വയനാട്: ഉരുള്‍പ്പൊട്ടലിന്റെ നാലാം ദിവസവും ഉറ്റവരെയും ഉടയവരെയും തെരഞ്ഞ് നടക്കുകയാണ് മുണ്ടക്കൈക്കാർ. എവിടെയെങ്കിലും ജീവനോടെയുണ്ടാകണമെന്ന് ആഗ്രഹിക്കുമ്ബോഴും ആ പ്രതീക്ഷ ഓരോ നിമിഷം കഴിയുമ്പോഴും മങ്ങുകയാണ്.മൃതദേഹങ്ങള്‍ കൊണ്ടുവന്ന് കിടത്തുന്ന മേപ്പാടി കമ്മ്യൂണിറ്റി ഹാളിന് പുറത്ത് പ്രതീക്ഷ വറ്റിയ കണ്ണുകളുമായി മനുഷ്യർ കാത്തിരിക്കുകയാണ്.
മൂന്ന് വയസുകാരി സൂഹി സാഹ ചൂരല്‍മലയിലുള്ള ഉമ്മയുടെ സഹോദരിയുടെ വീട്ടില്‍ താമസിക്കാൻ എത്തിയതായിരുന്നു.ഉരുള്‍പൊട്ടലുണ്ടാകുമ്ബോള്‍ ആ വീട്ടിലുണ്ടായിരുന്നത് 13 പേരാണ്. അതില്‍ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. സൂഹി അടക്കം എട്ട് പേർ എവിടെ എന്നറിയില്ല. പിതാവ് റൗഫ് മേപ്പാടി കമ്മ്യൂണിറ്റി ഹാളിന് പുറത്ത് കാത്തിരിക്കുകയാണ്. പൊന്നുമോളെ കുറിച്ച് എന്തെങ്കിലും ഒരു സൂചന പ്രതീക്ഷിച്ച്.
ഭാര്യയുടെ സഹോദരിടെയും അവരുടെ ഭർത്താവിന്റെയും മൃതദേഹം കണ്ടെത്തി. അവരുടെ അനിയന്റെ ശരീരം കിട്ടിയത് നിലമ്ബൂരില്‍ നിന്നാണ്. പുറത്തിറങ്ങി ഓടിയപ്പോള്‍ മലവെള്ളം കൊണ്ടുപോയതാവാം.റൗഫിപ്പോഴും കാത്തിരിക്കുകയാണ്. മകളെ ഒന്നു കാണാൻ. ഈ പിതാവിനെപ്പോലെ മക്കളെയും മാതാപിതാക്കളെയും ഒക്കെ കാത്ത് ഒരുപാട് നിസ്സഹായരായ മനുഷ്യർ ഇങ്ങനെ കാത്തിരിക്കുകയാണ്.
Tags:
WAYANAD