Trending

ഗായിക സജ്നയുടെ ജീവിതത്തിൽ കൈ പിടിക്കാൻ ഇനി നൗഷാദ് കൂട്ട്.

തിരുവമ്പാടി: കാഴ്ചയില്ലാത്ത ലോകത്ത് ഗായിക സജ്നയുടെ ജീവിതത്തിൽ കൈ പിടിക്കാൻ ഇനി നൗഷാദ് കൂട്ട്.വിവിധ റിയാലിറ്റി ഷോകളിലും പൊതു സ്റ്റേജുകളിലും തന്റെ സ്വരമാധുര്യം കൊണ്ട് ജനഹൃദയങ്ങളെ കയ്യിലെടുത്ത് തിരുവമ്പാടിയിലെ വാനമ്പാടി സജ്നയെ വെന്നിയൂർ കൊടക്കല്ല് സ്വദേശിയായ നൗഷാദ് മണവാട്ടിയാക്കിയത്.

കാഴ്ച പരിമിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കു ന്ന അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈന്റ് മുൻകൈ എടുത്താണ് കാഴ്ച പരിമിതരായ ഇരുവരുടെയും വിവാഹത്തിന് നേതൃത്വം നൽകിയത്. കിണാശ്ശേരി ഗവൺമെന്റ് വൊക്കേഷ ണൽ ഹയർസെക്കന്ററി സ്കൂൾ സംഗീത അധ്യാപികയായ സജ്ന ഒട്ടേറെ മാപ്പിളപ്പാട്ടുകൾ പാടി ശ്രദ്ധേയയാണ്.

പത്താം ക്ലാസ് വരെ വേളംകോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിൽ ആണ് സജ്ന പഠിച്ചത്. പിന്നീട് കൊളത്തറ കാലിക്കറ്റ് വികലാംഗ വിദ്യാലയത്തില്‍ പ്ലസ് ടു പഠനം. അതിന് ശേഷം ചിറ്റൂര്‍ കോളേജില്‍ സംഗീത പഠനം. ചെറുപ്പം മുതലേ സംഗീതത്തോടായിരുന്നു താല്‍പര്യം.

ആദ്യ ഗുരു മാവൂര്‍ കിട്ടപ്പ ഭാഗവതര്‍. പിതാവിന്റെ സുഹൃത്തും നല്ലൊരു ഗായകനുമായ ഉമ്മത്തൂര്‍ മുഹമ്മദ്, മാതൃവിദ്യാലയത്തിലെ സംഗീത അധ്യാപികയായിരുന്ന ലിസി റോക്കി എന്നിവരും തന്നെ ഏറെ പ്രോല്‍സാഹിപ്പിച്ചുവെന്ന് സജ്ന പറയുന്നു.പഠന ശേഷം അധ്യാപന മേഖല ഇഷ്ടപ്പെട്ടിരുന്നതിനാല്‍ അഞ്ച് വര്‍ഷം മലപ്പുറം മങ്കടയ്ക്കടുത്ത് വള്ളിക്കാപ്പറ്റ കേരള അന്ധ വിദ്യാലയത്തില്‍ സംഗീത അധ്യാപികയായി ജോലി ചെയ്തു

കോഴിക്കോട് കിണാശ്ശേരി ഗവ. ഹൈസ്‌കൂളില്‍ സംഗീത അധ്യാപികയാണ് ഇപ്പോൾ. 
പാലക്കാട് ചിറ്റൂര്‍ ഗവ കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. നിരവധി സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടിയതുള്‍പ്പെടെ സ്‌കൂള്‍ യൂണിവേഴ്‌സിറ്റി എ സോണ്‍ ഇൻ്റർ സോണ്‍ കലോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജയ് ഹിന്ദ് ടിവി സംപ്രേഷണം ചെയ്ത മാപ്പിളപ്പാട്ട് എന്ന റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം ലഭിച്ചു. 

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ആറാം സീസണില്‍ ഏഴ് റൗണ്ടുകളില്‍ പങ്കെടുത്തു. ആകാശവാണിയില്‍ ലളിതഗാന വിഭാഗത്തില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആണ്. കമുകറ ഫൗണ്ടേഷന്‍ അവാര്‍ഡ്, സംഘമിത്ര ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി അവാര്‍ഡ്, മുട്ടത്ത് ഇബ്രാഹിം സ്മാരക സ്വര്‍ണ മെഡല്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നേടി. നിരവധി ഭക്തിഗാന ആല്‍ബങ്ങളിലും ചാനല്‍ പരിപാടികളിലും സജ്‌ന പാടിയിട്ടുണ്ട്.

തിരുവമ്പാടിയിലെ റബര്‍ ടാപ്പിങ് തൊഴിലാളിയായ കല്ലാരംകെട്ടില്‍ കുഞ്ഞിമൊയ്ദീന്റെയും ഖദീജയുടെയും മൂന്ന് മക്കളില്‍ ഇളയ മകളാണ് സജ്ന. ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്

അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈന്റ് വനിതാ വിങ് സംസ്ഥാന സെക്രട്ടറിയും കാഴ്ച പരിമിതരുടെ വർത്തമാന കൂട്ടായ്മയുടെ ചെയർപേഴ്സണും കൂടിയാണ് സജ്ന. പുളിക്കൽ ജിഫ്ബിയിൽ പഠിതാവാണ് നൗഷാദ്.

റിപ്പോർട്ട്:ഫാസിൽ തിരുവമ്പാടി
Previous Post Next Post
3/TECH/col-right