കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തിലെ പാര്‍ക്കിങ് പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം.കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളില്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി കരിപ്പൂരിലും ഇത് നടപ്പാക്കിയത്.ഇതോടെ പ്രവേശനകവാടത്തിലും പുറത്തേക്കുള്ള വഴിയിലും ഉണ്ടായിരുന്ന ടോള്‍ ബൂത്തുകള്‍ ഇല്ലാതായി. ഇതിന് പകരം സ്വകാര്യ വാഹനങ്ങള്‍ക്ക് ടെര്‍മിനലിന് മുന്നില്‍ യാത്രക്കാരെ സൗജന്യമായി ഇറക്കുകയോ കയറ്റുകയോ ചെയ്യാമെന്നായിരുന്നു അറിയിച്ചത്.
പരമാവധി മൂന്ന് മിനിറ്റ് സമയമാണ് ഇതിന് അനുവദിച്ചത്. മൂന്ന് മിനിറ്റിനകം മടങ്ങിയില്ലെങ്കില്‍ 500 രൂപയാണ് യാത്രക്കാരില്‍ നിന്ന് പിഴയായി ഈടാക്കുന്നത്. ഇതിനെതിരെയാണ് വ്യാപകവിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഇൗ സമയപരിധിക്കുള്ളില്‍ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ സാധിക്കുന്നില്ല.കൂടാതെ, മൂന്ന് മിനിറ്റിന് ശേഷം കരാര്‍ കമ്ബനി ജീവനക്കാര്‍ യാത്രക്കാരോടും വാഹന ഉടമകളോടും മോശമായി പെരുമാറുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പിക്കപ്പ് ആന്‍ഡ് ഡ്രോപ്പിനായി കൂടുതല്‍ സമയം അനുവദിക്കണമെന്നാണാവശ്യം.
അതേസമയം, നേരത്തെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ച വാഹനങ്ങള്‍ക്ക് 15 മിനിറ്റ് സമയത്തേക്ക് മാത്രമായിരുന്നു സൗജന്യ പാര്‍ക്കിങ്. ശേഷം 85 രൂപയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. ഇപ്പോള്‍ സമയ ദൈര്‍ഘ്യം 30 മിനിറ്റായി ഉയര്‍ത്തുകയും ഫീസ് 20 രൂപയായി കുറക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അതോറിറ്റിയുടെ വിശദീകരണം. അടിയന്തര നടപടി സ്വീകരിക്കാനും മാന്യമായി പെരുമാറാന്‍ കരാര്‍ കമ്ബനി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കാനും ഡയറക്ടറോട് നിര്ദേശിച്ചിട്ടുെണ്ടന്ന് എം.കെ. രാഘവന് എം.പി പറഞ്ഞു.
'മൂന്ന് മിനിറ്റ് കഴിഞ്ഞാല്‍ പിഴ: നടപടി പുനഃപരിശോധിക്കണം'
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കാനും കൊണ്ടുപോകാനും എത്തുന്ന വാഹനങ്ങള്‍ മൂന്ന് മിനിറ്റിലേറെ ടെര്‍മിനലിന് മുന്നില്‍ പാര്‍ക്ക് ചെയ്താല്‍ പിഴ ഈടാക്കുന്ന നടപടി പുനഃപരിശോധിക്കണമെന്നും വാഹനങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മലബാര്‍ ഡെവലപ്മെന്റ് ഫോറം (എം.ഡി.എഫ്) ഭാരവാഹികള്‍ വിമാനത്താവള ഡയറക്ടര്‍ ആര്. മഹാലിംഗത്തെ കണ്ടു.
ഈ സമയപരിധി യാത്രക്കാരും പാര്‍ക്കിങ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കുന്നു. പ്രയാസങ്ങള്‍ പരിഹരിക്കുമെന്നും പാര്‍ക്കിങ് സമയം ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയില്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഡയറക്ടര്‍ അറിയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന് ഇടക്കുനി, ട്രഷറര്‍ സന്തോഷ് കുറ്റ്യാടി, വൈസ് പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങല്‍പാറ, നസീമ, ബിന്ദു ജോര്‍ജ്, അഷ്റഫ് കാപ്പാടന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:
KOZHIKODE