Trending

സായാഹ്ന വാർത്തകൾ.

31-08-2024


◾ ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നതില്‍ വേദനയുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. തിരുവനന്തപുരത്തു വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം ശേഷം ആദ്യമായാണു അദ്ദഹം മാധ്യമങ്ങളെ കണ്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നതെന്നും സിനിമാമേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടതെന്നും എന്നാല്‍ അമ്മയ്ക്കു നേരെയാണു എല്ലാവരും വിരല്‍ ചൂണ്ടുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഒരു വലിയ മൂവ്മെന്റ് ആയി ഇത് മാറണമെന്നും സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികള്‍ ഉണ്ടാകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് അമ്മ ഭരണസമിതി രാജിവച്ചതെന്നും ആര്‍ക്കുവേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാമെന്നും മലയാള സിനിമയെ നമുക്കു രക്ഷിക്കണമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്നും ഭാര്യയുടെ സര്‍ജറിയുമായി ആശുപത്രിയിലായിരുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

◾ സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായിരുന്ന ഇപി ജയരാജനെതിരെ അച്ചടക്ക നടപടി. ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായതെന്നാണ് വിവരം. ഇന്നു ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കുക കേന്ദ്രനേതൃത്വമാകും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം ഇ.പി നടത്തിയ കൂടിക്കാഴ്ചയുടെ സ്ഥിരീകരണവും സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു.

◾ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം സംബന്ധിച്ച് പ്രഖ്യാപനം നടത്തേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും എന്ത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്നും ടിപി രാമകൃഷ്ണന്‍. ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക അറിയിപ്പ് വൈകിട്ട് എല്‍ഡിഎഫ് സംസ്ഥാന സെക്രട്ടറി അറിയിക്കാനിരിക്കെയാണ് ടിപി രാമകൃഷ്ണന്റെ പ്രതികരണം.

◾ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കിയതോടെ പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപി ജയരാജന് ബിജപിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയായെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് ജാവദേക്കറെ ഇപിയും മുഖ്യമന്ത്രിയും എന്തിന് കണ്ടുവെന്നും, കേസുകള്‍ ദുര്‍ബലമാക്കാനാണ് ജാവദേക്കറെ കണ്ടതന്നും വിഡി സതീശന്‍ പറഞ്ഞു.

◾ ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നില്‍ ബിജെപി ബന്ധമല്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍. നേതൃസ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ടുവരാനുള്ള തീരുമാനത്തിന്റെ ഭാഗം മാത്രമാണിതെന്നും മന്ത്രി അറിയിച്ചു. മുകേഷിന്റെ രാജിയെ സംബന്ധിച്ച് പരസ്യപ്രസ്താവന പാര്‍ട്ടി ഇതുവരെ നടത്തിയിട്ടില്ല. ബിനോയ് വിശ്വം പറഞ്ഞതെന്താണെന്ന് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.

◾ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എയോട് പത്തനംതിട്ട എസ്പി സുജിത് ദാസ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന ശബ്ദരേഖ പുറത്ത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാല്‍ അജിത് കുമാര്‍ പൊലീസില്‍ സര്‍വശക്തനാണ് എന്ന് സുജിത് ദാസ് അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. എല്ലാ ബിസിനസുകാരും അജിത്കുമാറിന്റെ സുഹൃദ് വലയത്തിലാണെന്ന് അന്‍വര്‍ പറയുമ്പോള്‍ സുജിത് ദാസ് അത് ശരിവയ്ക്കുന്നുമുണ്ട്.

◾ എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ എസ്പിയുടെ ആരോപണത്തില്‍ വകുപ്പ് തല അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ്. എസ്പി സുജിത്ത് ദാസിനെതിരെയും അന്വേഷണം ഉണ്ടാകും. അന്വേഷണം ആവശ്യപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ ഡിജിപിക്ക് കത്ത് നല്‍കിയേക്കും. പിവി അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പി സുജിത്ത് ദാസിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികള്‍ ലഭിച്ചു.

