Trending

കാണാതായ ഭാര്യയെയും കുഞ്ഞിനെയും തേടിയിറങ്ങിയ യുവാവ് ജീപ്പില്‍ കുഴഞ്ഞു വീണു; രക്ഷകയായെത്തി സുരഭി.

കോഴിക്കോട്: വഴി തെറ്റി ന​ഗരത്തില്‍ കുടുങ്ങിയ യുവതിക്കും കുഞ്ഞിനും ഇവരെ അന്വേഷിച്ചിറങ്ങിയ കുഴഞ്ഞു വീണ ഭര്‍ത്താവിനും തുണയായി നടി സുരഭി ലക്ഷ്മിയുടെ കൃത്യസമയത്തുള്ള ഇടപെടല്‍.പൊലീസിനെ വിളിച്ച്‌ യുവാവിനെ ആശുപത്രിയിലാക്കുകയും യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുകയും ചെയ്ത ശേഷമാണ് നടി മടങ്ങിയത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നും മനോദൗര്‍ബല്യമുള്ള യുവതി കുഞ്ഞിനെയും കൊണ്ട് പുറത്തു പോവുകയായിരുന്നു. എന്നാലിവര്‍ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചെത്തിയില്ല.

തുടര്‍ന്ന് ഭര്‍ത്താവ് ഇളയ കുഞ്ഞിനെയും കൂട്ടി ജീപ്പില്‍ ടൗണില്‍ അന്വേഷിച്ചിറങ്ങി. രണ്ട് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. എന്നാല്‍ ഇരുട്ടും വരെ തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനായില്ല. ഒടുവില്‍ പൊലീസില്‍ പരാതി നല്‍കി വീട്ടിലേക്ക് മടങ്ങി. ഇതിനിടയില്‍ വഴിയറിയാതെ കുടുങ്ങിയ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി.സംസാരത്തില്‍ അസ്വഭാവികത തോന്നിയതോടെ ഇരുവര്‍ക്കും ഭക്ഷണം നല്‍കി സ്റ്റേഷനില്‍ ഇരുത്തി. യുവതിയുടെ പക്കല്‍ നിന്നും ഭര്‍ത്താവിന്റെ ഫോണ്‍ നമ്ബര്‍ വാങ്ങി വിളിച്ചു.കാര്യം പറഞ്ഞു കഴിയുമ്ബോഴേക്കും ഫോണ്‍ ഓഫായി.

ഒടുവില്‍ ഇളയ കുഞ്ഞിനെയും സുഹൃത്തുക്കളെയും കൂട്ടി ഇയാള്‍ രാത്രി പൊലീസ് സ്റ്റേഷനിലേക്ക് ജീപ്പില്‍ പുറപ്പെട്ടു. രാത്രി 10 മണിയോടെ തൊണ്ടയാട് മേല്‍പ്പാലത്തിന് താഴെയെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനത്തില്‍ കുഴഞ്ഞു വീണു. ഒപ്പമുള്ള കൂട്ടുകാര്‍ക്ക് ഡ്രൈവിങ് അറിയില്ലായിരുന്നു. റോഡില്‍ നിരവധി വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും വണ്ടി നിര്‍ത്തിയില്ല.

ഇതിനിടെയാണ് ന​ഗരത്തിലെ ഒരു ഇഫ്താര്‍ കഴിഞ്ഞ് സുരഭി ലക്ഷ്മി കാറില്‍ ഈ വഴി പോയത്. വാഹനം നിര്‍ത്തി സുരഭി കാര്യം അന്വേഷിച്ചു. ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ കാര്യമറിയിക്കുകയും പൊലീസെത്തി യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.സുരഭിയും കൂടെപ്പോയി.

ശേഷം യുവാവിന്റെ കൂടെയുള്ള ഇളയ കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലേക്ക് പോയി. കുഞ്ഞിനെ സ്റ്റേഷനിലുള്ള അമ്മ തിരിച്ചറിയുകയും ചെയ്തു.
Previous Post Next Post
3/TECH/col-right