കാലാവസ്ഥാ വ്യതിയാനം ഭീഷണിയാവുന്ന ആഗോള സാഹചര്യത്തില്‍ പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ കാർബൺ ന്യൂട്രൽ ബ്ലോക്ക് പഞ്ചായത്ത് ആവനൊരുങ്ങുകയാണ് ചേളന്നൂർ. കാർബൺ ബഹിർഗമനത്തിന്റെ അളവ് കണ്ടെത്താനും പരിഹാരം കാണാനും വിവിധ എജൻസികളുടെ സഹായം തേടും. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
2023-24 വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ അവസാനഘട്ട രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാറിലാണ് കാർബൺ ന്യൂട്രൽ ബ്ലോക്ക് പഞ്ചായത്ത് ആവാനുള്ള പ്രഖ്യാപനം നടത്തിയത്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി സുനിൽകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.
കൃഷി, തൊഴിൽ സംരംഭങ്ങൾ, വികസനം എന്നിവക്ക് ഊന്നൽ നൽകുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നത്. എല്ലാ മേഖലകളിലും തൊഴിൽ സംരംഭങ്ങൾ വളർത്തി കൊണ്ടുവരാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുക. തൊഴിലന്വേഷകരായ യുവാക്കളുടെ കഴിവുകൾ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി. കെ ഷാജി, കെ. പി ഷീബ, കൃഷ്ണവേണി മാണിക്കോത്ത്, കെ. ടി പ്രമീള, സി. കെ സലീം, സി. പി നൗഷീർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി. കെ വിജയകുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത് കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
പ്ലാനിങ് കോർഡിനേറ്റർ കെ. കെ ആനന്ദ് സ്വാഗതവും,സെക്രട്ടറി ബിജു.ജി നന്ദിയും പറഞ്ഞു.
Tags:
NARIKKUNI