◾ പി വി അന്‍വര്‍ എംഎല്‍എയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചു. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എയോട് എസ്പി ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. 

◾ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി കെ.ടി ജലീല്‍ എം.എല്‍.എ. എസ്പി സുജിത്ത് ദാസിന്റെയും പിവി അന്‍വര്‍ എംഎല്‍എയുടെയും ആരോപണങ്ങളില്‍ ആഭ്യന്തര വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കണമെന്നും ഏത് കേസും അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള സംഘമാണ് ഇവരെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും കെ.ടി ജലീല്‍ ആവശ്യപ്പെട്ടു.

◾ സംസ്ഥാനത്ത് നടക്കുന്നത് കേട്ട് കേള്‍വി ഇല്ലാത്ത കാര്യങ്ങളെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇങ്ങനെ പോയാല്‍ ഇതെവിടെ ചെന്ന് നില്‍ക്കുമെന്നും ആഭ്യന്തരവകുപ്പിന് മേലുള്ള നിയന്ത്രണം സര്‍ക്കാരിന് നഷ്ടപ്പെട്ടുവെന്നും പൊലീസിന്റെ കേഡര്‍ സ്വഭാവം നഷ്ടപ്പെട്ടുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ പത്തനംതിട്ട എസ്പി സുജിത്ത് ദാസിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

◾ തെക്ക് നിന്ന് മുകേഷും വടക്കുനിന്ന് അന്‍വറും ചേര്‍ന്ന് പ്രസ്ഥാനത്തെ ഞെക്കി കൊല്ലരുതെന്ന ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം പത്തനംതിട്ട കുന്നന്താനം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയും മല്ലപ്പള്ളി ഏരിയാ കമ്മിറ്റി അംഗവുമായ എസ് വി സുബിന്‍. ഒരുത്തനെ പുറത്താക്കണമെന്നും, മറ്റവനെ നിയന്ത്രിക്കണമെന്നും സുബിന്റെ പോസ്റ്റിലുണ്ട്.

◾ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഇന്ന് മുതല്‍ സെപ്തംബര്‍ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

◾ ഹേമ കമ്മിറ്റിറിപ്പോര്‍ട്ടിലും പിന്നാലെ വന്ന വിവാദങ്ങളോടും മൗനം തുടര്‍ന്ന നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ശോഭാ ഡേ. നിലപാട് വ്യക്തമാക്കാതെ അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ മോഹന്‍ലാലിന്റെ നടപടിയെ ഭീരുത്വമെന്ന് ശോഭാ ഡേ വിശേഷിപ്പിച്ചു. ഒരു ദേശീയ മാധ്യമത്തിനോടായിരുന്നു എഴുത്തുകാരിയുടെ പ്രതികരണം.

◾ മലയാള സിനിമയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ താരം രാധിക ശരത്കുമാര്‍. കാരവാനില്‍ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. ഈ ദൃശ്യങ്ങള്‍ ലൊക്കേഷനിലിരുന്ന് പുരുഷന്മാര്‍ കണ്ടതിന് താന്‍ ദൃക്സാക്ഷിയാണെന്നും നടി സ്വകാര്യ ചാനലിനോട് പറഞ്ഞു.

◾ നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ നടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്നും, തുടര്‍നടപടികള്‍ അതിന് ശേഷമെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. സിനിമാ സെറ്റിലെ കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണിത്.

◾ മലയാള സിനിമാ സെറ്റിലുണ്ടായ ദുരനുഭവം നടി രാധിക എന്തുകൊണ്ടാണ് അന്ന് തന്നെ തുറന്ന് പറയാതിരുന്നതെന്ന് ഭാഗ്യലക്ഷ്മി. രാധികയുടെ നിശബ്ദത ക്രൈമിന് വഴിവച്ചു കൊടുക്കുകയല്ലേ ചെയ്തത് എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അതേസമയം ഇനി എത്ര സാക്ഷ്യങ്ങള്‍ വേണ്ടിവരും സര്‍ക്കാരിന് നടപടിയെടുക്കാനെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ ചോദിച്ചു. നടി രാധിക ശരത്കുമാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ദീദി.

