Trending

കേള്‍ക്കണം വിലങ്ങാടിന്റെ വിലാപവും: ഉരുള്‍ കവര്‍ന്നത് 18 വീടുകള്‍; 155 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍.

വയനാട്ടിലെ മഹാദുരന്തത്തിൻറെ അലയൊലികള്‍ക്കിടെയാണ് കോഴിക്കോട് ജില്ലയിലെ വിലാങ്ങാടും ഉരുള്‍പൊട്ടലുണ്ടായി വൻ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ഒറ്റരാത്രികൊണ്ട് ജീവിതസമ്ബാദ്യം നഷ്ടമായത് 18 കുടുംബങ്ങള്‍ക്കാണ്. ഇവരുടെ വീടുകള്‍ പൂർണമായും തകർന്നു. 80-ഓളം വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു.ഇവിടെ ഒരു വീടുണ്ടായിരുന്നു' മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടിയ കൂനയിലേക്ക് കൈചൂണ്ടി സ്ഥലംകാണാനെത്തിയവരോട് വിലങ്ങാട്ടുകാർ ഇത് പറയുമ്ബോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 

വർഷങ്ങള്‍നീണ്ട അധ്വാനംകൊണ്ട് പടുത്തുയർത്തിയ വീട് എവിടെയെന്ന് തിരഞ്ഞുനടക്കേണ്ട അവസ്ഥയാണ് വിലങ്ങാട്ടുകാർക്ക്. ഇനി എന്തെന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണവർ.
155-ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റിയിട്ടുണ്ട്. മഞ്ഞക്കുന്ന് പാരിഷ് ഹാള്‍, വിലങ്ങാട് സെന്റ്. ജോർജ് എച്ച്‌.എസ്.എസ്, പാലൂർ എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബുണ്ട്. വ്യാഴാഴ്ച വെള്ളിയോട് ഹൈസ്കൂളും ദുരിതാശ്വാസ ക്യാമ്ബായി പ്രവർത്തിക്കുന്നുണ്ട്. 

ആദ്യ ഉരുള്‍പൊട്ടിയതിന് ശേഷം പ്രദേശത്തുള്ളവർ മാറിതാമസിച്ചതിനാലാണ് രണ്ടാമത്തെ ഉരുള്‍പൊട്ടലില്‍ ആളപായം കുറഞ്ഞത്. ദുരിതാശ്വാസ ക്യാമ്ബുകളിലും ഒറ്റപ്പെട്ടുപോയ വീടുകളിലേക്കും ഭക്ഷണസാധനങ്ങളും മറ്റും കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വ്യാപകമായ പ്രചാരണം ഫലംകണ്ടു. യുവജന സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും നടത്തിയ ഇടപെടലിലൂടെ ആവശ്യ സാധനങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

മഞ്ഞച്ചീളി, പാലൂർ, വിലങ്ങാട്, കുറ്റല്ലൂർ, പാലൂർ, മലയങ്ങാട്, വാളാംതോട് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലിനെത്തുടർന്നുളള ദുരന്തത്തിന്റെ വ്യാപ്തി കൂടുതലായുള്ളത്. മഞ്ഞച്ചീളി കൊടിമരത്തുംമൂട്ടില്‍ ഡൊമനിക് ജോസഫിന്റെ കൈയില്‍ ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമാണ് ബാക്കിയുള്ളത്. വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് കാർ, ഒരു ജീപ്പ്, മൂന്ന് ബൈക്ക് എന്നിവ പൂർണമായും നഷ്ടപ്പെട്ടു. ഹോണ്ടയിലെ സെയില്‍സ് മാനേജരായിരുന്ന ഡൊമനിക് ജോസഫിന്റെയും റിട്ട. സീനിയർ നഴ്സിങ് സൂപ്രണ്ട് ഭാര്യ ലൂസി ഡൊമനിക്കിന്റെയും സമ്ബാദ്യമായിരുന്നു എല്ലാം.

