള്‍ ഖാദറും ഭാര്യയും ചേര്‍ന്ന് അവരുടെ ചെറിയ വീടിനെ ഒരു ഫാക്ടറി ആക്കി മാറ്റിയത്. പുട്ടുപൊടിയായിരുന്നു അവര്‍ ആദ്യം വിപണിയില്‍ എത്തിച്ചത്.  ആദ്യമെല്ലാം നാട്ടുകാര്‍ മാത്രമാണ് പുട്ടുപൊടി വാങ്ങിയിരുന്നതെങ്കിലും ഒരിക്കല്‍ രുചി അറിഞ്ഞവര്‍ വീണ്ടും എത്താന്‍ തുടങ്ങിയതോടെ കൂടുതല്‍ പ്രോഡക്ടുകള്‍ വിപണിയിലിറക്കാന്‍ അവര്‍ക്ക് ധൈര്യമായി.  മക്കള്‍ കൂടി ഈ ബിസിനസ്സിന്റെ ഭാഗമായതോടെ കമ്പനിയുടെ വളര്‍ച്ച അതിവേഗമായിരുന്നു.  വെറും 15 വര്‍ഷം കൊണ്ട് 10ലക്ഷം ടേണോവറില്‍ നിന്ന് 250 കോടിയിലധികം ടേണോവറുളള ഒരു പ്രസ്ഥാനമായി അവര്‍ മാറി.  കേരളത്തിലെ നമ്പര്‍വണ്‍ ഫുഡ്ബ്രാന്റായ ആജ്മി ഇന്ന് സൗത്ത്ഇന്ത്യയിലേയും മിഡില്‍ ഈസ്റ്റിലേയും ഇഷ്ടബ്രാന്റാണ്.  5 സെന്റ് വീട്ടില്‍ രണ്ടുപേര്‍ ചേര്‍ന്നാരംഭിച്ച ഈ സംരംഭം ഇന്ന് 600 ലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. നമ്മള്‍ നില്‍ക്കുന്ന സ്ഥലത്ത് പോലും ഒരത്ഭുതം ഒളിഞ്ഞിരിപ്പുണ്ട്.  പക്ഷേ, അതൊന്ന് കാണുവാന്‍ അകകണ്ണിന്റെ സഹായം കൂടി വേണം.  നമുക്ക് അസാധ്യമായവയല്ല ഇതെന്ന ഉറച്ചവിശ്വാസവും ഉറച്ച കാല്‍വെയ്പും വേണം... എങ്കില്‍ ജീവിതം നമുക്ക് അത്ഭുതങ്ങള്‍ സമ്മാനിക്കും - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right