◾ സംവിധായകന്‍ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

◾ ബലാത്സംഗക്കേസില്‍ പ്രതിയായ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. രാജി ആവശ്യമില്ലെന്ന് വ്യക്തമാക്കിയ സിപിഎം ലൈംഗികാരോപണത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച കീഴ്വഴക്കം ഇല്ലെന്നും ചൂണ്ടിക്കാട്ടി. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും പാര്‍ട്ടി മുകേഷിനോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം.

◾ സംവിധായകന്‍ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങള്‍ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ഫോട്ടോകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അക്കാര്യത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നും രേവതി പറഞ്ഞു.

◾ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ ലൈംഗിക പീഡനപരാതി കേസില്‍, പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്നെടുക്കും. ഡിസിപി ഐശ്വര്യ ഡോംഗ്രയാണ് മൊഴിയെടുക്കുന്നത്. ബാബുരാജിനെതിരായ കേസില്‍ വിശദമായ മൊഴിയെടുത്ത ശേഷം മാത്രം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. നടന്‍ ബാബുരാജിനും ശ്രീകുമാര്‍ മേനോനുമെതിരെ ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ടിസ്റ്റ് ഇ മെയില്‍ വഴി പൊലീസിന് പരാതി നല്‍കിയിരുന്നു.

◾ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്. നടക്കാവ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗികാധിക്ഷേപത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും.

◾ ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇന്‍ഷുറന്‍സ് നിഷേധിച്ച ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ സാങ്കേതിക വീഴ്ചയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരനു നല്‍കണമെന്ന് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പ്രവാസിയായ അന്തരിച്ച ജീമോന്‍ എന്ന വ്യക്തിയുടെ ഭാര്യയും മകളുമാണ് പരാതിക്കാര്‍.

◾ നഗരക്കാഴ്ചകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ഡേ റൈഡ് ആരംഭിച്ചു. രാവിലെ 8 മണിക്കും 10 മണിക്കും 12 മണിക്കും കിഴക്കേകോട്ടയില്‍ നിന്നാണ് സര്‍വ്വീസ്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, രാവിലെ 8:30 ന് ആരംഭിക്കുന്ന വൈകുന്നേരം 3 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നതെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

◾ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കെഡി പ്രതാപനും ഭാര്യ ശ്രീനയും ഉള്‍പ്പെടെ 37 പ്രതികളാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. കമ്പനിയുടെ 15 പ്രമോട്ടര്‍മാരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. 1651 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

◾ ഇടുക്കി ചിന്നക്കനാലില്‍ പരസ്പരം കൊമ്പുക്കോര്‍ത്ത് കാട്ടാനകളായ മുറിവാലന്‍ക്കൊമ്പനും ചക്കക്കൊമ്പനും. സിങ്ക്കണ്ടം ഭാഗത്ത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 നായിരുന്നു കൊമ്പന്‍മാര്‍ തമ്മില്‍ കൊമ്പുക്കോര്‍ത്തത്. സംഭവത്തില്‍ മുറിവാലന്‍ക്കൊമ്പന് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. മുറിവാലന്‍ക്കൊമ്പന്റെ മുറിവുകള്‍ പഴുത്ത് തുടങ്ങിയതോടെ ഇന്നലെ രാത്രിയോടെ ആന കിടപ്പിലായി.

◾ സിപിഎം ജില്ലാ സെക്രട്ടറിയറ്റ് മുന്‍ അംഗവും കായംകുളം നഗരസഭാ മുന്‍ ചെയര്‍മാനുമായിരുന്ന ചേരാവള്ളി മരുതനാട്ട് രാഗം വീട്ടില്‍ പ്രൊഫ. എം ആര്‍ രാജശേഖരന്‍ (85) അന്തരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, കായംകുളം ഏരിയ സെക്രട്ടറി, ആലപ്പി സഹകരണ സ്പിന്നിങ് മില്‍ ചെയര്‍മാന്‍, കെസിടി പ്രസിഡന്റ്, കേരള കര്‍ഷകസംഘം, പുരോഗമന കലാസാഹിത്യ സംഘം നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

◾ തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പീച്ചിലി ബിജുവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് തോട്ടില്‍ തേങ്ങയെടുക്കാന്‍ ഇറങ്ങിയ ബിജുവിനെ കാണാതായത്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

◾ സ്വകാര്യ ബസിന്റെ ചവിട്ടുപടിയില്‍ നിന്നും തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴമുട്ടം കുന്നുംപാറ സ്വദേശി സുബിന്‍ കുമാര്‍ (34) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 26 നായിരുന്നു അപകടം നടന്നത്.

