Trending

വാവാട് ഉസ്താദ്; ആത്മീയതയുടെ ശുഭ്രവസ്ത്രമണിഞ്ഞ സൂഫി

എന്തിനു നീ മരണത്തെ
കാത്തിരിക്കുന്നു ,
ഭയക്കുകയും?
ദു:ഖങ്ങളോരോന്നും
മൃത്യുവിന്റെ ചീളുകള്‍ .
അവയെ തോല്‍പ്പിക്കുവാന്‍
ആകില്ല,
ഓടിമാറാനും.
മരണം നിന്നിലേക്കെ-
ത്തുന്നതിനു മുന്‍പേ
അതിന്റെ മധുരം നീ
ഹൃദയത്തില്‍ നിറക്കൂ.
ലോകം മുഴുവന്‍
നിനക്കായി അവന്‍
മധുമയമാക്കുന്നു .
( ജലാലുദ്ദീൻ മുഹമ്മദ് റൂമി ).

റൂമിയുടെ കവിത എത്ര പ്രസക്തമാകുന്നു. ജനഹൃദയങ്ങളിൽ ആത്മീയ വെളിച്ചം പകർന്ന പണ്ഡിത ജ്യോതിസ്സ് ,സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് പി കെ കുഞ്ഞിക്കോയ മുസ്ലിയാർ വിടപറഞ്ഞതോടെ നാടിനും സമസ്തക്കും നഷ്ടമായത് പ്രതിഭാധനനും സുഫിവര്യനുമായ നേതൃത്വത്തെയാണ്. ജാഢകളുടെ ഉടയാടകളില്ലാതെ വിനയാന്വിതനും സാത്വികനുമായി ഇലാഹീ പൊരുത്തത്തിൽ ജീവിച്ച് സമുദായത്തിന് മാതൃക കാണിച്ച, സമൂഹത്തിന് ദിശാബോധം നൽകിയ വ്യക്തിത്വമായിരുന്നു വാവാട് ഉസ്താദ്. ഭൗതിക താൽപര്യങ്ങൾക്കു ചെവി കൊടുക്കാതെ പരിസരങ്ങളിൽ ആത്മീയ പ്രകാശം പരത്തി ജീവിച്ച മഹാമനീഷിയാണ് അദ്ദേഹം. പ്രാർത്ഥനാ സദസുകൾക്ക് നേതൃത്വം നൽകാൻ എല്ലാവരും ആദ്യം സമീപിക്കുന്ന വ്യക്തിത്വമാണ് വാവാട് ഉസ്താദ്.
നിരവധി മഹല്ലുകളിൽ ഖാളി സ്ഥാന മലങ്കരിച്ച്, ഇരുട്ടിൽ നിന്ന് ജനതയെ ഹിക്മത്തിലൂടെ നേർവഴിയിലാക്കാൻ അദ്ദേഹം പല വഴികൾ സ്വീകരിച്ചു. ആർഭാട വിവാഹങ്ങളിൽ നിന്ന് വിട്ടു നിന്ന്, മതവിരുദ്ധ പ്രവർത്തനങ്ങളെ മുഖം നോക്കാതെ നിരാകരിച്ചും വിമർശിച്ചും ആ പണ്ഡിതൻ ജീവിച്ചു. താൻ കണ്ട കാര്യങ്ങൾ തെറ്റാണെങ്കിൽ വെട്ടിത്തുറന്നു പറയാൻ മടി കാണിച്ചില്ല. സമ്പന്നരായ പലരും ഉസ്താദിൻ്റെ ആജ്ഞ പ്രകാരം വിവാഹങ്ങളും ആഘോഷങ്ങളും വെട്ടിച്ചുരുക്കാറുണ്ട്. ഉസ്താദിനെ ക്ഷണിക്കുമ്പോൾ 'ഞാൻ വരണോ, എന്നൊരു ചോദ്യമുണ്ടാകും. എന്നിട്ട് കാരണവരുടെ സ്നേഹവാത്സല്യങ്ങളോടെ പരിപാടി ഏൽക്കുകയും