ക്വാലാലംപൂര്‍ : ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ മലേഷ്യ സന്ദര്‍ശിക്കാന്‍ എന്‍ട്രി വിസ ആവശ്യമില്ല. പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് 30 ദിവസം വരെ വിസയില്ലാതെ മലേഷ്യയില്‍ താമസിക്കാം. ഞായറാഴ്ച പുത്രജയയില്‍ നടന്ന പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടിയുടെ വാര്‍ഷിക കോണ്‍ഗ്രസിലാണ് അന്‍വര്‍ ഇ്ബ്രാഹിം ഇക്കാര്യം അറിയിച്ചത്. എങ്കിലും ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷാ സ്‌ക്രീനിംഗിന് വിധേയരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമല്ല ചൈനീസ് പൗരന്മാര്‍ക്കും ഡിസംബര്‍ ഒന്നു മുതല്‍ വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനാണ് മലേഷ്യ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളുടെയും നിക്ഷേപകരുടെയും പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത വര്‍ഷം വിസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ അന്‍വര്‍ ഇബ്രാഹിം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി തായ്ലന്‍ഡും ശ്രീലങ്കയും അടുത്തിടെ വിസ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. തായ്‌ലന്റില്‍ 30 ദിവസമാണ് വിസയില്ലാതെ തങ്ങാനാവുക. ഈ അനുകൂല നയം അടുത്ത വര്‍ഷം മെയ് 10 വരെ നീണ്ടുനില്‍ക്കും. കൂടുതല്‍ ആവശ്യങ്ങളുണ്ടായാല്‍ തിയ്യതി നീട്ടാനും സാധ്യതയുണ്ടെന്ന്് അധികൃതര്‍ അറിയിച്ചു.
2022ല്‍ 965,994 ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് തായ്‌ലന്റ് സന്ദര്‍ശിക്കാനെത്തിയത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ ഈ എണ്ണം 1,302,483 ഇന്ത്യന്‍ വിനോദസഞ്ചാരികളായി ഉയര്‍ന്നു.
ഇന്ത്യ, ചൈന, റഷ്യ എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി ഒക്ടോബറില്‍ ശ്രീലങ്കയും വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരുന്നു. 2024 മാര്‍ച്ച് 31 വരെ ഇത് തുടരും.
Tags:
INTERNATIONAL