കോഴിക്കോട്:കോഴിക്കോട് നഗരസഭ പരിധിയില്‍ ഉപ്പിലിട്ട വിഭവങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷ വകുപ്പ്.കോഴിക്കോട് ബീച്ചിലെ 53 തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും സംയുക്‌ത പരിശോധന നടത്തി. 17 കടകളിൽ നിന്ന് മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചിരുന്ന 35 ലിറ്റർ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് പിടിച്ചെടുത്തു നശിപ്പിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചിരുന്ന 17 ബ്ലോക്ക് ഐസും പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ താൽക്കാലികമായി അടപ്പിച്ചു. 8 കടകൾക്ക് കോമ്പൗണ്ടിങ് നോട്ടീസ് നൽകി.
കാസര്‍കോട് നിന്നും കോഴിക്കോട്ടേക്ക് വിനോദയാത്രക്കെത്തിയ മദ്രസ വിദ്യാര്‍ത്ഥികള്‍ വരക്കല്‍ ബീച്ചില്‍ നിന്ന് ഉപ്പിലിട്ടത് വാങ്ങിക്കഴിക്കുന്നതിനിടെ, കടയിലിരുന്ന കുപ്പിയിലെ ഒരു ലായനി വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് എടുത്ത് കുടിച്ചത് അപകടത്തിന് കാരണമായിരുന്നു. കുട്ടിയുടെ തൊണ്ടയും അന്നനാളവുമടക്കം പൊള്ളി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
ഉപ്പിലിട്ടത് കഴിക്കവേ എരിവ് തോന്നിയപ്പോള്‍ വെള്ളമാണെന്ന് കരുതി കുപ്പിയിലിരുന്ന ലായനി എടുത്ത് കുടിച്ചതായിരുന്നു വിദ്യാര്‍ത്ഥിക്ക് അപകടത്തിന് കാരണമായത്. വായ പൊള്ളിയ ഉടനെ തന്നെ വിദ്യാര്‍ത്ഥി അത് പുറത്തേക്ക് തുപ്പി. ഇത് തൊട്ടടുത്ത് നിന്നിരുന്ന വിദ്യാര്‍ത്ഥിയുടെ തോളിലേക്കായി. ആ കുട്ടിയുടെ തോള്‍ഭാഗവും പൊള്ളിയിരുന്നു.
ഉപ്പിലിട്ടതിന് കൂടുതല്‍ രുചി തോന്നിക്കാനും അവയെ പെട്ടെന്ന് അലിയിച്ചെടുക്കാനുമെല്ലാം ചില കച്ചവടക്കാര്‍ ഇത്തരം രാസലായനികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കോർപറേഷൻ ആരോഗ്യവിഭാഗം ബീച്ചിൽ പരിശോധന നടത്തിയത്. സാധാരണഗതിയില്‍ ഇത്തരം ഉപ്പിലിട്ടതുണ്ടാക്കാൻ വിനാഗിരിയും വെള്ളവും ചേര്‍ത്ത ദ്രാവകമാണ് ഉപയോഗിക്കാറ്. വിനാഗിരിയില്‍ തന്നെ ആസിഡിന്റെ അംശം അടങ്ങിയതിനാല്‍ ഇതിന്റെ ഉപയോഗം കുറക്കുന്നതാണ് നല്ലത്.
അപകടം നടന്നതിന് പിന്നാലെ കോഴിക്കോട് ബീച്ചിൽ നടത്തിയ പരിശോധനയിൽ രണ്ട് തട്ട് കടകളില്‍ നിന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന ദ്രാവകം പരിശോധനക്ക് എടുത്തിരുന്നു. ഇതില്‍ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡാണെന്ന് കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 99 ശതമാനം ഗാഢ അസറ്റിക്ക് ആസിഡായ ഇത് കുടിച്ചാലോ ദേഹത്ത് വീണാലോ പൊള്ളലേൽക്കും.
തട്ടുകടയില്‍ അശ്രദ്ധമായി കുപ്പിയില്‍ സൂക്ഷിച്ച ഗ്ലേഷ്യല്‍ അസറ്റിക്ക് ആസിഡ് കുട്ടി കുടിച്ചെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ അനുമാനം. ഗ്ലേഷ്യല്‍ ആസിഡ് നേരിട്ട് ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുകയോ തട്ടുകടകളില്‍ സൂക്ഷിക്കുകയോ ചെയ്യരുത്. ഇത് നിയമ വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ ഈ സംഭവം നടന്ന കടകൾ കണ്ടെത്തി കൂടുതല്‍ പരിശോധന നടത്തുമെന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. വിനാഗിരി ആണെങ്കില്‍ പോലും നിശ്ചിത ഗുണ നിലവാരമുള്ളതേ ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കാവൂ. തട്ടുകടകളിലെ ഉപ്പിലിട്ടതിന്‍റെ കുപ്പികളില്‍ നിന്ന് മൂന്ന് സാമ്പിളുകളും പരിശോധനക്ക് അയച്ചിരുന്നു. ഇവയില്‍ അസറ്റിക് ആസിഡിന്‍റെയോ നിരോധിത വസ്തുക്കളുടെയോ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.
Tags:
KOZHIKODE