Trending

പ്രളയ ദുരിതബാധിതര്‍ക്ക് സഹായധനം: കോഴിക്കോട് താലൂക്കില്‍ വന്‍തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍.

കോഴിക്കോട്: പ്രളയ ദുരിതബാധിതര്‍ക്ക് സഹായധനം വിതരണം ചെയ്ത സംഭവത്തില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു.കോഴിക്കോട് താലൂക്കില്‍ സംഭവിച്ചത് ഗുരുതര അനാസ്ഥയാണെന്നും നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടപടി വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

2018-ലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായധനം വിതരണം ചെയ്തതിലാണ് കോഴിക്കോട് താലൂക്കില്‍ വന്‍തട്ടിപ്പ് നടന്നതായി സ്ഥിരീകരണമുണ്ടായത്. റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.

ഒരു അകൗണ്ടിലേക്ക് 9 തവണ വരെ തുക കൈമാറിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തിര ധനസഹായ തുക ഒരേ അകൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. 53 ലക്ഷം രൂപ ഈയിനത്തില്‍ നഷ്ടപ്പെട്ടെന്നും ഇത് തിരിച്ചു പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

കോഴിക്കോട് താലൂക്കിലെ ധനസഹായ വിതരണത്തിലെ അപാകതകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അടിയന്തര ധനസഹായമായി പ്രളയ ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ 1 കോടി 17 ലക്ഷം രൂപയോളം എക്സ്പെന്‍ഡീച്ചര്‍ ആയെങ്കിലും വിതരണം ചെയ്യാതെ ഇപ്പോഴും സസ്പെന്‍സ് അക്കൗണ്ടില്‍ കിടക്കുകയാണെന്നും ഗുരുതര അനാസ്ഥയിലേക്കാണ് ഈ നടപടി വിരല്‍ ചൂണ്ടുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Previous Post Next Post
3/TECH/col-right