സമയത്ത് സ്ഥലത്ത് എത്തിച്ചേരുകയും ചെയ്യുന്ന ശൈഖുന ആദർശം പറയുന്നതിൽ ആരെയും പേടിച്ചിരുന്നില്ല. നേട്ടത്തിന് മുഖസ്തുതി പറയാനോ പ്രതിയോഗിയെ പ്രതിരോധിക്കാനോ സമയം പാഴാക്കിയിട്ടില്ലാത്ത വിനയാന്വിതൻ അങ്ങേയറ്റത്തെ വഖാറിൻ്റെ പ്രതിരൂപമായിരുന്നു. പാതിരാ പ്രാർത്ഥനകളും തഹജുദും പതിവാക്കിയ ആത്മീയാചാര്യന് അബലകൾക്ക് സാന്ത്വനം പകർന്നു. ആയിരങ്ങൾ പങ്കെടുത്ത വലിയൊരു മതപ്രഭാഷണ വേദിയിൽ പങ്കെടുത്തു കൊണ്ടിരിക്കെ പ്രഭാഷകൻ്റെ പരാമർശം മതനിരാസമാകുമെന്ന് ഭയന്ന് ഇഷ്ടപ്പെടാതിരുന്നപ്പോൾ തിരുത്താൻ ഒട്ടും കാത്തു നിന്നില്ല. എന്നിട്ടും ന്യായീകരിച്ച പ്രഭാഷകൻ്റെ വേദി വിട്ടു പോകേണ്ടി വന്നു ഉസ്താദിന്. 
മഹല്ലുകളിൽ വിഭാഗീയത ഉടലെടുത്ത പ്രശ്ന സങ്കീർണതകളുടെ കാലത്ത് സാത്വികരായ പണ്ഡിത പ്രവരർക്കു കൂടെച്ചേർന്ന് ഇസ്ലാമിൻ്റെ പ്രബോധനവീധിയിൽ നിലയുറപ്പിച്ചു. സയ്യിദ് കുടുംബത്തോടും മറ്റു പണ്ഡിതരോടും അങ്ങേയറ്റത്തെ ആദരവു പുലർത്തി. സാധാരണക്കാരിലേറെപ്പേരെയും പേരെടുത്ത് സംബോധന ചെയ്യാൻ മാത്രം അടുപ്പമായിരുന്നു ഉസ്താദിന്.
മഹാൻമാരുടെ ജീവചരിത്രം പരാമർശിക്കാത്ത പ്രസംഗങ്ങളോ, വ്യക്തി വിശുദ്ധിയുടെ കാര്യം ഉപദേശിക്കാത്ത സംസാരക്കളോ കടന്നു പോയിട്ടില്ല. ഏറെ ചിന്തനീയമായിരുന്നു ഉപദേശങ്ങളേറെയും. കൈ പിടിച്ചും തലയിൽ കൈവച്ചും സുസ്മേരവദനനായി സംസാരിക്കാറുള്ള മഹാൻ സദാ അദ്കാറുകളിലും ഔറാദുകളിലും മുഴുകി ജീവിച്ചു. നിരവധി പള്ളികളുടെയും മത സ്ഥാപനങ്ങളുടെയും നിർമാണത്തിലും സംസ്ഥാപനത്തിലും അദ്ദേഹത്തിൻ്റെ കൈയൊപ്പുണ്ട്.
വിവിധ പ്രശ്നങ്ങൾ തീർക്കാൻ വീട്ടിലെത്തുന്നവരെ ഹൃദ്യമായി സൽക്കരിച്ച്, തുറന്ന് അഭിപ്രായം പറയാൻ അവസരം നൽകി തീരുമാനം പ്രഖ്യാപിക്കുമ്പോൾ അതുൾക്കൊള്ളാൻ മാത്രം വാദിയും പ്രതിയും പാകപ്പെടുന്ന കാഴ്ചകൾക്ക് ധാരാളം സാക്ഷിയായിട്ടുണ്ട്. കൊടുവള്ളി, താമരശേരി, എളേറ്റിൽ, നരിക്കുനി, കത്തറമ്മൽ പരിസരവാസികൾക്ക് പാറന്നൂർ ഉസ്താദിന് ശേഷമുള്ള അത്താണിയെയാണ് നഷ്ടമായത്. മടവൂർ സി എം മഖാം പ്രസിഡണ്ട്, പരപ്പൻ പൊയിൽ നുസ്രത്തുൽ മുഹ്താജീൻ സംഘം മുഖ്യ രക്ഷാധികാരി, കൊടുവള്ളി ദാറുൽ അസ്ഹർ സൊസൈറ്റി ജന. സെക്രട്ടറി, വാവാട് മഹല്ല് പ്രസിഡണ്ട് എന്നി പദവികൾക്കു പുറമെ നിരവധി മഹല്ലുകളുടെ ഖാളി സ്ഥാനം അലങ്കരിച്ചു വരുന്നു.
ശൈഖുനാ ശംസുൽഉലമ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, താഴേക്കോട് കുഞ്ഞലവി മുസ്ലിയാർ, അണ്ടോണ അബ്ദുല്ല മുസ്ലിയാർ, നാരകശേരി അബൂബക്കർ മുസ്ലിയാർ തുടങ്ങിയ ഗുരുവര്യന്മാരായ പണ്ഡിത മഹത്തുക്കളുമായും പി എം എസ് എ പുക്കോയ തങ്ങൾ, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ തുടങ്ങിയ ആത്മീയ മഹത്തുക്കളുമായും ആത്മബന്ധം പുലർത്തിയിരുന്ന ശൈഖുന 82 വയസിൽ തൻ്റെ അന്ത്യനിമിഷം വരെയും അത് തുടർന്നു. 
പോക്കർ കുട്ടി മുസ്ലിയാരുടെയും അണ്ടോണ അബ്ദുല്ല മുസ്ലിയാരുടെയും ജീവിതം അയവിറക്കാറുണ്ടായിരുന്ന ഉസ്താദ് കർമരംഗത്ത് അവരുടെ പിൻഗാമിയായിരുന്നു. സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ ഉന്നത വ്യക്തിത്വങ്ങളുമായി നല്ല ബന്ധം പുലർത്തുകയും അവരുടെ സേവനങ്ങളെ വിലമതിക്കുകയും ചെയ്യുമായിരുന്നു. പ്രഭാഷകർക്ക് പ്രോത്സാഹനം നൽകി, സംഘടനാ പ്രവർത്തകർക്ക് ഊർജം പകർന്ന് എന്നും മുൻ നിരയിലായിരുന്നു സമസ്ത കേന്ദ്ര മുശാവറ അംഗവും കോഴിക്കോട് ജില്ലാ ട്രഷററുമായിരുന്ന വാവാട് ഉസ്താദ്. 

ഫാത്തിമയാണ് സഹധർമിണി. അബ്ദുറഹിമാന്‍, റംല, സഫിയ, സല്‍മ, മുഹമ്മദ് ബാഖവി ഹൈതമി (മുദരിസ്- ഒടുങ്ങാക്കാട് മഖാം), ബരീറ എന്നിവർ മക്കളും. താഹിറ, പരേതനായ ബാവ മുസ്ലിയാര്‍, ഉബൈദുള്ള ഫൈസി ആലുംതറ, അബ്ദുല്‍ സലാം മുസ്ലിയാര്‍ വാവാട്, ഫാത്തിമ, ടി. വി. സി അബ്ദുസമദ് ഫൈസി എന്നിവർ മരുമക്കളുമാണ്.

✍️ ഡോ. ഇസ്മായിൽ മുജദ്ദിദി
Previous Post Next Post
3/TECH/col-right