Trending

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് 7 പേർ ചികിത്സയിൽ; സമ്പർക്ക പട്ടികയിൽ 168 പേർ.

കോഴിക്കോട്: നിപ ലക്ഷണങ്ങളുമായി നിലവിൽ 7 പേർ കോഴിക്കോട് ചികിത്സയിലുണ്ടെന്നെന്ന് മന്ത്രിമാരായ വീണാ ജോർജും മഹമ്മദ് റിയാസും അറിയിച്ചു. അവലോകന യോഗത്തിന് ശേഷമാണ് അറിയിപ്പ്. ലക്ഷണങ്ങളുള്ളവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണിപ്പോൾ ചികിത്സയിലുള്ളത്. മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്കത്തിലുള്ള നാല് പേരും ആയഞ്ചേരി സ്വദേശിയുടെ സമ്പർക്കത്തിലുള്ള മൂന്ന് പേരുമാണ് നിലവിൽ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്.

ആകെ 168 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യ കേസിൽ 158 പേരുണ്ട്. ഇവരിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. നിപ സ്ഥിരീകരിക്കുകയാണെങ്കിൽ സി സി ടി വി ദൃശ്യങ്ങൾ നോക്കി സമ്പർക്ക പട്ടിക വിപുലീകരിക്കും. രണ്ടാമത്തെ കേസിൽ സമ്പർക്കത്തിലുള 10 പേരെ തിരിച്ചറിഞ്ഞു. ഫലം പോസിറ്റീവ് ആയാൽ റൂട്ട് മാപ് പുറത്തിറക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. നാളെ കേന്ദ്ര സംഘം എത്തിയതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തിൽ പരിശോധന നടത്തും. ആകെ മൂന്ന് വിദഗ്ധ സംഘങ്ങൾ നാളെ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

2018 ൽ 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപത്ത് തന്നെയുള്ള മരുതോങ്കര പഞ്ചായത്തിലെ 49 കാരനും ആയഞ്ചേരി പഞ്ചായത്തിലെ 40കാരനുമാണ് നിപ്പ രോഗലക്ഷണങ്ങളോടെ ഒരാഴ്ചക്കിടെ മരിച്ചത്. മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ഭാര്യ സഹോദരനും സഹോദരന്റെ പത്ത് മാസമുള്ള കുട്ടിയും നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ 28 ന് കടുത്ത പനിയും ന്യൂമോണിയയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ച ഇയാൾ രണ്ട് ദിവസത്തിന് ശേഷം ഇവിടെ വെച്ച് മരിക്കുകയായിരുന്നു.

ഇയാളുമായി നേരിട്ട് ബന്ധമില്ലാത്ത വടകര ആയഞ്ചേരി സ്വദേശിയായ 40 കാരനെ ഇന്നലെ വൈകിട്ടാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഏറെ വൈകും മുമ്പെ ഇയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു. തുടർന്നാണ് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചത്. ആരോഗ്യവകുപ്പ് ഇന്നലെ രാത്രി തന്നെ ജാഗ്രത നിർദേശമിറക്കിയിട്ടുണ്ട്. ഇന്ന് രാവിലെ കോഴിക്കോടെത്തിയ ആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Previous Post Next Post
3/TECH/col-right