Trending

മാർബർഗ് വൈറസ്: അതീവ ജാഗ്രതയോടെ ഗൾഫ് നാടുകൾ.

അബുദാബി: മാർബർഗ് വൈറസ് ലോകമെമ്പാടും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവജാഗ്രതാ നിർദ്ദേശവുമായി ഗൾഫ് നാടുകൾ. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഖത്തർ പൗരന്മാരോടും പ്രവാസികളോടും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. മാറ്റിവെക്കാനാകാത്ത കാരണങ്ങളാൽ ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർ, ഇരു രാജ്യങ്ങളിലെയും പ്രാദേശിക ആരോഗ്യ അധികൃതർ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. കൂടാതെ ഇവർ യുഎഇയിൽ തിരിച്ചെത്തിയാൽ സ്വയം ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ആരോഗ്യ–രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രോഗബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തവർ മാർബർഗ് വൈറസ് രോഗം പടരുന്ന പ്രദേശത്താണോ അല്ലെങ്കിൽ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോ എന്ന് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇവർ പനി, തലവേദന, പേശിവേദന, വയറിളക്കം, ഛർദി, തൊലിപ്പുറത്തെ തടിപ്പ് മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകുന്ന അവസരത്തിൽ സ്വയം ഐസൊലേഷനിൽ തുടരണമെന്നും, 16000 എന്ന നമ്പറിൽ രോഗവിവരം ധരിപ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

യു.എ.ഇ., സൗദി അറേബ്യ എന്നിവയ്ക്ക് പിന്നാലെ ബുധനാഴ്ച ഖത്തർ ആരോഗ്യമന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്ന് വ്യക്തമാക്കി. കൂടാതെ വൈറസ്ബാധ സംബന്ധിച്ച് പ്രാദേശിക, അന്തർദേശീയ ഏജൻസികളുമായി സഹകരിച്ചുകൊണ്ട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

എന്താണ് മാര്‍ബര്‍ഗ് ഡിസീസ് ?

ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണിത്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967-ല്‍ ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മനി, ബെല്‍ഗ്രേഡ്, സെര്‍ബിയ എന്നിവിടങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഴംതീനി വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുക വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലില്‍ നിന്ന് ആരിലെങ്കിലും വൈറസ് വ്യാപിച്ചാല്‍ അയാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരുക ദ്രുതഗതിയിലായിരിക്കും.രോഗം തീവ്രമാകുന്നതോടെ കഠിനമായ ആലസ്യം, കുഴിഞ്ഞ കണ്ണുകള്‍, വലിഞ്ഞു മുറുകിയ മുഖം എന്നിവ കാണപ്പെടാം. ഏഴുദിവസത്തിനുള്ളില്‍ ബ്രെയിന്‍ ഹെമറേജും രക്തസ്രാവവും ഉണ്ടായാണ് മരണം സംഭവിക്കുന്നത്. രോഗിയുടെ ശരീരത്തിലെ മുറിവുകള്‍, രക്തം, ശരീര സ്രവങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ രോഗം ബാധിക്കും. ഈ സ്രവങ്ങള്‍ പടര്‍ന്നിട്ടുള്ള ഉപരിതലം വഴിയും രോഗവ്യാപനമുണ്ടാകാം. രോ​ഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുകയാണ് രോ​ഗപ്രതിരോധത്തിനുള്ള പ്രധാന മാർ​ഗം.

ലക്ഷണങ്ങള്‍

ഉയര്‍ന്ന പനി
അസഹ്യമായ തലവേദന
പേശിവേദന
ശരീരവേദന
ഛര്‍ദി
അടിവയര്‍ വേദന
വയറിളക്കം
ചികിത്സ

മറ്റ് വൈറസ് രോഗങ്ങളില്‍ നിന്ന് മാര്‍ബര്‍ഗ് വൈറസിനെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മാര്‍ബര്‍ഗ് വൈറസിനായി മാത്രമുള്ള ചികിത്സാരീതി നിലവില്‍ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ക്ക് അനുയോജിച്ച ചികിത്സയാണ് നല്‍കുക. റീഹ്രൈഡ്രേഷന്‍ പോലുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് രോഗിക്ക് നല്‍കുക.

വാക്‌സിന്‍ ലഭ്യമാണോ?

നിലവില്‍ മാര്‍ബര്‍ഗ് വൈറസിന് അംഗീകൃതമായ വാക്‌സിന്‍ ലഭ്യമല്ല. പല വാക്‌സിനുകളും ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലാണ്.
Previous Post Next Post
3/TECH/col-right