റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ട് ചില അജ്ഞാത കേന്ദ്രങ്ങളിൽനിന്ന് സൗദിയിൽ താമസിക്കുന്ന പ്രവാസികൾക്ക് ടെലിഫോൺ വരുന്നതായി ശ്രദ്ധയിൽപ്പെട്ടതായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ നിരവധി കോളുകളാണ് വരുന്നതെന്നും അഥോറിറ്റി ഇന്ത്യൻ എംബസിക്കയച്ച സർക്കുലറിൽ അറിയിച്ചു.
ഇഖാമ സ്റ്റാറ്റസ് ശരിയാക്കുന്നതിനും മറ്റുമായി അബ്ഷിർ പാസ്‌വേഡും ഒ.ടി.പിയും ചോദിച്ചാണ് ഫോൺ കോളുകൾ വരുന്നത്. ഫോണിന് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്നും ഫോൺ ചെയ്യുന്നവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പൊതുവെ സംശയാസ്പദമായ ടെലിഫോൺ കോളുകളും സന്ദേശങ്ങളും ലഭിക്കുന്നത് ചില സംഘടിത സംഘങ്ങളിൽ നിന്നാണ്. ഇതിൽ ഭൂരിഭാഗവും രാജ്യത്തിന് പുറത്ത് നിന്നുള്ളവരാണ്.
ഇക്കാര്യത്തിൽ, സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികൾ സോഷ്യൽ മീഡിയ വഴി ബോധവൽക്കരണം നടത്തിയിട്ടുണ്ടെന്നും സൗദി ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇത്തരം ഫോൺ കോളുകളോട് പ്രതികരിക്കരുതെന്ന് രാജ്യത്തുള്ള അവരുടെ താമസക്കാരെ ഉപദേശിക്കാൻ എല്ലാ മിഷനുകളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
ബാങ്കുകളിലെ വ്യക്തിഗത വിവരങ്ങളോ വ്യക്തിഗത അക്കൗണ്ടുകളോ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള വിവരങ്ങൾ ഔദ്യോഗികമായി മാത്രമേ കൈമാറാവൂവെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍ ലഭിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.
Tags:
INTERNATIONAL