Trending

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഉടൻ വിതരണം ചെയ്യണം:കെഎസ്ടിഇഒ (എസ്ടിയു).

കെഎസ്ആർടിസിയുടെ മെയ് മാസത്തിലെ വരുമാനം നൂറ്റി തൊണ്ണൂറ്റിമൂന്ന് (193)കോടിയിൽ അധികമുണ്ടായിട്ടും അഞ്ചാം തിയ്യതിക്കകം ജീവനക്കാരുടെ ശമ്പളം നൽകാതെ പട്ടിണിക്കിടുന്ന മാനേജ്മെൻറ് നിലപാട് തൊഴിലാളികളോടുള്ള
 വഞ്ചനയാണന്നും ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നും കെഎസ്ടിഇഒ (എസ്ടിയു) സംസ്ഥാന കമ്മറ്റി യോഗം മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു.

സിംഗിൾ ഡ്യൂട്ടിയും പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടിയും അടിച്ചേൽപ്പിച്ച് ഡ്യൂട്ടി പരിഷ്കരണം നടത്തി തൊഴിലാളികളെ ശ്വാസം മുട്ടിച്ച് കൊല്ലാനും സ്വകാര്യബസ് മുതലാളിമാരെ സംരക്ഷിക്കുന്നതിന് വേണ്ടി അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം നടത്തി കെഎസ്ആർടിയെ നശിപ്പിപ്പിക്കാൻ ആസൂത്രിത ശ്രമം നടത്തുകയും പി.എസ്.സി. പരീക്ഷ എഴുതി ജോലിക്ക് കയറി രാപ്പകൽ ഭേദമന്യേ ജോലി ചെയ്ത് വരുമാനമുണ്ടാക്കി കൊടുക്കുന്ന ജീവനക്കാരുടെ അർഹതപ്പെട്ട ശമ്പളം വൈകിപ്പിച്ച്  തങ്ങളുടെ തറവാട്ടിൽ നിന്ന് എടുത്ത് ഔദാര്യമായികൊടുക്കുന്നതാണന്ന തരത്തിൽ ശമ്പളം വൈകിപ്പിക്കുന്ന കൂട്ടുകച്ചവടക്കാരായ കെഎസ്ആർടി എംഡി ബിജു പ്രഭാകറിനെയും ഓപ്പറേഷൻ വിഭാഗം മേധാവി പ്രദീപ് കുമാറിനെയും നിലക്ക് നിർത്താൻ പിണറായി സർക്കാർ തയ്യാറായില്ലങ്കിൽ തെരുവിൽ നേരിടാൻ തൊഴിലാളികൾ തയ്യാറാകേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

തൊഴിലാളികളെ ശത്രുക്കളായി കണ്ട് കൊണ്ട് വന്ന എല്ലാ പുതിയ മണ്ടൻ പരിഷ്കാരങ്ങളും പാളിപ്പോവുകയും ഓരോ ദിവസവും  അശാസ്ത്രീയമായ കാര്യങ്ങൾ വെച്ച്  തൊഴിലാളി വിരുദ്ധ ഓഡറുകൾ ഇറക്കുകയും പിറ്റേ ദിവസം തന്നെ അത് പിൻവലിക്കുകയും ചെയ്യേണ്ടി വരുന്ന ഗതികെട്ട അവസ്ഥക്ക് മാറ്റമുണ്ടാവാൻ മാനേജ്മെൻറിലെ ഓപ്പറേഷൻ വിഭാഗം മേധാവി അടക്കമുള്ള നിലവാരമില്ലാത്ത ഉദ്യോഗസ്ഥരെ പിരിച്ച് വിട്ട്  തൊഴിലാളികളെ  ഒപ്പം നിർത്തി തൊഴിലാളികളുടെ നിർദ്ധേശങ്ങൾ കൂടി പരിഗണിച്ച് കെ എസ് ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കുവാനും അവരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും പൊതുജനങ്ങൾക്ക് കെഎസ്ആർടിസിയുടെ സേവനം ഉപകാരപ്പെടുന്ന രീതിയിലും  തീരുമാനമെടുക്കാൻ പറ്റുന്ന വിദ്യാഭ്യാസവും ബുദ്ധിയും യോഗ്യതയുമുള്ള മിടുക്കന്മാരായ ഉദ്യോഗസ്ഥരെ പകരം നിയമിച്ച് കെഎസ്ആർടിസിയെ രക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും പിരിച്ച് വിട്ട എംപാനൽ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും കെഎസ്ആർടിസി ഡിപ്പോ എഞ്ചിനീയർ മനോജ് കുമാറിൻ്റെ മരണത്തിൽ ആരോപണ വിധേയനായ വർക്ക് മാനേജർ പൃഥിരാജിനെ സർവീസിൽ നിന്നും മാറ്റി നിർത്തി സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പട്ടു.

മനപ്പൂർവം ശമ്പളം വൈകിപ്പിക്കുന്ന മാനേജ്മെൻ്റ് നിലപാടിനെതിരെ   ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കാനും കോഴിക്കോട് എസ്ടിയു സെൻ്ററിൽ വർക്കിംഗ് പ്രസിഡണ്ട് ശിഹാബ് കുഴിമണ്ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മറ്റി യോഗത്തിൽ തീരുമാനമെടുത്തു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കബീർ പുന്നല സാഗതം പറയുകയും സംസ്ഥാന ഭാരവാഹികളായ സിദ്ധീഖലി മടവൂർ ,റഫീഖ് പിലാക്കൽ ,സാജിദ് മുണ്ടക്കയം, സുരേഷ് ചാലിൽ പുറായിൽ, ജാഫർ വെളിമുക്ക്, യൂസുഫ് പാലത്തിങ്ങൽ, ശിഹാബ് പോരുവഴി, ജലീൽ പുളിങ്ങോം, കുഞ്ഞിമുഹമ്മദ് കല്ലുരാവി, ബഷീർ മാനന്തവാടി, ഗഫൂർ മണ്ണാർക്കാട് തുടങ്ങിയവർ സംസരിക്കുകയും ചെയ്തു.
Previous Post Next Post
3/TECH/col-right