Trending

കരനെല്ല്: ഒമ്പതാം ക്ലാസ്സുകാരി വിളയിച്ചത് നൂറുമേനി.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ആയിഷ സിയന്ന ഒരുക്കിയ കരനെൽ കൃഷി വിളവെടുത്തു. കഴിഞ്ഞ വർഷം സ്ക്കൂളിൽ നടത്തിയ ക്ലബ്ബ് പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് നെൽകൃഷി ചെയ്യാൻ തയ്യാറെടുത്തത്.

പരമ്പരാഗത കർഷകനായ പിതാമഹൻ അഹമ്മദ് കുട്ടി ആവശ്യമായ സൗകര്യങ്ങളൊരുക്കാനും വിത്ത് സംഘടിപ്പിക്കാനും സഹായിച്ചു. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സഹകരണം കൂടി ലഭിച്ചതോടെ കൃഷി ഒരു ആവേശമായി മാറി.

വിത്ത് വളർന്ന് വരുന്നത് മുതൽ കൊയ്തെടുക്കുന്നത് വരെയുള്ള ഓരോ ഘട്ടവും നിരീക്ഷിക്കാനും കുറിപ്പ് തയ്യാറാക്കാനും ഫോട്ടോകൾ ശേഖരിക്കാനും അവൾ അവസരം കണ്ടെത്തി. പഠനം ഓൺലൈനിൽ ആയതിനാൽ ഒരു വിനോദമായി മാനസികോല്ലാസം ലഭിക്കുന്നതിനും ഇത് അവസരം നൽകി.

ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ ഇയ്യാട് ചെറുവത്ത് കണ്ടിയിൽ നൗഷാദിൻ്റെയും ജംഷീനയുടെയും മകളാണ്. അധ്യാപകരായ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ അബ്ദുൽ ലത്തീഫ് എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി.
Previous Post Next Post
3/TECH/col-right