Trending

ബഫർ സോൺ ഉപഗ്രഹ മാപ്പ് അംഗീകരിക്കില്ല: ഉമ്മർ മാസ്റ്റർ

താമരശ്ശേരി: പരിസ്ഥിതി ലോല മേഖല നിർണ്ണയിക്കുന്നതിന് സംസ്ഥാന സർക്കാർ കെഎസ്ആർഇസി യെ കൊണ്ട് നടത്തിച്ച ഉപഗ്രഹ സർവ്വെയുടെ റിപ്പോർട്ട് അപാകതകൾ നിറഞ്ഞതും  അശാസ്ത്രീയവുമാകണന്ന്  മുൻ എംഎൽഎയും  കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടുമായ വി.എം. ഉമ്മർ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.

വീട്, ജനസംഖ്യാ വിവരങ്ങൾ, സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, കൃഷിയിടങ്ങൾ, പൊതുസ്ഥാപനങ്ങൾ, ഓരോ വില്ലേജിലെയും ജനസംഖ്യ എന്നിവയെ ഉൾപ്പെട്ടതായിരിക്കേണ്ടതാണ് കരട് രേഖ. എന്നാൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇതൊന്നും പൂർണ്ണമല്ല. കേരളത്തിലെ ഇരുപത്തിരണ്ട് സംരക്ഷിത വനപ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള പരിസ്ഥിതി ലോല മേഖയിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ എന്നിവയെ കുറിച്ച് ഉപഗ്രഹ സർവ്വെ നടത്തി പുറത്തുവിട്ട കണക്കുകളിൽ അൻപതിനായിരത്തിൽ താഴെ വീടുകളും കെട്ടിടങ്ങളും ഉണ്ട്  എന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ നേരിട്ട് സ്ഥല പരിശോധന നടത്തിയാൽ രണ്ടു ലക്ഷത്തിൽ കൂടുതൽ വീടുകളും കെട്ടിടങ്ങളും ഉണ്ടാകുമെന്ന് വ്യക്തമാണ്. അതുകൊണ്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഉപഗ്രഹ സർവ്വെ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയുന്നതല്ല. ഉമ്മർ മാസ്റ്റർ പറഞ്ഞു.ഇപ്പോൾ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവ്വ റിപ്പോർട്ട് വനം വകുപ്പിന് ലഭിച്ചിട്ട് മൂന്ന് മാസക്കാലം പ്രസിദ്ധീകരിക്കാതെ വനം വകുപ്പ് പൂഴ്ത്തി വെച്ചത് ദുരൂഹമാണ്.

അടുത്ത മാസം സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ KSREC യുടെ ഇപ്പോൾ പുറത്തുവന്ന ധൃതി പിടിച്ച് വനം വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചാൽ കേരളത്തിന് തിരിച്ചടിയാകുമെന്നത് കൊണ്ട് എത്രയും വേഗം നേരിട്ട് സ്ഥല പരിശോധന നടത്തി കുറ്റമറ്റ രൂപത്തിലുള്ള റിപ്പോർട്ട് തയ്യാറാക്കി സുപ്രീം കോടതിയിൽ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.

സംരക്ഷിത വന പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ബഫർസോണിന്റെ പേരിൽ ഭീതിയിലായ മലയോര ജനതയെ രക്ഷിക്കുന്നതിന് ഏക പോംവഴി പരിസ്ഥിതി ലോല മേഖല, വനഭൂമിക്കുള്ളിൽ തന്നെ പരിമിധിപ്പെടുത്തുകയാണ് വേണ്ടത്.കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങൾ ഉൾപ്പെടുന്ന ബഫർ സോൺ മേഖലയിലെ ജനങ്ങുടെ ആശങ്കകൾ പരിഹരിക്കാത്ത പക്ഷം സർക്കാറിന് മലയോര ജനതയുടെ ശക്തമായ പ്രതിഷേധ സമരതത്തെ നേരിടേണ്ടി വരുമെന്ന് ഉമ്മർ മാസ്റ്റർ മുന്നറിയിപ്പ് നൽകി.
Previous Post Next Post
3/TECH/col-right