കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.ഇരുപത്തിനാലു വയസുള്ള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആക്റ്റീവ് കേസുകൾ 3 ആയി. രണ്ടു പേർ നിപ്പ ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം മഞ്ചേരിയിലും,തിരുവനന്തപുരം മെഡിക്കൽ കോളജിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ സ്രവങ്ങൾപുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവിൽ ലക്ഷണങ്ങൾ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
അതിനിടെ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കായക്കൊടി പഞ്ചായത്തിലെ 10,11,12,13 വാർഡുകളും ചങ്ങരോത്ത് പഞ്ചായത്തിലെ 1, 2, 19 വാർഡുകളും തിരുവള്ളൂരിലെ 7, 8, 9 വാർഡുകളും പുറമേരിയിലെ വാർഡ് നാലിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശവുമാണു പുതിയതായി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയിലെ ഒൻപതു പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോണുകളായി.
Tags:
HEALTH