Trending

എളമരംകടവ്‌ പാലം തുറക്കുന്നു : ഉദ്ഘാടനം മേയ് 23 ന്

മാവൂർ: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിച്ച എളമരംകടവ്‌ പാലം മേയ്‌ 23-ന് ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലം തുറക്കുന്നതോടെ കോഴിക്കോട്, മലപ്പുറം ജില്ലകൾ തമ്മിലുള്ള ഗതാഗതസൗകര്യം കൂടുതൽ എളുപ്പമാകും.

പാലത്തിന്റെ നിർമാണം പൂർത്തിയായി. കൈവരികളുടെ പെയിന്റിങ്, വൈദ്യുതീകരണം എന്നിവയാണ് ഇപ്പോൾ നടന്നുവരുന്നത്.

അപ്രോച്ച് റോഡുകൾ പൂർത്തിയായി.

പാലത്തിന്റെ മാവൂർഭാഗത്തെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി നേരത്തെ പൂർത്തിയായതാണ്. മലപ്പുറം ജില്ലയുടെ ഭാഗത്തെ അപ്രോച്ച് റോഡ് ടാറിങ് പ്രവൃത്തിയും അവസാനഘട്ടത്തിലാണ്. എളമരംകടവിൽനിന്ന്‌ എടവണ്ണപ്പാറവരെയുള്ള 2.825 കിലോമീറ്റർ നീളത്തിലും എളമരംകടവിൽനിന്ന്‌ പണിക്കര പുറായ് വരെ 1.778 കിലോമീറ്ററുമാണ് വാഴക്കാട്ട് ഭാഗത്തെ രണ്ട് അപ്രോച്ച് റോഡുകളുടെയും നീളം.

വേഗത്തിലെത്താം

പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ വയനാട്, താമരശ്ശേരി, കൊടുവള്ളി, ചാത്തമംഗലം പ്രദേശത്തുള്ളവർക്ക് വളരെയെളുപ്പത്തിൽ കോഴിക്കോട് വിമാനത്താവളം വഴി മലപ്പുറം ജില്ലയിലേക്ക്‌ പ്രവേശിക്കാനാകും.

മലപ്പുറം ജില്ലയിലെ എളമരം, എടവണ്ണപ്പാറ, വാഴക്കാട്, അരീക്കോട്, വാലില്ല പുഴ, കൊണ്ടോട്ടി തുടങ്ങിയ ഇടങ്ങളിലുള്ളവർക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, മെഡിക്കൽ കോളേജ് ആശുപത്രി, കുന്ദമംഗലം എൻ.ഐ.ടി., ഐ.ഐ.എം., സി.ഡബ്ല്യു.ആർ.ഡി.എം. തുടങ്ങിയവിടങ്ങളിൽ വേഗത്തിൽ എത്തിച്ചേരാം.
Previous Post Next Post
3/TECH/col-right