Trending

യുഎഇ: എമിറേറ്റ്‌സ് ഐഡി എടുക്കല്‍, പുതുക്കല്‍; പ്രത്യേക അറിയിപ്പുമായി അധികൃതര്‍

യുഎഇയിലെ എമിറേറ്റ്‌സ് ഐഡി എടുക്കല്‍, പുതുക്കലുമായി പ്രത്യേക അറിയിപ്പുമായി അധികൃതര്‍. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ആണ് അറിയിപ്പുമായി രംഗത്തെത്തിയത്. എമിറേറ്റ്‌സ് ഐഡി പുതുക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം പിഴ ഈടാക്കും.

പുതിയ ഐഡി എടുക്കുന്നതു വൈകിയാലും പഴയതു പുതുക്കുന്നതു വൈകിയാലും ഓരോ ദിവസത്തിനും പിഴയുണ്ടാകും. കാലാവധി പൂര്‍ത്തിയായി 30 ദിവസം വരെ പുതുക്കാന്‍ സമയമുണ്ട്. അതു കഴിഞ്ഞുള്ള ദിവസങ്ങള്‍ക്കാണ് പിഴയീടാക്കുക. തൊഴില്‍ കാര്‍ഡ് പുതുക്കുന്നതു വൈകിയാലും ഇതേ തുകയാണ് പിഴ.
പരമാവധി 1000 ദിര്‍ഹം വരെ ഈടാക്കാം. ഐഡി പുതുക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനി മാനേജര്‍മാരില്‍നിന്നും പിഴയീടാക്കും.

തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള രേഖകള്‍ കൃത്യമായിരിക്കണം. ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടേതല്ലാത്ത രേഖകള്‍ സമര്‍പ്പിച്ചാല്‍ കമ്പനി പ്രതിനിധിക്ക് (മന്‍ദൂബ്) 500 ദിര്‍ഹം പിഴ ചുമത്തും. ഓണ്‍ലൈന്‍ വഴി രേഖകള്‍ സമര്‍പ്പിക്കുന്നതും നിയമപരിധിയില്‍ വരും.ഇടപാടുകളുടെ ചുമതലയുള്ള കമ്പനി പ്രതിനിധി സ്വന്തം കാര്‍ഡ് പുതുക്കാതിരിക്കുക, കാലഹരണപ്പെട്ട കാര്‍ഡ് കാണിച്ച് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും 500 ദിര്‍ഹമാണ് പിഴ.

തിരിച്ചറിയല്‍ രേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഓഫിസുകളിലെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയുന്നവര്‍ക്ക് പിഴ 5000 ദിര്‍ഹം. ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരുന്നാലും തടസ്സപ്പെടുത്തിയാലും 5000 ദിര്‍ഹമാണ് പിഴ. ഫീസ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ഇതേ തുകയാണ് പിഴ. ഉപയോക്താക്കള്‍ക്കുള്ള സംവിധാനങ്ങളില്‍ നിന്നു സൂക്ഷ്മപരിശോധന അപേക്ഷകള്‍ പ്രിന്റ് ചെയ്താല്‍ 100 ദിര്‍ഹം പിഴ.ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പിഴ 3000 ദിര്‍ഹം. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍പ്പെടാത്ത കാര്യങ്ങള്‍ കാണിച്ച് ഏതെങ്കിലും തരത്തിലുള്ള വീസ തരപ്പെടുത്താന്‍ ശ്രമിച്ചാല്‍ 20,000 ദിര്‍ഹമാണ് പിഴ.

അതേസമയം സ്വദേശികള്‍ക്കു മാത്രമല്ല, പ്രവാസികള്‍, ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കു പിഴയില്‍ പരാതിയുണ്ടെങ്കില്‍ രേഖാമൂലം അപ്പീല്‍ നല്‍കാം. സ്വന്തം വീസ, ഐഡി കാര്‍ഡ് എന്നിവയ്ക്ക് പുറമേ കീഴിലുള്ള തൊഴിലാളികളുടെ ഔദ്യോഗിക തൊഴില്‍ – താമസ രേഖകള്‍ക്ക് ചുമത്തിയ പിഴ പിന്‍വലിക്കാനും അപേക്ഷ നല്‍കാം.
Previous Post Next Post
3/TECH/col-right