തിരുവനന്തപുരം:അഞ്ച് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയില്‍ ഒരു മാസത്തെ കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.ഓഗസ്റ്റ് മാസത്തെ പെൻഷനാണ് നല്‍കുന്നത്. ക്രിസ്മസിന് മുൻപ് ഗുണഭോക്താക്കള്‍ക്ക് എത്തിക്കും വിധം ക്രമീകരണം ഉണ്ടാക്കാനാണ് ധനവകുപ്പ് നിര്‍ദ്ദേശം. ഈ മാസത്തെ കൂടി ചേര്‍ത്താല്‍ അഞ്ച് മാസത്തെ കുടിശികയായിരുന്നു ക്ഷേമ പെൻഷൻ വിതരണത്തില്‍ നിലവിലുണ്ടായിരുന്നത്.
കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത 3140 കോടി രൂപ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ നടപടി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു.ഇതോടെ 2000 രൂപയുടെ കടപത്രം അടിയന്തരമായി ഇറക്കാൻ ധനവകുപ്പ് നടപടികളും തുടങ്ങിയിട്ടുണ്ട്. രണ്ട് മാസത്തെ പെൻഷൻ നല്‍കാനായേക്കുമെന്ന് കരുതിയിരുന്നെങ്കിലും മറ്റ് അത്യാവശ്യ ചെലവുകള്‍ക്ക് കണ്ടെത്തേണ്ട തുക കൂടി കണക്കിലെടുത്താണ് ഒരു മാസത്തെ മാത്രം കുടിശിക നല്‍കാൻ തീരുമാനിച്ചത്.
നവകേരള സദസ്സ് തുടങ്ങുന്നതിന് തൊട്ട് മുൻപായിരുന്നു ജൂലൈയിലെ കുടിശ്ശിക നല്‍കിയത്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയ 50 ലക്ഷത്തോളം പേരാണ് പെൻഷൻ പട്ടികയില്‍ നിലവിലുള്ളത്.
Tags:
KERALA