ദില്ലി: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചു.നിയമം അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായാണ് അബ്ദുള്ളക്കുട്ടിയ ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത്.2025 മാര്‍ച്ച് 31 വരെയാണ് അബ്ദുള്ളക്കുട്ടിയുടെ കാലാവധി.
ദേശീയ ഹജ്ജ് കമ്മിറ്റിയിലേക്കുള്ള കേരളത്തിനന്റെ പ്രതിനിധിയായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസിയേയും നിയമിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് രണ്ട് വനിതകളെയാണ് നിയമിച്ചിട്ടുള്ളത്. ബി.മുനാവരിയും മഫൂജ ഖാതൂണുമാണ് പുതിയ വൈസ് ചെയര്‍പേഴ്സണ്മാര്‍.
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമെന്ന് അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. കൊവിഡ് വ്യാപനം സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷം ഹജ്ജ് അനുവദിച്ച സൗദി സര്‍ക്കാരിനോട് നന്ദിയുണ്ട്. എന്നാല്‍ യാത്രയ്ക്ക് 65 വയസിന്റെ പ്രായപരിധി നിയന്ത്രണം വന്നതിനാല്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ട്.
ഈ സാഹചര്യത്തില്‍ അപേക്ഷകരില്‍ ഭൂരിഭാഗം പേരെയും കൊണ്ടു പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.ഈ വര്‍ഷം കേരളത്തിലെ ഹജ്ജ് കേന്ദ്രം കൊച്ചിയായിരിക്കുമെന്നും കോഴിക്കോട് ഹജ്ജ് കേന്ദ്രം വേണമെന്ന ആവശ്യം ന്യായമാണങ്കിലും ഇക്കുറി അതുണ്ടാവില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
Tags:
INDIA