തിരുവനന്തപുരം:ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കാത്തവര്‍ ഇനി കോടതി കയറി ഇറങ്ങേണ്ടിവരും. സംസ്ഥാനത്തെ വെര്‍ച്വല്‍ (ഓണ്‍ലൈൻ) കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് കൈമാറി.
പോലീസും മോട്ടോര്‍ വാഹനവകുപ്പും ചുമത്തിയ ഇ-ചെലാൻ കേസുകളാണിവ. ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചവര്‍ക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷൻ ഉള്‍പ്പെടെയുള്ള കടുത്തശിക്ഷ കോടതികളില്‍ നേരിടേണ്ടി വരും.
ഗതാഗത നിയമ ലംഘനങ്ങള്‍ തീര്‍പ്പാക്കാൻ വേണ്ടിയുള്ള വെര്‍ച്വല്‍ കോടതിയില്‍ മൂന്നുമാസത്തിനുള്ളില്‍ കേസുകള്‍ പരിഗണിക്കണമെന്നാണ് വ്യവസ്ഥ. പിഴയൊടുക്കാൻ മറ്റുപല സംസ്ഥാനങ്ങളിലും ആറുമാസത്തോളം സാവകാശം നല്‍കാറുണ്ട്. പരമാവധി മൂന്നുമാസം അനുവദിക്കാമെങ്കിലും ഒരുമാസം തികയുമ്പോഴേ മോട്ടോര്‍ വാഹനവകുപ്പ് കേസുകള്‍ കോടതിക്ക് കൈമാറും. ഇതോടെ, കേസുകളുടെ ബാഹുല്യം പ്രതിസന്ധിയായി. ഇങ്ങനെ കെട്ടിക്കിടന്ന കേസുകളാണ് സി.ജെ.എം. കോടതികള്‍ക്ക് കൈമാറിയത്.
വെര്‍ച്വല്‍ കോടതിക്ക് കൈമാറിയാലും, കേസ് ഓണ്‍ലൈനില്‍ തിരികെവിളിച്ച് പിഴ ചുമത്തി തീര്‍ക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ട്. എന്നാല്‍, സി.ജെ.എം. കോടതികളില്‍ അതിന് കഴിയില്ല. കുറ്റം കണ്ടെത്തിയ ഉദ്യോഗസ്ഥൻ കേസ് ഫയല്‍ കോടതിക്ക് സമര്‍പ്പിച്ചാലെ സി.ജെ.എമ്മിനും കേസ് പരിഗണിക്കാൻ കഴിയൂ. പിഴ അടയ്ക്കാനെത്തുന്നവര്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന നിര്‍ദേശം മിക്ക കോടതികളും നല്‍കിയിട്ടുണ്ട്. കേസ് കോടതിയില്‍ എത്തിക്കേണ്ടതും വാഹന ഉടമയുടെ ചുമതലയായി.
പിഴ വന്നാല്‍ ഉടൻ അടയ്ക്കുക
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കഴിവതും വേഗം ഓണ്‍ലൈനില്‍ അടയ്ക്കുക എന്നതാണ് ഏക പോംവഴി. വാഹന, ലൈസൻസ് രേഖകളില്‍ സ്വന്തം മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിച്ചാല്‍ പിഴ ചുമത്തുന്നത് സംബന്ധിച്ച് എസ്.എം.എസ്. സന്ദേശം ലഭിക്കും. https://echallan.parivahan.gov.in/index/accused-challan എന്ന വെബ്സൈറ്റില്‍ പരിശോധിച്ചാലും പിഴ സംബന്ധിച്ച വിവരം അറിയാം.
Tags:
KERALA