2019-ലെ പ്രളയത്തില്‍ തകർന്നതിനുശേഷം കോടികള്‍ മുടക്കി മാസങ്ങള്‍ക്കുമുമ്ബ് ഉദ്ഘാടനംചെയ്ത ഉരുട്ടിപ്പാലം ഉള്‍പ്പെടെ 15 പാലങ്ങള്‍ തകർന്നു. ഉരുട്ടിപ്പാലത്തിന്റെ അനുബന്ധറോഡ് പാടെ നശിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. വിലങ്ങാട് ടൗണിലെ പാലം, ഇന്ദിരാനഗർ, മഞ്ഞക്കുന്നിലെ രണ്ടുപാലം, വായാടകോളനി പാലം, വാളൂക്ക് പാലം, കുട്ടൻതോട് പാലം, പാലൂർ പാലം, മാടാഞ്ചേരി പാലം, കുറ്റല്ലൂർ, പുറക്കാട് എന്നിവിടങ്ങിലെ പാലങ്ങള്‍ എന്നിവ മലവെള്ളപ്പാച്ചിലില്‍ തകർന്നു.

ഉരുള്‍പൊട്ടലില്‍ കാണാതായ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു (59)വിന്റെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. നാട്ടുകാരും ദുരന്തനിവാരണസേനാംഗങ്ങളും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിടിച്ചിലുണ്ടായ മഞ്ഞച്ചീളിയില്‍നിന്ന് 500 മീറ്റർ അകലെ പത്താം മൈല്‍ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആദ്യ ഉരുള്‍പൊട്ടല്‍സമയത്ത് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയതായിരുന്നു മാത്യു. മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായതോടെ മാത്യു സമീപത്തെ കടയില്‍ കയറി. വെള്ളം കുത്തിയൊഴുകിയതോടെ കടയിലേക്ക് കയറിട്ട് മാത്യുവിനെ പുറത്തേക്കെത്തിക്കാനുള്ള ശ്രമത്തിനിടെ മൂന്നാമതും ശക്തമായി ഉരുള്‍പൊട്ടി. ഇതോടെ പന്തലാടിക്കല്‍ സാബുവിന്റെ കടയടക്കം ഒഴുകിപ്പോയി.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാട് മഞ്ഞച്ചീളിയില്‍ ബുധനാഴ്ച വൈകുന്നേരമാണ് വീണ്ടും ഉരുള്‍പൊട്ടിയത്. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ശക്തമായ മഴയും ഉരുള്‍പൊട്ടലുമുണ്ടായത്. ഇ.കെ. വിജയൻ എം.എല്‍.എ., കളക്ടർ സ്നേഹില്‍കുമാർ സിങ്, ആർ.ഡി.ഒ. അൻവർ സാദത്ത് തുടങ്ങിവരുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം മഞ്ഞച്ചീളിയിലെത്തി സന്ദർശനം നടത്തുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടിയത്.
റോഡ് തകർന്നതുമൂലം മഞ്ഞച്ചീളിയില്‍നിന്ന് പാനോം ഭാഗത്തേക്കു പോകാൻ താത്കാലിക നടപ്പാത നാട്ടുകാർ ഇട്ടിരുന്നു. അതിലൂടെയാണ് എം.എല്‍.എ.യും കളക്ടറും സംഘവും ക്യാമ്ബ് നടക്കുന്ന ഭാഗത്തേക്കു പോകാനായി പാലം കടന്നത്.

പാരിഷ് ഹാള്‍ സന്ദർശിച്ച്‌ തിരിച്ചുവരുന്നതിനിടയിലാണ് മഞ്ഞച്ചീളിപ്പുഴയില്‍ ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടിയതിനെത്തുടർന്ന് എല്ലാവരും ഉടൻതന്നെ സുരക്ഷിതമായ സ്ഥലത്തേക്കു മാറി. ഇതിനിടയില്‍ ബി.ജെ.പി. നേതാക്കളായ എം.ടി. രമേശ്, വി.കെ. സജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും മഞ്ഞച്ചീളിയിലെത്തിയിരുന്നു. എന്നാല്‍, മറുകരയില്‍ അവരും കുടുങ്ങി. മഴയും മണ്ണൊലിപ്പ് തുടർന്നതോടെ കളക്ടറും സംഘവും ഒരുമണിക്കൂറിലധികം സ്ഥലത്ത് കുടുങ്ങിക്കിടന്നു. തുടർന്ന് റെസ്ക്യൂ ടീമിന്റെ സഹായത്തോടെയാണ് സംഘത്തെ വിലങ്ങാട് എത്തിച്ചത്.
Previous Post Next Post
3/TECH/col-right