Trending

കോഴിക്കോടും കണ്ണൂരും മലവെള്ളപ്പാച്ചില്‍; മഴ ശക്തമായി തുടരുന്നു.

കോഴിക്കോട് : സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നു. കണ്ണൂരിലും കോഴിക്കോട്ടും ഉരുള്‍പ്പൊട്ടലുണ്ടായതായി സംശയം.
കണ്ണൂരില്‍ നെടുമ്ബോയില്‍ ചുരത്തില്‍ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയെന്നാണ് സംശയം.

മാനന്തവാടി കൂത്തുപറമ്ബ് ചുരം പാതയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഈ ഭാഗത്താണ് മൂന്നാഴ്ച മുന്‍പ് ഉരുള്‍ പൊട്ടി മൂന്നുപേര്‍ മരിച്ചതെന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രതയിലാണ്. മലവെള്ളപ്പാച്ചില്‍ ശക്തമായ കോഴിക്കോട് വിലങ്ങാട് വനമേഖലയിലും ഉരുള്‍പൊട്ടിയതായും സംശയമുയര്‍ന്നിട്ടുണ്ട്.


പാനോം വനമേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായെന്ന് സംശയിക്കപ്പെടുന്നത്. വാണിമേല്‍ പുഴയില്‍ മലവെള്ള പാച്ചില്‍ ശക്തമാണ്. വിലങ്ങാട് ടൗണില്‍ പലയിടത്തും വെള്ളം കയറി.

അതേസമയം കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് അറിയിച്ചു. ഇന്ന് 10 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ പത്തുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നീ ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right