Trending

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ (78) നിര്യാതനായി.

കോഴിക്കോട്​: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു.വ്യാഴാഴ്​ച രാത്രി 10.30 ഓടെയാണ്​ മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്.


ഭാരത്​ വ്യാപാരസമിതി അംഗം, വാറ്റ്​ ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ്​ ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക്​ ചെയർമാൻ ഷോപ്​ ആന്‍റ്​ കൊമേഴ്​സ്യൽ എസ്റ്റാബ്ലിഷ്​മെന്‍റ്​ ക്ഷേമ നിധി ബോർഡ്​ മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

1944 ഡിസംബർ 25 ന്​ കോഴി​ക്കോട്​ കൂടാരപ്പുരയിൽ ടി.കെ മുഹമ്മദിന്‍റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്​ലാം എൽ.പി. സ്​കൂൾ, മലബാർ ക്രിസ്ത്യൻ കോളജ്​ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ്​ വ്യാപാരമേഖലയിലേക്ക്​ കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്​റ്റോഴ്​സ്​ ഉടമയായിരുന്നു.

1980ൽ മലബാർ ചേംബർ ഓഫ്​ ​കൊമേഴ്​സ്​ ജനറൽ സെക്രട്ടറിയായാണ്​ സംഘടനപ്രവർത്തനത്തിന്​ തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്‍റ്​ ആയി. 1985ൽ സംസ്​ഥാന ജനറൽ സെക്രട്ടറിയായി. കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക്​ ശക്​തമായ നേതൃത്വം നൽകിയ അനിഷേധ്യ നേതാവാണ്​ ടി. നസിറുദ്ദീൻ.

ഭാര്യ: ജുബൈരിയ (ഏകോപന സമിതി, വനിതാ വിംഗ് പ്രസിഡന്റ്). മക്കൾ: മുഹമ്മദ് മൻസൂർ ടാംടൺ(ബിസിനസ്), എൻമോസ് ടാംടൺ(ബിസിനസ്), അഷ്റ ടാംടൺ, അയ്ന ടാംടൺ (ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: ആസിഫ് പുനത്തിൽ (പൈലറ്റ് സ്പൈസ് ജെറ്റ്), ലൗഫീന മൻസൂർ (പാചകവിദഗ്ധ), റോഷ്നാര, നിസ്സാമുദ്ദീൻ (ബിസിനസ്, ഹൈദരാബാദ്).

സഹോദരങ്ങൾ: ഡോ. ഖാലിദ്(യു.കെ.), ഡോ. മുസ്തഫ(യു.എസ്.), മുംതാസ് അബ്ദുള്ള(കല്യാൺ കേന്ദ്ര), ഹാഷിം (കംപ്യൂട്ടർ അനലിസ്റ്റ്, യു.എസ്.), അൻവർ(ബിസിനസ്) പരേതനായ ടാംടൺ അബ്ദുൽ അസീസ്, പരേതനായ െപ്രാഫ. സുബൈർ, പരേതനായ ടി.എ. മജീദ് (ഫാർമ മജീദ്, ഫെയർഫാർ).

ഖബറടക്കം നാളെ (വെള്ളി) വൈകുന്നേരം 5 മണിക്ക് കണ്ണമ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ടി നസറുദ്ദീന്റെ വിയോഗം; വെള്ളിയാഴ്ച കടകള്‍ തുറക്കില്ല.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി. നസറുദ്ദീനോടുള്ള ആദരസൂചകമായി സംഘടനക്ക് കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും നാളെ അടച്ചിടുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Previous Post Next Post
3/TECH/col-right