Trending

പ്രധാനമന്ത്രി ദുരന്തഭൂമിയില്‍: ആകാശനിരീക്ഷണം പൂര്‍ത്തിയായി, ക്യാമ്പും ആശുപത്രിയും സന്ദര്‍ശിക്കും.

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിക മേഖലകള്‍ സന്ദർശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കണ്ണൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിലാണ് വയനാട്ടിലെത്തിയത്.

മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തിയ പ്രധാനമന്ത്രി കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്കുള്‍ മൈതാനത്ത് ഇറങ്ങി. പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രിയും ഗവർണ്ണറും സുരേഷ് ഗോപിയും ഹെലികോപ്ടറിലുണ്ടായിരുന്നു.

എയർഫോഴ്സ് 1 വിമാനത്തില്‍ നേരത്തെ നിശ്ചയിച്ചതിലും അല്‍പം നേരത്തെയാണ് പ്രധാനമന്ത്രി കണ്ണൂരിലെത്തിയത്. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍, സ്ഥലം എം എല്‍ എ കെകെ ശൈലജ, ചീഫ് സെക്രട്ടറി വി വേണു എന്നിവർ ചേർന്ന് സ്വീകരിച്ചു. മൂന്ന് ഹെലികോപ്ടറുകളാണ് കണ്ണൂർ വിമാനത്താവളത്തില്‍ തയ്യാറാക്കിയിരുന്നത്. രണ്ട് ഹെലികോപ്ടറുകള്‍ പ്രധാനമന്ത്രിയുടെ കോപ്ടറിനെ അനുഗമിച്ചു.

മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തിയ പ്രധാന മന്ത്രി തുടർന്ന് റോഡ് മാർഗ്ഗം ചൂരല്‍മലയിലെ ബെയ്ലി പാലത്തിലെത്തും. അതിന് ശേഷം ഒരു ദുരിതാശ്വാസ ക്യാമ്ബിലും ആശുപത്രിയില്‍ കഴിയുന്ന ദുരിതബാധിതരേയും പ്രധാനമന്ത്രി സന്ദർശിക്കും.

വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിനും ശേഷമായിരിക്കും പ്രധാനമന്ത്രി മടങ്ങുക. കേരളത്തിനായി പ്രധാനമന്ത്രി എന്ത് സഹായമാണ് പ്രഖ്യാപിക്കുന്നതെന്നാണ് ഏവരും ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്.

ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തോട് അടിയന്തര പുനരധിവാസത്തിനുള്ള തുക ആവശ്യപ്പെട്ടതായി മന്ത്രി പിഎ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുനര്‍നിര്‍മാണത്തിന് മാത്രം 2000 കോടിയാണ് ആവശ്യപ്പെട്ടത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. കുറഞ്ഞത് 90 ദിവസം ഇതിനാവശ്യമായി വരും. നിലവില്‍ ക്യാമ്ബുകള്‍ തുടരും.

ദുരന്ത ബാധിതര്‍ക്ക് സമാശ്വാസ തുക അടിയന്തരമായി നല്‍കേണ്ടതുണ്ട്. പണമിടപാട് സ്ഥാപനങ്ങള്‍ ദുരന്തബാധിതരുടെ വായ്പാ തിരിച്ചടവിനായി സമീപിക്കുന്നതില്‍ സര്‍ക്കാരിന് കര്‍ക്കശ നിലപാടാണുള്ളത്. വായ്പാ തിരിച്ചടവില്‍ ഇളവ് പ്രഖ്യാപിക്കണമെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.


പ്രധാനമന്ത്രി ക്യാമ്പിലേക്ക്‌; ദുരന്തം തീവ്രമായി ബാധിച്ചവരെ കാണും.

കൽപ്പറ്റ: ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി മേപ്പാടിയിൽ ക്യാമ്പ് സന്ദർശിക്കാനായി നീങ്ങി. ദുരന്തഭൂമി നടന്നുകണ്ട് വിലയിരുത്തിയ ശേഷമാണ് മേപ്പാടിയിലേക്ക് പോകുന്നത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, സുരേഷ് ഗോപി, ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

വെള്ളാര്‍മല സ്‌കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചു. കുട്ടികളുടെ തുടര്‍പഠനത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. തീരുമാനിച്ചതിലും കൂടുതല്‍ സമയം പ്രധാനമന്ത്രി ചൂരല്‍മലയില്‍ ചെലവഴിച്ചു. വയനാട് സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയതിന് ശേഷം റോഡ് മാർഗം ദുരന്തമേഖലയിലേക്ക്‌ എത്തുകയായിരുന്നു. ആകാശനിരീക്ഷണത്തിന് ശേഷം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടില്‍ എത്തിയത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ബെയ്‌ലിപ്പാലം, ആശുപത്രി, കലക്ട്രേറ്റ് എന്നിവിടങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.

ദുരിതബാധിതരുമായി സംസാരിക്കും. വൈകീട്ട് 3 മണിക്ക് പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ വയനാട്ടില്‍ ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ മുതല്‍ കല്‍പ്പറ്റയിലും മേപ്പാടിയിലും ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

അതിതീവ്ര ദുരന്തമായി ചൂരല്‍മല ദുരന്തത്തെ മാറ്റാന്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോദിക്കൊപ്പം പിണറായി വിജയനും ഇന്ന് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി വയനാട്ടില്‍ എത്തുന്നത്. പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതോടെ ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങളള്‍ക്കും കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
Previous Post Next Post
3/TECH/col-right