◾ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിലെ എയിംസില്‍ ചികിത്സയില്‍ തുടരുന്നുവെന്ന് സിപിഎം വാര്‍ത്താ കുറിപ്പ്. ഡോക്ടര്‍മാരുടെ പ്രത്യേക സംഘമാണ് യെച്ചൂരിയെ ചികിത്സിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധയ്ക്കാണ് ചികിത്സയെന്നും വാര്‍ത്താ കുറിപ്പിലുണ്ട്. ഈമാസം 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

◾ ചെന്നൈയിലെ സ്വകാര്യ കോളജില്‍ ലഹരി വേട്ട. മുപ്പതിലേറെ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ നിന്ന് കഞ്ചാവും ലഹരിമരുന്നുമാണ് പിടികൂടിയത്. കഞ്ചാവ്- മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുകയാണ്. ചെങ്കല്‍പട്ട് ജില്ലയിലെ പോത്തേരി, കാട്ടാങ്കുളത്തൂര്‍ എന്നിവിടങ്ങളിലെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിലായിരുന്നു പരിശോധന.

◾ തെലുങ്കു സിനിമയില്‍ ഹേമ കമ്മിറ്റിയുടെ മാതൃകയില്‍ രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്യൂസിസി മാതൃകയില്‍ തെലുങ്ക് സിനിമാ രംഗത്ത് രൂപീകരിച്ച സംഘടനയായ വോയ്സ് ഓഫ് വിമന്‍. വോയ്സ് ഓഫ് വിമണിന്റെ ആവശ്യപ്രകാരം തെലങ്കാന സര്‍ക്കാര്‍ ഒരു സബ് കമ്മിറ്റിയെ സിനിമാ രംഗത്തെ ചൂഷണങ്ങള്‍ പഠിക്കാന്‍ നേരത്തെ നിയോഗിച്ചിരുന്നു. അതിജീവിതരുടെ സ്വകാര്യതകള്‍ സംരക്ഷിച്ച് അവര്‍ നല്‍കിയ റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നാണ് ആവശ്യം.

◾ മുസ്ലിം എംഎല്‍എമാര്‍ക്ക് വെള്ളിയാഴ്ച നമസ്‌കാരത്തിനായി അനുവദിച്ച രണ്ട് മണിക്കൂര്‍ ഇടവേള റദ്ദാക്കി അസം നിയമസഭ. സഭാ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നടപടിയെന്നാണ് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മയുടെ പ്രതികരണം. എന്നാല്‍ അസം മുഖ്യമന്ത്രി വിലകുറഞ്ഞ പബ്ലിസിറ്റിക്കായി മുസ്ലിങ്ങളെ ലക്ഷ്യം വെക്കുന്നുവെന്നാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചത്.

◾ ടൂത്ത് പൗഡറില്‍ സസ്യേതര ചേരുവകള്‍ ഉള്‍പ്പെടുത്തിയെന്ന ഹര്‍ജിയില്‍, പതഞ്ജലി ആയുര്‍വേദയ്ക്കും ബാബാ രാംദേവിനും നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി. വെജിറ്റേറിയന്‍ എന്ന് രേഖപ്പെടുത്തിയ ടൂത്ത് പൗഡറില്‍ സസ്യേതര ചേരുവകളുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

◾ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി. അവര്‍ പാകിസ്താന്റെ കയ്യിലെ കളിപ്പാവകളാണെന്ന് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഘ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ആരോപിച്ചു.
Previous Post Next Post
3/TECH/col-right